കടല്‍ക്കുതിരയോട് രൂപസാദൃശ്യമുള്ള, ചൈനയോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന കൊച്ചുരാജ്യം...

ഭൂപടത്തില്‍ വിയറ്റ്‌നാമിനെയൊന്ന് സൂക്ഷിച്ചുനോക്കൂ. ഒരു കടല്‍ക്കുതിരയോട് രൂപസാദൃശ്യമില്ലേ? ചൈനയോടും ലാവോസിനോടും കംബോഡിയയോടും പറ്റിച്ചേര്‍ന്നുറങ്ങുന്ന കൊച്ചുരാജ്യം. കേരളംപോലെ ഒരുഭാഗം കടലാണ്. മറ്റെങ്ങുമില്ലാത്ത പ്രകൃതിഭംഗിയാണ് വിയറ്റ്‌നാമിന്. വൈവിധ്യമാര്‍ന്ന ജീവിതങ്ങള്‍, കല, കച്ചവടങ്ങള്‍, തെരുവുകള്‍, സ്വാതന്ത്ര്യസമരത്തിന്റെ അവശേഷിക്കുന്ന ചോരപ്പാടുകള്‍...കണ്ടുതീര്‍ക്കാന്‍ കാഴ്ചകളേറെ...
തലസ്ഥാനമായ ഹാനോയിലെ ഹോട്ടലിലായിരുന്നു താമസം. ആദ്യയാത്രതന്നെ വിയറ്റ്‌നാമിന്റെ അഭിമാനമായ 'ഹാലോങ് ബേ' എന്ന പ്രകൃതിസുന്ദരിയുടെ അടുത്തേക്കായിരുന്നു. വിയറ്റ്‌നാമിന്റെ വിലാസംതന്നെയാണ് ഹാലോങ് ബേ. ഹാനോയില്‍നിന്ന് 160 കിലോമീറ്റര്‍ ദൂരമുണ്ട്. 1,500 കിലോമീറ്റര്‍ സ്‌ക്വയറില്‍ വ്യാപിച്ചുകിടക്കുന്ന കായലില്‍നിന്ന് തലപൊക്കിനോക്കുന്ന പടുകൂറ്റന്‍ ചുണ്ണാമ്പുകല്ലുമലകള്‍. അവയ്ക്ക് മുകളില്‍ കൊച്ചുവനങ്ങള്‍. പല ബോളിവുഡ് സിനിമകളുടേയും മനോഹര രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചെറു ആഡംബരക്കപ്പലുകളും വിനോദസഞ്ചാര ബോട്ടുകളുമെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. കായല്‍ക്കാറ്റേറ്റ് ചുണ്ണാമ്പുമലകള്‍ ചുറ്റിയുള്ള യാത്ര രസകരമാണ്. ഓരോ മലയ്ക്കും ഓരോ പേരുണ്ട്. അവയ്ക്കുള്ളില്‍ അതിവിശാലമായ വിടവുകളും ഗുഹകളും. ഇതെല്ലാം യുനസ്‌കോ സംരക്ഷിത പട്ടികയിലാക്കിക്കഴിഞ്ഞു.
ഗുഹകള്‍ എന്നാല്‍ ചെറുതാണെന്ന് കരുതരുത്. ഉള്ളിലേക്ക് കടന്നാല്‍ വലിയൊരു ലോകമാണ്. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് രൂപംകൊണ്ട മലകള്‍ക്കടിയില്‍ സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളാണിവ. വന്‍മലകളുടെ വേരിലാണ് നാമുള്ളതെന്ന് തോന്നുകയേയില്ല. ഉള്ളില്‍ തണുപ്പാണ്. ചിലയിടത്ത് മുകളില്‍നിന്ന് വെള്ളം ഇറ്റിറ്റുവീഴും. മലയുടെ അടിയിലെന്നപോലെ ശിഖരങ്ങളും ഏറെ അതിശയങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നു. അതുകാണാന്‍ 400 പടവുകള്‍ കയറി മുകളിലെത്തി. അവിടെയെത്തിയാലുള്ള കാഴ്ചകള്‍ വിവരിക്കാനാവില്ല. യാത്രയ്ക്കിടയില്‍ ബോട്ടില്‍ വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ട്. പുഴയില്‍നിന്ന് പിടിക്കുന്ന വലിയ മീന്‍ മുഴുവനായി പൊരിച്ചുവെച്ചിരിക്കുന്നു. പിന്നെ കൂന്തള്‍ ഫ്രൈ, ചെമ്മീന്‍ പൊരിച്ചത്, ചിക്കന്‍ ചതുരക്കഷണമായി വറുത്തത്, ചിക്കന്‍ റോള്‍, കടുക്ക തൊണ്ടോടെ പുഴുങ്ങിയത്...
