ഒല്ലൂരിലെ തൈക്കാട്ടുശ്ശേരി ആയുര്‍വേദ മ്യൂസിയത്തിലെ കാഴ്ചകള്‍

ശക്തന്റെ നഗരത്തിരക്കുകളില്‍നിന്ന് അല്പം മാറി ആയുര്‍വേദത്തിന്റെ ഉദ്ഭവവും പരിണാമവും അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരിടമുണ്ട്. പച്ചപുതച്ച അന്തരീക്ഷത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന, വീശുന്ന കാറ്റിനുപോലും ആയുര്‍വേദ മരുന്നിന്റെ സുഗന്ധമുള്ള തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്‌നം ആയുര്‍വേദ മ്യൂസിയം. ആയുര്‍വേദ ഗ്രാമം എന്ന പേരിലാണ് ഒല്ലൂരിനടുത്തുള്ള തൈക്കാട്ടുശ്ശേരി പ്രശസ്തം. അഷ്ടവൈദ്യപരമ്പരയില്‍ ഉള്‍പ്പെടുന്ന തൈക്കാട്ടുമൂസുമാരുടെ സാന്നിധ്യമാണ് ഇതിനു പുറകില്‍. കേരളത്തിലെ ആയുര്‍വേദ ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഇളയിടത്ത് തൈക്കാട്ട് എന്ന പേര് പരാമര്‍ശിക്കാതെ കടന്നുപോവാന്‍ കഴിയില്ല. പെരുവനം ഗ്രാമത്തിന്റെ ആരോഗ്യപരിപാലനത്തിനായി നിയോഗിക്കപ്പെട്ട അഷ്ടവൈദ്യകുടുംബമാണ് ഇളയിടത്ത് തൈക്കാട്ട്.
വെറുമൊരു തറവാട്ടുപേരല്ല, തലമുറകളായി ഒരു നാടിനെ മുഴുവന്‍ രോഗങ്ങളില്‍നിന്ന് കാത്തുരക്ഷിച്ചുപോരുന്ന ആയുര്‍വേദ പാരമ്പര്യം കൂടിയാണ് തൈക്കാട്ടിലേത്. ആയുര്‍വേദത്തിന്റെ ഈ നന്മയും കരുതലും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് 'ആയുര്‍വേദ മ്യൂസിയം' എന്ന ആശയത്തിന്റെ ലക്ഷ്യം. പുറത്തെ കനത്തചൂടില്‍നിന്ന് പച്ചപുതച്ചു നില്‍ക്കുന്ന മ്യൂസിയവും അതിനുമുന്നിലുള്ള പടിപ്പുരയും കണ്ടപ്പോള്‍ ആശ്വാസംതോന്നി. പഠനയാത്രയ്ക്കും വിനോദയാത്രയ്ക്കുമായി ഒരുപാടുപേര്‍ ദിവസേന മ്യൂസിയം സന്ദര്‍ശിക്കാറുണ്ട്. അതില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വിദേശസഞ്ചാരികള്‍ വരെയുണ്ട്. കുടുംബവുമായി ദിവസംമുഴുവനും ഇവിടെ ചെലവഴിക്കാനെത്തുന്നവരും കുറവല്ല. പടിപ്പുരകടന്ന് മുന്നോട്ടുനടന്നതും നിറഞ്ഞചിരിയോടെ മ്യൂസിയം ക്യൂറേറ്റര്‍ അനില്‍കുമാര്‍ എത്തി. ആയുര്‍വേദത്തിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നവര്‍ക്കൊപ്പം അറിവും ചരിത്രവും പറഞ്ഞ് അദ്ദേഹം കൂടെയുണ്ട്.
Content Highlights: Explore Thaikkattusseri Ayurveda Museum in Ollur, Kerala. Discover the history & evolution of Ayurveda, medicinal plants, & more. A must-visit!