വിസ ലഭിക്കാന്‍ വിമാനം നേര്‍ച്ചയായി നല്‍കുന്ന ക്ഷേത്രം: പഞ്ചാബിലെ തല്‍ഹാന്‍ ഗ്രാമത്തിലെ കൗതുകങ്ങള്‍

നീണ്ടുനിവര്‍ന്നുകിടക്കുന്ന അമൃത്സര്‍-ന്യൂഡല്‍ഹി ഹൈവേ. അമൃത്സറില്‍നിന്ന് ജലന്ധറിലേക്കുള്ള യാത്രയാണ്. ഒരുവശത്ത് തകൃതിയായി റോഡുപണി നടക്കുന്നു. മറുവശത്ത് ഞെങ്ങിഞെരുങ്ങി വാഹനങ്ങള്‍ ഇരുവശത്തേക്കും ഓടിക്കൊണ്ടിരിക്കുന്നു. രാത്രി കനത്തെങ്കിലും പൂരപ്പറമ്പിലെന്നപോലെ വാഹനങ്ങളില്‍നിന്നുള്ള വെള്ളിവെളിച്ചം റോഡില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
പഞ്ചാബിലെയും ഹരിയാണയിലെയും ഗ്രാമങ്ങളെ അടുത്തറിയുകയെന്ന ഉദ്ദേശ്യത്തില്‍ ഒരു സോളോ യാത്ര. ചില ചരിത്രസ്മാരകങ്ങളും മനസ്സിലുണ്ടായിരുന്നു.
ഡല്‍ഹിയില്‍നിന്ന് തീവണ്ടിയില്‍ പോകാനാണ് പദ്ധതിയിട്ടിരുന്നത്. മെട്രോകള്‍ മാറിക്കയറി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തീവണ്ടികള്‍ റദ്ദാക്കിയ അറിയിപ്പുവന്നത്. പഞ്ചാബില്‍ പെട്ടെന്നുണ്ടായ കര്‍ഷക പ്രക്ഷോഭമായിരുന്നു കാരണം. പിന്നെ ബസ്സിലും കാറിലുമായായിരുന്നു അമൃത്സറിലേക്കുള്ള യാത്ര. രണ്ടുദിവസം അമൃത്സര്‍ ചുറ്റിക്കണ്ടശേഷമാണ് ജലന്ധറിലേക്ക് യാത്ര തിരിച്ചത്. ജലന്ധറില്‍ ആയുര്‍വേദ ഡോക്ടറായ സുഹൃത്ത് ധന്യ കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. അമിത് എന്ന പഞ്ചാബി ഡ്രൈവറായിരുന്നു കൂടെ. റോഡിനിരുവശത്തെ കാഴ്ചകളെയും പഞ്ചാബിന്റെ സാംസ്‌കാരിക സവിശേഷതകളെയും കുറിച്ച് അമിത് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
പതിയെ കാര്‍ ഒരു മേല്‍പ്പാലത്തിന് മുകളിലെത്തി. റോഡിന്റെ ഒരുവശത്തിന് സാമാന്യം ആഴമുണ്ട്. അവിടെ എത്തിയപ്പോള്‍ അമിത് പഞ്ചാബി ടോണിലുള്ള ഹിന്ദിയില്‍ പറഞ്ഞു, '''മാഡം, ഇസ് ജഹാംപെ പെഹലെ സഭി നെ ഭൂത് കോ ദേഖാ ഥാ. അബ് നഹി''' മേല്‍പ്പാലത്തില്‍ പണ്ട് സ്ഥിരമായി ആളുകള്‍ക്ക് അപകടം സംഭവിച്ചിരുന്നു. പാലത്തിലെത്തുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു രൂപം മുന്നില്‍ പ്രത്യക്ഷപ്പെടും. പേടിച്ച് സ്റ്റിയറിങ്ങിന്റെ ബാലന്‍സ് പോയി വണ്ടികള്‍ മതിലില്ലാത്ത പാലത്തില്‍നിന്ന് താഴെ വീഴും. പക്ഷേ, ഇതുവരെ ആരും മരിച്ചിട്ടില്ല. എന്താണ് സംഭവമെന്ന് അന്വേഷിച്ച് പോയവര്‍ കേട്ടറിഞ്ഞത് മറ്റൊരു കഥയായിരുന്നു. പല ഗ്രാമങ്ങളിലും കേട്ടുപഴകിയ കഥ തന്നെ. അവിടെ പണ്ടൊരു സന്ന്യാസി ബാബ ഉണ്ടായിരുന്നത്രെ! അദ്ദേഹം അവിടെവെച്ച് വാഹനമിടിച്ചുമരിച്ചതാണെന്നും ബാബയുടെ ഗതിയില്ലാത്ത ആത്മാവാണ് രാത്രിയില്‍ കാണുന്നതെന്നുമാണ് കഥ.
