മൈമൂനയെപ്പോലൊരു മോഹിനി-തസ്രാക്ക്; നിറങ്ങള്‍ തേടി ഒരു യാത്ര

ഇരൂനൂറു മീറ്ററുകള്‍ക്കുശേഷം ഇടത്തോട്ട് തിരിയാന്‍ ഗൂഗിള്‍ മാപ്പില്‍നിന്ന് ഒട്ടും പച്ചപ്പില്ലാത്ത വരണ്ട ശബ്ദത്തില്‍ വീണ്ടും അറിയിപ്പെത്തി. മിനിറ്റുകള്‍ക്കകം അഞ്ച് റോഡുകളും പാലവും കനാലും വയലും ആല്‍മരവുമുള്ള നല്ല പച്ചപ്പുനിറഞ്ഞ ഒരു കവലയില്‍ കാറെത്തി.
ഇത്തവണ തസ്രാക്കിലേക്കാണ്, ഇതിഹാസകാരന്റെ കഥാഭൂമികയിലേക്ക്. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ രചനയ്ക്ക് പ്രചോദനമായ ദേശത്തേക്ക്. ഇവിടത്തെ ഞാറ്റുപുര അദ്ദേഹത്തിന്റെ സ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നു. വിചിത്രമെന്നുപറയട്ടെ, വിജയന്‍ ജനിച്ചതോ ഖസാക്കിന്റെ ഇതിഹാസം എഴുതിയതോ ഈ ഞാറ്റുപുരയില്‍വെച്ചല്ല. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ നായകന്‍ രവി താമസിച്ച; ഏകാധ്യാപകവിദ്യാലയം നടത്തിയതായി പറയുന്ന സ്ഥലമാണ് ആ ഞാറ്റുപുര. അതായത് കഥാപാത്രം ജീവിച്ചിരുന്ന സ്ഥലത്ത് കഥാകാരന് സ്മാരകം! ലോകത്തില്‍ ഇത്തരത്തിലുള്ള സ്മാരകങ്ങള്‍ അധികമുണ്ടാവും എന്നുതോന്നുന്നില്ല.
മലയാള നോവല്‍ ചരിത്രത്തില്‍ അതുവരെയില്ലാത്ത ഒരു ആഖ്യാനശൈലിയും ഭാവനാലോകവും കൊണ്ടുവന്നു എന്നതാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ പ്രസക്തി. മനുഷ്യരും പ്രകൃതിയും വിശ്വാസങ്ങളും പ്രേതങ്ങളും യുക്തിയും അയുക്തിയുമെല്ലാം ചേര്‍ന്ന ഒരു മാന്ത്രിക ലോകമാണ് ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ നമുക്ക് കാണിച്ചുതന്നത്.
ഒ.വി. വിജയന്റെ കഥാസന്ദര്‍ഭങ്ങളെ സിമന്റില്‍ ചെത്തിയെടുത്ത വലിയ മനോഹരമായ കവാടം കടന്നുവേണം തസ്രാക്കിലേക്ക് പ്രവേശിക്കാന്‍. ആല്‍ച്ചുവട്ടിലെ നന്നാറി സര്‍ബത്തും സംഭാരവും വില്‍ക്കുന്ന, ബ്രസീലിന്റെ പതാക വരച്ച ചുമരുള്ള കടയില്‍നിന്ന് ഒരു സോഡാ സര്‍ബത്ത് വാങ്ങിക്കുടിച്ച് നേരെ തസ്രാക്കിലേക്ക്. കനാലിന് അരികിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൂരെ വയല്‍വരമ്പുകളില്‍നിന്ന് കരിമ്പനകള്‍ നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നതുകാണാം.
പാലക്കാട് പട്ടണത്തില്‍നിന്ന് 12 കിലോമീറ്റര്‍ മാറി കിണാശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമമാണ് തസ്രാക്ക്. ആധുനികതയുടെ ഇത്തിള്‍കണ്ണികള്‍ അത്രകണ്ട് വരിഞ്ഞുമുറുക്കാത്ത ഉടലില്‍ തസ്രാക്ക് ഇന്നും വിജയന്റെ മൈമൂനയെപ്പോലൊരു മോഹിനിയാണ്.
