ഐതിഹ്യങ്ങളുടെ ഇടനാഴികള്‍ കടന്ന് ഉഡുപ്പിയിലെ മായക്കണ്ണനരികിലേക്ക്...

#അശ്വതി ഉത്തമന്‍
ഉഡുപ്പി ക്ഷേത്രത്തിലേക്കുള്ള പാത | ഫോട്ടോ: മധുരാജ്
ഉഡുപ്പി ക്ഷേത്രത്തിലേക്കുള്ള പാത | ഫോട്ടോ: മധുരാജ്

മഞ്ഞച്ചേലയുള്ള ഉണ്ണിക്കണ്ണനെപ്പോലെയാണ് ഉഡുപ്പി. ഇളവെയിലിലും സായാഹ്നത്തിലെ പോക്കുവെയിലിലും പട്ടണം കണ്ണന്റെ ചേലയുടുക്കും. തെരുവുകളില്‍ കൃഷ്ണസ്തുതികള്‍ മുഴങ്ങും. സങ്കടങ്ങളും സ്വപ്‌നങ്ങളും കണ്ണനോടു പങ്കുവെക്കാന്‍ ആ മുഖം ഒരുനോക്കു കാണാന്‍ പലദേശങ്ങളില്‍ നിന്ന് അവിടേക്ക് ജനം ഒഴുകിയെത്തും. മനസ്സറിഞ്ഞ് വിളിച്ചാല്‍ ഉഡുപ്പിയിലെ കണ്ണന്‍ വിളികേള്‍ക്കാതിരിക്കില്ല എന്നാണ് വിശ്വാസം. സര്‍വാഭരണ വിഭൂഷിതനാണ് ഇവിടെ കണ്ണന്‍. അമ്മയായ യശോദ അണിയിച്ചൊരുക്കിയ അതേ ഭാവത്തില്‍. 

കണ്ണന്റെ മായാലീലകള്‍
വെണ്ണക്കുടമുടച്ചും ഗോപികമാരുടെ ചേലകള്‍ മോഷ്ടിച്ചും കാലികളോടൊത്തു കളിച്ചും ഉരല്‍ വലിച്ചും അമ്പാടിയില്‍ കുസൃതികളേറെയൊപ്പിച്ച ബാലകനായിരുന്നു കണ്ണന്‍. അമ്പാടിയെ രസിപ്പിച്ച കൊച്ചുകണ്ണന്റെ ലീലകളൊന്നും കാണാനാവാത്ത ഒരമ്മയുടെ കഥയും പുരാണത്തിലുണ്ട്.  
 കംസനാല്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ട കൃഷ്ണമാതാവായ ദേവകി. കാരാഗൃഹവാസംമൂലം തനിക്ക് കാണാന്‍ സാധിക്കാതിരുന്ന കണ്ണന്റെ ബാലലീലകള്‍ കാണണമെന്ന് ദേവകി  ആഗ്രഹിച്ചു. ദ്വാരകയില്‍ വെച്ച് അവര്‍ ആ ആഗ്രഹം കൃഷ്ണനോട് പങ്കുവച്ചു. 
അതുകേട്ട കൃഷ്ണന്‍ അമ്മയ്ക്കു മുന്‍പില്‍ അമ്പാടിയിലെ ബാലകനായി. കണ്ണന്റെ ബാലലീലകള്‍ ദേവകി ആവോളം ആസ്വദിച്ചു.  മകന്റെ ബാലരൂപം കണ്ട് കൊതിതീരാതെ അമ്മ തനിക്കാരാധിക്കാന്‍ അതുപോലൊരു വിഗ്രഹം വേണമെന്ന് ആവശ്യപ്പെട്ടു. കൃഷ്ണന്‍ അതും അനുസരിച്ചു. കൃഷ്ണന്റെ നിര്‍ദേശമനുസരിച്ച് വിശ്വകര്‍മാവ് സാളഗ്രാമ ശിലയില്‍ വിഗ്രഹം പണിതു. ഒരു കൈയില്‍ കടകോലും (മത്ത്) മറുകൈയില്‍ കയറുമായി നില്‍ക്കുന്ന കുഞ്ഞുകണ്ണന്റെ മനോഹര രൂപം. 

കപ്പലേറി വന്ന കണ്ണന്‍
ആ സുന്ദരരൂപം ഉഡുപ്പിയില്‍ എത്തിയതിനു പിന്നിലെ കഥയിങ്ങനെ...  ഏറെക്കാലത്തിനു ശേഷം ഒരു സംഘം നാവികര്‍ക്ക് ദ്വാരകയില്‍ നിന്ന് ചന്ദനത്തില്‍ പൊതിഞ്ഞ ഭാരമുള്ള ഒരു വസ്തു കിട്ടി. ഇതുമായി യാത്രതിരിച്ച നാവികരുടെ കപ്പല്‍ ഉഡുപ്പി തീരത്ത് കൊടുങ്കാറ്റില്‍പ്പെട്ടു. വേദപണ്ഡിതനായ മാധ്വാചാര്യര്‍ തന്റെ ദിവ്യശക്തിയാല്‍ കപ്പലിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.  കപ്പലില്‍ ശ്രീകൃഷ്ണന്റെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് പകരമായി എന്തുവേണമെന്ന് അദ്ദേഹത്തോട് നാവികര്‍ ചോദിച്ചു. അങ്ങനെ ചന്ദനത്തില്‍ പൊതിഞ്ഞ ബാലകൃഷ്ണവിഗ്രഹം അദ്ദേഹത്തിന് സ്വന്തമായി. ഈ വിഗ്രഹത്തെ ഉഡുപ്പിയിലെ ശ്രീകൃഷ്ണമഠത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

