ടിപ്പുവിന്റെ കോട്ട, ഒറ്റനോട്ടത്തിൽ ഊട്ടി പോലെ കാഗിനഹരെ, ഫ്രഞ്ചുകാർ പണിത ഷെട്ടിഹള്ളി പള്ളി; സകലേഷ്‌പുരയിലേക്ക്

പടിഞ്ഞാറന്‍ ഗംഗാസാമ്രാജ്യത്തിന്റെയും അതിനുശേഷം ഹൊയ്സാല രാജവംശത്തിന്റെയും പില്‍ക്കാലത്ത് ടിപ്പുസുല്‍ത്താന്റെയും അധീനതയിലായിരുന്നു സകലേഷ്പുര. ചരിത്രവും പ്രകൃതിഭംഗിയും ഇഴുകിച്ചേര്‍ന്ന സുന്ദരഭൂമി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സകലേഷ്പുര സ്ഥിതിചെയ്യുന്നത്. കുടകില്‍നിന്ന് കേവലം നൂറ് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെയെത്തിച്ചേരാനാകും. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കംകുറിച്ച തളിക്കോട്ട യുദ്ധത്തിന്റെ പ്രധാന വേദികളിലൊന്ന് സകലേഷ്പുരയായിരുന്നു. പില്‍ക്കാലത്ത് മൈസൂര്‍ രാജവംശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ നടന്ന യുദ്ധങ്ങള്‍ക്കും ഈ ദേശം സാക്ഷ്യംവഹിച്ചു. ശാന്തസുന്ദരമായ ഈ പ്രദേശത്തിന് ഇത്രയും രക്തരൂഷിതമായൊരു ഭൂതകാലം ഉണ്ടെന്നത് നമ്മെ അദ്ഭുതപ്പെടുത്തും. സകലേഷ്പുരയോട് ചേര്‍ന്ന് ചരിത്രപ്രാധാന്യമുള്ള നിരവധി നിര്‍മിതികളുണ്ട്. സുന്ദരമായ പ്രകൃതിഭംഗി ആസ്വദിച്ച് ഈ ദേശത്തുകൂടി സഞ്ചരിക്കാന്‍ നിരവധി യാത്രികര്‍ എത്തുന്നു.
സകലേഷ്പുര ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ പിന്നിട്ടാല്‍ ടിപ്പുസുല്‍ത്താന്‍ നിര്‍മിച്ച ഈ കോട്ടയിലെത്താം. ടിപ്പു പണികഴിപ്പിച്ച നിരവധി കോട്ടകളില്‍നിന്ന് മഞ്ചരാബാദ് കോട്ടയെ വ്യത്യസ്തമാക്കുന്നത് അതിന്റെ നക്ഷത്ര ആകൃതിയാണ്. 1792-ല്‍ ഫ്രഞ്ച് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ യൂറോപ്യന്‍ ശൈലിയിലാണ് എട്ട് കോണുകളുള്ള കോട്ട പണിതത്. ഒത്ത മധ്യത്തിലായി ഒരു കുളവും അതിനോട് ചേര്‍ന്ന് ഭൂമിക്കടിയിലേക്കായി രണ്ട് വലിയ അറകളും കാണാം. ഈ അറകളിലായിരുന്നു വെടിക്കോപ്പുകളും മറ്റും സൂക്ഷിച്ചിരുന്നത്. മന്‍സറാബാദ് എന്നും ഈ കോട്ടയെ വിളിക്കാറുണ്ട്. വേനല്‍ക്കാലത്ത് കോട്ടയുടെ മുകളില്‍നിന്ന് നോക്കിയാല്‍ ഏകദേശം നൂറ്റിയിരുപത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള അറബിക്കടല്‍ വരെ കാണാമത്രേ! ഡ്രോണ്‍ ഉപയോഗിച്ച് ഉയരത്തില്‍നിന്ന് ഫോട്ടോ എടുത്താലോ അതുമല്ലെങ്കില്‍ വിമാനത്തില്‍നിന്നോ മാത്രമേ ഈ കോട്ടയുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.
Content Highlights: Explore Sakaleshpura, Karnataka: historical forts, Tipu Sultan`s legacy, scenic landscapes, and hidden gems like Kaginahale & Shettihalli Church.