അടുത്തദിവസത്തെ യാത്ര 'നിന്‍ ബിങ്ങി'ലേക്കാണ്. ട്രാവലറാണ് വാഹനം.വിയറ്റ്‌നാമിലെ ആദ്യ രാജവംശമായ ലിങ് തിങ്ഹ്വായുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന 'ഹൊആലു' ആയിരുന്നു ലക്ഷ്യം. പുരാതന വിയറ്റ്‌നാമിന്റെ തലസ്ഥാനമായിരുന്നു ഇത്. രാജവംശങ്ങളുടെ ആരാധനാലയങ്ങളായ പഗോഡകള്‍ ഇവിടെക്കാണാന്‍ കഴിയും. നിന്‍ ബിങ്ങിലെ പ്രധാന കാഴ്ചകളിലൊന്നാണ് 'ട്രാങ് ആന്‍'. 12,252 ഹെക്ടര്‍ വിസ്തീര്‍ണമുള്ള കായലാണത്. ചെറുതോണിയില്‍ കായലിലൂടെ യാത്രചെയ്യാം. അതിനിടയില്‍ കാണുന്ന വന്‍മലകളുടെ അടിയിലെ തുരങ്കത്തിലൂടെ തുഴഞ്ഞുപോകാം. പാറകള്‍ക്കടിയിലൂടെ തോണിതുഴയാന്‍ പ്രത്യേക വൈദഗ്ധ്യം വേണം. ഒന്നുപാളിയാല്‍ യാത്രക്കാരുടെ തല തൂങ്ങിക്കിടക്കുന്ന പാറത്തുമ്പുകളില്‍ തട്ടി മുറിയും. തല മുട്ടാന്‍ സാധ്യതയുള്ളിടത്തെത്തുമ്പോള്‍ തോണിക്കാരന്‍ ഓ...ഓ... എന്ന് ശബ്ദമുണ്ടാക്കും. അപ്പോള്‍ എല്ലാവരും കുനിഞ്ഞിരിക്കും.
ഇനിയാണ് ആകാശവിസ്മയം. ആകാശത്തുനിന്ന് ഭൂമിയെ നോക്കുന്നപോലൊരു കാഴ്ച. ഒരു വന്‍മലയ്ക്കുമുകളില്‍ നീളത്തിലൊരു ഡ്രാഗണ്‍ നിര്‍മിച്ചിട്ടുണ്ട്. അതിന്റെ തുഞ്ചത്തെത്തണം. 500 പടവുകള്‍ കയറി വിയര്‍ത്തൊലിച്ച് അവിടെയെത്തി. അതിന് മുകളില്‍നിന്നുള്ള കാഴ്ച വല്ലാത്തൊരു അനുഭവമാണ്. താഴെ നിന്‍ബിങ്ങിലെ കൂറ്റന്‍മലകള്‍ ചെറുകുന്നുകളായി അനുഭവപ്പെടും. എല്ലാ ക്ഷീണത്തേയും പറത്തിവിടുന്ന കാറ്റുണ്ട് ഈ വിസ്മയത്തുമ്പത്ത്. മെല്ലെ പടവുകളിറങ്ങി. മനസ്സുനിറയുന്ന അനുഭവമാണ് മലകയറ്റം സഞ്ചാരികള്‍ക്ക് നല്‍കുക.
കാഴ്ചകള്‍കൊണ്ട് സമ്പന്നമാണ് ഹാനോ. പരമാവധി പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഈ കാഴ്ചകളെല്ലാം. അതിനായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരാളില്‍നിന്ന് 75 ഡോളര്‍ വരെ വാങ്ങുന്നു. അതുകൊണ്ടുതന്നെ മറ്റൊരു വഴി തേടി. ഹോട്ടലില്‍ സംസാരിച്ച് ഒരു വാടക ബൈക്ക് സംഘടിപ്പിച്ചു. 24 മണിക്കൂറിനാണ് ടൂ വീലര്‍ വാടകയ്‌ക്കെടുത്തത്. മുഴുടാങ്ക് പെട്രോളടക്കം 875 ഇന്ത്യന്‍ രൂപ മാത്രമേ വരൂ. ബൈക്കാണോ സ്‌കൂട്ടറാണോ എന്നറിയാത്ത ഒരു സാധനം. ഗിയറുണ്ടെങ്കിലും ക്ലച്ചില്ല. വലതുവശത്തുകൂടിയാണ് വാഹനങ്ങള്‍ പോകേണ്ടത്. അതൊരു വലിയ പരീക്ഷണമായിരുന്നു. ശീലംകൊണ്ട് നമ്മള്‍ അറിയാതെ റോഡിന്റെ ഇടതുഭാഗത്തേക്ക് പോകും.
