1967-നുശേഷം കൊല്‍ക്കത്ത കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു അത്

#നൗഷാദ്
ഹൗറ സ്‌റ്റേഷന്‍ / ഫോട്ടോ: Shutterstock
ഹൗറ സ്‌റ്റേഷന്‍ / ഫോട്ടോ: Shutterstock

ആനന്ദനഗരം (City of Joy) എന്ന കൊല്‍ക്കത്തെയെക്കുറിച്ചുള്ള ഡൊമിനിക് ലാപിയറുടെ പുസ്തകത്തിലെ വൃദ്ധന്‍ പറയുന്നുണ്ട്: ''കര്‍പ്പൂരം പോലെയാണ് എന്റെ ഓര്‍മ്മകള്‍. കാലം ചെല്ലുംതോറും അത് ആവിയായിക്കൊണ്ടിരിക്കുന്നു.'' പല യാത്രകളും ആവിയായിപ്പോയ സുഗന്ധപൂരിതമായ ഓര്‍മ്മകളാണ്. എന്നാല്‍, ചില യാത്രകള്‍ മാത്രം മനസ്സില്‍ മുദ്രിതമായി നില്‍ക്കുന്നു. അങ്ങനെയൊരു യാത്രയായിരുന്നു, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനൊപ്പമുള്ള കൊല്‍ക്കത്തയാത്ര. 

ഇന്ത്യയിലെ മിക്ക നഗരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെങ്കിലും കൊല്‍ക്കത്തയില്‍ പോയിരുന്നില്ല. എന്റെ രണ്ടാം യാത്രയായിരുന്നു. കവി ഒ.പി. സുരേഷ്, പി. അജിത് കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം 1996-ലായിരുന്നു ആദ്യയാത്ര. പുനത്തിലിനൊപ്പമുള്ള യാത്രയുടെ തീയതി അറിയാന്‍ പ്രിയദര്‍ശന്റെ 'തേന്മാവിന്‍ കൊമ്പത്ത്' എന്ന തിരക്കഥയുടെ നാലാം പേജ് നോക്കിയാല്‍ മതി എനിക്ക്. 

2007 മേയ് 27. ആ പുസ്തകത്തിന്റെ പ്രകാശനത്തിന്റെ പിറ്റേ ദിവസമായിരുന്നു യാത്ര. അന്ന് ഒലിവ് ബുക്‌സിലായിരുന്നു ഞാന്‍ ജോലിചെയ്തിരുന്നത്. കോഴിക്കോട് നടക്കാവിലെ ഈസ്റ്റ് അവന്യൂ ഹാളിലായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റെ പ്രകാശനം. എം.ടി. വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, എം.കെ. മുനീര്‍ തുടങ്ങിയവര്‍ കൃത്യസമയത്തുതന്നെ എത്തിയിരുന്നു. അളകാപുരിയില്‍ നിന്നിറങ്ങിയ പുനത്തില്‍ ബ്ലോക്കില്‍ കുടുങ്ങി. കാറില്‍ കൂടെയുണ്ടായിരുന്ന ഗായകന്‍ ഷഹബാസ് പറഞ്ഞു: ''പരിപാടി തുടങ്ങിക്കോളാന്‍ കുഞ്ഞിക്ക പറഞ്ഞു, ഞങ്ങള്‍ എത്താറായി...''

