അറോറ മുതല്‍ ഓവര്‍ ടൂറിസം വരെ; രാത്രിയാത്രയിലേക്ക് ചേക്കേറി സഞ്ചാരികള്‍; നോക്ടൂറിസത്തിന് പ്രചാരമേറുന്നു

വര്‍ഷങ്ങള്‍ കടന്നുപോവുകയാണ്. അതുപോലെ തന്നെ സഞ്ചാരികള്‍ ലോകത്തെ കാണുന്ന രീതിയും മാറിക്കൊണ്ടിരിക്കുന്നു. സഞ്ചാരികള്‍ക്കിടയില്‍ പുതുതായി വന്ന അത്തരമൊരു പ്രവണതയാണ് നോക്ടൂറിസം. അഥവാ ഇരുട്ടിയതിന് ശേഷം ലോകം ചുറ്റിക്കാണുന്ന രീതി. വര്‍ഷങ്ങളായി, വിനോദസഞ്ചാരം എന്നാല്‍ സൂര്യോദയങ്ങള്‍, പകല്‍ വെളിച്ചത്തില്‍ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, രാത്രിയാകുമ്പോള്‍ മുറികളിലേക്ക് മടങ്ങുക എന്നതാണ്. അതില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുകയാണ് ഈ രീതി. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം മുതല്‍ രാത്രിയിലെ തിളങ്ങുന്ന കടലുകള്‍ വരെ, വെളിച്ചം അണയുമ്പോള്‍ ലോകം വളരെ വ്യത്യസ്തമായി കാണപ്പെടുന്നു എന്നതാണ് യാത്രക്കാരുടെ കണ്ടെത്തല്‍.
നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ഒരു സമീപകാല സര്‍വേ പ്രകാരം, 33 രാജ്യങ്ങളിലെ മൂന്നില്‍ രണ്ട് യാത്രക്കാരും ഇപ്പോള്‍ രാത്രികാല യാത്രകള്‍ തിരഞ്ഞെടുക്കുന്നവരാണ്. ആഡംബര ടൂര്‍ ഓപ്പറേറ്ററായ വേഫെയറര്‍ ട്രാവല്‍, 2024-ലെ രാത്രികാല യാത്രകളില്‍ 25 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഫ്‌ലാഷ് പാക്ക് സഹസ്ഥാപകന്‍ ലീ തോംസന്റെ അഭിപ്രായത്തില്‍, രാത്രികാല അനുഭവങ്ങളോടുള്ള താല്‍പ്പര്യത്തില്‍ 40 ശതമാനം വര്‍ധനവോടെ മില്ലേനിയലുകളാണ് ഈ രംഗത്ത് മുന്നില്‍. പകല്‍ സമയത്തെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നതും, ഇരുട്ടിന്റെ മാന്ത്രികതയുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
വന്യജീവി നിരീക്ഷണവും രാത്രിയിലേക്ക് മാറുകയാണ്. നാഷണല്‍ ജിയോഗ്രാഫിക്കിന്റെ കണക്കനുസരിച്ച്, ആഫ്രിക്കന്‍ സസ്തനികളില്‍ 70 ശതമാനം വരെ നിശാചാരികളാണ്. ഇത് ആര്‍ഡ്വാര്‍ക്ക് അല്ലെങ്കില്‍ ഹണി ബാഡ്ജര്‍ പോലുള്ള അപൂര്‍വ്വ ജീവികളെ കണ്ടെത്താന്‍ കൂടുതല്‍ രാത്രി സഫാരികള്‍ക്ക് വഴിയൊരുക്കുന്നു. ദക്ഷിണാഫ്രിക്ക മുതല്‍ മഡഗാസ്‌കര്‍ വരെ, താമസസ്ഥലങ്ങള്‍ ഇപ്പോള്‍ നിലാവെളിച്ചത്തിലുള്ള ട്രെക്കിങ്ങുകളും കാനോ യാത്രകളും വാഗ്ദാനം ചെയ്യുന്നു.
അറോറ ബോറിയാലിസിനെ (നോര്‍ത്തേണ്‍ ലൈറ്റ്‌സ്) കാണുന്നതു പോലെ മികച്ച അനുഭവങ്ങൾ നോക്ടൂറിസത്തിന്റെ പ്രത്യേകതയാണ്. നോര്‍ത്തേണ്‍ ലൈറ്റ്‌സ് ടൂറിസം വ്യവസായത്തിന് 2023-ല്‍ 686 ദശലക്ഷം പൗണ്ട് മൂല്യമുണ്ടായിരുന്നു. 'സോളാര്‍ മാക്‌സിമം' സമയത്ത് ഇതിന് കാഴ്ചക്കാർ കൂടുതലാണ്. പ്രകൃതി ലോകത്ത് നിങ്ങള്‍ക്ക് കണ്ടെത്താനാകുന്ന യഥാര്‍ഥ മാന്ത്രികതയയിലൊന്നാണിത്.
കെനിയയിലെ ഡീലക്‌സ് സഫാരി സ്റ്റാര്‍ ബെഡ്ഡുകള്‍ മുതല്‍ മാലിദ്വീപിലെ സ്വകാര്യ മണല്‍ത്തിട്ടകളിലെ താമസ സൗകര്യം വരെ, രാത്രിയെ ഉള്‍ക്കൊള്ളാന്‍ താമസസൗകര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ മില്യണ്‍ സ്റ്റാര്‍സ് ഹോട്ടല്‍ പ്രോജക്റ്റ്, വൈക്കോല്‍ വണ്ടികള്‍ മുതല്‍ ഗ്ലാസ് ഡോമുകള്‍ വരെ, നക്ഷത്രക്കാഴ്ചകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സവിശേഷമായ താമസസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
എക്‌സ്‌പെര്‍ട്ട് ആഫ്രിക്കയിലെ ക്രിസ് മക്കിന്റയര്‍ നാഷണല്‍ ജിയോഗ്രാഫിക്കിനോട് പറഞ്ഞത്, ഇത്തരം താമസസൗകര്യങ്ങള്‍ 'ശാന്തതയും ആവേശവും' സമന്വയിപ്പിക്കുന്നുവെന്നും യാത്രക്കാരെ സൗകര്യങ്ങളോടുകൂടി വനവുമായി വീണ്ടും ബന്ധിപ്പിക്കുന്നുവെന്നുമാണ്. യാത്രകളുെടെ പ്രധാന്യമേറുകയും ലോകത്ത് സന്ദര്‍ശിക്കാത്ത സ്ഥലങ്ങള്‍ കുറയുമ്പോള്‍, കാഴ്ചകള്‍ക്ക് ഒരു പുതിയ മാനം നല്‍കാന്‍ നോക്ടൂറിസത്തിന് സാധിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: discover the growing trend of noctourism, experiencing the magic of nighttime travel from stargazing to wildlife safaris.