ഇന്ത്യയില്‍ കമ്യൂണിസം വിജയിക്കാത്തതിനെപ്പറ്റി ഒരിക്കല്‍ തന്നെ സന്ദര്‍ശിച്ച കെ. ദാമോദരനടക്കമുള്ള സംഘത്തോട് ഹോചിമിന്‍ ഇങ്ങനെ പറഞ്ഞത്രേ ''നിങ്ങള്‍ക്ക് ഒരു ഗാന്ധിയുണ്ട്. ആ ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. ഇവിടെ ഞാനാണ് ഗാന്ധി''. പത്രപ്രവര്‍ത്തകനായ താരിഖ് അലി, കെ. ദാമോദരനുമായി നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യം ഓര്‍മിക്കുന്നുണ്ട്. ഹോചിമിന്റെ മൃതദേഹം സൂക്ഷിച്ച ഹോചിമിന്‍ മുസോളിയത്തിലാണ് ആദ്യമെത്തിയത്. തന്റെ മരണശേഷം മൃതദേഹം കത്തിച്ച് രാജ്യത്തിന്റെ മൂന്ന് മേഖലകളില്‍ വിതറണമെന്നാണ് ഹോചിമിന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പാര്‍ട്ടി അദ്ദേഹത്തിന്റെ മൃതദേഹം എംബാം ചെയ്ത് വരുംതലമുറയ്ക്കുകൂടി കാണാനായി മുസോളിയത്തില്‍ സൂക്ഷിച്ചു.
ഉള്ളിലെ മാര്‍ബിള്‍ വിരിച്ച ഹാളിനുള്ളില്‍ ഗ്ലാസ്പെട്ടിയിലാക്കിയാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പ്രസിഡന്റായിരുന്ന ഹോചിമിന്‍ അതിഥികളെ സ്വീകരിക്കാനും ചര്‍ച്ചകള്‍ നടത്താനുമായി ഉപയോഗിച്ചിരുന്ന പ്രസിഡന്‍ഷ്യല്‍ പാലസിലേക്കാണ് പിന്നീട് പോയത്. അദ്ദേഹത്തിന്റെ മുറികള്‍, കസേരകള്‍, യുദ്ധസമയത്ത് ഉപയോഗിച്ച ഇരുമ്പ് ഹെല്‍മറ്റ് തുടങ്ങിയവയെല്ലാം ഈ കൊട്ടാരത്തില്‍ കാണാം.
ഇനി കാണാനുള്ളത് ചരിത്രത്തിലേക്ക് തുറന്നുവെച്ച ഒരു ജയിലാണ്. 'ഹൊആ ലൊ' എന്ന, വിയറ്റ്‌നാമിന്റെ മുന്‍ തലസ്ഥാനനഗരിയിലാണ് ഈ പൊളിറ്റിക്കല്‍ ജയിലുള്ളത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ചുകാര്‍ നിര്‍മിച്ചതാണ് ഇത്. രാഷ്ട്രീയത്തടവുകാരേയും സ്വാതന്ത്ര്യസമര പോരാളികളേയും പിന്നീട് റഷ്യയുമായുള്ള യുദ്ധത്തില്‍ അമേരിക്കന്‍ പടയാളികളേയും നിറച്ച ഈ ജയില്‍ 'ഭൂമിയിലെ നരകം' എന്നറിയപ്പെട്ടു. ഇവിടത്തെ ഇരുണ്ട അറകള്‍ക്കുള്ളില്‍ ഒട്ടേറെ ജീവിതങ്ങള്‍ എരിഞ്ഞൊടുങ്ങി. അതിക്രൂരമായ ശിക്ഷാനടപടികള്‍കൊണ്ട് അവരുടെ നിശ്വാസങ്ങളും നിലവിളികളുമെല്ലാം പിന്നീട് തേങ്ങലുകളും ഞെരക്കങ്ങളുമായി. വീതികൂടിയ കല്ലുകള്‍കൊണ്ട് നിര്‍മിച്ച തടവറകളിലെ കുടുസ്സുമുറികളില്‍ വെളിച്ചമോ ശുദ്ധവായുവോപോലും കിട്ടാതെ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ നരകിച്ചു. തടവുകാരെ കൂട്ടമായി തറയില്‍ കിടത്തി ഒരു കാല്‍ ഇരുമ്പുപട്ടയ്ക്കുള്ളില്‍ കുടുക്കും. തിരിയാനോ മറിയാനോ കഴിയാത്തവിധം കിടക്കണം.
