പരശുരാമന്‍ ബലിതര്‍പ്പണം നടത്തിയ ഇടം, പിതൃപുണ്യം തേടി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലേക്ക്

#രേഖ നമ്പ്യാര്‍
തിരുവല്ലം ക്ഷേത്രം, ഫോട്ടോ- എന്‍. എം. പ്രദീപ്
തിരുവല്ലം ക്ഷേത്രം, ഫോട്ടോ- എന്‍. എം. പ്രദീപ്

വെളുപ്പിനേ ആയിരങ്ങളുടെ മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെയാണ് തിരുവല്ലം ഉണരുന്നത്. കേരളത്തിലെ ഏക പരശുരാമക്ഷേത്രമായ തിരുവല്ലം ഒരു പുണ്യഭൂമിയായി മാറുന്ന നേരം. ഈറനണിഞ്ഞ്, അരയില്‍ വെള്ളത്തോര്‍ത്തുമുണ്ട് ചുറ്റിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രമുറ്റത്ത് കര്‍മിയുടെ നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്തുനില്‍ക്കുന്നു. മുറ്റത്തെ കരിങ്കല്‍പ്പാളികള്‍ പാകിയ ബലിമണ്ഡപത്തില്‍ അവരെല്ലാം തെക്കോട്ടുതിരിഞ്ഞിരുന്നു. നാക്കിലവെച്ച്, മോതിരവിരലില്‍ ദര്‍ഭപ്പുല്ല് ഉപയോഗിച്ചുള്ള പവിത്രമണിഞ്ഞ് പിതൃപരമ്പരകളെ സങ്കല്പിച്ച്, അവര്‍ക്ക് അരിയും എള്ളും വെള്ളവും പുഷ്പവും ചന്ദനവും ഭസ്മവും ചേര്‍ത്ത് സമര്‍പ്പിച്ചു. പ്രാര്‍ഥനയില്‍ മുഴുകിയ കണ്ണുകള്‍ ഇടയ്ക്കിടെ, മറഞ്ഞുപോയ ഉറ്റവരെയോര്‍ത്ത് നനവാര്‍ന്നു...

തിരുവനന്തപുരം നഗരത്തില്‍നിന്ന് ഏഴുകിലോമീറ്റര്‍ മാറി, കഴക്കൂട്ടം-കോവളം ബൈപ്പാസിനോടുചേര്‍ന്നാണ് തിരുവല്ലം പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രകവാടത്തിന്റെ മുകളിലായി കൈകളില്‍ മഴുവേന്തിയ പരശുരാമസ്വാമിയുടെ വലിയ ശില്പം കാണാം. മുന്നോട്ടേക്ക് പോകുമ്പോള്‍ ക്ഷേത്രക്കുളമാണ്. അതിനുമുന്‍വശത്തുള്ള ദേവസ്വം ഓഫീസില്‍ ബലിതര്‍പ്പണത്തിനും മറ്റ് വഴിപാടുകള്‍ക്കുമായി രസീതെടുക്കുന്നവരുടെ തിരക്ക്.

അനന്തപദ്മനാഭന്റെ വല്ലം

വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. വല്ലം എന്നാല്‍, ശ്രീപദ്മനാഭന്റെ തലഭാഗമാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ തിരുവല്ലം, പദ്മനാഭസ്വാമിയുടെ പ്രിയപ്പെട്ട ഇടംകൂടിയാണ്. പ്രധാന മതില്‍ക്കെട്ട് കടന്ന് പരശുരാമസന്നിധിയിലേക്ക് കടക്കുമ്പോള്‍ ഉള്ളംകാലില്‍ തണുപ്പൂറിവരും. പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ക്ഷേത്രത്തിലെ വാസ്തുശില്പഭംഗി അവര്‍ണനീയംതന്നെ. 

