പരശുറാംകുണ്ഡ്; പാപം തീര്‍ത്ത നദിയുടെ കരയില്‍

പല സ്ഥലങ്ങള്‍ നമ്മെ വിളിക്കുകയാണ്, ചില യാത്രകള്‍ ആസൂത്രണം ചെയ്യാതെ സംഭവിക്കുകയും. അജ്ഞാതമായ കാരണങ്ങളാല്‍ പ്രാവര്‍ത്തികമാകാതെപോയ യാത്രകള്‍ ചിലപ്പോള്‍ നിനച്ചിരിക്കാത്ത നേരത്ത് നമ്മെ തേടിയെത്തിയേക്കും. വിശ്വപ്രകൃതിയുടെ നിഗൂഢമായ കോണുകളില്‍നിന്ന് നമ്മിലേക്കെത്തുന്ന ആ വിളിക്കുവേണ്ടി ക്ഷമയോടെ കാത്തിരുന്നാല്‍, അനുഭൂതിദായകമായ യാത്രകള്‍ സംഭവിച്ചേക്കും. അല്ലെങ്കില്‍, യാത്രകള്‍ വെറും സ്ഥലംകാണല്‍ മാത്രമായി ചുരുങ്ങിയേക്കാം. അരുണാചല്‍ പ്രദേശില്‍ മുപ്പതുവര്‍ഷമായിട്ടും പല സ്ഥലങ്ങളും കാണാന്‍ തീവ്രമായാഗ്രഹിച്ചിട്ടും ഇതുവരെയും സാധിച്ചിരുന്നില്ല.
അരുണാചലിന്റെ വശ്യമനോഹാരിതയെ വിസ്മയത്തോടെ നോക്കിക്കാണാന്‍ അത്രയും നിഷ്‌കളങ്കമായ ഒരു മനസ്സ് പരുവപ്പെടാതിരുന്നതാകാം കാരണം. ക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ നിനച്ചിരിക്കാത്ത നേരത്ത് ആ വിളിയെത്തി. പൂജയോടനുബന്ധിച്ച് തുടര്‍ച്ചയായിക്കിട്ടിയ നാലുദിവസത്തെ അവധിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരുങ്ങിയിറങ്ങി. ലക്ഷ്യം നംസായി ജില്ലയിലെ ഗോള്‍ഡന്‍ പഗോഡയും (ബുദ്ധക്ഷേത്രം) ലോഹിത് ജില്ലയിലെ പരശുറാം കുണ്ഡുമാണ്. ഇറ്റാനഗറില്‍നിന്ന് നംസായി ജില്ലയിലേക്ക് 322 കിലോമീറ്റര്‍ ദൂരമുണ്ട്. നംസായിയില്‍നിന്ന് വീണ്ടും 84 കിലോമീറ്റര്‍ ദൂരം താണ്ടിവേണം പരശുറാം കുണ്ഡിലേക്കെത്താന്‍. ലോഹിത് ജില്ലയില്‍, ലോഹിത് നദിയുടെ താഴ്ഭാഗത്താണ് പരശുറാം കുണ്ഡ്. ഇതേ ലോഹിത്, സതി നദികളുടെ സംഗമസ്ഥാനത്താണ് ഇന്ത്യയില്‍ സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന ഡോങ് ഗ്രാമമുള്ളത്. സൂര്യോദയം കാണാന്‍ വിനോദസഞ്ചാരികള്‍ പുലര്‍ച്ചെ മൂന്നുമണിക്ക് ഇവിടെയെത്തുന്നു. 'ഉദയസൂര്യന്‍' എന്നര്‍ഥമുള്ള അരുണാചല്‍ എന്ന വാക്കില്‍നിന്നാണ് അരുണാചല്‍ പ്രദേശിന് ഈ പേര് ലഭിക്കുന്നത്.
ശരത് കാലത്തില്‍നിന്ന് ഋതു ഹേമന്തത്തിലേക്ക് പ്രവേശിച്ചതിന്റെ സൂചനയെന്നോണം മഴയൊഴിഞ്ഞ, നേരിയ കുളിരുള്ള പ്രഭാതം. ആറുമണിക്കുതന്നെ ഇറ്റാനഗറില്‍നിന്ന് ഞാനും ഉണ്ണിയും മഹീന്ദ്ര സ്‌കോര്‍പിയോയില്‍ നിര്‍ജുലിയിലേക്ക് തിരിച്ചു. അവിടെനിന്ന് സംഘത്തിലെ മൂന്നാമനായ മനോജിനെയും കൂട്ടി ഏഴുമണിയോടെ ബന്ദര്‍ദേവ വഴി ലഖിംപുര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ദെമാജിയാണ് പ്രഭാതഭക്ഷണം കഴിക്കാനുദ്ദേശിക്കുന്ന ഇടം. നിര്‍ജുലിയില്‍നിന്ന് ദെമാജിയിലേക്ക് 117 കി.മിയുണ്ട്. ബന്ദര്‍ദേവ കഴിയുന്നതോടെ അസമിലേക്ക് പ്രവേശിക്കുകയായി. ഇവിടംമുതല്‍ നല്ല റോഡുകളാണ്.
