ഓണസദ്യ സ്പെഷ്യൽ: മിക്സ്ഡ് ഫ്രൂട്ട്സ് മധുരക്കറിയും പപ്പായ പാവയ്ക്ക കിച്ചടിയും

എരിവും പുളിയും കയ്പ്പും മധുരവുമെല്ലാമുള്ള കറികൾ ഉൾപ്പെട്ടതാണ് ഓണസദ്യ. ഓണസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ വ്യത്യസ്ത രുചികളുടെ ഒരു മനോഹരമായ കൂട്ടായ്മയാണ്. പരിപ്പും സാമ്പാറും അവിയലും തോരനും കാളനും ഓലനും കൂട്ടുകറിയുമെല്ലാം ഒന്നിനൊന്നു മെച്ചം തന്നെ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതെല്ലാം കഴിക്കുന്നതിനിടയിൽ അല്പം മധുരമുള്ള ഒരു തൊടുകറി കഴിക്കുമ്പോൾ നാവിൽ അനുഭവപ്പെടുന്ന ഒരു സ്വാദ് വേറെ തന്നെയല്ലേ. അതുപോലെ തന്നെയാണ് കയ്പും പുളിയുമെല്ലാം മാറി മാറി കഴിക്കുമ്പോൾ ഉണ്ടാവുന്ന രുചിഭേദങ്ങളും... ഇത്തവണ രുചിമുകുളങ്ങളെ ഉണർത്താൻ നല്ല മധുരത്തിൽ പഴങ്ങൾ കൊണ്ടുള്ള പച്ചടിയും പപ്പായയുടെയും തൈരിന്റെയും രുചിയിൽ പാവയ്ക്കയുടെ കയ്പ് ഒളിപ്പിച്ചു വെച്ച ഒരു കിച്ചടിയും പരീക്ഷിച്ചാലോ?.
മിക്‌സ്ഡ് ഫ്രൂട്ട്‌സ് മധുരക്കറി
ചേരുവകൾ:
പൈനാപ്പിൾ ചെറുതായി അരിഞ്ഞത് - അരക്കപ്പ്
ആപ്പിൾ ചെറുതായി അരിഞ്ഞത് - അരക്കപ്പ്
പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞത് - അരക്കപ്പ്
ഏത്തപ്പഴം ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
കുരു ഇല്ലാത്ത മുന്തിരി - അരക്കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ജീരകം - ഒരു ടീസ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
പുളിയില്ലാത്ത തൈര് - കാൽ കപ്പ്
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
കടുക് - ഒരു ടീസ്പൂൺ
ഉലുവ - അര ടീസ്പൂൺ
ചുവന്ന മുളക് - നാലെണ്ണം
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മുന്തിരി ഒഴികെയുള്ള പഴങ്ങൾ അല്പം വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്ത് തിളയ്ക്കാൻ വെക്കുക. തേങ്ങയിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ജീരകം, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത്, അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. പഴങ്ങൾ ഒരു തിള വരുമ്പോൾ അരച്ച കൂട്ട് ചേർത്ത് ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് യോജിപ്പിക്കുക. കുറുക്കു കാളൻ പോലെ കുറുകിയിരിക്കണം. എല്ലാം തിളച്ചു വരുമ്പോൾ തൈരും ചേർത്ത് യോജിപ്പിച്ച് മുന്തിരിയും ചേർത്ത് വാങ്ങാം. വെളിച്ചെണ്ണ ചൂടാക്കി, കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കാം.
പപ്പായ പാവയ്ക്ക കിച്ചടി
ചേരുവകൾ:
പപ്പായ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
പാവയ്ക്ക - ഒന്ന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
തൈര് - അരക്കപ്പ്
പച്ചമുളക് - രണ്ടെണ്ണം
ചുവന്ന മുളക് - മൂന്നെണ്ണം
കടുക് - രണ്ട് ടീസ്പൂൺ
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പാവയ്ക്ക വട്ടത്തിൽ നേരിയതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി, പാവയ്ക്ക ബ്രൗൺ നിറം ആവുന്നതുവരെ വറുത്ത് കോരി മാറ്റി വെക്കാം. ഇനി അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് പപ്പായയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി, അല്പം വെള്ളം ചേർത്ത് ചെറു തീയിൽ മൂടിവെച്ച് വേവിക്കുക. തേങ്ങയിലേക്ക് ഒരു ടീസ്പൂൺ കടുക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. കിച്ചടി കുറുകിയിരിക്കേണ്ടതുകൊണ്ട് വെള്ളം ചേർക്കുന്നതിന് പകരം തൈര് കൂടി ചേർത്ത് അരച്ചെടുക്കുക. പപ്പായ വെന്തു വരുമ്പോൾ ഈ അരച്ച കൂട്ട് ചേർത്ത് യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. ചൂടായി വരുമ്പോൾ വറുത്തുവെച്ച പാവയ്ക്ക കൈ കൊണ്ട് ഒന്ന് പൊടിച്ച് ചേർത്ത് യോജിപ്പിച്ച് വാങ്ങാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: onasadya-special-mixed-fruit-madhurakkari-papaya-pavakka-kichadi-recipes