കുഞ്ഞുപിള്ളേരെ വീട്ടില്‍ വിട്ടിട്ട് ഈ ദുര്‍ഘടം താണ്ടി ഇവിടെയെത്തിയില്ലേ......

#ടി.വി.ഷീബ
എവറസ്റ്റ് ബേസ് ക്യാമ്പില്‍
എവറസ്റ്റ് ബേസ് ക്യാമ്പില്‍

''സ്വന്തം ഇഷ്ടങ്ങളെ ആവേശത്തോടെ പിന്തുടരുകയെന്നതാണ് ഒരമ്മയ്ക്ക് മക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ പ്രചോദനം'

എവറസ്റ്റ് ട്രെക്കിങ് സ്വപ്‌നംകാണാന്‍ തുടങ്ങിയിട്ട് നാളേറെയായി, അതേ സ്വപ്‌നം ആവര്‍ത്തിച്ച് കാണുന്ന ഒരു സുഹൃത്തിനെ കൂടെ കിട്ടിയപ്പോള്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അഭിഷേകിന്റെയും അനുഗ്രഹിന്റെയും അമ്മയായ ഞാനും എമിറിന്റെയും എഹാബിന്റെയും ഉമ്മയായ സുഹറയും. 
ബെംഗളൂരുവില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് മൂന്നുമണിക്കൂര്‍ വിമാനയാത്ര. ഇന്ത്യയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍  വോട്ടര്‍ ഐഡി മതി, അല്ലെങ്കില്‍ ആറുമാസം വാലിഡിറ്റിയുള്ള പാസ്പോര്‍ട്ട്. അടുത്തദിവസം രാവിലെ അഞ്ചുമണിയായപ്പോഴേക്കും ഞങ്ങള്‍ കാഠ്മണ്ഡു എയര്‍പോര്‍ട്ടിലെത്തി. ആദ്യദിവസം കാഠ്മണ്ഡുവിലെ തിരക്കേറിയ തമേല്‍ തെരുവിലാണ് ചെലവഴിച്ചത്. 
 
എവറസ്റ്റിന്റെ വാതില്‍

കൂടുതല്‍ ആളുകള്‍ സഞ്ചരിക്കാത്ത ഗോക്കിയോ തടാകം-ചോലാ പാസ്-കാലാ പത്തര്‍ പാതയാണ് തുടര്‍ യാത്രയ്ക്ക് ഞങ്ങള്‍ തിരഞ്ഞെടുത്തത്. 14 ദിവസം. 140 കിലോമീറ്റര്‍ ദൂരം. ലുക്ലയിലേക്കാണ് ആദ്യം എത്തേണ്ടത്. പ്രാദേശിക വിമാനസര്‍വീസായതുകൊണ്ട് സാധനങ്ങള്‍ 15 കിലോഗ്രാമില്‍ കൂടിയാല്‍ അധികം കാശ് കൊടുക്കണം. ഏകദേശം 30 മിനിറ്റ് യാത്ര. ബേസ് ക്യാമ്പിലേക്കുള്ള യാത്ര ഇവിടെനിന്ന് തുടങ്ങുകയാണ്. ഞങ്ങളും, കൂടെ ഗൈഡും പോര്‍ട്ടറും. 
ആദ്യദിവസം മൂന്നുമണിക്കൂറോളം നടന്ന് ഒരു കൊച്ചു ഗ്രാമത്തിലെത്തി. അവിടെയായിരുന്നു താമസസൗകര്യം. അതിരാവിലെ നടത്തം തുടങ്ങി. നല്ല തണുപ്പാണ്. പക്ഷേ, സമയംപോകുംതോറും ചൂട് കൂടാന്‍തുടങ്ങി. അതിനനുസരിച്ച് ക്ഷീണവും.  പോകുന്ന വഴിയില്‍ ചെക്കിങ് സെന്ററുണ്ട്. പാസ്പോര്‍ട്ട് അവിടെ കാണിച്ച് റെസീപ്റ്റ് വാങ്ങി വേണം മുന്നോട്ടുപോകാന്‍. നീണ്ട യാത്രയ്‌ക്കൊടുവില്‍ അവസാനത്തെ ടൗണായ നാംചെ ബസാറില്‍ എത്തി. മസാജിങ് സെന്റര്‍, പബ്ബ്, ഷോപ്പിങ് സെന്റര്‍, റെസ്റ്റോറന്റ്, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. 
മൂന്നാംദിനം ഞങ്ങള്‍ക്ക് വിശ്രമമായിരുന്നു. ഉയരം കൂടുംതോറും തണുപ്പ് കൂടുകയും ശരീരത്തിന്റെ ഓക്സിജന്‍ ലെവല്‍ കുറഞ്ഞുവരുകയും ചെയ്യും. അതുകൊണ്ട് വിശ്രമിച്ച ശേഷമേ മുന്നോട്ടുപോകാനാകൂ. അന്ന് സാഗര്‍മാതാ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെ ടെന്‍സിങ് നോര്‍ഗെയുടെ പ്രതിമയുണ്ട്. പാര്‍വതാരോഹകന്റെ വേഷത്തിലാണ് പ്രതിമ. തൊട്ടടുത്ത് ടെന്‍സിങ്ങിന്റെ വീട് മ്യൂസിയമാക്കിമാറ്റിയിരിക്കുന്നു. 
പിറ്റേന്ന് ഞങ്ങള്‍ നടന്നെത്തിയത് ഡോലെയിലാണ്. ആറുമണിക്കൂര്‍ ദൂരമുണ്ട് നാംചെയില്‍നിന്ന് ഡോലെയിലേക്ക്. നാംചെ കഴിഞ്ഞാല്‍ ബേസ് ക്യാമ്പിലേക്ക് രണ്ട് വഴികളുണ്ട്. വഴിയില്‍ ഭോജ് മരങ്ങള്‍. ഞങ്ങള്‍ എട്ടുമണിക്കൂര്‍കൊണ്ട് ഡോലെയില്‍ എത്തി. ചെറുതെങ്കിലും സൗകര്യങ്ങളുള്ള ഒരു മുറി കിട്ടി.
യാത്രയിലെ സുന്ദരമായ കാഴ്ച ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശുദ്ധജലതടാകമായ ഗോക്കിയോ ആണ്. സമുദ്രനിരപ്പില്‍നിന്ന് 5357 മീറ്റര്‍ മുകളിലാണിത്. ആറ് ചെറുതടാകങ്ങളുടെ കൂട്ടമാണിത്. ചോല പാസ് മറ്റൊരു മാസ്മരികതയാണ്. എവറസ്റ്റ്, അമാ ദാബ്ലം, മൗണ്ട് ലൊബൂച്ചെ, മൗണ്ട് ലോറ്റ്സെ തുടങ്ങി ചെറുതും വലുതുമായ കുറേ പര്‍വതങ്ങള്‍ ഇവിടെനിന്ന് കാണാം.

