ഒരറ്റത്തുനിന്നു സാമ്പിള്‍ വാങ്ങും, മറ്റേയറ്റത്ത് എത്തുമ്പോഴേക്കും വയര്‍ നിറയും: ചില മോഹരുചികൾ

ഇതൊരു പഴയ ഓര്‍മ്മയാണ്, പക്ഷേ എന്നെ വല്ലാതെ പ്രചോദിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന ഒരു ഓര്‍മ കൂടിയാണ്. അന്ന് ഗസ്റ്റ് അധ്യാപികയായി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ജോലി ചെയ്യുന്നു. ചാത്തന്നൂരില്‍ നിന്നും ബസില്‍ കൊല്ലം സ്റ്റേഷനില്‍ എത്തി അവിടെ നിന്നും ട്രെയിനില്‍ കോട്ടയത്തേക്കും, അവിടെ നിന്നും ബസില്‍ അതിരമ്പുഴക്കും പിന്നെ വൈകിട്ട് തിരിച്ചും, ഇതാണ് ദിവസേന ഉള്ള റൂട്ട് മാപ്പ്.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് എത്തുമ്പോള്‍ മിക്കവാറും അഞ്ചര ആറ് മണിയാകും. നല്ല വിശന്നായിരിക്കും സ്റ്റേഷനില്‍ ഇറങ്ങുക. അപ്പോള്‍ ചിലപ്പോള്‍ ചില വ്യാമോഹങ്ങള്‍ ഉണ്ടാകും, ഭര്‍ത്താവ് വിളിക്കാന്‍ വന്നിരുന്നെങ്കില്‍ എന്തെങ്കിലും കൊറിക്കുകയോ കഴിക്കുകയോ ചെയ്തിട്ട് വീട്ടില്‍ കയറിയാല്‍ മതിയായിരുന്നല്ലോ എന്നൊക്കെ. വക്കീലായ ഭര്‍ത്താവ് ഇടക്കൊക്കെ വിളിക്കാന്‍ സ്റ്റേഷനില്‍ വരുമായിരുന്നു, അങ്ങനെ തുടങ്ങിയ ചില ശീലങ്ങളുടെ ഭാഗമായി ഇങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ.
അപ്പോള്‍ ഞങ്ങള്‍ പോകുന്ന ഒരു സ്ഥലമാണ് ബീച്ച് റോഡിലുള്ള അമല ബേക്കറി. കയ്യില്‍ ക്യാഷ് കമ്മിയാണെങ്കില്‍ ഞങ്ങള്‍ അവിടെ പോകാറുണ്ട്. ആ ബേക്കറിയില്‍ ചെല്ലുമ്പോഴേ നല്ല നമസ്‌കാരം പറഞ്ഞ് നമ്മളെ വരവേല്‍ക്കാന്‍ വാതില്‍ക്കല്‍ നില്‍പ്പുണ്ട് സുന്ദരിയായ ഒരു ചേച്ചി. അവരോടു ചിരിച്ചു കാണിച്ചു നമ്മള്‍ ബേക്കറിയില്‍ പ്രവേശിക്കും. ചില്ലുപലകകളാല്‍ തിരിക്കപ്പെട്ട സംഭരണികളില്‍ പലതരം മുറുക്കുകള്‍, കെട്ടില്ലാത്തത്ര തരം പക്കോടകള്‍, ഉപ്പേരികള്‍, അലുവകള്‍, കേക്കുകള്‍ എന്ന് വേണ്ട കണ്ണും, വയറും നിറയെ പലഹാരങ്ങള്‍.
