വയറും മനസ്സും നിറയ്ക്കാൻ ചോക്ലേറ്റ് പാലടയും കാരറ്റ് രസ്മലായ് പായസവും

സദ്യയും പായസവുമില്ലാതെ ഓണമില്ല. ജാതിമത ഭേദമന്യേ മലയാളികൾ പായസം തയ്യാറാക്കുന്ന സമയമാണ് ഓണക്കാലം. കേവലം സദ്യയിലെ ഒരു വിഭവത്തിനപ്പുറം ഒരു വികാരമാണ് പായസം. അതുകൊണ്ടുതന്നെ ഓണക്കാലത്ത് എല്ലാ വീടുകൾക്കും നെയ്യിന്റെയും പാൽ കുറുക്കിയതിന്റെയും ഏലക്കയുടെയും ശർക്കരയുടേയുമൊക്കെ കൊതിയൂറുന്ന മണമാണ്. ഈ ഓണത്തിന്, നാവിൽ രുചിയുടെ മേളപ്പെരുക്കങ്ങൾ തീർക്കാൻ ഇതാ രണ്ട് പായസങ്ങൾ. ഈ ഓണപ്പായസത്തിന്റെ മധുരം പോലെ, എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ. ഓണാശംസകൾ.
കാരറ്റ് രസ്മലായ് പായസം
ചേരുവകൾ:
പനീർ - 200 ഗ്രാം
പാൽ - ഒന്നര ലിറ്റർ
കാരറ്റ് - രണ്ടെണ്ണം
പഞ്ചസാര - മുക്കാൽ കപ്പ്
കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
മൈദ - കാൽ കപ്പ്
നെയ്യ് - മൂന്ന് ടേബിൾ സ്പൂൺ
മിക്‌സ്ഡ് നട്ട്‌സ് - രണ്ട് ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
കുങ്കുമപ്പൂ - അല്പം
തയ്യാറാക്കുന്നവിധം: പനീർ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് മൈദയും ചേർത്ത് നന്നായി യോജിപ്പിച്ച് കുഴച്ചു മൃദുവാക്കി, ചെറിയ ഉരുളകളാക്കിയതിനു ശേഷം ഒന്ന് പരത്തി, ചെറിയ കോയിൻ രൂപത്തിൽ ആക്കി വെക്കുക. പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളക്കാൻ വെക്കുക. അഞ്ചു മിനിറ്റ് തിളയ്ക്കുമ്പോൾ തയ്യാറാക്കി വെച്ച പനീർ പഞ്ചസാര പാനിയിലേക്ക് ചേർത്ത് ഇടത്തരം തീയിൽ പത്തു മിനിറ്റ് മൂടിവെച്ചുവേവിച്ച് രസഗുള തയ്യാറാക്കാം. ശേഷം ഇത് പഞ്ചസാര പാനിയിൽ നിന്ന് മാറ്റി, ഐസ് വാട്ടറിൽ ഇട്ടുവെക്കുക. കുങ്കുമപ്പൂ അല്പം ചൂടുപാലിൽ ഇട്ടുവെക്കണം. ഇനി പാൽ തിളപ്പിക്കുക. ശേഷം ഇടത്തരം തീയിൽ വെച്ച്, മുക്കാൽ ലിറ്റർ ആവുന്നത് വരെ വറ്റിക്കണം. ഈ സമയംകൊണ്ട് ഉരുളിയിൽ നെയ്യ് ചൂടാക്കി, കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്ത് വഴറ്റുക. കാരറ്റ് പച്ചമണം മാറുന്നത് വരെ വഴറ്റണം. ശേഷം ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി പാലും ചേർത്ത് തിളപ്പിച്ച്, ഇടത്തരം തീയിൽ വെച്ച് കുറുകി വരുമ്പോൾ ഐസ് വാട്ടറിൽ ഇട്ടുവെച്ച രസഗുള ചേർക്കുക. ഏലയ്ക്ക പൊടിച്ചതും ചേർത്ത് അഞ്ചു മിനിറ്റ് ചെറുതീയിൽ വെച്ചതിനുശേഷം വാങ്ങാം. മിക്‌സ്ഡ് നട്ട്‌സ് കൊണ്ട് അലങ്കരിച്ച്, തണുപ്പിച്ച് വിളമ്പാം.
ചോക്ലേറ്റ് പാലട
ചേരുവകൾ:
പാലട - ഒരു കപ്പ്
പാൽ - രണ്ട് ലിറ്റർ
പഞ്ചസാര - രണ്ട് ടേബിൾസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് - അരക്കപ്പ്
വൈറ്റ് ചോക്ലേറ്റ് - 100 ഗ്രാം
നെയ്യ് - മൂന്ന് ടേബിൾസ്പൂൺ
കാഷ്യുനട്ട്‌സ് - 50 ഗ്രാം
ബദാം - രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്നവിധം: പാൽ കുക്കറിൽ ഒഴിച്ച് മൂടി, ഏറ്റവും ചെറുതീയിൽ രണ്ട് വിസിൽ വരുന്നത് വരെ വെക്കുക. തിളച്ച വെള്ളത്തിൽ അട ഇട്ട് വേവിച്ച് വെള്ളം വാർത്തെടുക്കുക. ഉരുളിയിൽ നെയ്യൊഴിച്ച് അടയും പഞ്ചസാരയും ചേർത്ത് വഴറ്റുക. ഇതിലേക്ക് പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി യോജിപ്പിക്കുക. വൈറ്റ് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്ത് മെൽട്ട് ചെയ്‌തെടുത്ത് പായസത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക. ചെറുതീയിൽ തിളച്ചു കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി, ക്രഷ് ചെയ്ത കാഷ്യുനട്ട്‌സും ബദാമും കൊണ്ട് അലങ്കരിച്ച്, തണുപ്പിച്ച് വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: onam-payasam-recipes-chocolate-palada-carrot-rasmalai