അരുണാചല്‍, അസം അതിര്‍ത്തിയാണ് ബന്ദര്‍ദേവ. ചെക്ക് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് ഇവിടെയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ മുന്‍കൂട്ടി കരസ്ഥമാക്കിയ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കാണിച്ചാല്‍മാത്രമേ, അരുണാചലിലേക്ക് പ്രവേശനം സാധ്യമാകുകയുള്ളൂ. പത്തുമണിയോടടുത്ത് ദെമാജിയിലെത്തി. അടുത്തുകണ്ട ഒരു റസ്റ്ററന്റില്‍ കയറി റൊട്ടി കഴിച്ചു. അഞ്ചുമിനിറ്റ് വിശ്രമിച്ച് യാത്ര തുടര്‍ന്നു. പിറകിലെ സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ എന്റെ മനസ്സിലൂടെ ഓടിമറഞ്ഞത് പ്രവാസജീവിതത്തിലെ ആദ്യനാളുകളാണ്. പിറന്ന നാടെന്ന പൊക്കിള്‍ക്കൊടിബന്ധമറുത്ത് പരിചിതമല്ലാത്ത മറ്റൊരിടത്തേക്ക് കുടിയേറിത്താമസിക്കാന്‍ വിധിക്കപ്പെടുന്ന ഏതൊരുവന്റെയും മനസ്സിലുണ്ടാകുന്ന വൈകാരിക സംഘര്‍ഷങ്ങള്‍. അത്തരം സംഘര്‍ഷഘട്ടങ്ങളുടെ പാരമ്യത്തില്‍ എപ്പോഴെങ്കിലുമായി അരുണാചല്‍ അതിര്‍ത്തിയായ ബന്ദര്‍ദേവ കഴിഞ്ഞ് അസമിലൂടെ അല്പം യാത്ര ചെയ്യാനവസരം കിട്ടിയപ്പോഴൊക്കെ പിറന്ന നാട്ടില്‍ കാലുകുത്തിയ പ്രതീതി അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്.
ദെമാജിയില്‍നിന്ന് 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഗിബീല്‍ പാലത്തിലെത്തും. അഞ്ചുകിലോമീറ്ററോളം നീളമുള്ള പാലത്തിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബ്രഹ്മപുത്രാനദിയുടെ വിസ്താരവും ഭൂപെന്‍ ഹസാരികയെന്ന അസമിന്റെ പ്രിയ പാട്ടുകാരന്റെ 'ഓ ഗംഗ ബഹ്തി ഹോ ക്യോം'.. എന്ന ഗാനവും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? ഭൂപെന്‍ദായുടെ മാസ്മരികശബ്ദം സ്റ്റീരിയോയിലൂടെ ഒഴുകിയെത്തി. ബ്രഹ്മപുത്രയുടെ വിസ്താരത്തില്‍ അദ്ഭുതംകൂറാതെ, ഭൂപെന്‍ദായുടെ ശബ്ദത്തില്‍ മുങ്ങിനിവരാതെ അസമിലൂടെയുള്ള ഒരു യാത്രയും പൂര്‍ണമാകുകയില്ല.
''ബിസ്തീര്‍ണ് പരോരെ (On your wide/mighty banks)
അസൊഖ്യ ജൊനോരെ (That are home to countless people)
ഹഹാകാര്‍ സുനിയു (In spite of hearing their anguished cries)
നിശ്ശബ്ദ നിരോബേ (So silently and unmindfully)
ബുഢാ ല്യൂത് തുമി (Oh you Old Luit-Luit is another name of Brahmaputra river)
ബുഢാ ല്യൂത് ബുവാ കിയോ? (Why do you or how can you flow?)''
