
പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന ഹൗറയുടെ എണ്ണിയാലൊടുങ്ങാത്ത ഏതോ പ്ലാറ്റ്ഫോമിലേക്ക് ബര്‍ദ്വമാന്‍ എക്സ്പ്രസ് കിതച്ചെത്തി. നിറയെ ജീവിതവ്യഥകളുമായി ഹൗറാ റെയില്‍വേ സ്റ്റേഷന്റെ ഇരുട്ടിലേക്ക് ഓരോരുത്തരും ഊളിയിടുന്നു. പുരാതന ജീവിതങ്ങളുടെ തുടര്ച്ചയില്നിന്നുംകുതറിമാറാന് കഴിയാത്ത മനുഷ്യരും അവരുടെ സ്വപ്നങ്ങളും മാത്രം ഇന്നും വംഗനാട്ടില്‍ അവശേഷിക്കുന്നു. താരാശങ്കര്‍ ബാനര്‍ജിയും ബിഭൂതിഭൂഷനും ഋതിക് ഘട്ടക്കും പറഞ്ഞ അതേ ജീവിതങ്ങളുടെ തുടര്‍ച്ച. പുലര്‍ച്ചെ രണ്ടുമണി പിന്നിട്ടിട്ടും സ്റ്റേഷനില്‍ തിരിക്കൊഴിഞ്ഞിരുന്നില്ല. ഏതേതൊക്കെയോ ഭൂമികയിലേക്ക് നീളുന്ന യാത്രകള്‍ക്കായി തീവണ്ടികള്‍ വരുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. മാഘമാസമായിരുന്നു, ഗംഗയില്‍ നിന്നും ഇടയ്ക്കിടെ വീശുന്ന കാറ്റ് അസ്ഥിക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി. അരണ്ട നിയോണ്‍ വിളക്കുകളുടെ പ്രകാശത്തില്‍ ഹൗറ പാലത്തിന്റെ മേല്‍ക്കൂര കാണാം. താഴെ ഗംഗയില്‍ ലയിക്കാനായി ഹൂഗ്ലി ഒഴുകുന്നു. ദക്ഷിണേശ്വരത്ത് വെച്ച് ഹൂഗ്ലി ഗംഗയില്‍ സമാധിയാകുന്നു.

ഒറ്റപ്പെട്ട വാഹനങ്ങള്‍ ഒഴിച്ചാല്‍ നിരത്തുകള്‍ ശൂന്യം. ഹൗറ പാലത്തിന്റെ 75-ാം വാര്‍ഷികമായിരുന്നു ഞങ്ങളെത്തുന്നതിന് തലേന്ന്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഹൗറയുടെ മേല്‍ക്കൂരയ്ക്കും മുകളില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പണിത പാലത്തിന് 1965-ല്‍ ബംഗാള്‍ സര്‍ക്കാര്‍ പുനര്‍നാമകരണം നല്കി. 'ഗീതാജ്ഞലി'യുടെ കൈയെഴുത്തുപ്രതിയുമായി കടല്‍ കടന്ന് യൂറോപ്പിലെത്തിയതോടെയാണ് മഹാകവി ടാഗോറിനെ ലോകമറിഞ്ഞത്. കൊല്‍ക്കൊത്തയെ അറിയണമെങ്കില്‍ ഹൗറയെ മുറിച്ച് കടക്കണം. അതുകൊണ്ടാകാം ഹൗറപാലത്തിന് രബീന്ദ്ര സേതുവെന്ന് പേരുവീഴാന്‍ കാരണം. ആറുവരിപ്പാതകള്‍ ചേര്‍ത്തുവെച്ചാലുള്ള വീതിയുണ്ട് ഹൗറ പാലത്തിന്. താഴെ ഹൂഗ്ലി നദി ഒഴുകുന്നു. ഛോട്ടേ ലാല്ഘാട്ടില് ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാമായിരുന്നു. ഉറക്കം വരാത്ത രാവില്‍ ഹൗറയുടെ വിസ്തൃതിയില്നിന്നും വിദൂരതയിലേക്ക് നോക്കി. ദൂരെ, ഗംഗയിലൂടെ തന്റെ സത്യാന്വേഷണങ്ങള്‍ തേടി വിവേകാനന്ദന് ശ്രീരാമകൃഷ്ണ സന്നിധിയിലേക്ക് തോണിതുഴഞ്ഞത് ഇതിലൂടെയാകാം.
ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ നരേന്ദ്രനോട് അധ്യാപകനായിരുന്ന പ്രഫസര്‍ ഹേസ്റ്റി ഒരിയ്ക്കല്‍ പറഞ്ഞുവത്രെ 'ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണപരമഹംസര്‍ എന്നൊരു സന്യാസിയുണ്ട് അദ്ദേഹത്തെ ചെന്നുകാണുക'. ബേലൂരില്‍ നിന്നും ഗംഗ മറികടന്ന് നരേന്ദ്രന് ദക്ഷിണേശ്വരത്ത് എത്തി. പിന്നീടുള്ള ഓരോ സന്ദര്‍ശനത്തിലും നരേന്ദ്രന് നവീനാനുഭവങ്ങള് പകര്‍ന്നുകിട്ടി. ഈശ്വരനുണ്ടോ? ജീവിതത്തിന്റെ അര്‍ഥമെന്ത് തുടങ്ങി ആ യുവാവിന്റെ ആത്മസംഘര്‍ഷങ്ങള്‍ക്ക് ശമനം നല്കാന് ശ്രീരാമകൃഷ്ണപരമഹംസര്ക്ക് സാധിച്ചു. ശൈത്യം വിട്ടുമാറിയിട്ടില്ലാത്ത പുലര്‍ച്ചെ ബേലൂരില്‍നിന്നും ദക്ഷിണേശ്വരത്തേക്ക് പോകാനായി ഞങ്ങള്‍ ഗംഗയുടെ തീരത്ത് കാത്തുനിന്നു. ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രദര്‍ശനത്തിനായി ചുവപ്പില്‍ പൊതിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ് സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ വരുന്നുണ്ടായിരുന്നു. ആരെയും കൂസാതെയും ഉറക്കെ സംസാരിച്ചുകൊണ്ടും അവര്‍ ഞങ്ങള്‍ക്കരികിലെത്തി. വലിയ ബോട്ടുകളും മോട്ടോര്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളുമായിരുന്നു ദക്ഷിണേശ്വരത്തേക്ക് ഉള്ളത്.

പതിനഞ്ച് വയസ്സുതോന്നിക്കുന്ന രണ്ടു കുട്ടികള്‍ മോട്ടാര്‍ ഘടിപ്പിച്ച ചെറു ബോട്ടുകള്‍ തീരത്ത് അടുപ്പിച്ചു. ഞങ്ങള്‍ അതില്കയറി, കാളിദര്ശനത്തിനായി എത്തിയ സ്ത്രീകളും കുട്ടികളും ഞങ്ങളുടെ ബോട്ടിലാണ് കയറിയത്. ആ ചെറുവള്ളം ഗംഗയുടെ ശാന്തതയിലൂടെ മെല്ലെ സഞ്ചരിച്ചു. ബേലൂര്‍ മഠത്തിന് സമാന്തരമായി ഗംഗയ്ക്ക് മറുകരയില്‍ ദക്ഷിണേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നു. അടങ്ങാത്ത ആത്മാന്വേഷണങ്ങള്ക്കൊടുവില് വിവേകാനന്ദന് എത്തിച്ചേര്‍ന്ന ഇടം. ഗംഗ ശാന്തമായിരുന്നു. ഞങ്ങളെ വഹിച്ചുകൊണ്ടുള്ള ചെറുവള്ളം ഗംഗയുടെ വിസ്തൃതിയിലൂടെ സാവധാനം നീങ്ങി. വള്ളത്തില്‍ ഘടിപ്പിച്ച മോട്ടാറിന്റെ ഘട്ട് ഘട്ട് ശബ്ദം മാത്രം. പെട്ടെന്ന് മോട്ടാറിന്റെ ശബ്ദം നേര്ത്തരീതിയിലായിത്തുടങ്ങി. ഗംഗയുടെ മധ്യത്തിലെത്തവേ വള്ളത്തിന്റെ മോട്ടാര്‍ പ്രവര്‍ത്തനരഹിതമായി. മേല്‍ ഒഴുക്കില്ലാത്ത ഗംഗയുടെ മധ്യത്തില്‍ വള്ളം ഇളകിയാടി. അത് സാവധാനം സഞ്ചരിച്ചുകൊണ്ടിരുന്നതിന് എതിര്‍ദിശയിലേക്ക് ഒഴുക്കിനൊപ്പം നീങ്ങി. സ്ത്രീകള്‍ അപ്പോഴും വലിയ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ആരോ ബംഗാളിയില്‍ വിളിച്ചുചോദിച്ചു, അലസമായ ഭാഷയില്‍ വള്ളം നിയന്ത്രിച്ചിരുന്ന മെലിഞ്ഞ ബംഗാളി ചെറുക്കന് മറുപടി നല്‍കവെ, ബോട്ടിനുള്ളില്നിന്നും നെടുവീര്‍പ്പുകള്‍ ഉയര്‍ന്നു. സുഹൃത്തായ ശ്രീകാന്തിനോട് കാര്യം ആരാഞ്ഞു. 'മോട്ടാര്‍ കേടായി ഇനി, ഇറങ്ങിത്തള്ളണം' -എന്നാണ് അവന്മാര് പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വള്ളം താഴേക്കൊഴുകുകയായിരുന്നു. ഒരുവേള, വള്ളം മറിയുമോയെന്ന് ഭയന്നു. കണ്ണുകള്‍ ഇറുക്കിയട
ച്ചു. അപ്പോഴും സ്ത്രീകള്‍ ഭയന്നിരുന്നില്ല. അവര്‍ കൂടുതല്‍ ഒച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. ചുവപ്പുചായം തേച്ച അവരുടെ ചുണ്ടുകള്‍ കാളിയെ അനുസ്മരിപ്പിക്കുന്നതുപോലെ തോന്നി. വള്ളം കുത്തനെ ഒഴുകിനീങ്ങുകയായിരുന്നു. മറിഞ്ഞാല്‍, മരണം സുനിശ്ചിതം.

നരേന്ദ്രന്റെ ആത്മസാക്ഷാത്കാരത്തെക്കുറിച്ചും മരണത്തെ അടുത്തറിഞ്ഞ യുവ സന്യാസിയെക്കുറിച്ചുമെല്ലാം ഞങ്ങള്‍ മറന്നു. മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് നീളുന്ന ആത്മസംഘര്ഷങ്ങമായിരുന്നു അപ്പോള്‍ മനസ്സില്‍. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മോട്ടോര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി. ശ്രീകാന്ത് നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു. ഘാട്ട്...ഘട്ട് ശബ്ദം പുറപ്പെടുവിച്ച് വള്ളം സാവധാനം മുന്നോട്ടുനീങ്ങി. ഗംഗ അപ്പോഴും ശാന്തമായി ഒഴുകുകയായിരുന്നു. ആത്മസംഘര്‍ഷം നിറഞ്ഞ മനസ്സുമായാണ് നരേന്ദ്രന് ദക്ഷിണേശ്വരത്ത് എത്തിയതെങ്കില്‍ അരനിമിഷംകൊണ്ട് ഉടലെടുത്ത മരണഭയത്താല്‍ പ്രക്ഷുബ്ധമായ മനസ്സുമായി ആ മഹാസന്നിധിയില്‍ ഞാന്‍ നിന്നു.
Content Highlights: A JOURNEY THROUGH GANGA
Published: 14 Jun 2023, 12:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented