നിബിഡവനത്തിനുള്ളില്‍, മനോഹരചിത്രംപോലെ മഹാമേരു ശ്രീയന്ത്രക്ഷേത്രം

ചത്തീസ്ഗഢിലേക്ക് തിരിക്കുമ്പോള്‍ വലിയൊരു ആശങ്കയായിരുന്നു മനസ്സില്‍. മാവോയിസ്റ്റ് ആക്രമണംമൂലം യാത്ര തടസ്സപ്പെടുമോ എന്ന പേടിയായിരുന്നു. അവിടെയെത്തിയപ്പോഴാണ്, പുറമേ കേള്‍ക്കുന്ന പ്രശ്‌നങ്ങളൊന്നും സാധാരണജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് മനസ്സിലായത്. വ്യത്യസ്തമായ പ്രകൃതിയും ജനങ്ങളും ഛത്തീസ്ഗഢിന്റെ പ്രത്യേകതയായിത്തോന്നി.
വനപ്രദേശങ്ങളിലൂടെയായിരുന്നു യാത്ര കൂടുതലും. ദണ്ഡകാരണ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ദൃശ്യമാകുന്നത് ഛത്തീസ്ഗഢിലാണ്. ഹിമാലയഭാഗങ്ങളിലല്ലാതെ ഇത്രയും ഇടതിങ്ങിയ, സമൃദ്ധമായ കാടുകള്‍ മറ്റെവിടെയും കണ്ടിട്ടില്ല. കാടുകളിലെ പ്രകൃതിജന്യമായ ഗുഹകളും മനോഹരമായ വെള്ളച്ചാട്ടങ്ങളുമാണ് മറ്റൊരു പ്രത്യേകത. അതിനടുത്തായി കാട്ടിനുള്ളില്‍ ആദിവാസികളുടെ അമ്പലങ്ങളുണ്ട്. ചാണകം മെഴുകിയ മണ്ഡപത്തില്‍ കുടികൊള്ളുന്ന ശിലാമൂര്‍ത്തികള്‍. ഇവിടെ പൂജാരികളെല്ലാം ആദിവാസികളാണ്. തനതായ രീതിയില്‍ വസ്ത്രം ധരിച്ച് പൂജകള്‍ ചെയ്യുന്ന അവര്‍, ഭക്തരില്‍നിന്ന് ഒന്നും ചോദിച്ചുവാങ്ങുന്നില്ല. എന്ത് കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കുന്നു.
നഗരപരിധി വിട്ടാല്‍, ശാന്തത നിറഞ്ഞ ഗ്രാമങ്ങളാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാണാനേയില്ല. പഴയ ഓടും പുല്ലുകളും കൊണ്ടുമേഞ്ഞ ചെറിയ വീടുകള്‍. മണ്ണും ചാണകവും തേച്ച ചുവരുകളും നിലവും. സമൃദ്ധമായ കൃഷിയിടങ്ങള്‍. റോഡിനിരുവശത്തും ഇടയ്ക്കിടെ കാണുന്ന വിശാലമായ കുളങ്ങള്‍. കുളത്തിനോട് ചേര്‍ന്നുള്ള ചെറിയ അമ്പലം. അതിന് ചുറ്റുമായി ചെറിയ വീടുകള്‍. ആരോഗ്യമുള്ള, അകിട് നിറഞ്ഞ പശുക്കൂട്ടം. തനി നാടന്‍ ഗ്രാമജീവിതമാണ് യാത്രയിലുടനീളം കണ്‍മുന്നില്‍ തെളിഞ്ഞത്.
