'ഇനിയൊരു തിരിച്ചുപോക്കില്ല. ഇവിടെ മരിച്ചാല്‍ നേരെ സ്വര്‍ഗത്തിലെത്തുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം'

മരണത്തിന്റെയും ജീവിതത്തിന്റേയും കാറ്റ് മാറിമാറി വീശുന്ന ഇടുങ്ങിയ തെരുവിലൂടെ മെല്ലെ നടക്കുമ്പോഴാണ്, ആ കാഴ്ച കാണുന്നത്. ആനന്ദം പ്രസരിപ്പിക്കുന്ന മുഖമുള്ള മനുഷ്യന്‍. അയാളുടെ ഇടതു കൈയില്‍ വിരല്‍കൊരുത്ത് ഭൂതകാലത്തിന്റെ നോവുകള്‍ പേറുന്ന ഒരാള്‍രൂപം അടിവെച്ചു നീങ്ങുന്നു. പ്രത്യാശയുടെ നേര്‍ത്ത രേഖകള്‍ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന പോലെ.
വാരണാസിയില്‍ ഗംഗാ തീരത്തെ അസ്സിഘട്ടില്‍ നിന്ന് പുറത്തേക്ക് നഗരത്തിലേക്ക് നീളുന്നതും നരച്ച ചായമടിച്ച ഇരുനിലകെട്ടിടങ്ങള്‍ അതിരിടുന്നതുമായ ഇടുങ്ങിയ വഴിയില്‍ വെച്ചാണ്, ഭൂമിയുടെ രണ്ടറ്റത്തായി വിന്യസിക്കപ്പെട്ട രണ്ട് ദേശങ്ങളില്‍ ജനിച്ചുവളര്‍ന്ന ആ മനുഷ്യരെ കാണുന്നത്.
'ഐ ആം വൈറ്റ്, യു ആര്‍ ബ്രൗണ്‍. ബട്ട് ലുക്ക്, ബോത്ത് അവര്‍ ഷാഡോസ് ആര്‍ ബ്ലാക്ക്' എന്ന കവിവാക്യമാണ് മനസ്സിലേക്ക് വന്നത്. അപ്പോഴത്തെ കൗതുകം ആകാംക്ഷയ്ക്ക് വഴിമാറിയപ്പോള്‍ അവര്‍ക്കരികിലേക്ക് ചെന്ന് കൈനീട്ടി. ഹസ്തദാനത്തിന് മുതിരാതെ സായിപ്പ് കൈപ്പത്തികള്‍ നെഞ്ചില്‍ പിണച്ച് നമസ്‌തെ പറഞ്ഞു. ' ഐ ആം റോണ്‍ ഗഫ്' ചോദിക്കാതെ മറുപടി കിട്ടി. പിന്നെ തന്റെ ഇന്ത്യന്‍ സുഹൃത്തിനേയും പരിചയപ്പെടുത്തി-ദാമോദര്‍. ആറു വര്‍ഷമായി നീളുന്ന ഒരു അപൂര്‍വ സൗഹൃദത്തിന്റെ കഥയാണ് പിന്നെ ചുരുളഴിഞ്ഞത്.
ലണ്ടനിലാണ് റോണ്‍ ജനിച്ചതും വളര്‍ന്നതും. കുറേക്കാലം അവിടുത്തെ സ്റ്റാര്‍ ഹോട്ടലുകളില്‍ ജനറല്‍ മാനേജറായി ജോലി ചെയ്തു. മൂന്നു മക്കളുണ്ട്. രണ്ടു പേര്‍ ലണ്ടനിലും ഒരാള്‍ ന്യൂസിലന്‍ഡിലും. ''മൂത്തവന്‍ ഡോക്ടര്‍, രണ്ടാമന്‍ ടീച്ചര്‍, ഇളയ മകള്‍ ആര്‍കിടെക്റ്റും.''പതിവ് അപ്പര്‍ മിഡില്‍ക്ലാസ് കുടുംബനാഥനെ പോലെ റോണ്‍ അഭിമാനത്തോടെ പറഞ്ഞു. ''മക്കള്‍ക്കിന്ന് എന്റെ പിന്തുണ ആവശ്യമില്ല. ജീവിക്കാനുള്ളത് ഞാനും സമ്പാദിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലേക്ക് പോന്നു. കാരണം ഇവിടെ ജീവിതമുണ്ട്...''