പിന്നീട് ഒരു മന്ത്രവാദി ബാബയെ ആവാഹിച്ച് കല്ലില്‍ തറച്ചു. അതിനുശേഷം രാത്രിയില്‍ ആരും ബാബയെ കണ്ടിട്ടില്ലത്രേ!
ആ കല്ലിരുന്ന ഇടം പതിയെ ആളുകളുടെ ആരാധനാകേന്ദ്രമാവുകയും പിന്നീട് ചെറിയ മന്ദിരമായി ഉയരുകയും ചെയ്തു. അവിടെ ഇപ്പോള്‍ പൂജകള്‍ നടക്കുന്നുവെന്നതാണ് തുടര്‍ക്കഥ. അമിത് പറഞ്ഞതുകേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞാന്‍. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെയെന്ന് മനസ്സില്‍ പറഞ്ഞു യാത്ര തുടര്‍ന്നു. ജലന്ധറില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. പിറ്റേദിവസം തല്‍ഹാനിലേക്ക് പോകണമായിരുന്നു. അവിടത്തെ സിഖ് ക്ഷേത്രത്തില്‍ വിചിത്രമായ ഒരു ആചാരമുണ്ട്!
ആരാധനാലയങ്ങളില്‍ പലതരം നേര്‍ച്ചകള്‍ പതിവാണ്. സന്താനഭാഗ്യത്തിനായി ചില അമ്പലങ്ങളില്‍ ഉരുളി കമഴ്ത്തുന്നത് കേരളത്തില്‍ പതിവാണ്. 108 പ്രദക്ഷിണം വെച്ചാല്‍ വിദേശയാത്ര എളുപ്പമാകുമെന്ന വിശ്വാസത്തില്‍ എത്തുന്ന ഹൈദരാബാദിലെ ചിക്കൂര്‍ ബാലാജി (വിസ ബാലാജി) അമ്പലത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍, തല്‍ഹാനിലെ ബാബ നിഹാല്‍ സിംഗ്ജി ഷഹീദ് ഗുരുദ്വാരയിലെത്തുന്ന ഭക്തരില്‍ ഭൂരിപക്ഷത്തിന്റെയും കൈയില്‍ പ്ലാസ്റ്റിക്കിലുണ്ടാക്കിയ കളിപ്പാട്ട വിമാനങ്ങളാണ് കാണാനാവുക. അവരുടെ ചുണ്ടില്‍ ഒരു പ്രാര്‍ഥനയേയുള്ളൂ - വാഹേ ഗുരു ജി, എങ്ങനെയെങ്കിലും എന്നെ പെട്ടെന്ന് വിദേശത്ത് എത്തിക്കൂ!വിസ ലഭിക്കാനായി കളിപ്പാട്ട വിമാനം നേരുന്ന ഏക ആരാധനാകേന്ദ്രമായിരിക്കണം ഇത്. ഹവായി ജഹാസ് (വിമാനം) ഗുരുദ്വാര എന്നാണ് ഇത് അറിയപ്പെടുന്നത്.