ഷീബയും സുഹ്‌റയും എവറസ്റ്റ് യാത്രയ്ക്കിടെ


 
കണ്‍മുന്നില്‍ എവറസ്റ്റ്

ദിവസങ്ങള്‍ പിന്നിടുന്തോറും ശരീരം കൂടുതല്‍ തളരും. എവറസ്റ്റ് ലിങ്ക് എന്ന സിം എടുത്താല്‍ ഒട്ടുമിക്ക സ്ഥലത്തും നെറ്റ്വര്‍ക്ക് കിട്ടും. എവറസ്റ്റിന്റെ വ്യക്തമായ കാഴ്ച ലഭിച്ചത് കാലാ പത്തറിലാണ്. നുപ്ത്സെയ്ക്കും ഖുംബു ഹിമവാഹിനിക്കും ഇടയിലൂടെ തലയുയര്‍ത്തി നില്‍ക്കുന്ന എവറസ്റ്റിന്റെ രൂപം മനസ്സില്‍ നിന്ന് മായില്ല. 5545 മീറ്ററാണ് ഇവിടെ ഉയരം. 
പര്‍വതാരോഹണത്തിനിടെ കാണുന്നവരില്‍ 30 ശതമാനംവരെ സ്ത്രീകളായിരിക്കും. ഭൂരിഭാഗവും വിദേശികളും. തിരിച്ചിറങ്ങുമ്പോള്‍ വഴിയില്‍ കണ്ട കുറേ മനുഷ്യരെക്കുറിച്ച് ഞാന്‍ സുഹ്റയോട് പറഞ്ഞു. അപ്പോള്‍ സുഹ്റ പറഞ്ഞു ''നമ്മളും മോശക്കാരല്ല, കുഞ്ഞുപിള്ളേരെ വീട്ടില്‍ വിട്ടിട്ട്് ഈ ദുര്‍ഘടം താണ്ടി ഇവിടെയെത്തിയില്ലേ. നമ്മളെ സമ്മതിക്കണം...'' ഞാന്‍ ചിരിച്ചു.
 

Content Highlights: Two Mothers shares their Everest base camp trucking experience