മാധ്വസരോവർ


 
നവഗ്രഹ ജാലിക 
മനംമയക്കുന്ന കാഴ്ചകളാണ് ഉഡുപ്പി ക്ഷേത്രത്തിനു ചുറ്റും. സ്വര്‍ണത്തില്‍ പണിത ക്ഷേത്ര ഗോപുരം. ദ്രാവിഡ വാസ്തുവിദ്യാശൈലിയുടെ തനിമ പ്രവേശനകവാടത്തിലും ക്ഷേത്രഗോപുരങ്ങളിലും ചുറ്റുമുള്ള കെട്ടിടങ്ങളിലും  പ്രകടം. ഒന്‍പത് കളങ്ങളുള്ള നവഗ്രഹ ജാലകത്തിലൂടെയാണ് ഉഡുപ്പി ശ്രീകൃഷ്ണനെ കാണാന്‍ കഴിയുക. നവരത്ന രഥമാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം. ക്ഷേത്രമുറ്റത്തെ മാധ്വസരോവര്‍ എന്ന ജലാശയത്തിനു മുന്നിലുമുണ്ട് അലങ്കരിച്ച രഥങ്ങള്‍. ഉത്സവ വേളകളില്‍ ശ്രീകൃഷ്ണ വിഗ്രഹം പുറത്തെടുത്ത് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കാനാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്. 
 
കനകന കിണ്ടി
ക്ഷേത്രത്തിനുപുറത്ത് പടിഞ്ഞാറെ നടയില്‍ കനകന കിണ്ടി എന്ന് പേരുള്ള ഒരു ജാലകമുണ്ട്. ഈ ജാലകത്തിലൂടെ നോക്കിയാല്‍ ശ്രീകോവിലിനുള്ളില്‍ കണ്ണുകള്‍ വിടര്‍ത്തി നില്‍ക്കുന്ന കണ്ണനെ കാണാന്‍ പറ്റും. കനകന കിണ്ടിക്കു പിന്നിലുമുണ്ട് ഐതിഹ്യം. ശ്രീകൃഷ്ണന്റെ പരമഭക്തനായിരുന്നു കനകദാസന്‍. താഴ്ന്ന ജാതിക്കാരനായതിനാല്‍ അദ്ദേഹത്തിന് ക്ഷേത്രത്തിനകത്ത് കയറി ഭഗവാനെ തൊഴാനുള്ള അനുവാദം വിലക്കപ്പെട്ടു. സങ്കടത്താല്‍ അദ്ദേഹം ക്ഷേത്രത്തിന് പുറകിലിരുന്ന് 'കൃഷ്ണാ നീ ബേഗനെ ബാരോ...' എന്ന കീര്‍ത്തനം കരഞ്ഞുപാടി. കണ്ണന്‍ ഇതുകേട്ടു.

കിഴക്ക് ദര്‍ശനമായി ഇരുന്നിടത്തുനിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞ കണ്ണന്‍ തന്റെ കൈയിലെ കടകോലു കൊണ്ട് ശ്രീകോവിലില്‍ വിള്ളലുണ്ടാക്കി. അങ്ങനെ കനകദാസന് ദര്‍ശനം നല്‍കിയെന്നാണ് വിശ്വാസം. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ ആരും തിരിച്ചുവെച്ചില്ല.  ശ്രീകോവിലില്‍ പുറംതിരിഞ്ഞിരിക്കുന്ന കൃഷ്ണന്‍ ഭക്തവാത്സല്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. 
 കനകദാസന്റെ സ്മരണയ്ക്ക് ജാലകവും സ്മൃതിമണ്ഡപവും ക്ഷേത്രത്തിന് സമീപമുണ്ട്. ശ്രീകോവിലില്‍ പുറംതിരിഞ്ഞിരിക്കുന്ന ഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രമാണിവിടം എന്നു പറയാം. 

പര്യയോത്സവം
ക്ഷേത്രത്തിന് ചുറ്റുമായി എട്ട് മഠങ്ങളുണ്ട്. ഈ മഠങ്ങളുടെ അധിപന്മാരാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിമാര്‍. ഉഡുപ്പിയിലെ കൃഷ്ണനെ പരിചരിക്കാന്‍ മാധ്വാചാര്യര്‍ തന്റെ എട്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തതിലൂടെയാണ് ഇങ്ങനെയൊരു പതിവ് നിലവില്‍ വന്നതെന്ന് കരുതപ്പെടുന്നു. 
ഭഗവാനെ സേവിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, ഓരോ മഠത്തിനും രണ്ട് വര്‍ഷം വീതം സേവനം ചെയ്യാം. മാധ്വ സമ്പ്രദായത്തെ പ്രചരിപ്പിക്കാനായി മാധ്വാചാര്യരുടെ ശിഷ്യന്മാരാണ് ഈ മഠങ്ങള്‍ സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു. ക്ഷേത്രഭരണക്കൈമാറ്റം 'പര്യയോത്സവം' എന്ന പേരിലറിയപ്പെടുന്നു. 