ഏഴ് വര്‍ഷമായി ഗംഗയ്ക്ക് അഭിമുഖമായുള്ള ലോഡ്ജിലെ ഒരേ മുറിയിലാണ് താമസം. ഗംഗയിലും ഇവിടുത്തെ ജീവിതങ്ങളിലും മുഴുകി റോണ്‍ ശാന്തനായി ഒഴുകുന്നു...
ശിവാലാഘട്ടിലെ മദര്‍ തെരേസാ ചാരിറ്റി ഹോമില്‍ വെച്ചാണ് റോണ്‍ ദാമോദറിനെ ആദ്യമായി കാണുന്നത്. കൂലിപണിക്കാരനായിരുന്ന ദാമോദര്‍ കള്ളിനും മയക്കുമരുന്നിനും അടിമയായിരുന്നു. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമ്പത് വയസ്സ് തികയും മുമ്പ് അയാളുടെ കാലുകള്‍ തളര്‍ന്നു. പിന്നെ ചാരിറ്റി ഹോമിലായി താമസം. അലാഹബാദില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്. പക്ഷെ അങ്ങോട്ട് പോയിട്ട് വര്‍ഷങ്ങളായി.
ഇന്ത്യയിലെത്തി രണ്ടാം വര്‍ഷം ചാരിറ്റി ഹോം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ശയ്യാവലംബനായ ദാമോദറിനെ റോണ്‍ കാണുന്നത്. കുറച്ചു ദിവസത്തെ പരിശ്രമത്തിന് ശേഷം അയാളെ കിടക്കയില്‍ നിന്ന് പതുക്കെ എഴുന്നേല്‍പ്പിച്ച് നടത്താമെന്നായി. ഇപ്പോള്‍ ദിവസവും റോണിന്റെ കൈപിടിച്ച് വാരണാസിയിലെ തെരുവുകളിലൂടെ നടക്കും. ദാമോദറിന് ഇംഗ്ലീഷ് വശമില്ല. റോണിന് ഹിന്ദി അല്‍പമൊക്കെ അറിയാം. പക്ഷെ മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന് എന്തിനാണ് ഭാഷയെന്ന് റോണ്‍ ചോദിക്കുന്നു.
'' ഇനിയൊരു തിരിച്ചുപോക്കില്ല. ഇവിടെ മരിച്ചാല്‍ നേരെ സ്വര്‍ഗത്തിലെത്തുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം. അല്ലെങ്കില്‍ ഇതു തന്നെയല്ലേ സ്വര്‍ഗം? ഇവിടെയാണ് ജീവിതമുള്ളത്...''ഇഹലോകത്ത് നിറയെ ആനന്ദമുള്ള മനുഷ്യനായി റോണ്‍. ഗംഗാ തീരത്തെ അസ്സിഘട്ടിലെ പടവുകളില്‍ കണ്ടുമുട്ടിയ തമ്പുസ്വാമിയും ഇതുപോലായിരുന്നു. സന്തോഷം അയാളിലും നിറഞ്ഞുനില്‍ക്കുന്ന പോലെ തോന്നി. പാലക്കാട് ചിറ്റൂരില്‍ നിന്ന് വാരണാസിയില്‍ വന്ന് കൂടുകൂട്ടിയ സ്വാമിയുടെ കര്‍മകാണ്ഡം പിതൃക്കളുടെ ഉലകത്തിലാണ്. പിതൃക്കള്‍ക്കായി ബലിയര്‍പ്പിക്കാനെത്തുന്നവരുടെ കര്‍മിയാണ്. തെളിഞ്ഞ സംസ്‌കൃതത്തില്‍ ചൊല്ലുന്ന മന്ത്രങ്ങള്‍ക്കിടെ സ്വാമി ബലിയര്‍പ്പിക്കാന്‍ മുന്നിലിരിക്കുന്നവര്‍ക്ക് പലഭാഷയില്‍ കര്‍മങ്ങള്‍ പറഞ്ഞുകൊടുക്കും. പിതൃസ്മരണയില്‍ അരിയും എള്ളും പൂവും ദര്‍ഭപ്പുല്ലും നീരും അര്‍പ്പിക്കുന്നവരോട് സ്വാമി പറയുന്നു. പിതൃക്കളെ മാത്രമല്ല മരിച്ചു പോയ ബന്ധുക്കളേയും വീട്ടിലെ ജോലിക്കാരേയും സഹായികളേയും പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും സ്മരിച്ചോളൂ. ഇവിടെ ബലിയിട്ടാല്‍ അന്തിമമായ മോക്ഷം ഏതാത്മാവിനും കിട്ടും. അതായിരിക്കാം വാരണാസിയുടെ വിശാല ലോകദര്‍ശനം.