ഞാന്‍ സ്വാഗതം പറഞ്ഞവസാനിപ്പിക്കുമ്പോഴാണ് പുനത്തില്‍ കിതച്ചുകൊണ്ട് സ്റ്റേജിലേക്കു കയറിവരുന്നത്. അടുത്തത് അധ്യക്ഷനായ അദ്ദേഹത്തിന്റെ ഊഴമായിരുന്നു. വൈകിയതിന്റെ വെപ്രാളവും ഒരുക്കമില്ലാതെ പെട്ടെന്ന് പ്രസംഗിക്കേണ്ടിവന്നതും കാരണം പുനത്തിലിന്റെ പ്രസംഗം പാളി. പരസ്പര ബന്ധമില്ലാതെ നീണ്ടുപോയ പ്രസംഗം എല്ലാവരെയും അസ്വസ്ഥരാക്കി. ഞാന്‍ പിന്നില്‍ ചെന്ന്, ''കുഞ്ഞിക്ക അധ്യക്ഷനാണ്, ഇനിയും സംസാരിക്കാം; പ്രസംഗം ചുരുക്കണം'' എന്ന് പതുക്കെ പറഞ്ഞു. പുനത്തില്‍ പ്രസംഗം ഒന്നുനിര്‍ത്തി, പിന്നെ തുടര്‍ന്നു: ''ആരുപറഞ്ഞാലും ഞാന്‍ നിര്‍ത്തില്ല.'' പിന്നെ എനിക്കെതിരേയായി സംസാരം. പ്രസംഗം പെട്ടെന്നവസാനിപ്പിച്ച് സ്റ്റേജില്‍നിന്നിറങ്ങി അദ്ദേഹം പുറത്തേക്കു നടന്നു. എന്താണു സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും സ്തബ്ധരായി. 

പിന്നീട് സംസാരിച്ചവരാരും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അരാജകാഘോഷങ്ങളിലെ ഒരു ചെറിയ നിമിഷമായി എല്ലാവരും അതിനെ സ്വീകരിച്ചു. പ്രകാശനം ഭംഗിയായി തീര്‍ന്നു. പക്ഷേ, എന്റെ സന്തോഷമെല്ലാം അവസാനിച്ചിരുന്നു. ഉള്ളിലെ തീയുമായി അളകാപുരിയിലേക്ക് ചെന്നു. നാളെ കൊല്‍ക്കത്തയ്ക്കു യാത്രപോകേണ്ട കൂട്ടുകാര്‍ പി. അജിത്കുമാര്‍, ടി.കെ. ഇബ്രാഹിം, മുഹമ്മദ് ഷാജു എന്നിവരും മുറിയിലുണ്ട്. കട്ടിലിനടുത്ത് യാത്രയ്ക്കായി ഒരുക്കിവെച്ച പെട്ടി. നിശ്ശബ്ദനായിരിക്കുന്ന പുനത്തിലിന്റെ അരികിലേക്കുചെന്ന് ഞാന്‍ ക്ഷമാപണം നടത്തി. കുഞ്ഞിക്ക എഴുന്നേറ്റ് കൈപിടിച്ചു. ''എന്റെ ഗുരു എം.ടി.ക്കുമുന്നിലാണ് ഞാന്‍... അതുമാത്രമാണ് സങ്കടം. ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്...'', വാക്കുകള്‍ കിട്ടാതെ പുനത്തില്‍ കുറച്ചുനേരം നിന്നു. ആ കണ്ണുകളില്‍ സങ്കടമുണ്ടായിരുന്നു. പെട്ടെന്ന് പുനത്തില്‍ പറഞ്ഞു: ''പോനാല്‍ പോകട്ടും പോടാ... വാ ഇരിക്ക്...'' മുറിയില്‍ ആഹ്ളാദം, ജലംപോലെ നിറഞ്ഞു.