ഇരുവശത്തുമുള്ള ബലിമണ്ഡപങ്ങളില്‍ ഒരേസമയം, നൂറിലധികമാളുകള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമുണ്ട്. പലദേശത്തുനിന്നും മോക്ഷപ്രാപ്തിക്കായി എത്തുന്നവര്‍. അവര്‍ക്കുമീതെ വട്ടംചുറ്റിപ്പറക്കുന്ന ബലിക്കാക്കകളും പ്രാവുകളും. ബലിയിട്ടശേഷം ഇലയെടുത്ത് ഓരോരുത്തരായി ക്ഷേത്രത്തിന് പുറത്തേക്കിറങ്ങി. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തായി ഒന്‍പത് കല്ലുകളുണ്ട്. ഈ കല്ലുകളില്‍ ബലിച്ചോറര്‍പ്പിച്ച് അവര്‍ കടവിലേക്ക് നടന്നു. അപ്പോഴേക്കും പറന്നെത്തിയ കാക്കക്കൂട്ടം ആ കല്ലുകളെ പൊതിഞ്ഞിരുന്നു. പിതൃക്കള്‍ കാക്കകളുടെ രൂപത്തില്‍ വന്ന് ബലിച്ചോറ് ഭക്ഷിക്കുന്നുവെന്നാണ് വിശ്വാസം. കടവിലെത്തി തര്‍പ്പണം ചെയ്ത പൂജാശിഷ്ടങ്ങള്‍ ആറ്റിലേക്ക് എറിഞ്ഞ് മുങ്ങിക്കുളിക്കുന്നു. 

ദേഹശുദ്ധിവരുത്തിയശേഷം പരശുരാമനെ ഒരുനോക്കുകാണാനായി ഭക്തര്‍ ക്ഷേത്രത്തിനകത്തേക്ക് തിക്കിത്തിരക്കി. കൊടിമരം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇടതുഭാഗത്ത് തിലഹോമമണ്ഡപമാണ്. ബലിതര്‍പ്പണം നടത്തിയവരുടെ വലിയ കൂട്ടംതന്നെ അവിടെയെത്തി. മരിച്ചയാളുടെ പേരില്‍ തിലഹോമം നടത്തിയതിനുശേഷമാണ് പരശുരാമസന്നിധിയില്‍ ദര്‍ശനം നടത്തുന്നത്. പേരും നാളും പറഞ്ഞ് എള്ളും നെയ്യും ചേര്‍ത്ത് ഹോമിച്ച് കരിപ്രസാദം നെറ്റിയില്‍ തൊടുന്നതോടെ തര്‍പ്പണത്തിന് പൂര്‍ണതയുമായി. 

ഐതിഹ്യമിങ്ങനെ... 

പിതാവിന്റെ ആജ്ഞയനുസരിച്ച് അമ്മയെ വധിച്ച പരശുരാമന്‍ പാപമോക്ഷത്തിനായി പരമശിവനെ പ്രാര്‍ഥിച്ചു. ശിവന്റെ നിര്‍ദേശപ്രകാരം കരമനയാറിന്റെ തീരത്തുള്ള തിരുവല്ലത്തുവന്ന് അദ്ദേഹം ബലിതര്‍പ്പണം നടത്തിയത്രേ. പരശുരാമനുമുന്നില്‍ ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനകത്ത് ബലിയിടാന്‍ സൗകര്യമുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. ദിവസവും ബലിയിടാമെന്നതാണ് ഇവിടത്തെ പ്രത്യേകത.

കൈകളില്‍ മഴുവേന്തിയ പരശുരാമന്റെ പൂര്‍ണകായപ്രതിഷ്ഠയാണ് ശ്രീകോവിലിനുള്ളില്‍. പദ്മനാഭസ്വാമിക്ക് അഭിമുഖമായി വടക്കോട്ടാണ് പരശുരാമപ്രതിഷ്ഠയുടെ ദര്‍ശനം. അമ്മയുടെ മരണാനന്തരകര്‍മങ്ങള്‍ ചെയ്യുന്നതിന് വിലക്കുനേരിട്ടപ്പോള്‍ ശങ്കരാചാര്യര്‍ തിരുവല്ലത്തെത്തിയെന്നും ഇവിടെ പരശുരാമപ്രതിഷ്ഠ നടത്തി ബലിതര്‍പ്പണം നടത്തിയെന്നുമാണ് ഐതിഹ്യം. കരമനയാറ്റില്‍നിന്ന് മണ്ണുശേഖരിച്ച് ചതുര്‍ബാഹുവിഗ്രഹമുണ്ടാക്കി. കാലക്രമേണ അതിന് കേടുപാടുകള്‍ സംഭവിക്കുകയും പിന്നീട് വെള്ളികൊണ്ടുള്ള കവചങ്ങള്‍ തീര്‍ക്കുകയുമായിരുന്നു. പിണ്ഡവുമായി ശങ്കരാചാര്യര്‍ പുഴയോരത്തെത്തിയപ്പോള്‍ ഒരു മത്സ്യമൂര്‍ത്തി ഉയര്‍ന്നുവന്ന് അതേറ്റുവാങ്ങിയത്രേ. 