ഇവിടെ നിങ്ങള്‍ക്ക് പച്ചയും നീലയും ചായംതേച്ച, ചുറ്റും മുളവേലികൊണ്ട് അതിരിട്ട ഓടുമേഞ്ഞ വീടുകള്‍ കാണാം. വീടുകളുടെ മുറ്റത്ത് മെടഞ്ഞ ഓലകളില്‍ പുളി ഉണക്കാനിട്ടിട്ടുണ്ടാവും. കായ്ച്ചുതുടങ്ങിയ കശുമാവുകള്‍ക്കുതാഴെ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, തോളില്‍ തോര്‍ത്തുമുണ്ടിട്ട വൃദ്ധരെയും കാണാം.
റോഡിനോട് ചേര്‍ന്നു മനോഹരമായി വെട്ടിയൊതുക്കിയ പൂന്തോട്ടവും അതിലും മനോഹരമായി കൊത്തിയെടുത്ത ശില്പങ്ങളും നിറഞ്ഞ ഒരു വളപ്പിലാണ് ഞാറ്റുപുര സ്ഥിതിചെയ്യുന്നത്. ഒ.വി. വിജയന്റെ സഹോദരി ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായി തസ്രാക്കില്‍ വന്നപ്പോള്‍ താമസിച്ച സ്ഥലമാണ് ഈ ഞാറ്റുപുര. ഒ.വി. വിജയന്‍ മൂന്നാഴ്ചയോളം സഹോദരിയോടൊപ്പം ഇവിടെ താമസിച്ചിരുന്നു. ഇവിടെ കണ്ട ആളുകളുടെയും അനുഭവങ്ങളുടെയും ഭ്രമാത്മക ഭാവനയാണ് പന്ത്രണ്ടുവര്‍ഷത്തിനുശേഷം 'ഖസാക്കിന്റെ ഇതിഹാസ'മായി പുറത്തുവരുന്നത്.
ഞാറ്റുപുരയിലേക്ക് കടക്കുമ്പോള്‍ത്തന്നെ വിജയന്‍ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്ന, വെള്ളമുണ്ടും ഷര്‍ട്ടുമിട്ട മെലിഞ്ഞ് വൃദ്ധനായൊരാള്‍വന്ന് സന്ദര്‍ശക പുസ്തകത്തില്‍ പേരും ഫോണ്‍ നമ്പറുമെഴുതാന്‍ പറഞ്ഞു. അങ്ങോട്ട് കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പുതന്നെ ആതിഥേയന്‍ ഞാറ്റുപുരയുടെയും ഒ.വി. വിജയന്റെയും കഥയും തന്റെ സ്വന്തം കഥയും പറഞ്ഞുതന്നു. മജീദ് എന്നാണ് ആളുടെ പേര്. മജീദിന് ആറുവയസ്സുള്ളപ്പോഴാണ് ഒ.വി. വിജയന്‍ തസ്രാക്കില്‍ വന്നത്. ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കുന്ന സമയത്ത് മജീദിന് പതിനേഴ് വയസ്സ്. 'വിജയന്‍ സാറിനെ'ക്കുറിച്ച് പറയുമ്പോഴെല്ലാം ആ കണ്ണുകളില്‍ പ്രത്യേക തിളക്കം. ഖസാക്കിലെ കഥാപാത്രങ്ങളില്‍ പലരും, അള്ളാപിച്ച മൊല്ലാക്കയും മൈമൂനയും അപ്പുക്കിളിയുമൊക്കെ ഇവിടെ ജീവിച്ചിരുന്ന ആളുകളാണ് എന്നാണ് മജീദിന്റെ അഭിപ്രായം.