ജലന്ധറിലെ ഉള്‍ഗ്രാമമാണ് തല്‍ഹാന്‍. അവിടേക്ക് ബസ് സര്‍വീസില്ല. അടുത്തപ്രദേശങ്ങളിലുള്ളവര്‍ ഗുരുദ്വാരയിലേക്ക് കാല്‍നടയായി പോകുകയാണ് പതിവ്. കാറും ബൈക്കുമാണ് മറ്റൊരു മാര്‍ഗം. കാറില്‍ പോകാന്‍ തീരുമാനമായി.
പ്രധാന പാതയിലൂടെ കുറച്ചുപോയ ശേഷം ഇടത്തേക്ക് തിരിഞ്ഞ് ദകോഹ റെയില്‍വേ ക്രോസിലൂടെ ഗ്രാമങ്ങളുടെ ഹൃദയംതൊട്ടുള്ള യാത്ര. പാതകള്‍ക്ക് ഇരുവശവും കണ്ണെത്താദൂരത്തോളം വയലുകളാണ്. ചില ഇടങ്ങളില്‍ വയലുകള്‍ക്കുനടുവില്‍ വീടുകളുണ്ട്. സിനിമയില്‍ കണ്ട വലിയ വീടുകളാണ് കണ്ണുകള്‍ തേടിയത്. ''അതൊക്കെ സിനിമയില്‍ മാത്രമേ ഉള്ളൂ. പഴയവീടൊക്കെ മിക്കവരും പുതുക്കിപ്പണിതു. ഈ നാട്ടിലുള്ളവരെല്ലാം, പ്രത്യേകിച്ച് ജലന്ധര്‍, കപൂര്‍ത്തല, ഹോഷിയാര്‍പുര്‍, നവാന്‍ഷഹര്‍ എന്നിവ ഉള്‍പ്പെടുന്ന ദോബ പ്രദേശങ്ങളിലുള്ളവരില്‍ ഭൂരിഭാവും കാനഡയോ ഓസ്ട്രേലിയയോ സ്വപ്നം കാണുന്നവരാണ്. എല്ലാ വീട്ടിലെയും ഒരാളെങ്കിലും വിദേശത്താണുള്ളത്. പ്രായപൂര്‍ത്തിയാവുന്നതുതന്നെ വിസ സ്വപ്‌നം കണ്ടുകൊണ്ടാണ്''- ഇതുപറയുന്ന ഡ്രൈവര്‍ അമിതും അടുത്തവര്‍ഷം കാനഡയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ്. പ്രതിശ്രുത വധു ഇതിനകം കാനഡയില്‍ എത്തിക്കഴിഞ്ഞു.
ഗുരുദ്വാരയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞുകിടപ്പാണ്. പാതയ്ക്കരികില്‍ വിമാനം വില്‍ക്കുന്നവരുടെ തിരക്ക് അദ്ഭുതപ്പെടുത്തും. കളിപ്പാട്ട വിമാനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇരുവശത്തും കാണാം. തലയിലണിയുന്ന ഷാളുകളും പഞ്ചാബിന്റെ തനത് വളകളും കഠാരകളുമെല്ലാം വില്‍ക്കാനുണ്ടെങ്കിലും കൂടുതല്‍ തിരക്ക് വിമാനക്കടകളില്‍ത്തന്നെ. ഏകദേശം 150 വര്‍ഷം പഴക്കമുള്ള ഗുരുദ്വാരയാണിത്. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച ബാബ നിഹാല്‍ സിങ്ങിന് സമര്‍പ്പിച്ചുകൊണ്ട് ശിഷ്യനായ ഹര്‍നാം സിങ്ങാണ് ഇത് സ്ഥാപിച്ചത്. വെള്ളനിറത്തിലുള്ള കെട്ടിടത്തില്‍ നീല മഷിയില്‍ പഞ്ചാബിയില്‍ പേരെഴുതിവെച്ചിരിക്കുന്നു. കൈകാലുകള്‍ ശുദ്ധമാക്കി, തലയില്‍ ഷാള്‍ അണിഞ്ഞ് ഗുരുദ്വാരയുടെ അകത്തേക്ക് കടക്കുമ്പോള്‍ ഗുര്‍ബാണി (സിക്ക് ഗുരുക്കന്മാരുടെ രചനകളും ഗുരു ഗ്രന്ഥസാഹിബിലെ വചനങ്ങളും ചൊല്ലുന്നത്) ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു. ഗുരുഗ്രന്ഥ സാഹിബിന് മുന്‍പുള്ള പ്രാര്‍ഥനയ്‌ക്കൊപ്പം ഭക്തര്‍ ഗുരുദ്വാരയ്ക്കുള്ളില്‍ പ്ലാസ്റ്റിക് വിമാനം നേരുകയാണ്. അത് അവിടെ പ്രദര്‍ശിപ്പിക്കാറുമുണ്ടായിരുന്നു. ഓരോ ദിവസത്തിന്റെയും അവസാനം, ഗുരുദ്വാരയില്‍നിന്ന് ശേഖരിച്ച ആയിരക്കണക്കിന് കളിപ്പാട്ടങ്ങള്‍, മാതാപിതാക്കളെ അനുഗമിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് പ്രസാദമായി നല്‍കുന്നതും പതിവായിരുന്നു.
എന്നാല്‍, 2023 ജൂലായില്‍ ഈ അര്‍ച്ചന താത്കാലികമായി നിര്‍ത്തലാക്കി. പ്ലാസ്റ്റിക് കുന്നുകൂടുന്നുവെന്ന വിമര്‍ശനത്തെത്തുടര്‍ന്നാണിത്. എന്നിരുന്നാലും ഇപ്പോഴും വിമാനം വാങ്ങുന്നവര്‍ക്ക് കുറവൊന്നുമില്ല. അകത്ത് അര്‍ച്ചന സാധിക്കാതെ വന്നതോടെ ഗുരുദ്വാരാ പരിസരത്ത് വിമാനം ഉപേക്ഷിക്കുകയാണ് ഭക്തര്‍ ചെയ്യുന്നത്.
താഴത്തെ നിലയിലാണ് ഗുരുദ്വാരയിലെ പ്രാര്‍ഥനയ്ക്കായുള്ള ഇടം. പരിശുദ്ധ ഗ്രന്ഥവും അതിനുതാഴെയായി അര്‍ച്ചനകളും ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്നു. കാഴ്ചകള്‍ കണ്ടശേഷം പടികള്‍ കയറി മുകളിലെത്തി. അവിടെ ഗുര്‍ബാണി വായിക്കുന്നവരെ നേരിട്ട് കണ്ടു. ബാബ നിഹാല്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും മുറികള്‍ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ഥിക്കാനെത്തുന്നവരുടെ തിരക്ക് കൂടിയതോടെ പുറത്തേക്കിറങ്ങി. വീണ്ടും ഉള്‍ഗ്രാമങ്ങളുടെ മിടിപ്പ് തേടിയുള്ള യാത്ര. കര്‍ത്താപൂര്‍, ആദംപൂര്‍, ഹോഷിയാര്‍പൂര്‍, ഭോഗ്പൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ മിക്കവയും കണ്ടറിഞ്ഞു. അവിടത്തെ ജനങ്ങളോട് സംസാരിച്ചുകൊണ്ട്, അവരുടെ ഭക്ഷണം ആസ്വദിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. പഞ്ചാബിന്റെയും ഹരിയാണയുടെയും ഗ്രാമഭംഗികള്‍ ഹൃദയത്തിലേക്ക് പതിപ്പിച്ച അഞ്ചുദിവസത്തെ യാത്ര. തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഇനിയും വരും, കണ്ടുതീരാത്ത കാഴ്ചകള്‍ കാണാന്‍.
Content Highlights: talhan village of panjab travelogue