കനകന കിണ്ടി


 
വിളിപ്പുറത്തെത്തുന്ന ഹനുമാന്‍ സ്വാമി
ഉപദേവനായ ഹനുമാന്‍ സ്വാമിക്കും ഒരുപാട് സവിശേഷതകളുണ്ട്. കോടികള്‍ വിലമതിക്കുന്ന വജ്ര അങ്കിയാണ് ചാര്‍ത്തിയിരിക്കുന്നത്. 
ആഗ്രഹങ്ങള്‍ സാധ്യമായാല്‍ വെറും നിലത്ത് പ്രസാദം വാങ്ങി കഴിക്കുന്നതും ഇവിടത്തെ വഴിപാടാണ്. ഉഡുപ്പി ക്ഷേത്രത്തിലെ ഭോജനശാലയും പ്രസിദ്ധമാണ്. ദിവസവും നൂറുകണക്കിനാളുകള്‍ക്ക് ഇവിടെ ഭക്ഷണം വിളമ്പുന്നു. ഇരുന്നൂറിലേറെ പശുക്കളുള്ള വലിയ ഗോശാലയാണ് മറ്റൊരു ആകര്‍ഷണം. 
 
മാധ്വസരോവറും ഭഗീരഥിയും

ക്ഷേത്രമുറ്റത്തെ മാധ്വസരോവര്‍ മാധ്വാചാര്യരുടെ സ്മരണയ്ക്കായുള്ള തീര്‍ഥക്കുളമാണ്. ഇതിന് നടുവിലെ കല്‍മണ്ഡപത്തില്‍ മാധ്വാചാര്യരുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. മാധ്വസരോവരത്തിന്റെ അരികിലായാണ് ഭഗീരഥി ദേവിയെ കുടിയിരുത്തിയിരിക്കുന്നത്. വേനലില്‍ ഇവിടെ പ്രാര്‍ഥിച്ചാല്‍ മഴ പെയ്യുമെന്നാണ് ഭക്തരുടെ വിശ്വാസം. വൃന്ദാവനം എന്ന പേരില്‍ കൃഷ്ണ ഭക്തരായ സന്ന്യാസിമാരുടെ സമാധിയുമുണ്ട്. ഇതിനോടടുത്താണ് നാഗവനം. 

ചന്ദ്രദേവനും അനന്തേശ്വരനും
ഉഡുപ്പി കൃഷ്ണക്ഷേത്ര സമുച്ചയത്തിലെ അനന്തേശ്വര ക്ഷേത്രം കൃഷ്ണക്ഷേത്രത്തെക്കാള്‍ പഴക്കമുള്ളതാണ്. ഇത് എട്ടാം നൂറ്റാണ്ടിലേതാണ്. മാധ്വാചാര്യന്‍ അപ്രത്യക്ഷനായ സ്ഥലമാണിതെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെയാണത്രേ അദ്ദേഹം അപ്രത്യക്ഷനായത്. അനന്തേശ്വര ക്ഷേത്രത്തിന് മുന്നിലായുള്ള ചന്ദ്രമൗലീശ്വര ക്ഷേത്രത്തിനും കഥകള്‍ പറയാനുണ്ട്. ദക്ഷപ്രജാപതിയാല്‍ ശപിക്കപ്പെട്ട ചന്ദ്രദേവന്‍ ശാപമോക്ഷത്തിനായി ചന്ദ്രപുഷ്‌കരിണി എന്ന പുണ്യതീര്‍ഥത്തിന്റെ തീരത്ത് ശിവനെ ആരാധിക്കാന്‍ തുടങ്ങി. ചന്ദ്രന് ശാപമോക്ഷം നല്‍കിയ ശിവന്‍ ചന്ദ്രമൗലീശ്വരന്‍ എന്നറിയപ്പെട്ടു. 
സംസ്‌കൃതത്തില്‍ 'ഉഡു' എന്നാല്‍, നക്ഷത്രം. 'പ' എന്നതിന് നേതാവ് എന്നര്‍ഥം. നക്ഷത്രങ്ങളുടെ നാഥനായ ചന്ദ്രന്‍ തപസ്സിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഉഡുപ്പി എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. 
 ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമുന്‍പ് ഭക്തര്‍ അനന്തേശ്വര ക്ഷേത്രവും ചന്ദ്രമൗലീശ്വര ക്ഷേത്രവും സന്ദര്‍ശിക്കുന്നത് പതിവാണ്.
 

Content Highlights: uduppi sreekrishna temple travelogue uduppi travelogue