ഒരു ചെറുമുറിയില്‍പോലും അമ്പതില്‍പ്പരം ആളുകളുണ്ടാവും. ഇവര്‍ക്ക് മലമൂത്രവിസര്‍ജനത്തിനായി ഉയര്‍ന്ന തറയില്‍ കുഴിയുണ്ടാക്കിയിട്ടുണ്ട്. അതിന് താഴെ ഒരു വലിയ ലോഹ ബക്കറ്റുണ്ട്. അതിലാണ് മാലിന്യം വന്ന് നിറയുക. ബക്കറ്റ് നിറഞ്ഞാല്‍ അത് തടവുകാര്‍തന്നെ കോരിക്കളയണം. ഇനിയുള്ളത് ഒരു യന്ത്രമാണ്. കൊടുംകുറ്റവാളികളുടെ കഴുത്തുവെട്ടുന്നത്. രണ്ട് ഇരുമ്പുതൂണുകള്‍ക്ക് നടുവില്‍ ഭാരമുള്ള ഇരുമ്പ് ബ്ലേഡ് തൂക്കിയിടും. അതിന് താഴെ ഒരു ലോഹപ്പലകയിലെ വലിയ ദ്വാരത്തിലൂടെ കഴുത്ത് പുറത്തേക്കിട്ട് തടവുപുള്ളിയെ പൂട്ടും. പിന്നെ തൂക്കിയിട്ട ബ്ലേഡിന്റെ കെട്ടഴിച്ചുവിടും. അത് താഴെ വീഴുന്നതോടൊപ്പം തടവുകാരന്റെ തലയും ഉടലും വെവ്വേറെയാകും. സ്ത്രീകളെയും കുട്ടികളെയും പോലും കടുത്ത ശിക്ഷകളില്‍നിന്ന് ഒഴിവാക്കിയിരുന്നില്ല. അത്രത്തോളം ദുരിതപര്‍വങ്ങള്‍ താണ്ടിയാണ് വിയറ്റ്‌നാം ജനത ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയത്.
എല്ലാത്തരം മത്സ്യ-മാംസ വിഭവങ്ങളുമുണ്ടവിടെ. കമ്പിയില്‍ നിര്‍ത്തിപ്പൊരിച്ചവ കണ്ടാല്‍ വായില്‍ വെള്ളവുമൂറും. രുചിച്ചുനോക്കിയാലോ, മനസ്സറിഞ്ഞ് കഴിക്കാനാവില്ല. എരിവും പുളിയുമില്ല, എല്ലാം പൊരിക്കുന്നത് മധുരമുള്ള സോസുപുരട്ടിയാണ്. നൂഡില്‍സാണ് പൊതുവായ ഭക്ഷണം. അതിന്റെകൂടെയും കാണും പലതരം ഇലകളുടെ ഒരു വലിയ പാത്രം. നമ്മുടെ നൂഡില്‍സുമായി രുചിയില്‍ ഒരു സാമ്യവുമില്ല. വിലയോ 345 രൂപയും. റോഡരികിലെ ചെറുകടയില്‍നിന്ന് രണ്ട് പേരക്ക വാങ്ങി, വില 15,000 ഡോങ്! വഴിയരികില്‍ ഒരു വല്യമ്മച്ചി അലുമിനിയച്ചെമ്പില്‍ എന്തോ ആവിയില്‍ വേവിക്കുന്നുണ്ട്. വിയറ്റ്‌നാമിലെ മറ്റൊരു വിശേഷവിഭവമാണ്, പേര് ബെങ് പാവു. നമ്മുടെ ഇഡലിയുമായി രൂപസാദൃശ്യമുണ്ടെങ്കിലും ഉള്ളില്‍ മറ്റുചിലര്‍കൂടി കാണും. നാളികേരം നിറച്ചതും ചിക്കന്‍ നിറച്ചതുമായ ബെങ് പാവുകളുണ്ട്. രണ്ടും ഓരോന്നുവാങ്ങി കഴിച്ചു. വില ഒന്നിന് നാല്‍പ്പതിനായിരം ഡോങ്, ഇന്ത്യയുടെ എഴുപതുരൂപയോളം വരും.
