പാറനീലികള്‍ക്കും ലോഹിതപ്പൂക്കള്‍ക്കുമൊപ്പം മാടായിപ്പാറയില്‍

വര: ശ്രീലാല്‍ എ.ജി
വര: ശ്രീലാല്‍ എ.ജി

പുലര്‍ച്ചെ അഞ്ചുമണിയായപ്പോഴേക്കും പ്രസാദ് കാറുമായി ഹോട്ടലിന് മുന്നില്‍ എത്തി. മാടായിപ്പാറയില്‍ നിന്ന് സൂര്യോദയം കാണണം. കണ്ണൂര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമേ മാടായിപ്പാറയിലേക്കുള്ളൂ. ഏകദേശം മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ്. കണ്ണൂരിലെ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധിയും എന്‍ജിനീയറുമാണ് പ്രസാദ്. ഇരുട്ടിനെയും തണുപ്പിനെയും വകഞ്ഞുമാറ്റി കാറ്  മാടായിപ്പാറ ലക്ഷ്യമാക്കി നീങ്ങി. സ്റ്റീരിയോയില്‍ നിന്നും ഗുലാം അലി ഒഴുകിയിറങ്ങുന്നുണ്ട്...  'ചുപ്‌കെ ചുപ്‌കേ രാത് ദിന്‍... 

റോഡില്‍ ട്രാഫിക് വളരെ കുറവായിരുന്നതിനാല്‍ വിചാരിച്ച സമയത്തെക്കാള്‍ മുമ്പ് മാടായിപ്പാറയിലെത്തി. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 50 അടി ഉയരത്തില്‍ 3.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ചെങ്കല്‍പാറകള്‍(Laterite Stone) നിറഞ്ഞ പ്രദേശമാണ് മാടായിപ്പാറ. പാറകള്‍ക്കിടയിലുള്ള ഇത്തിരി മണ്ണില്‍ നിറയെ പൂചൂടിയ പച്ചപ്പുണ്ടായിരിക്കും. ഓരോ ഋതുക്കളിലും മാടായിക്കുന്നിലെ ദൃശ്യാനുഭവങ്ങള്‍ വ്യത്യസ്തമാണ്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മാടായിപ്പാറ പൂക്കളുടെ നീല വിരിപ്പണിയും. എന്നാല്‍ വേനല്‍ക്കാലത്താകട്ടെ ഉണങ്ങിയ പുല്ലിന്റെ മഞ്ഞനിറവും. മഴക്കാലം തുടങ്ങുമ്പോള്‍ മാടായിപ്പാറ പച്ചവിരിപ്പണിയും.  

കുഞ്ഞുപൂക്കളുടെ സ്വര്‍ഗരാജ്യം
മാടായിപ്പാറയുടെ പ്രധാന സവിശേഷത അതിന്റെ ജൈവവൈവിധ്യമാണ്. ധാരാളം സസ്യ-ജന്തുജാലങ്ങളാണ് ഈ ഇടനാടന്‍ ചെങ്കല്‍ക്കുന്നിലുള്ളത്. മാടായിപ്പാറക്കാരായ ധാരാളം സസ്യങ്ങളെ ഇവിടെനിന്നും സസ്യശാസ്ത്രവിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിംഫോയിഡിസ് കൃഷ്ണകേസര (Nymphoides krishnakesara), റോട്ടാല മലബാറിക്ക (Rotala malabarica), ജസ്റ്റീഷ്യ ഏകകുസുമ (Justicia ekakusuma), ലെപിഡഗാതിസ് കേരളന്‍സിസ്(Lepidagathis keralensis), ലിന്‍ഡെര്‍നിയ മാടായിപാറെന്‍സിസ്(Lindernia madayiparensis) തുടങ്ങിയ 'മലയാളി' ശാസ്ത്രീയനാമധാരികള്‍ അവരില്‍ ചിലര്‍മാത്രം. ഇവ കൂടാതെ ധാരാളം ശലഭങ്ങളും തുമ്പികളും നിശാശലഭങ്ങളും ഉഭയജീവികളും ഉരഗങ്ങളും പക്ഷികളും സസ്തനികളും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇവയെക്കുറിച്ച് പഠിക്കാനായി ധാരാളം പേര്‍ ഇവിടയെത്തുന്നു.

മാടായിക്കുന്നിലെ സൂര്യോദയം 
മാടായിപ്പാറയിലെ നേര്‍ത്ത പാതകളിലൂടെ പ്രഭാതസവാരിക്കാര്‍ നടപ്പുതുടങ്ങിയിട്ടുണ്ട്. ചെരിപ്പുകള്‍ കാറില്‍ അഴിച്ചുവെച്ചു. കാഴ്ചകൊണ്ടും, ഗന്ധം കൊണ്ടും, ശബ്ദംകൊണ്ടും പ്രകൃതിയെ അറിയുന്നതുപോലെ തന്നെ കാലുകള്‍ മണ്ണില്‍ ചവിട്ടുമ്പോള്‍ നിങ്ങള്‍ സ്പര്‍ശം കൊണ്ടും പ്രകൃതിയെ അറിയും, അനുഭവിക്കും. കണ്ണൊന്നടച്ചാല്‍ കാലിലൂടെ അരിച്ചുകേറുന്ന ഇളംതണുപ്പും ചെവിയൊന്നോര്‍ത്താല്‍ നേര്‍ത്ത കാറ്റിന്റെ അകമ്പടിയോടെ കേള്‍ക്കുന്ന പേരറിയാപക്ഷിയുടെ പാട്ടും നിങ്ങളെ ധ്യാനനിരതനായ ഒരു ഏകാന്തസഞ്ചാരിയാക്കിമാറ്റും.
 