സത്പുരയിലെ അമര്‍കണ്ടക്
ഗംഗാസമതലത്തെ ദക്ഷിണേന്ത്യയില്‍നിന്ന് വിഭജിക്കുന്നത് വിന്ധ്യപര്‍വത നിരകളാണ്. അവ ആരവല്ലി പര്‍വതത്തില്‍നിന്ന് തുടങ്ങി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലായി, കിഴക്കുപടിഞ്ഞാറ് ദിശയില്‍ വടക്കോട്ട് ചരിഞ്ഞുകിടക്കുന്നു. വിന്ധ്യന് സമാന്തരമായി തെക്കുഭാഗത്ത് സത്പുര പര്‍വതനിരകളുണ്ട്. സത്പുരയിലെ പ്രധാന കൊടുമുടിയായ, 'അനശ്വരന്മാരുടെ കൊടുമുടി' എന്നറിയപ്പെടുന്ന പ്രസിദ്ധമായ അമര്‍കണ്ടക്, മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലാണ്. ഈ പര്‍വതനിരകളില്‍നിന്നാണ് ഭാരതത്തിലെ പ്രധാനനദികളിലൊന്നായ നര്‍മദ പിറക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ച്ചേരുന്ന തപ്തിനദിയും ഈ പര്‍വതത്തില്‍നിന്ന് ഉറവെടുക്കുന്നു. നര്‍മദയ്ക്ക് പുറമേ, ഈ കൊടുമുടികളില്‍നിന്നാണ് സോണ്‍ നദിയുടെ പോഷകനദിയായ ജോഹിലയും ഒഡിഷയിലെ മഹാനദിയുടെ പോഷകനദിയായ അര്‍പ്പയും ഉദ്ഭവിക്കുന്നത്.
ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍നിന്ന് ഏകദേശം എഴുപത്തിയാറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍, അമര്‍കണ്ടകിലെത്താം. ഛത്തീസ്ഗഢിലെ രത്തന്‍പുര്‍ കോട്ട സന്ദര്‍ശിച്ച്, ഉച്ചഭക്ഷണവും കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. വളഞ്ഞുപുളഞ്ഞ് പോകുന്ന വീതികുറഞ്ഞ ദേശീയപാത. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കാത്തുനില്‍ക്കണം. ഇരുവശത്തും ദണ്ഡകാരണ്യത്തിന്റെ മോഹിപ്പിക്കുന്ന വനകാഴ്ചകളാണ്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ അതിര്‍ത്തിപങ്കിടുന്ന, വിന്ധ്യ, മൈക്കല്‍, സത്പുര എന്നീ പര്‍വതനിരകളുടെ സംഗമസ്ഥലമാണ് അമര്‍കണ്ടക്. ധാരാളം മാവുകള്‍ നിറഞ്ഞ പ്രദേശമായ അമര്‍കണ്ടകിനെ 'അമ്രകൂട്' എന്നാണ് കാളിദാസന്‍ വിശേഷിപ്പിച്ചത്. ആദിശങ്കരാചാര്യര്‍ തന്റെ കര്‍മമണ്ഡലത്തിലെ പ്രധാന സ്ഥലമായി കരുതിയിരുന്ന അമര്‍കണ്ടകില്‍, അദ്ദേഹം സ്ഥാപിച്ച കുറേ ക്ഷേത്രങ്ങളുണ്ട്.
പരമശിവന്‍ ത്രിപുരനെ നിഗ്രഹിച്ചത് അമര്‍കണ്ടകില്‍ വെച്ചാണെന്നാണ് ഐതിഹ്യം. തീര്‍ഥാടനകേന്ദ്രങ്ങളുടെ രാജാവായ 'തീര്‍ഥരാജ്' എന്നറിയപ്പെടുന്ന അമര്‍കണ്ടകില്‍ നിരവധി പുണ്യക്ഷേത്രങ്ങളുണ്ട്. വാസ്തുവിദ്യയും ശില്പചാതുരിയും ഒത്തുചേര്‍ന്ന, ഗാംഭീര്യമുള്ള ക്ഷേത്രങ്ങളാണ് എല്ലാം. മിക്കതും യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.