ഒരു ബലിയ്ക്ക് സ്വാമിക്ക് ദക്ഷിണ ആയിരം രൂപയാണ്. അതങ്ങനെ പറഞ്ഞ് വാങ്ങില്ല. ഒപ്പമുള്ള സഹായികള്‍ സൂചിപ്പിക്കും. പുലര്‍ച്ചെ ബലിതര്‍പ്പണത്തിനുള്ള ദ്രവ്യങ്ങളുമായി ഗംഗാതീരത്തെത്തുന്ന സ്വാമിക്ക് രണ്ട് സഹായികളുണ്ട്. അവരാണ് ബലിയിടാനും ഒടുവില്‍ എള്ളുംപൂവും ഗംഗയില്‍ തര്‍പ്പണം ചെയ്യാനും ആളുകളെ സഹായിക്കുന്നത്. ''വിശ്വാസത്തോടെ ചെയ്യുന്ന കര്‍മമാണ്. ഇതില്‍ കള്ളമില്ല.''സ്വാമി പറഞ്ഞു.
അസ്സിഘട്ടില്‍ നിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോവണം. ഇ-റിക്ഷയുണ്ട്. മുന്‍ ഭാഗം ബൈക്ക്‌പോലെ തോന്നിക്കുന്ന റിക്ഷ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. മുമ്പ് ഇവിടെ വ്യാപകമായി ഉപയോഗിച്ചിരുന്ന സൈക്കിള്‍റിക്ഷയുടെ ആധുനിക രൂപം. കുലുങ്ങിയും തെറിച്ചുമുള്ള യാത്രയാണ്. ചെറിയ ദൂരം പോവാന്‍ ആശ്രയിക്കാം. വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഗംഗാനദിയിലൂടെ ബോട്ടില്‍ പോവുന്നതാണ് നല്ലതെന്ന് തമ്പുസ്വാമിയാണ് പറഞ്ഞത്. പക്ഷേ, ബോട്ടിന് അന്യായ ചാര്‍ജ് പറയും. വിലപേശി കുറയ്‌ക്കേണ്ടി വരും. ഘട്ടിലെ ചെറിയ കടവില്‍ ബോട്ടുകള്‍ നിര്‍ത്തിയിരിക്കുന്നു. കരയില്‍ നില്‍ക്കുന്ന ഏജന്റുമാരാണ് ചാര്‍ജ് നിശ്ചയിക്കുന്നത്. ഒരാള്‍ക്ക് അഞ്ഞൂറ് രൂപ പറഞ്ഞു. തര്‍ക്കിച്ചപ്പോള്‍ അത് നാനൂറാക്കി. പിന്നെയും പേശിയപ്പോള്‍ ഇരുനൂറായി. ബോട്ടില്‍ കയറിയിരിക്കാന്‍ പറഞ്ഞു. പത്തു പതിനഞ്ച് പേര്‍ക്കിരിക്കാവുന്ന എന്‍ജിന്‍ ഘടിപ്പിച്ച വലിയ തോണിയാണിത്. അതിലേക്ക് കയറാന്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫൈബര്‍ കൊണ്ടുള്ള ചെറിയ ഫ്‌ളോട്ടിങ് ബ്രിഡ്ജുണ്ട്.
