സുന്ദരിയായ വെറോണിക്കയെ ഉന്മാദത്തിലാക്കിയ ലുബ്ല്യാനാ നഗരം

ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ 'വെറോണിക്ക ഡിസൈഡ്സ് ടു ഡൈ' എന്ന പുസ്തകം വായിച്ചിട്ട് ഏറെക്കാലമായി. കഥ നടക്കുന്നത് സ്ലൊവീനിയയുടെ തലസ്ഥാനനഗരമായ ല്യുബ്ല്യാനയിലാണ്. കഥയില്‍ വെറോണിക്ക എന്ന ഇരുപത്തിനാലുകാരി സുന്ദരി, ഉറക്കഗുളികകള്‍ കഴിച്ച് മരിക്കാന്‍ തീരുമാനിക്കുന്നു. മരണത്തിലേക്ക് വഴുതിവീഴുന്നതിനുമുന്‍പ് ഒരു മാസിക വായിക്കാനെടുക്കുന്നു. അതില്‍ 'സ്ലൊവീനിയ എവിടെയാണ്?' എന്ന ഒരു ലേഖനം വായിക്കുന്ന അവള്‍ തന്റെ മരണത്തിനു കാരണം, അതാണെന്ന് വരുത്തിത്തീര്‍ക്കുന്നവണ്ണം ഒരു കത്ത് പത്രാധിപര്‍ക്കെഴുതുന്നു. പിന്നീടവള്‍ കണ്ണുതുറക്കുന്നത് ഒരു ഭ്രാന്താശുപത്രിയിലാണ്. ജീവിതത്തിന്റെ സൗന്ദര്യം മരണത്തിന്റെ മുനമ്പില്‍നിന്നു നോക്കിക്കാണുന്ന, ഉന്മാദവും പ്രണയവും നിറഞ്ഞ കൃതി.
വര്‍ഷങ്ങള്‍ക്കിപ്പുറം സ്ലൊവീനിയയിലാണ് ഞാന്‍. ആകാശത്തോളം തലയുയര്‍ത്തിനില്‍ക്കുന്ന ല്യുബ്ല്യാന കാസിലിനുമുന്നില്‍ ഒരുനിമിഷം ഞാന്‍ വിസ്മയിച്ചുനിന്നു. കഥകളുറങ്ങുന്ന നഗരം. വൈറ്റ് വൈനും കടല്‍വിഭവങ്ങളും രുചിച്ച് നദിയിലേക്കുനോക്കി ജീവിതം ആഘോഷിക്കുന്ന ജനത. കടുംചുവപ്പന്‍ സ്‌ട്രോബെറിപ്പഴങ്ങള്‍ നിറഞ്ഞ സെന്‍ട്രല്‍ മാര്‍ക്കറ്റ്. ഇവിടെ എവിടെയോ ആകണം ഡോക്ടര്‍ ഇഗോറിന്റെ മനോരോഗാശുപത്രി.
Content Highlights: Discover Ljubljana, Slovenia`s capital, with its rich history, stunning architecture, and vibrant culture.