ഖസാക്കിന്റെ ഇതിഹാസത്തിലൂടെ സഞ്ചരിച്ചവര്‍ക്ക് നല്ലൊരു അനുഭവമാണ് തസ്രാക്ക് സന്ദര്‍ശനം. മൂന്നുമുറികളും ഒരു വരാന്തയുമാണ് ഞാറ്റുപുരയ്ക്കുള്ളത്. വശങ്ങളിലുള്ള രണ്ട് മുറികളിലും ഒ.വി. വിജയന്റെ ഫോട്ടോകളുടെയും അദ്ദേഹം വരച്ച കാര്‍ട്ടൂണുകളുടെയും ഗ്യാലറിയാണ്. നെല്ല് സൂക്ഷിച്ചിരുന്ന നടുവിലത്തെ മുറിയിലാണ് ഒ.വി. വിജയന്‍ ലൈവ് തിയേറ്റര്‍. പുല്ലുവിരിച്ച മുറ്റത്ത് വിജയന്റെ ശില്പമുണ്ട്. ഞാറ്റുപുരയുടെ കിഴക്കുഭാഗത്തുള്ള വഴിയവസാനിക്കുന്നത് അറബിക്കുളത്തിലേക്കാണ്. കുളത്തിലേക്കുള്ള വഴിയുടെ വശങ്ങളില്‍ കഥാപാത്രങ്ങളുടെ കരിങ്കല്‍
ശില്പങ്ങളുണ്ട്. ഞാറ്റുപുരയുടെ പുറകിലുള്ള കെട്ടിടത്തില്‍ ഒ.വി.വിജയന്‍ സ്മാരകത്തിന്റെ ഓഫീസും ലൈബ്രറിയും പ്രദര്‍ശനശാലയും പ്രവര്‍ത്തിക്കുന്നു. താഴേനിലയിലെ ഓഡിറ്റോറിയത്തിന്റെ ചുമരുകളില്‍ വിജയന്റെ കഥാസന്ദര്‍ഭങ്ങള്‍ കലാകാരന്മാര്‍ ചുമര്‍ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്. മുകളിലത്തെ നിലയില്‍ ലൈബ്രറിയും വിജയന്റെ ഫോട്ടോകളും കാര്‍ട്ടൂണുകളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും കത്തുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മാതൃഭൂമിയില്‍ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ചിത്രകാരന്‍ എ.എസ്. വരച്ചിരുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. സ്മാരകത്തിന്റെ ചീഫ് മാനേജര്‍ ശ്രീ. അരവിന്ദാക്ഷന്‍ പറഞ്ഞപ്പോഴാണ് കൗതുകകരമായ ഒരു കാര്യം ശ്രദ്ധിച്ചത്. ആദ്യലക്കത്തില്‍ എ.എസ്. വരച്ച രവി മധ്യവയസ്സിനോട് അടുത്തുനില്ക്കുന്ന ആളാണ്. എന്നാല്‍ പിന്നീടുള്ള ലക്കങ്ങളില്‍ ചെറുപ്പക്കാരനായാണ് രവി പ്രത്യക്ഷപ്പെടുന്നത്. ആദ്യലക്കം വരക്കാനായി കിട്ടിയപ്പോള്‍ അല്പം പ്രായമായ ആളായിട്ടായിരിക്കണം എ.എസ്. രവിയെ മനസ്സില്‍ കണ്ടിട്ടുണ്ടാവുക. പ്രദര്‍ശനശാലയില്‍ വ്യത്യസ്തമായി തോന്നിയ മറ്റൊരു കാഴ്ചയാണ് ഖസാക്കിന്റെ ഇതിഹാസത്തിന്, ഭട്ടതിരി കാലിഗ്രാഫിയില്‍ ചെയ്തിട്ടുള്ള ദൃശ്യാവിഷ്‌കാരം. മലയാള അക്ഷരങ്ങളുടെ മനോഹാരിതയില്‍ മയങ്ങി എത്രനേരംവേണമെങ്കിലും അത് നോക്കിനിന്നുപോകും.
സ്‌നേഹത്തിനും അഭിമാനത്തിനും ധനത്തിനും കാമത്തിനും അടിമപ്പെടുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ കഥപറഞ്ഞ 'ഖസാക്കിന്റെ ഇതിഹാസം' പിറക്കാന്‍ ഒ.വി. വിജയന് പ്രേരണയായ എന്തോ ഒന്ന് ഈ ഭൂമികയിലുണ്ടെന്ന് ഇവിടം കണ്ടണ്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും മനസ്സില്‍ തോന്നാതിരിക്കില്ല.
Content Highlights: Thasrak travelogue