മഹാമേരുവിന് മുന്നിലേക്ക്
അതിരാവിലെ ക്ഷേത്രം കാണാന്‍ ഒരുങ്ങി. ഹോട്ടലില്‍നിന്ന് വനപാതയിലൂടെ ഏകദേശം രണ്ടു കിലോമീറ്ററോളം നടക്കണം. അതുകൊണ്ടുതന്നെ സഹയാത്രികരില്‍ ചിലരൊക്കെ പിന്മാറി. സുഗമമായ പാതയുടെ ഇരുവശവും പലവിധ മരങ്ങളും വള്ളികളും പൂക്കളും നിറഞ്ഞ വനമാണ്. പക്ഷികളുടെ വേറിട്ട ശബ്ദങ്ങള്‍ കേട്ടുകൊണ്ട് മുന്നോട്ടുനടന്നു. തൊട്ടുമുന്‍പില്‍, വന്‍വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ, ജലസമൃദ്ധമായ നിബിഡവനത്തിനുള്ളില്‍, ഗാംഭീര്യത്തോടെ ഉയര്‍ന്നുനില്‍ക്കുന്ന മഹാമേരു ശ്രീയന്ത്ര ക്ഷേത്രം.
പരിസരം മറന്ന് അദ്ഭുതത്തോടെ നോക്കിനിന്നുപോകും. നിബിഡവനത്തിനുള്ളില്‍ ദുരൂഹതകള്‍ ഏറെയുള്ള, കാണുന്ന മാത്രയില്‍ത്തന്നെ അദ്ഭുതവും ആകാംക്ഷയും ഭീതിയും ജനിപ്പിക്കുന്ന നിര്‍മിതിയാണ് ഇതിന്. സവിശേഷമായ വാസ്തുവിദ്യയും മഹത്തരമായ രൂപകല്പനയും അതിസങ്കീര്‍ണമായ നിര്‍മാണ നിപുണതയും നിഗൂഢമായിത്തന്നെ നിലനില്‍ക്കുന്നു. ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മാണം ഇന്നും അപൂര്‍ണമാണ് എന്നതും ശ്രദ്ധേയമാണ്.
അടഞ്ഞുകിടക്കുന്ന ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍ പ്പെട്ടത് ക്ഷേത്രകവാടമാണ്. ഗോപുരമെന്ന് പറയാവുന്ന ക്ഷേത്രകവാടത്തില്‍ ഉയര്‍ന്നുകാണുന്ന ബൃഹത്തായ നാല് മുഖങ്ങളുള്ള അത്യാകര്‍ഷകമായ ശില്പം. നാല് ദേവീമുഖങ്ങളും നാല് പ്രധാന ദിക്കുകളിലേക്ക് ദര്‍ശനമായിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. നാല് ശിരസ്സുകള്‍ ലക്ഷ്മി, സരസ്വതി, കാളി, ഭുവനേശ്വരി എന്നിവരെ പ്രതിനിധാനം ചെയ്യുന്നു. ഓരോ മുഖത്തിനും വ്യത്യസ്തഭാവങ്ങളാണ്. ദേവതാരൂപങ്ങള്‍ക്ക് താഴെയായി ഗണപതിയുടെയും കാര്‍ത്തികേയന്റെയും രൂപങ്ങളും കൊത്തിവെച്ചിട്ടുണ്ട്. അതിന് താഴെ ദേവതകളുടെ സഹചാരികളായ 64 യോഗിനിമാരുടെ ശില്പങ്ങള്‍.
1991-ല്‍ സ്വാമി ശുക്ദേവാനന്ദജിയുടെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണം തുടങ്ങിയത്. ക്ഷേത്രഗണിതത്തെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മാണം. അഗസ്ത്യമുനി നിര്‍ദേശിച്ച വാസ്തുവിദ്യപ്രകാരമാണ് രൂപകല്പന എന്നാണ് പറയപ്പെടുന്നത്. 2018-ല്‍ ശുക്ദേവാനന്ദജി സമാധിയാകുമ്പോഴും ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായില്ല. അപൂര്‍ണമായ ക്ഷേത്രനിര്‍മാണം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇപ്പോള്‍.
ഉള്ളിലേക്ക് കടക്കാന്‍ പോയപ്പോള്‍ നിരാശയായി. ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. കൂടെയുള്ളവരെല്ലാം കുറേ ഫോട്ടോസ് എടുത്ത് തിരിച്ചുപോവാന്‍തുടങ്ങി. എന്നാല്‍, ഉത്തരേന്ത്യയില്‍നിന്നുള്ള ഒരു നാല്‍വര്‍സംഘത്തിനൊപ്പം അപ്രതീക്ഷിതമായി ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍കഴിഞ്ഞു.