ഇനിയാണ് ഞങ്ങളുടെ ആസൂത്രിത യജ്ഞം നടപ്പാക്കാന്‍ പോകുന്നത്. ഓരോ പലഹാരത്തിനൊപ്പവും അതിന്റെ പേരും വിലയും എഴുതി വെച്ചിട്ടുണ്ട്. ഒരറ്റത്ത് നിന്നും ഞങ്ങള്‍ സാമ്പിള്‍ വാങ്ങും, പ്രത്യേകം ശ്രദ്ധിക്കും എരിവുള്ള പലഹാരം മാത്രമേ സാമ്പിള്‍ നോക്കാറുള്ളു. അതാണ് ഞങ്ങടെ ഒരു രീതി. ഒരറ്റത്ത് നിന്നും തുടങ്ങി മറ്റേ അറ്റത്ത് എത്തുമ്പോഴേക്കും വയര്‍ നിറയും.
ആ ബേക്കറിയില്‍ കയറുന്നതിന് തൊട്ടു മുന്‍പ് തന്നെ നമുക്ക് ഓരോ ഫ്രൂട്ട് സാലഡ് കഴിക്കാമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള കാശേ കയ്യിലുള്ളു. പക്ഷേ എന്നാലും എന്തെങ്കിലും ഒരു എരിവ് കഴിക്കാനുള്ള ഒരിത്, അതാണ് 'സാംപ്ലിങ്ങിന്റെ' (ഇവിടെ ഇതിനു അര്‍ത്ഥമാക്കേണ്ടത് സാമ്പിള്‍ കഴിക്കുക എന്ന് മാത്രമാണ്, ടെക്‌നിക്കല്‍ മീനിങ്ങ് നോക്കണ്ട) ലക്ഷ്യം, അപ്പോള്‍ നിരത്തി പിടിച്ചു സാമ്പിള്‍ മേടിച്ചു കഴിക്കരുത്, കടക്കാരുടെ ക്ഷമയെ പരിശോധിക്കരുത് എന്നര്‍ത്ഥം. മാക്‌സിമം ഒരു മൂന്ന് പലഹാരങ്ങള്‍ സാമ്പിള്‍ നോക്കാം, പിന്നെ പൈസ കൊടുത്ത് ഓരോ ഫ്രൂട്ട് സാലഡും കഴിച്ചു, കുറച്ചു നേരം തേനേ, പാലേ, പഞ്ചാരേ, ചക്കരേ, മുത്തേ, കണ്ണേ, കരളേ എന്നൊക്കെ പരസ്പരം വാരി കോരിയിട്ടു കടുവറത്തു കാശും കൊടുത്തു എണീറ്റ് പോരും.
ഞങ്ങളുടെ റെസ്റ്റോറന്റ് സാഹസം ആയിരുന്നു അമലയിലേക്കുള്ള യാത്രകള്‍. മാസത്തില്‍ ഒരിക്കല്‍ അവിടെ പോകുമായിരുന്നു, കയ്യില്‍ കാര്യമായ വരുമാനമൊന്നുമില്ല, എങ്കിലും ഓരോ നിമിഷവും പ്രതീക്ഷയോടെ ജീവിച്ചു, ഞങ്ങളൊരുമിച്ച്. ഇന്നിപ്പോള്‍ അത്യാവശ്യം നന്നായി ജീവിക്കുന്നു. സാമ്പിള്‍ കഴിക്കാതെ കാശ് കൊടുത്ത് പലഹാരങ്ങളും വാങ്ങുന്നു, പക്ഷേ വന്ന വഴികളും കഴിച്ച രുചികളും മറക്കാന്‍ ഒരിക്കലും പറ്റില്ല, അതൊക്കെ മറന്നാല്‍ ജീവിതവുമില്ല. വിശപ്പ് ശാക്തീകരിച്ച ഞങ്ങളുടെ ജീവിതങ്ങള്‍, ഞങ്ങളുടെ യാത്രകള്‍, അവിടെല്ലാം രുചി വിളമ്പിത്തന്ന, വിശപ്പകറ്റിയ ഒരു പാട് മനുഷ്യരും.
Content Highlights: ruchiyorma childhood food memories about amala bakery by dr.jiji j alex