ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രലേത്തിക്ക് ഒരു സാഹസിക യാത്ര

ജീവിതത്തിലെ ഏറ്റവും ധന്യമായ ദിനമായിരുന്നു അന്ന്; സാഹസികതയേറിയതും. ഷിംലയിലെ സരഹനില്‍നിന്ന് കിന്നോര്‍ ജില്ലയിലെ ട്രാപി എന്ന ചെറുപട്ടണത്തില്‍ എത്തുമ്പോള്‍ വൈകീട്ട് മൂന്നര പിന്നിട്ടിരുന്നു. അവിടെനിന്ന് ഒരുമണിക്കൂര്‍ യാത്രചെയ്തുവേണം യൂലാ കണ്ട ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ യൂലാ ഖാസ് ഗ്രാമത്തില്‍ എത്താന്‍. ഭൂമിയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണത്രെ ഇത്. ഏതാണ്ട് 13,500 അടി ഉയരത്തില്‍ കിന്നോര്‍ ജില്ലയിലെ റോറ വാലിയിലാണ് ഈ പുരാതനക്ഷേത്രമുള്ളത്. യൂലാ ഖാസ് ഗ്രാമത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായിനില്‍ക്കുന്ന ബസ്സില്‍ കയറിപ്പറ്റി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ യാത്ര ഭീതിദമായിത്തീര്‍ന്നു. ജീവന്‍ പണയംവെച്ചുള്ള ബസ്യാത്ര. കല്ലും ചെമ്മണ്ണും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ അതിവേഗം പായുന്ന ബസില്‍ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 'ഉര്‍ണി' ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. കുട്ടികളും മുതിര്‍ന്നവരുമായ ഏതാനും യാത്രികര്‍ അവിടെയിറങ്ങി. ബസ് കുറച്ചുദൂരംകൂടി സഞ്ചരിച്ചശേഷം ഒരു സ്‌കൂളിന് മുന്നില്‍ നിര്‍ത്തി. പത്തുമിനിറ്റോളം കാത്തിരുന്നപ്പോള്‍ പള്ളിക്കൂടം വിട്ട് വന്ന കുറെ കുട്ടികള്‍ ബസില്‍ കയറി. വീണ്ടും ദുഷ്‌കരമായ പാത. ഒരുഭാഗത്ത് ഉയരമേറിയ ഗിരിനിരകള്‍, മറുഭാഗത്ത് അഗാധമായ ഗര്‍ത്തം. വൈകീട്ട് നാലരയോടെ യൂലാ ഖാസ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.
അഞ്ഞൂറില്‍ താഴേ ആളുകള്‍മാത്രം വസിക്കുന്ന കൊച്ചു ഗ്രാമമാണ് യൂലാ ഖാസ്. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെ ഗ്രാമം മഞ്ഞുപുതച്ചിരിക്കും. ഹിമാചല്‍പ്രദേശ് ട്രാന്‍സ് പോര്‍ട്ട് കമ്പനിയുടെ രണ്ട് ബസ്സുകള്‍ മാത്രമാണ് എല്ലാദിവസവും ട്രാപിയില്‍നിന്ന് യൂലാ ഖാസ് ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുക. താമസസൗകര്യം അന്വേഷിച്ച് നടക്കുന്നതിനിടെയാണ് അധ്യാപകനായ ഭജന്‍സിങ്ങിന്റെ ഉടമസ്ഥതയിലുള്ള സത്കാര്‍ ഹോംസ്റ്റേ തരപ്പെട്ടത്. ഒരു വലിയ മലയുടെ മധ്യത്തിലായാണ് ഹോംസ്റ്റേ പണികഴിപ്പിച്ചിട്ടുള്ളത്. യൂലാ ഖാസ് ഗ്രാമത്തില്‍നിന്ന് ലാഹോള്‍, സ്പിതി, കല്‍പ്പ, ചിത്കുല്‍ തുടങ്ങി മനോഹരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍കഴിയും. ഭജന്‍സിങ്ങിന്റെ മകന്‍ സത്യപ്രകാശ് നേഗിയാണ് ഹോംസ്റ്റേയുടെ നടത്തിപ്പുകാരന്‍. ക്ഷേത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് അന്വേഷിച്ചതില്‍, അവിടെനിന്ന് 12 കിലോമീറ്ററുണ്ടെന്നറിഞ്ഞു. അടുത്തദിവസം രാവിലെ യാത്രതിരിക്കാമെന്ന് തീരുമാനിച്ചു. ചാവലും (ചോറ്), കടിയും (മോര്കറി), സബ്ജിയുമായിരുന്നു അത്താഴം. യാത്രാക്ഷീണം മൂലമാകാം എല്ലാം രുചികരമായി തോന്നി. പുലര്‍ച്ചെ ചൂടുവെള്ളത്തിലുള്ള കുളി ഉന്മേഷം പകര്‍ന്നു. ഭജന്‍സിങ്ങിന്റെ ഒപ്പമാണ് പുറത്തേക്കിറങ്ങിയത്. ഹിമാചലില്‍ അഞ്ചുമണിയോടെതന്നെ വെളിച്ചം പരക്കും. ഹോംസ്റ്റേയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരത്തില്‍ കുന്നിന്‍മുകളില്‍ ഭജന്‍സിങ്ങിന് കൃഷിത്തോട്ടമുണ്ട്. ആപ്പിളാണ് പ്രധാന കൃഷി. കിന്നോറിലെ ആപ്പിളുകള്‍ ലോകപ്രശസ്തമാണെന്ന് കേട്ടിട്ടുണ്ട്. കൃഷിസ്ഥലത്ത് എത്താറായപ്പോള്‍ അതുവഴി വന്ന പര്‍വീര്‍ സിങ് എന്ന ആട്ടിടയനെ കണ്ടു. ''കുറച്ചുദൂരം ഇദ്ദേഹം ഒപ്പമുണ്ടാകുമെന്നും ഇയാള്‍ക്കൊപ്പം പോയാല്‍ മതിയെന്നും'' നിര്‍ദേശിച്ച് ഭജന്‍സിങ് ഞങ്ങളെ യാത്രയാക്കി.
Content Highlights: trek to one of the world`s highest Krishna temples at 13,500 ft in Kinnaur`s Rohru Valley