പരശുരാമന് സമീപം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കും പ്രത്യേകം ശ്രീകോവിലുകളുണ്ട്. ശങ്കരാചാര്യര്‍ക്കുമുന്നില്‍ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ട് അമ്മയുടെ ബലികര്‍മത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയതുകൊണ്ടാണ് ഇവിടെ ത്രിമൂര്‍ത്തികളെ പൂജിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ത്രിമൂര്‍ത്തികളുടെ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വടക്ക് ദര്‍ശനമായി നാലുമുഖങ്ങളോടെ ഇരിക്കുന്ന ബ്രഹ്മാവാണ് പ്രത്യേകത. കിഴക്ക് ദര്‍ശനമായി പരമശിവനും കുടികൊള്ളുന്നു. പരശുരാമനും പരമശിവനും തുല്യപ്രാധാന്യമുള്ളയിടമാണ്. ഈ രണ്ടു മൂര്‍ത്തികള്‍ക്കും പ്രത്യേകം കൊടിമരങ്ങളുമുണ്ട്. ഗണപതി, മുരുകന്‍, ഭദ്രകാളി, കൃഷ്ണന്‍, വേദവ്യാസമുനി, മത്സ്യമൂര്‍ത്തി, നാഗങ്ങള്‍ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. 

സാധാരണ അമ്പലങ്ങളില്‍ പകുതിഭാഗം മഹാവിഷ്ണുവിന്റെ രൂപത്തിലും അരയ്ക്ക് കീഴ്പ്പോട്ട് മത്സ്യത്തിന്റെ രൂപത്തിലുമാണ് മത്സ്യമൂര്‍ത്തിയെ കാണാറുള്ളത്. ഇവിടെ പൂര്‍ണമായും മത്സ്യരൂപത്തിലുള്ള വിഗ്രഹമാണുള്ളത്. അത് പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്നു.
അതിരാവിലേ നാലുമണിക്ക് നടതുറക്കും. അഞ്ചരയ്ക്ക് ഉഷഃപൂജയും ശീവേലിയും നടത്തുന്നു. ആറുമണിമുതല്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിക്കും. എപ്പോള്‍ ബലിയിടല്‍ അവസാനിക്കുന്നോ അതിനുശേഷമേ ഉച്ചപ്പൂജപോലും ആരംഭിക്കൂ. മറ്റെല്ലാ ക്ഷേത്രങ്ങളിലും ദേവന്റെ പൂജാകര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഇവിടെ ബലിതര്‍പ്പണത്തിനാണ് പ്രാധാന്യം. ശിവന് പ്രദോഷപൂജ വിശേഷമാണ്. പുഷ്പാഭിഷേകം, കുങ്കുമാഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് പരശുരാമനുള്ള വഴിപാടുകള്‍. കൂടാതെ ഗണപതിനടയിലെ അപ്പം മൂടലും ഗണപതിഹോമവും പ്രധാന വഴിപാടുകളാണ്. ശര്‍ക്കരപ്പായസവും പാല്‍പ്പായസവും, വൈകുന്നേരം കരിക്ക്, വെറ്റില, പാക്ക് എന്നിവയുമാണ് നിവേദ്യത്തിനായി നല്‍കുന്നത്. ബലിയിടാന്‍ ആളുകളെത്ര തിങ്ങിനിറഞ്ഞാലും അളവില്‍ക്കൂടുതല്‍ ബലിച്ചോറ് ഇവിടത്തെ അടുക്കളപ്പുരയിലുണ്ടാവും. 

തുലാമാസത്തിലെ തിരുവോണനാള്‍ ഇവിടെ വിശിഷ്ടമാണ്. അത്തത്തിന് കൊടിയേറി തിരുവോണത്തിന്റെയന്ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു. ആനപ്പുറത്ത് പരശുരാമസ്വാമിയെയും മഹാദേവനെയും എഴുന്നള്ളിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചെല്ലുകയും പദ്മനാഭസ്വാമിക്കൊപ്പം ശംഖുംമുഖം കടപ്പുറത്തേക്ക് എഴുന്നള്ളിക്കുകയും ചെയ്യുന്നു. ആറാടി തിരികെ വരുമ്പോള്‍ ഭക്തര്‍ തട്ടം നിവേദ്യമാക്കി ദേവനെ സ്വീകരിക്കും. ശ്രീപദ്മനാഭസ്വാമിയോടൊപ്പമുള്ള കൂടിയാറാട്ട് ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുംതന്നെ.