ഗംഗയുടെ തണുപ്പും വിശാലതയുമറിഞ്ഞ് തീരക്കാഴ്ച്ചകളും ഘട്ടുകളിലെ ഇളക്കങ്ങളും കണ്ടുള്ള യാത്ര. അഞ്ചു വര്‍ഷം മുമ്പാണ് അവസാനാമായി വാരണാസിയില്‍ വന്നത്. ഗംഗയ്ക്കും തീരങ്ങള്‍ക്കും അന്നത്തേക്കാള്‍ വൃത്തിയുണ്ടിപ്പോള്‍. പക്ഷേ, ഘട്ടുകളിലെ തിരക്ക് കൂടിയിട്ടേയുള്ളൂ. മനുഷ്യര്‍ പുഴുക്കളെ പോലെ അരിച്ചു നടക്കുന്നത് നദിയില്‍ നിന്ന് നോക്കിയാല്‍ കാണാം. ഞാനും കുറേ തെലുങ്കരും യാത്രചെയ്യുന്ന ബോട്ടിന്റെ അമരക്കാരന്‍ തലയില്‍ വലിയ കെട്ടുകെട്ടിയ മധ്യവയസ്‌കനാണ്. മുഖത്ത് സദാ നിസ്സംഗഭാവം സൂക്ഷിക്കുന്ന അയാളോട് പേര് ചോദിച്ചു.
മുഴങ്ങുന്ന ശബ്ദത്തില്‍ മറുപടിയെത്തി.'' മഹേശ്വര്‍.''ഞാനത് വിശ്വസിച്ചില്ലെന്ന് അയാള്‍ക്ക് മനസ്സിലായിക്കാണും. ഉടന്‍ വന്നു വിശദീകരണം.''ഇഥര്‍ സബ്കാ നാം മഹേശ്വര്‍ ഹേ.''
എല്ലാവരും മഹേശ്വരന്റെ അംശങ്ങളാണെന്നാവും വിവക്ഷ. വര്‍ഷങ്ങളായി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഭക്തരേയും യാത്രികരേയുമെത്തിച്ച് അയാള്‍ തത്വജ്ഞാനിയായി മാറിയതാവണം.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം നിനച്ചിരിക്കാതെ അയാള്‍ ചോദിച്ചു. ''വാരണാസിയുടെ എത്ര പേരുകള്‍ നിങ്ങള്‍ക്കറിയാം?''
മറുപടിക്ക് കാക്കാതെ തന്നെ പറഞ്ഞു തുടങ്ങി...'' വാരണാസി, കാശി, ബനാറസ്, അവിമുക്ത. ഇങ്ങനെ നാലു പേരുകളുള്ള നാടാണിത്.''
അവിമുക്ത എന്ന പേര് മാത്രം മുമ്പ് കേട്ടിരുന്നില്ല. അത് മഹേശ്വര്‍ വിശദീകരിച്ചു തന്നു. എപ്പോഴും ശിവനും പാര്‍വതിയും നിലകൊള്ളുന്ന ഇടമായതു കൊണ്ടാണത്രേ ആ പേര് ലഭിച്ചത്.
കാശിക്ഷേത്രത്തിലേക്ക് പടവുകള്‍ കയറുന്നതിന് മുമ്പ് ശവങ്ങളെരിയുന്ന മണികര്‍ണികാ ഘട്ട് കണ്ടു. ഒരു സംഘം മനുഷ്യര്‍ 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് ജപിച്ചു കൊണ്ട് ചുമന്നു കൊണ്ടുവന്ന ജഡം ഗംഗാജലത്തില്‍ മുക്കിയെടുത്ത്, ചിതകള്‍ക്കരികിലേക്ക് നടക്കുന്നു. രണ്ടു ചിതകള്‍ അവിടെ എരിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടത്താവളം പോലെ മണികര്‍ണിക. ശിവപത്‌നിയായിരുന്ന സതിയുടെ കര്‍ണാഭരണം പതിച്ച ഇടമായതു കൊണ്ടാണത്രേ ആ പേരുവന്നത്.
കാഴ്ചകള്‍ കണ്ടും കഥകള്‍ കേട്ടും വിശ്വനാഥക്ഷേത്രത്തിനു മുന്നിലെത്തി. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ ദീര്‍ഘമായ ക്യൂ. ഇഴഞ്ഞുനീങ്ങുന്ന നിരയില്‍ നിന്ന് ശിവസ്തുതികള്‍ പാടി ഭക്തര്‍ മുഷിപ്പ് മാറ്റുന്നു. ക്യൂവില്ലാതെ 'സുഖദര്‍ശനത്തിന്' സമീപത്തെ കൗണ്ടറില്‍ നിന്ന് മുന്നൂറ് രൂപയുടെ ടിക്കറ്റെടുത്താല്‍ മതി. ഓണ്‍ലൈനില്‍ മുന്‍കൂട്ടിയും സുഖദര്‍ശനം ബുക്ക് ചെയ്യാം.