കാടിനുള്ളില്‍ വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട വിസ്തൃതമായ മുറ്റത്തുനിന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ കാണാം. പ്രധാന ക്ഷേത്രകവാടം അടച്ചിട്ടിരിക്കയാണ്. മുറ്റത്ത് പലവിധ പക്ഷികള്‍. അപൂര്‍വമായ കൊത്തുപണികള്‍ നിറഞ്ഞ വൃത്താകൃതിയിലുള്ള വരാന്തയിലൂടെ നടന്നു. നിര്‍മാണസങ്കീര്‍ണത നിറഞ്ഞുകാണുന്ന ക്ഷേത്രത്തിലെ നര്‍ത്തനശില്പങ്ങളും വൈഭവമേറിയതാണ്.
വീതിയുള്ള കരിങ്കല്‍പടവുകള്‍ കയറിയെത്തുന്ന വാതില്‍ അടഞ്ഞുകിടക്കുന്നു. സര്‍പ്പരൂപങ്ങള്‍ ക്ഷേത്രനിര്‍മിതിയില്‍ കൂടുതലായി കാണാം. പേര് സൂചിപ്പിക്കുംപോലെ ക്ഷേത്രഗോപുരത്തിനടുത്തായി മഹാമേരു ശ്രീ യന്ത്രം സ്ഥാപിച്ചിരിക്കുന്നു. ശ്രീകോവിലില്‍ വിരാജിക്കുന്ന തൃപുരസുന്ദരിയെ കാണാന്‍ കാലങ്ങള്‍ എത്ര കഴിയണമെന്ന് ഒരു നിശ്ചയവുമില്ല.
പുരാതനമായ ആഗമശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ക്ഷേത്രനിര്‍മാണം. പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞിട്ടും ശ്രീയന്ത്രക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാത്തതിന്റെ പ്രധാന കാരണം, ശുഭമായ ഗുരു-പുഷ്യ നക്ഷത്രത്തില്‍ മാത്രമേ ക്ഷേത്രനിര്‍മാണം നടത്താവൂ എന്ന നിബന്ധനയാണത്രേ. ഈ നക്ഷത്രം വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ മാത്രമേ വരുകയുള്ളൂ. പ്രധാനക്ഷേത്രത്തിന് ചുറ്റും നാല് ചെറിയ ക്ഷേത്രങ്ങള്‍കൂടി നിര്‍മിക്കാനുണ്ടത്രേ. ഏകദേശം ഇരുന്നൂറിലധികം ഉപദൈവങ്ങള്‍. എല്ലാത്തിനുംപുറമേ ക്ഷേത്രപരിസരത്ത് സ്ഥാപിക്കുന്ന പരസഹസ്രം ശ്രീയന്ത്രങ്ങള്‍.
വിദൂരതയില്‍നിന്നുള്ള തുടര്‍ച്ചയായ ഹോണ്‍ശബ്ദം കേട്ട് ചെറുപ്പക്കാര്‍ വന്ന വഴിയേ മുകളിലേക്ക് കയറി. ഞാനും അവരെ അനുഗമിച്ചു. കൈപിടിച്ച് മുകളിലേക്ക് കയറ്റിയപ്പോള്‍ ഞാനവര്‍ക്ക് നന്ദിപറഞ്ഞു. ചിരിച്ചുകൊണ്ട് ഒരു ഭാവമാറ്റവുമില്ലാതെ അവര്‍ മുന്നോട്ടോടി. കാനനവീഥിയിലൂടെ തിടുക്കത്തില്‍ നടക്കവേ ഞാന്‍ വെറുതേ തിരിഞ്ഞുനോക്കി. ആ ഗോപുരദേവതാദൃഷ്ടികള്‍ എന്നെ പിന്തുടരുന്നതുപോലെ തോന്നി.
Content Highlights: sri yantra maha meru temple amarkantak