ഞങ്ങൾ നിരസിച്ചപ്പോൾ “ഞാന്‍ കെട്ടിക്കോളാം, എന്റെ കൈയ്യില്‍ ഇഷ്ടംപോലെ പണമുണ്ട്,” എന്നായി ആ വെള്ളക്കാരൻ

പോണ്ടിച്ചേരി | ചിത്രം: Getty Images
പോണ്ടിച്ചേരി | ചിത്രം: Getty Images

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് 'സ്വപ്നക്കൂട്' സിനിമ റിലീസ് ചെയ്യുന്നത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ ഒരു സ്ഥലം അങ്ങ് കയറിക്കൂടി- പോണ്ടിച്ചേരി! പിന്നീട് ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ പലരും അവധി ദിവസങ്ങളില്‍ ഒന്നുകിൽ 'മഹാബ്‌സ്' എന്ന മഹാബലിപുരത്തോ 'പോണ്ടി' എന്ന പോണ്ടിച്ചേരിയിലോ പോയിരുന്നെങ്കിലും പോണ്ടിച്ചേരി കാണാന്‍ എന്റെ നറുക്ക് എന്തുകൊണ്ടോ അപ്പോഴും വീണില്ല.

എന്നാല്‍ ഉപരിപഠനത്തിന് എവിടെ പോകണമെന്ന് രണ്ടു വട്ടം ആലോചിക്കാന്‍ തോന്നിയില്ല- പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി! പൂക്കള്‍ കൊഴിഞ്ഞ വഴികളിലൂടെ മീരാ ജാസ്മിന്‍ സൈക്കിള്‍ ഓടിച്ചുപോകുന്ന പോലെ മുടിപാറിപ്പറത്തി സൈക്കിള്‍ കൂടയില്‍ നിറയെ പൂക്കളുമായി പോണ്ടിച്ചേരി തെരുവുവീഥികളിലൂടെ പോകുന്ന എന്നെ ഓര്‍ത്തു ഞാന്‍ ഉള്‍പുളകം കൊണ്ടു. അങ്ങനെ അഡ്മിഷന്‍ എടുക്കേണ്ട ദിവസം വന്നു. ബാഗൊക്കെ പാക്ക് ചെയ്ത് കാറില്‍ ആണ് പോക്ക്. ആളൊഴിഞ്ഞ സുന്ദരമായ ഉദ്യാനങ്ങളും പൂച്ചെടികളുമുള്ള പോണ്ടിച്ചേരി പ്രതീക്ഷിച്ചുപോയ എന്നെ എതിരേറ്റത് ഏകദേശം തിരുച്ചിറപ്പള്ളി, കോയമ്പത്തൂരിനോടൊക്കെ ഉപമിക്കാവുന്ന തിരക്കുള്ള തെരുവീഥികള്‍. യൂണിവേഴ്‌സിറ്റി നില്‍ക്കുന്ന സ്ഥലമാകട്ടെ, ടൗണില്‍ നിന്ന് പത്തുപതിനഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്ക് കാലാപ്പേട്ട് എന്ന ഗുദാമില്‍! പിന്നീട് പയ്യെ മനസ്സിലാക്കി, ഫ്രഞ്ച് ക്വാര്‍ട്ടര്‍ അഥവാ വൈറ്റ് ടൗണ്‍ എന്ന് വിളിക്കുന്ന ഒരു ചെറിയ ഭാഗത്താണ് സിനിമയില്‍ കാണിക്കുന്ന കാഴ്ചകളെല്ലാം ഒരുക്കിയതെന്നും ബാക്കി മുക്കാല്‍ഭാഗം പോണ്ടിച്ചേരിയും തമിഴ്‌നാട്ടിലെ മറ്റേതൊരു സ്ഥലം പോലെയാണെന്നും. ഈ വൈരുദ്ധ്യം തന്നെയാണ് പോണ്ടിച്ചേരിയെ പോണ്ടിച്ചേരി ആക്കുന്നതും! ഒരു ഭാഗത്ത് തിരക്കുകളും ബഹളങ്ങളും നിറഞ്ഞ ജീവിതങ്ങള്‍, മറുഭാഗത്ത് ആവിപറക്കുന്ന ഹോട്ട് ചോക്ലേറ്റില്‍ ക്രൊസാ മുക്കി നുണഞ്ഞും, കോക് ഓ വിന്‍ കഴിച്ചും മണിക്കൂറുകളോളം പുസ്തകങ്ങള്‍ വായിച്ചിരിക്കാന്‍ പറ്റുന്ന ശാന്തസുന്ദരമായ കഫേകള്‍ പേറുന്ന ഫ്രഞ്ച് ക്വാര്‍ട്ടര്‍! ഈ രണ്ടു ഭാഗങ്ങളെയും ഞാന്‍ ഒരുപോലെ സ്‌നേഹിച്ചു.

Content Highlights: Relive Pondicherry`s charm, from its French Quarter cafes and markets to Auroville`s unique community & local flavors. A personal journey beyond the "Swapnakkoodu" movie.

Continue reading