ഹാനോയില്‍നിന്ന് ഹോചിമിന്‍ സിറ്റിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. പ്രസിദ്ധമായ കൂച്ചി ടണല്‍ കാണുകയായിരുന്നു ലക്ഷ്യം. ഹോട്ടലിനുമുന്നില്‍ത്തന്നെ ഞങ്ങള്‍ ബുക്കുചെയ്ത ബസ് വന്നു. 25 വയസ്സ് തോന്നിക്കുന്ന തുയിന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ഗൈഡ്. മിടുക്കിയും വാചാലയുമായ സുന്ദരി. ഒരുമണിക്കൂര്‍ യാത്രചെയ്ത് കൂച്ചി ജില്ലയിലെത്തി. അവിടെനിന്ന് കാട്ടിനുള്ളിലേക്കാണ് യാത്ര. തുയിന്‍ തുള്ളിച്ചാടി മുന്നില്‍ നടന്നു. ഇലകള്‍ നിറഞ്ഞ കാട്ടുപാതകളിലൊന്നില്‍ എത്തിയപ്പോള്‍ അവള്‍ നിന്നു. പിന്നെ ഒരു മരത്തിന് അല്പംമാറി ഇലകളുള്ള ഭാഗം കൈകൊണ്ട് നീക്കി. താഴെ ചതുരരൂപത്തില്‍ ഒരു ചെറുമരപ്പലക. തുയിന്‍ അത് കൈകൊണ്ട് എടുത്തുമാറ്റി. അതാ ഒരു കുഴി. ഒരു മനുഷ്യന് കഷ്ടിച്ച് ഇറങ്ങിനില്‍ക്കാം. ആ കുഴി രണ്ടുഭാഗത്തേക്കായി പിരിഞ്ഞ് ഗുഹപോലെ പോകുന്നു. പ്രസിദ്ധമായ കൂച്ചി ടണലിന്റെ കവാടങ്ങളിലൊന്ന് ഇവിടെ തുടങ്ങുകയാണ്. ഞങ്ങളോരോരുത്തരും ആ കുടുസ്സുലോകത്തേക്കിറങ്ങി.
ലോകത്തുതന്നെ അധിനിവേശം ഏറ്റവുമധികം നേരിടേണ്ടിവന്ന ജനതയാണ് വിയറ്റ്‌നാമികള്‍. ആയുധബലംകൊണ്ട് എതിരാളികള്‍ ശക്തരായിരുന്നെങ്കിലും വിയറ്റ്‌നാമി സ്വാതന്ത്ര്യസമര പോരാളികള്‍ പോരാട്ടവീര്യംകൊണ്ട് എതിരാളികളെ ഞെട്ടിച്ചു. ഒളിപ്പോരായിരുന്നു അവരുടെ ആയുധം. ഫ്രഞ്ചുകാര്‍ക്കെതിരേ നാല്‍പ്പതുകളില്‍ത്തന്നെ കാട്ടിനുള്ളിലൂടെ തുരങ്കങ്ങള്‍ നിര്‍മിച്ചു. 1960-കളില്‍ അമേരിക്കന്‍ അധിനിവേശകാലത്ത് പല ഗ്രാമങ്ങളിലും ബോംബിട്ടു. ബോംബുകളില്‍നിന്ന് രക്ഷനേടാന്‍ പോരാളികള്‍ ടണലുകള്‍ പലഗ്രാമങ്ങളിലേക്കും വികസിപ്പിക്കുകയായിരുന്നു. അതിസാഹസികമായിരുന്നു അതിനുള്ളിലെ ജീവിതം. ഒരുമനുഷ്യന് കഷ്ടിച്ച് കുനിഞ്ഞുനടക്കാന്‍മാത്രം കഴിയുന്നതാണ് പല വഴികളും. ഉള്ളില്‍ കൂരിരുട്ടാണ്. ഈ മാളങ്ങള്‍ യുദ്ധകാലത്ത് വീടുകളായും ആശുപത്രികളായും ആയുധനിര്‍മാണശാലകളായും അടുക്കളകളായും പ്രവര്‍ത്തിച്ചു. ശുദ്ധവായു ലഭിക്കാനായി പലയിടങ്ങളിലും ചിതല്‍പ്പുറ്റുകള്‍ കൃത്രിമമായി നിര്‍മിച്ചു. ഈ പുറ്റുകളിലും ചപ്പിലകള്‍കൊണ്ട് മറച്ച ടണല്‍ കവാടങ്ങളിലും മുളകുപൊടിയും അമേരിക്കന്‍ പട്ടാളക്കാരുടെ വസ്ത്രാവശിഷ്ടങ്ങളും വിതറി. പട്ടാളനായ്ക്കള്‍ മണംപിടിച്ച് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്. 3000 ജര്‍മന്‍ ഷെപ്പേഡ് ഇനത്തിലുള്ള നായ്ക്കളെയാണത്രേ അമേരിക്കന്‍ പട്ടാളം ഗറില്ലകളെ കണ്ടെത്താനായി ഇറക്കിയത്.