ക്ഷേത്രത്തിനകത്ത് ഭക്തിയും ദുഃഖവും ആനന്ദവും ഇടകലര്‍ന്ന ഭജനകളും മന്ത്രധ്വനികളും. മാര്‍ബിള്‍ പതിച്ച നിലത്ത് തണുപ്പ്. വിശ്വനാഥന്റെ മുന്നിലെത്തുമ്പോഴേക്കും ഭക്തരുടെ പലഭാഷകളിലുള്ള ആരവം ഉച്ചസ്ഥായിലെത്തി.
ഗര്‍വും ദു:ഖവും വെടിഞ്ഞ് ശിവനില്‍ സ്വയമര്‍പ്പിച്ച് മോക്ഷം നേടൂ എന്ന് തലമുണ്ഡനം ചെയ്ത കാഷായധാരി തന്റെ കൂടെ ദര്‍ശനത്തിനെത്തിയ യുവാക്കള്‍ക്ക് ഹിന്ദിയില്‍ പറഞ്ഞുകൊടുക്കുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന ജീന്‍സും ടീഷര്‍ട്ടും ധരിച്ച ഒരു യുവാവിനോട് സംസാരിച്ചു. പേര് ആനന്ദ്. മുംബൈയിലെ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്നു. പുതിയ പ്രൊജക്റ്റ് തുടങ്ങും മുമ്പ് കൂട്ടുകാര്‍ക്കൊപ്പം ദര്‍ശനത്തിന് വന്നതാണ്. ഇവിടെയെത്തിയപ്പോള്‍ കൂട്ടുകിട്ടിയതാണ് കാഷായം ധരിച്ച ഗുരുജിയെ.
കളഭത്തിലും ഭസ്മത്തിലും കുളിച്ച് പൂജിച്ചു കിട്ടിയ പൂമാലകളണിഞ്ഞ് നടക്കുന്ന ഭക്തരാണെങ്ങും. ചിലര്‍ നിലത്ത് വട്ടത്തിലിരുന്ന് കൈകൊട്ടി ശിവസ്തുതികള്‍ പാടുന്നു. ക്ഷേത്രത്തിന് പുറത്ത് ഇടുങ്ങിയ മറ്റൊരു തെരുവിലേക്കിറങ്ങി. രണ്ടു പേര്‍ക്ക് നടന്നുപോവാന്‍ മാത്രം വീതിയുള്ള വഴി. ബൈക്കുകള്‍ വളഞ്ഞും പുളഞ്ഞും പോവുന്നു. അതിനിടയില്‍ പൂക്കച്ചവടക്കാരികള്‍, പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നവര്‍. മുന്നിലതാ നടന്നു പോവുന്നു, നടുവിന് അല്പം വളവുള്ള ഒരു മനുഷ്യന്‍. ചുവന്ന മുണ്ടും ബനിയനുമാണ് വേഷം. കൈയില്‍ ഒരു പിച്ചളപ്പാത്രം. അതില്‍ നിന്ന് തീര്‍ഥം തളിക്കുന്നു. വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമായി ചെറിയ അമ്പലങ്ങളും വഴിയരികില്‍ വെച്ചുപൂജിക്കുന്ന വിഗ്രഹങ്ങളും വേറെയുണ്ട്. അവിടെ പൂജനടത്തുന്ന പൂജാരികളില്‍ ഒരാളെ പരിചയപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് ഒട്ടുമില്ല സമയം. തിരക്കിട്ടു നടക്കുന്നതിനിടെ പറഞ്ഞു... '' ബുദ്ധൂ, ബോല്‍ ഹര ഹര മഹാദേവ്'' കാര്യമില്ലാത്ത കാര്യങ്ങള്‍ തിരക്കാതെ ശിവനെ സ്തുതിക്കൂ എന്ന് വ്യഗ്യം.