പിതൃപുണ്യം തേടി...

പ്രാര്‍ഥിച്ച് തൊഴുതിറങ്ങവേ, പലരും മേല്‍ശാന്തിമാരെക്കണ്ട് സംശയങ്ങള്‍ ദൂരീകരിക്കാനും മറന്നില്ല. മേല്‍ശാന്തി പുതുമന മനുനമ്പൂതിരിയോട് കുടുംബത്തില്‍ നടന്ന ദുര്‍മരണത്തെക്കുറിച്ചുപറഞ്ഞ് ഒരു സ്ത്രീ വിതുമ്പി. ''മനസ്സുനോവുന്ന കഥകളാണ് പലര്‍ക്കും പറയാനുണ്ടാവുക. ആ ദുഃഖത്തില്‍ നമ്മളും പങ്കുചേരും. അവരുടെ ദുഃഖഭാരങ്ങള്‍ ഭഗവാന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് പിതൃക്കള്‍ക്ക് മോക്ഷം ലഭ്യമാകണമെന്നാണ് ഞങ്ങളുടെയും പ്രാര്‍ഥന. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ മരണത്തെപ്പറ്റിയും ദുര്‍മരണങ്ങളെപ്പറ്റിയും കേള്‍ക്കുമ്പോള്‍ മനസ്സ് വേദനിക്കും. ബാലമരണദോഷശാന്തിക്കുള്ള കന്യാവ് എന്ന പ്രധാന ഉപദേവത ക്ഷേത്രത്തിന് വെളിയിലുണ്ട്. ആത്മാക്കളെ സങ്കല്പിച്ച്, അവരുപയോഗിച്ചിരുന്ന നിത്യോപയോഗസാധനങ്ങള്‍ സമര്‍പ്പിച്ച് കന്യാവിന് പൂജനടത്തുന്നതാണ് വഴിപാട്.''അദ്ദേഹം വിശദീകരിച്ചു. 

ഹൈന്ദവവിശ്വാസമനുസരിച്ച് മരണശേഷം പിതൃലോകത്തെത്തുന്ന ആത്മാവിന് മോക്ഷം ലഭിക്കുന്നത് ബലിതര്‍പ്പണത്തിലൂടെയാണ്. ഇവിടത്തെ ബലിക്കടവില്‍വെച്ച് മാറ്റിയിരുത്തി പ്രത്യേക പുരോഹിതന്റെ സാന്നിധ്യത്തിലാണ് ആ ബലികര്‍മങ്ങള്‍ ചെയ്യുന്നത്. എല്ലാമാസവും വരുന്ന കറുത്തവാവിനും തിരുവോണം നക്ഷത്രത്തിനും ഇവിടെ ധാരാളം ഭക്തജനങ്ങളെത്തിച്ചേരുന്നു.

കരമനയാര്‍, കിള്ളിയാര്‍, പാര്‍വതി പുത്തനാര്‍ എന്നീ മൂന്ന് പ്രധാന നദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ത്രിവേണീസംഗമസ്ഥാനം ബലിതര്‍പ്പണത്തിന് ഉത്തമമെന്നാണ് പറയാറ്. അതുകൊണ്ടുതന്നെയാവാം ഒരിക്കലും ക്ഷയിക്കാത്ത പിതൃപുണ്യമാണ് ഇവിടത്തെ കര്‍മഫലമെന്ന് ഭക്തര്‍ വിശ്വസിക്കുന്നതും. നഷ്ടസ്മൃതിയില്‍ തേങ്ങിയൊഴുകുന്ന കരമനയാറിന്റെ ഓരംചേര്‍ന്ന്, പുണ്യം കിട്ടിയ സംതൃപ്തിയോടെ, സന്തോഷത്തോടെയാണ് അവരോരോരുത്തരും മടങ്ങിയത്...

Content Highlights: Thiruvallam Sree Parasurama Swami Temple and karkkadaka vavu