ഗംഗയുടെ ഉദ്ഭവം തേടി, ഇരുവശത്തും ചെരിവുള്ള പൊളിഞ്ഞ പാതയിലൂടെ

മരവിച്ച പ്രഭാതത്തിൽ കൈകൾ കൂട്ടിത്തിരുമ്മി ഗംഗോത്രിയിലെ പാണ്ഡവഗുഹയിലേക്ക് കയറുമ്പോൾ, ചുള്ളിക്കമ്പുകൾ കൂട്ടി കെറ്റിലിൽ വെള്ളം തിളപ്പിക്കുകയായിരുന്നു ബാബാജി. ദേവദാരുവനത്തിൽ ഒരു കൂറ്റൻ പാറയ്ക്ക് കീഴേ, ഹാളിന് സമാനമായ ഗുഹയിൽ അരണ്ട വെളിച്ചം നിഴലിട്ടുനിന്നു. ശുഭ്രവസ്ത്രവും തലക്കെട്ടുമായിരുന്നു വേഷം. സന്ന്യാസി എന്ന് വിളിച്ചപ്പോൾ ബാബാജി തടഞ്ഞു. ബൈരാഗിയാണ്, തുളസിമാലയിട്ട വൈഷ്ണവനാണ്, ദിഗംബരനാണ്. 74 വയസ്സുള്ള റാം കിഷോർദാസ് മഹാത്യാഗി എന്ന ബാബാജി, 20 വർഷമായി ഈ ഗുഹയിൽ താമസിക്കുന്നു. ഞങ്ങൾ കയറിച്ചെന്നതിൽ അപ്രിയം ലേശവുമില്ലാതെ ചോദ്യങ്ങൾക്ക് സ്പഷ്ടമായ ഹിന്ദിയിൽ മറുപടി പറഞ്ഞു. ഇടയിലെ നിശ്ശബ്ദതകൾ പൂരിപ്പിക്കുകയുംചെയ്തു. അവസാനം, തീക്കുണ്ഡത്തിൽനിന്നെടുത്ത് പൊതിഞ്ഞുതന്ന ഭസ്മവുമായി ഞങ്ങൾ ഗോമുഖിലേക്കുള്ള ചവിട്ടുപടി ലക്ഷ്യമാക്കി നടന്നു. ബാബാജി, സ്‌നാനത്തിനായി പാറയുടെ ചരിവിലേക്കും.
ഗംഗയുടെ ഉദ്ഭവസ്ഥാനത്തേക്കുള്ള യാത്രയ്ക്കായി രണ്ടുദിവസം മുൻപാണ് യോഗ് നഗരി എക്‌സ്പ്രസിൽ ഹരിദ്വാറിൽ വന്നിറങ്ങിയത്. മുകുന്ദന്റെ ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ വായിച്ച് മത്തുപിടിച്ച് 2010-ലാണ് ആദ്യമായി ഇവിടെ വന്നത്. അന്ന് കണ്ട ഹരിദ്വാറൊന്നുമല്ലിത്. അന്നുണ്ടായിരുന്ന കൊച്ചു റെയിൽവേ സ്റ്റേഷൻ വികസിച്ച് വിരിമാറ് തുറന്നുവെച്ചിരിക്കുന്നു. വീതി കൂടി റോഡിന് ഒതുക്കം നഷ്ടപ്പെട്ടിരിക്കുന്നു. രാത്രിയിൽ അഞ്ചാറ് പൈക്കൾമാത്രം അങ്ങിങ്ങ് അയവിറക്കി കിടന്നിരുന്ന ഗലികളിൽ, യുവാക്കൾ കാതടയ്ക്കുന്ന ശബ്ദത്തോടെ ബുള്ളറ്റും യമഹയും പൊട്ടിച്ച് ഭക്തർക്കിടയിലൂടെ ഊളിയിട്ട് കയറുന്നു. വലിയ വിലയ്ക്ക് ഭക്തിയുടെ ചിഹ്നങ്ങൾ വിറ്റഴിയുന്നു.
Content Highlights: Detailed guide on the trekking route from Gangotri to Gaumukh., Insight into the spiritual and physical challenges of the 2026 Himalayan expedition., Experience the raw beauty of the Bhagirathi glaciers and Devdar forests., Essential tips for trekkers regarding local guides, weather, and safety in 2026.