ഇന്ത്യയിലൊഴുകുന്ന നദികളില്‍ ഏക പുരുഷനാമധാരിയാണ് ബ്രഹ്മപുത്ര (ബ്രഹ്മാവിന്റെ പുത്രന്‍). ഹിമാലയത്തിലെ മാനസസരോവര്‍ തടാകമേഖലയില്‍നിന്ന് ഉദ്ഭവിച്ച് ടിബറ്റിലൂടെ യര്‍ലുങ് സാങ്പോ എന്ന പേരിലൂടെയൊഴുകി, അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യയില്‍ പ്രവേശിച്ച്, ബ്രഹ്മപുത്രയെന്നും, ല്യൂത് എന്ന പേരില്‍ അസമിലൂടെയൊഴുകി, ജമുനയായി ബംഗ്ലാദേശിലൂടെയൊഴുകി, ഗംഗാ ഡെല്‍റ്റയില്‍ പദ്മ എന്നറിയപ്പെടുന്ന ഗംഗയുമായി ലയിച്ച് മേഘ്നയായിമാറി, ബംഗാള്‍ ഉള്‍ക്കടലില്‍ വിലയംപ്രാപിക്കുന്ന ബ്രഹ്മപുത്ര! എത്രയെത്രയോ മനുഷ്യസംസ്‌കാരത്തിന്റെ കഥകളുമായി കഥാസരിത് സാഗരത്തില്‍ ലയിച്ചുചേരുന്ന ഒരു വലിയ സഞ്ചാരി.
ഡിബ്രുഗഢ് ബൈപാസ്സിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ കണ്ണിനെയും മനസ്സിനെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന പച്ചപ്പിന്റെ വിശാലത, റോഡിനിരുവശവും നീണ്ടുനിവര്‍ന്നുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍. പിന്നിലെ കൂടകളിലേക്ക് കൊളുന്ത് നുള്ളിയിടുന്ന തൊഴിലാളികള്‍.
രണ്ട് മണിക്ക് അരുണാചലിലേക്ക് പ്രവേശിക്കുന്ന മഹാദേവ്പുര്‍ ചെക്ക് ഗേറ്റിലെത്തി. ചോറും പരിപ്പും ഉരുളക്കിഴങ്ങ് ഫ്രൈയും നാരങ്ങയും സവാളയും പച്ചമുളകും ചേര്‍ന്ന ഉച്ചയൂണിനുശേഷം നംസായിയിലേക്ക് യാത്രതുടര്‍ന്നു. റിസോര്‍ട്ട് അന്വേഷിച്ചപ്പോള്‍ റൂം ഒന്നുമില്ല. ഒടുവില്‍ ടെന്റ് തരപ്പെട്ടു. രാത്രിയിലേക്കുള്ള ഭക്ഷണം ഓര്‍ഡര്‍ചെയ്തിട്ട് ഞങ്ങള്‍ ഗോള്‍ഡന്‍ പഗോഡയിലേക്ക് യാത്രതിരിച്ചു. 49 ഏക്കറില്‍ ബര്‍മീസ് ശൈലിയിലുള്ള ബുദ്ധക്ഷേത്രമാണ് ഗോള്‍ഡന്‍ പഗോഡ. ക്ഷേത്രത്തിനുള്ളിലെ ശുദ്ധ വെങ്കലത്തില്‍ നിര്‍മിച്ച കൂറ്റന്‍ ബുദ്ധപ്രതിമ, തായ്ലാന്‍ഡിലെ ബുദ്ധ സന്ന്യാസി സംഭാവന ചെയ്തതാണ്. ഒരുമണിക്കൂറോളം അവിടെ ചുറ്റിക്കറങ്ങി, നവരാത്രി പന്തലുകളുടെ ലഹരിനുകര്‍ന്ന് തിരികെ റിസോര്‍ട്ടിലെത്തി സമീപമുള്ള പുഴയില്‍ കുളിച്ച് ഉറങ്ങാന്‍കിടന്നു. രാവിലെ എഴുന്നേറ്റ് പുഴയില്‍ ഒന്നുകൂടി മുങ്ങിനിവര്‍ന്ന് പുറപ്പെട്ടു, പരശുറാം കുണ്ഡിലേക്ക്.
കാനനമധ്യത്തിലൂടെയുള്ള വിജനമായ പാത. അകലെ കൂറ്റന്‍ മലനിരകള്‍. ഒറ്റപ്പെട്ട മേഘങ്ങളൊഴിച്ചാല്‍, തെളിഞ്ഞ ആകാശത്തിന്റെ നീലിമ. പൊടിപടലങ്ങളുടെ ലവലേശമില്ലാതെ കുളിച്ച് ശുദ്ധിവരുത്തി ഹരിതാഭചുറ്റിനില്‍ക്കുന്ന സസ്യജാലപ്രകൃതി. മനോഹരമായ ദൃശ്യവിരുന്നാണ് യാത്രയിലുടനീളം. ചൗഖാം പിന്നിട്ട് 10 മണിയോടെ പരശുറാം കുണ്ഡിലെത്തി. അടുത്തുള്ള ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണംകഴിച്ചു. വണ്ടി പരശുറാം കുണ്ഡിനടുത്തുള്ള ലോഹിത് ബ്രിഡ്ജില്‍ നിര്‍ത്തി ഞങ്ങളിറങ്ങി. ഇവിടെനിന്നുള്ള ദൃശ്യം വാക്കുകളില്‍ വിവരിക്കുക ദുഷ്‌കരമാണ്. ഏതോ പുരാതനകാലത്തിലെത്തിപ്പെട്ട പ്രതീതി.