ആകാശം രാത്രിയുടെ പുതപ്പ് പതിയെ നീക്കിത്തുടങ്ങിയിട്ടുണ്ട്. കിഴക്ക് കടും നീല നിറം ആദ്യം ചുവപ്പും പിന്നീട് വയലറ്റും ഓറഞ്ചും മഞ്ഞയും പിന്നെ ഏതൊക്കെയോ നിറങ്ങളായും മാറുന്ന മനോഹരദൃശ്യം. പുതിയൊരു പ്രഭാതം കൂടിപിറവിയെടുക്കുകയാണ്; പുതിയ പ്രതീക്ഷകളും. ഉദിക്കുന്നത് ഒരേ സൂര്യനാണെങ്കിലും, ഉദിക്കുന്ന സ്ഥലത്തെ ആകാശവും പ്രകൃതിയുമായിച്ചേര്‍ന്ന്  ഓരോ ഉദയവും വരക്കുന്ന ചിത്രങ്ങള്‍ ഓരോ സ്ഥലത്തും വ്യത്യസ്ത അനുഭവങ്ങളായി മാറുന്നു. ചെരിഞ്ഞുപതിക്കുന്ന മഞ്ഞവെയിലില്‍ നിങ്ങളുടെ നിഴലുകള്‍ക്ക് നിങ്ങളെക്കാള്‍ ദൂരംസഞ്ചരിക്കാനാവും. മാടായിപ്പാറയിലെ കോടാനുകോടി പുല്‍നാമ്പുകളിലേക്ക് സൂര്യാംശു പതിയെ പതിയെ പ്രവേശിക്കുകയാണ്. 

കാക്കപ്പൂമെത്തയില്‍ 
ഓഗസ്റ്റ്-സെപ്തംബര്‍ മാസമാവുമ്പോഴേക്കും മാടായിപ്പാറ, കാക്കപ്പൂവുകള്‍ തീര്‍ക്കുന്ന വയലറ്റ് പുതപ്പുകൊണ്ടു മൂടും. ഇതു കാണാനായി ധാരാളം സഞ്ചാരികളാണ് ഈ സമയത്ത് ഇവിടെ എത്തുന്നത്. കുഞ്ഞുപൂക്കളുടെ ഒരു പറുദീസ തന്നെയാണ് മാടായിപ്പാറ. രാവിലെ നേരത്തേ മാടായിപ്പാറയിലെത്തുകയാണെങ്കില്‍ തലേന്ന് വൈകുന്നേരം പുഷ്പിച്ച് സൂര്യനുദിക്കുമ്പോഴേക്കും തലതാഴ്ത്തിനില്‍ക്കുന്ന അന്തിപ്പൂക്കളെ കാണാം (Rhamphicarpa longiflora). നിശാശലഭങ്ങളാണ് ഇവയില്‍ പരാഗണം നടത്തുന്നത്. നീണ്ടവിരലുകളിലെ രോമങ്ങളുടെ അറ്റത്ത് നിറയെ മധു നിറച്ച് ഇരയെകാത്തുകിടക്കുന്ന ഇരപിടിയന്മാരായ അഴുകണ്ണികള്‍(Drosera indica) പൂത്തുനില്‍ക്കുന്നതും കാണാം. കുഞ്ഞിക്കോളാമ്പിപ്പൂക്കള്‍(Parasopubia Hofmannii var. Albiflora) വലിയ മഞ്ഞക്കോളാമ്പിപ്പൂക്കളുടെ കുഞ്ഞു പതിപ്പാണ്. ഇരുവശത്തേക്കും തിരിച്ചുവച്ച ഗ്രാമഫോണ്‍ സ്പീക്കറുകളുടെ രൂപത്തിലുള്ള ഇവ വെള്ള നിറത്തിലും പിങ്ക് നിറത്തിലും കണാനാവും.

അല്പമൊന്ന് സൂക്ഷിച്ചുനോക്കിയാലേ പാറനീലിപ്പൂക്കളെ (Murdannia semiteres) കാണാനാവൂ. മണ്ണില്‍ വേരുകളൂന്നി പാറയിലേക്ക് ചാരിനില്‍ക്കുന്ന ലോഹിതപ്പൂക്കളെ(Neanotis subtilis) കാണാന്‍ പ്രത്യേകഭംഗിയാണ്. എന്തോ കാരണത്താല്‍ നമ്മുടെ പറമ്പില്‍ നിന്നെല്ലാം പിണങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന തുമ്പപ്പൂക്കള്‍, സുരക്ഷിതമായ ഇടമായതുകാരണമാവണം ഇവിടെ ധാരാളമായി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ട്. അതെ, എല്ലാവരും തിരക്കിട്ടോടുന്ന ഈ ലോകത്ത് നമ്മുടെ ചുറ്റുമുള്ള, സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണുന്ന സന്തോഷങ്ങളെ നിശബ്ദം കാത്തുസൂക്ഷിച്ചിരിക്കുകയാണ് മാടായിപ്പാറ; കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ നിശ്ചലമാക്കപ്പെട്ടപോലെ...ഇനിയും പൂക്കാലങ്ങളെ വരവേല്‍ക്കാനായി.
 


Getting there:  
By Air:   Kannur International Airport (50 km), Calicut International Airport (140 km)
By Rail: Pazhayangadi (2 km), Kannur (25 km) 
By Road: 15Km to Taliparamba and 26 km to Kannur. Madayipara is easily accessible by the National Highway 66 (NH 66) which connects the southern end of Goa and Mumbai and the northern end of Kochi and Thiruvananthapuram

Courtesy for Scientific Details:
Dr.Pramod. C
Assistant Professor
Dept. of Botany
University of Calicut

Content Highlights: madayipara travelogue