തെരുവില്‍ നിന്ന് അല്പം കൂടി വീതിയുള്ള റോഡിലേക്ക് കടന്നു. കടകള്‍ തിങ്ങിനില്‍ക്കുന്ന മാര്‍ക്കറ്റാണ്. പേടിതോന്നിക്കുന്ന ജനത്തിരക്ക്. അതിനിടയിലൂടെ റിക്ഷകള്‍. ചുവന്ന ലൈറ്റ് തെളിയിച്ച് സൈറണ്‍ മുഴക്കി പോലീസ് ജീപ്പ് അല്പം വേഗത്തില്‍ വരുന്നു. അതിനു പിറകില്‍ വിലകൂടിയ കാറുകളുടെ വ്യൂഹം. വലിയ എസ്. യു.വിയില്‍ ബോര്‍ഡുണ്ട് 'എം.പി.' ആളുകള്‍ വണ്ടിയിടിച്ച് മരിക്കാത്തതാണ് അദ്ഭുതം. പത്തു മിനിറ്റ് അതിനിടയിലൂടെ നടന്നപ്പോള്‍ തുടക്കത്തില്‍ തോന്നിയ പേടി മാറി. കാശിയില്‍ മരിക്കുന്നതിനേക്കാള്‍ സാധ്യത ജീവിക്കാന്‍ തന്നെയാണ്.
സന്ധ്യയായപ്പോഴേക്കും അസ്സിഘട്ടില്‍ തിരിച്ചെത്തി. അവിടെ ഗംഗാ ആരതിക്കുള്ള ഒരുക്കമാണ്. പരവതാനി വിരിച്ച പടവുകളില്‍ നിറയെ ആളുകള്‍. ആരതി സമയത്ത് കത്തിക്കേണ്ട കുഞ്ഞു ദീപങ്ങളും പൂക്കളും ഉണര്‍വ് കിട്ടുന്ന പല രുചിയുള്ള ചായകളും വില്‍ക്കുന്ന കുഞ്ഞുങ്ങള്‍ അതിനിടയിലൂടെ അരിച്ചുനടക്കുന്നു. എട്ടു വയസ്സിലധികം തോന്നിക്കാത്ത, ദൈന്യഭാവമുള്ള പെണ്‍കുട്ടിയില്‍ നിന്ന് ദീപം വാങ്ങി. പത്തു രൂപയാണ്. കത്തിക്കാനുള്ള തീപ്പെട്ടി സൗജന്യം.
ഗംഗാ ആരതിയെ കുറിച്ച് മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ട് ഒരു യുവാവ്. ഇടവേളകളില്‍ ഹിന്ദി ഭജനുകളുടെ റെക്കോഡ് പ്ലേ ചെയ്യുന്നു. ഗംഗാതീരത്ത് നിരത്തിയിട്ട മേശകളില്‍ കയറി നിന്ന് ചെറുപ്പക്കാര്‍ കൈയിലെ വലിയ വിളക്കുകള്‍ പാട്ടിനൊത്ത് താളത്തില്‍ ചുഴറ്റി ഗംഗാവന്ദനം നടത്തുന്നു. ഇടയ്ക്ക് ശംഖില്‍ കൂട്ടത്തോടെ കാഹളം മുഴക്കി. അവര്‍ക്കുമുന്നിലുള്ള വലിയ പ്രതിമ ഗംഗാമാതാവിന്റേതാണ്. മഞ്ഞവെളിച്ചവും ശംഖനാദവും ഭജനയുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച മായയില്‍ മുഴുകിയിരിക്കുകയാണ് എല്ലാവരും. അതങ്ങനെ ഒരു മണിക്കൂറോളം...
വാരണാസിയിലെ കാഴ്ചകള്‍ തീരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച അമേരിക്കക്കാരനായ എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍ പറഞ്ഞപോലെ ചരിത്രത്തിനും പാരമ്പര്യത്തിനും ഇതിഹാസത്തിനും അപ്പുറം പഴക്കമുള്ള നഗരമാണ് വാരണാസി. വരുന്നവരെ വലിച്ചടുപ്പിക്കുന്ന ചിലതുണ്ടിവിടെ. കണ്ടാലും തീരാത്ത കാഴ്ചകള്‍, മതിവരാത്ത രുചികള്‍, ഗന്ധങ്ങള്‍... എല്ലാത്തിനുമപ്പുറം വിചിത്രമെന്ന് നമുക്കു തോന്നുന്ന ജീവിതങ്ങള്‍!
Content Highlights: varanasi avimukta banaras kashi travelogue