ചിലയിടങ്ങളില്‍ മുളകള്‍ കുഴിച്ചിട്ട് തുരങ്കങ്ങള്‍ക്കുള്ളില്‍ വായുവെത്തിച്ചു. പാചകം ചെയ്യുന്നതിന്റെ പുക പുറത്തുപോകാന്‍ പ്രത്യേക ചിമ്മിനികള്‍ നിര്‍മിച്ചു. പുകയും മഞ്ഞും തമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പാചകം പുലര്‍ച്ചെമാത്രമാക്കി. ഇതിനുപുറമേ രാപകല്‍ വ്യത്യാസമില്ലാതെ വൈദഗ്ധ്യമുള്ള ഒളിപ്പോരാളികളെ പരിശീലിപ്പിച്ചു. രാത്രി സഞ്ചരിക്കുന്ന ഗറില്ലകള്‍ക്ക് കറുത്ത വസ്ത്രവും പകല്‍ സഞ്ചരിക്കുന്നവര്‍ക്ക് പച്ചവസ്ത്രവുമായിരുന്നു വേഷം. അമേരിക്കന്‍ പട്ടാളം ഉപേക്ഷിക്കുന്ന പടക്കോപ്പുകളുടെ ഭാഗങ്ങളുപയോഗിച്ച് സ്വന്തമായി ആയുധങ്ങളുണ്ടാക്കി. കേടായ ഷെല്ലുകളില്‍നിന്ന് വെടിമരുന്നു ശേഖരിച്ച് ബോംബുകളുണ്ടാക്കി. 1975 വരെ നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തിനൊടുവില്‍, അമേരിക്കയ്ക്ക് വിയറ്റ്നാം ജനതയുടെ പോരാട്ടവീര്യത്തിനുമുന്നില്‍ കീഴടങ്ങേണ്ടിവന്നു. പില്‍ക്കാലത്ത് ഈ ടണലുകളെല്ലാം സ്വാതന്ത്ര്യസമരസ്മാരകങ്ങളായി സംരക്ഷിച്ചു.
തങ്ങളുടെ പൂര്‍വികരനുഭവിച്ച ദുരിതങ്ങളും പോരാട്ടകഥകളും വരുംതലമുറകളിലേക്ക് പകരാന്‍ വിയറ്റ്‌നാം സര്‍ക്കാര്‍ ഹോചിമിന്‍ സിറ്റിയില്‍ പടുകൂറ്റന്‍ വാര്‍മ്യൂസിയം നിര്‍മിച്ചു. ഗറില്ലകളുടെ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണപ്പാത്രങ്ങള്‍, മറ്റുപകരണങ്ങള്‍ തുടങ്ങി എല്ലാ യുദ്ധാവശിഷ്ടങ്ങളും പ്രദര്‍ശിപ്പിച്ചു. യുദ്ധത്തില്‍ മരിച്ച 72 വിയറ്റ്‌നാമി ഫോട്ടോഗ്രാഫര്‍മാരുടെതടക്കം 133 പേരില്‍നിന്ന് അവരെടുത്ത ചിത്രങ്ങള്‍ ശേഖരിച്ചു. അതും ഇവിടെ കാണാം. ഫ്രാന്‍സിലെയും അമേരിക്കയിലെയും വിനോദസഞ്ചാരികള്‍ ഈ കാഴ്ചകള്‍ കണ്ട് സ്വന്തം രാജ്യം വിതച്ച ദുരന്തത്തില്‍ പശ്ചാത്തപിച്ചു. തങ്ങളെ പീഡിപ്പിച്ചവരുടെ പുതുതലമുറയോട് വിയറ്റ്‌നാം ജനതയുടെ മധുരപ്രതികാരമായിരുന്നു ഇത്. ഈ പ്രതികാരം അവര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
Content Highlights: travelling experience to vietnam