നവരാത്രിക്കാലത്ത് കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കൊരു യാത്ര; ഇവിടുത്തെ കളിപ്പാട്ടങ്ങളെല്ലാം മരത്തിൽകൊത്തിയെടുത്തത്

#ബിജു രാഘവൻ
കളിപ്പാട്ടങ്ങളുടെ നഗരത്തിൽനിന്നൊരു കാഴ്ച | AFP
കളിപ്പാട്ടങ്ങളുടെ നഗരത്തിൽനിന്നൊരു കാഴ്ച | AFP

മൈസൂരിന്റെ മണ്ണ് കടന്ന് ദേശീയ പാതയിലൂടെ മുന്നോട്ട് പോവുമ്പോൾ ടിപ്പുസുൽത്താനെ ഓർക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. സുൽത്താൻ തന്റെ പടയോട്ടങ്ങൾ തുടങ്ങിവെച്ചത് ഈ ദേശത്തുനിന്നാണ്. ബാംഗ്ലൂരിലേക്കുള്ള വഴിയിൽ ശ്രീരംഗപട്ടണത്തിന്റെ ചരിത്രവീഥികളിലെങ്ങും ആ ഓർമക്കഥകൾ വീണുകിടക്കുന്നുണ്ടെങ്കിലും രാജാവിന്റെ മറ്റൊരു ഭ്രമമാണ് ഈ യാത്രയിൽ ശരിക്കും ഓർത്തുപോയത്. മൈസൂർ കൊട്ടാരത്തിൽനിന്ന് പല പല യുദ്ധങ്ങൾക്ക് തേരോടിക്കുമ്പോഴും ടിപ്പുവിന്റെ മനസ്സുനിറയെ കളിപ്പാട്ടങ്ങളോടൊരു ഭ്രമം ഉണ്ടായിരുന്നുവത്രേ! അതുകൊണ്ടാണ് പേർഷ്യയിലെ മാന്ത്രികരായ കലാകാരൻമാരെ കളിപ്പാട്ടമുണ്ടാക്കാനായി രാജാവ് ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവന്നത്. മൈസൂരിൽനിന്ന് എൺപത് കിലോമീറ്റർ അകലെ ചന്നപട്ടണത്താണ് അവരെ താമസിപ്പിച്ചത്. ഈ പേർഷ്യൻ കലാകാരൻമാരുടെ കരവിരുത് കണ്ടുപഠിച്ച ചന്നപട്ടണക്കാർ വൈകാതെ ഇന്ത്യൻ കളിപ്പാട്ടനിർമാണത്തിന്റെ ഉസ്താദുമാരായി എന്നത് ചരിത്രം. അവരെ കാണാനും ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളുടെ കലവറ തുറക്കാനുമാണ് ഈ യാത്ര.

മാണ്ഡ്യയുടെ പഞ്ചസാര അറകളുടെയും രാമനഗരയുടെ പട്ടുനൂലിഴകൾ നെയ്യുന്ന തെരുവുകളുടെയും ഇടയിലാണ് കളിപ്പാട്ടങ്ങളുമായി വരവേൽക്കുന്ന ചന്നപട്ടണയെന്ന ചെറുനഗരം. കന്നടയിൽ ഇത് ഗൊംബേഗള ഊരു (കളിപ്പാട്ടങ്ങളുടെ നഗരം). എങ്ങും പല നിറത്തിലും രൂപത്തിലുമുള്ള കളിക്കോപ്പുകൾ. പാതയോരത്തെങ്ങും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളേക്കാൾ കൂടുതലുള്ളതും കളിപ്പാട്ടക്കടകൾ. പഴക്കവും പാരമ്പര്യവും തനിമയും വിളിച്ചോതുന്നു അവരുടെ പരസ്യപ്പലകകൾ. ഓരോ കളിക്കോപ്പിന്റെയും മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ കാണാം അവ പ്രസരിപ്പിക്കുന്ന അനേകം വികാരങ്ങളുടെ രേഖാചിത്രങ്ങൾ. നെടുകയോ കുറുങ്ങനെയോ ഉള്ള വര കൊണ്ട് പ്രണയവും വിരഹവും സ്‌നേഹവും ദേഷ്യവും കൊത്തിവെച്ച രൂപങ്ങളാണ് ഈ കടകളുടെ അകത്തളങ്ങളിലെങ്ങും. ഞങ്ങളെ ചന്നപട്ടണത്തെ അസംഖ്യം കളിപ്പാട്ടങ്ങൾക്കിടയിൽ കളിക്കാൻ വിട്ട് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് പൊടിപറത്തിക്കൊണ്ട് ബാംഗ്ലൂരിലേക്ക് പറന്നുപോയി.

Content Highlights: Explores Channapatna, the historic toy town of Karnataka introduced by Tipu Sultan. Highlights the traditional craftsmanship using ivory wood and natural vegetable dyes. Examines the current challenges faced by local artisans and manufacturing units

Continue reading