മലതുരന്ന് നിര്‍മിച്ചതുപോലെ, ഇരുവശവും കുത്തനെയുള്ള മലകള്‍ക്കിടയിലൂടെ പച്ചനിറത്തിലൊഴുകുന്ന ലോഹിത് നദി. ചിത്രങ്ങളെടുക്കാന്‍ വരുന്നവര്‍ക്ക്, പ്രകൃതി കനിഞ്ഞരുളിയ ഇടം. കുറെ ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ കുണ്ഡിലേക്ക് നടക്കാന്‍ തുടങ്ങി. മുന്നൂറോളം പടികള്‍ കടന്നുവേണം അവിടെയെത്താന്‍. ഇതില്‍ ആദ്യ 100 പടികളോളം കയറ്റവും ബാക്കി കുത്തനെയുള്ള ഇറക്കവുമാണ്.
പിതാവ് ജമദഗ്നിയുടെ നിര്‍ദേശപ്രകാരം, പരശുരാമന്‍, അമ്മ രേണുകയുടെ കഴുത്ത് മഴുകൊണ്ട് അറുത്തെടുത്തു. സന്തുഷ്ടനായ പിതാവ് പരശുരാമന് ഒരു വരം നല്‍കി. തന്റെ കയ്യാല്‍ കൊല്ലപ്പെട്ട അമ്മയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുവാന്‍ ഈ വരം പരശുരാമനുപയോഗിച്ചു. പക്ഷേ, ഏറ്റവും മോശമായ കുറ്റകൃത്യം ചെയ്തതിനാല്‍, കൊലചെയ്യാനുപയോഗിച്ച ആയുധം കയ്യില്‍ക്കുടുങ്ങി. അമ്മ ജീവിതത്തിലേക്ക് തിരികെ വന്നുവെങ്കിലും, കയ്യില്‍ കുടുങ്ങിയ ആയുധം നീക്കം ചെയ്യാന്‍ പരശുരാമന് സാധിക്കാതെ വരികയും, ഋഷിമാരുടെ ഉപദേശപ്രകാരം ലോഹിത് നദിയുടെ തീരത്തെത്തി, സ്‌നാനം ചെയ്യുകയും തത്ക്ഷണം കയ്യില്‍നിന്ന് ആയുധം വേര്‍പെട്ടു എന്നുമാണ് ഐതിഹ്യം.
മിത്തുകളിലെ സത്യമെന്തുതന്നെയായാലും, ഏതൊരു മുനിയും തപസ്സുചെയ്യാന്‍ ഇവിടം തിരഞ്ഞെടുത്തെങ്കില്‍ അതില്‍ അതിശയം വേണ്ട. 300 അടി താഴെ, ലോഹിത് നദിയുടെ വശ്യമനോഹാരിതയില്‍ അല്പനേരം നില്‍ക്കുന്ന ഏതൊരാള്‍ക്കും അത് അനുഭവവേദ്യമാകും. മുകളിലെ പാറക്കെട്ടുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ഉറവകള്‍ ശേഖരിച്ച് ഒരു പൈപ്പിലൂടെ ഗുഹയുടെ പ്രവേശനകവാടത്തില്‍ എത്തിച്ചിട്ടുണ്ട്. അതില്‍നിന്നൊരു കുമ്പിള്‍ കുടിച്ചു. നദിയിലിറങ്ങി കുളിക്കുന്നത് പ്രയാസം നിറഞ്ഞ പ്രക്രിയയാണ്.
തിരികെ പടികള്‍കയറുമ്പോള്‍ ചിന്തിച്ചത്, ഉപേക്ഷിക്കാന്‍ സാധിക്കാതെ കയ്യില്‍ കുടുങ്ങിപ്പോയ, ആയുധങ്ങള്‍ എന്ന ആശയത്തെപ്പറ്റിയാണ്. ആധുനിക മനുഷ്യന്‍ പേറുന്ന ശാപം. കൈകളില്‍നിന്നും മനസ്സുകളില്‍നിന്നും വിനാശകാരികളായ ആയുധങ്ങള്‍ ഒഴിവാക്കിക്കളയുവാന്‍ നാം ഏതൊക്കെ പുണ്യനദികളില്‍ ജ്ഞാനസ്‌നാനം ചെയ്യണം? ഈ അന്വേഷണങ്ങളിലേക്കാകട്ടെ, നമ്മുടെ ഓരോ സഞ്ചാരവും.
Content Highlights: parshuram kund arunachal pradesh travelogue