കൊല്‍ക്കത്തയ്ക്ക് പുറപ്പെടുംമുമ്പ് അളകാപുരിയില്‍

പിറ്റേ ദിവസം വൈകീട്ട് ഞങ്ങള്‍ ചെന്നൈ മെയിലിന് മദ്രാസിലേക്ക് വണ്ടികയറി. ചെന്നൈയില്‍ പുലര്‍ച്ചെ ട്രെയിനിറങ്ങുമ്പോള്‍ സ്റ്റേഷനില്‍ രാമചന്ദ്രന്‍ കാത്തുനിന്നിരുന്നു. പുനത്തിലിന്റെ വടകരദേശക്കാരനായ രാമചന്ദ്രന്‍ ചെന്നൈയില്‍ റെയില്‍വേയിലാണ് ജോലിചെയ്യുന്നത്. ചെന്നൈ മലയാളിസമാജം പ്രവര്‍ത്തകനും സഹൃദയനുമായ രാമേട്ടന്‍ ഞങ്ങളെ കൊണ്ടുപോയത് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്തുള്ള പെരേരാ സ്ട്രീറ്റിലെ ടാസ് ലോഡ്ജിലേക്കാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ ആത്മകഥയായ 'നഷ്ടജാതക'ത്തില്‍ ഈ ഹോട്ടലിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനായ തൃക്കരിപ്പൂരുകാരന്‍ അബ്ദുറഹിമാനെക്കുറിച്ചും പറയുന്നുണ്ട്. പുനത്തില്‍ വിദ്യാര്‍ഥിയായി ആദ്യമായി അലിഗഢിലേക്കു പോകുമ്പോള്‍ താമസിച്ചത് ഈ ലോഡ്ജിലായിരുന്നു.

''ടാസ് ലോഡ്ജ് ഒരു ചെറിയ സ്ഥാപനമാണ്. മൂന്ന് കട്ടിലിലായി 12 മുറികള്‍. കോമണ്‍ ബാത്ത്റൂം. അന്നത്തെ മുറിവാടക അഞ്ചുരൂപയായിരുന്നു. എന്നോട് വസൂലാക്കിയിട്ടില്ല. ഒരിക്കല്‍പ്പോലും വാങ്ങിയിട്ടില്ല. ഇന്നും മദിരാശിയില്‍ പോയി തിരിച്ചുവരുമ്പോള്‍ വണ്ടിയില്‍ രാത്രി കഴിക്കാനുള്ള ഭക്ഷണപ്പൊതി അബ്ദുറഹിമാന്‍ കൊടുത്തയക്കും, കൂടെ ഒരു ബോട്ടിലും കാണും. അദ്ദേഹം മദ്യം കഴിക്കാറില്ലെങ്കിലും എന്റെ ഇഷ്ടത്തിന് വിലങ്ങുതടിയാവാറില്ല. അബ്ദുറഹിമാന്റെ ആകാരം വലുതാണെങ്കിലും സൗമ്യനായിരുന്നു. സഹൃദയന്‍. വായനക്കാരന്‍. പത്തുമണിവരെ ഉറങ്ങും. രാത്രിയില്‍ ചീട്ടുകളിയും പെരിമേസണ്‍ നോവല്‍വായനയും...'' (നഷ്ടജാതകം).

ടാസ് ഹോട്ടലില്‍ അബ്ദുറഹിമാന്‍ സാഹിബ് ഉണ്ടായിരുന്നില്ല. നാട്ടിലായിരുന്നു. ആ അസാന്നിധ്യം പുനത്തിലിന് അനുഭവപ്പെടാത്തവിധം രാമേട്ടന്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമായി സദാ സന്നദ്ധനായി നിന്നു. ഞങ്ങള്‍ കുളിച്ച് ഫ്രഷായിവരുമ്പോഴേക്കും ശരവണഭവനില്‍നിന്ന് പ്രാതലെത്തിയിരുന്നു. 

എട്ടുമണിക്ക് കോറമാന്‍ഡല്‍ എക്‌സ്പ്രസില്‍ ഞങ്ങളെ യാത്രയാക്കുന്നതുവരെ രാമേട്ടന്‍ ഒപ്പം നിന്നു. അഞ്ചുപേര്‍ക്കുംകൂടി സെക്കന്‍ഡ് എ.സി.യിലെ ഒരേ കംപാര്‍ട്ട്മെന്റിലാണ് ടിക്കറ്റ് റിസര്‍വുചെയ്തിരുന്നത്. അതെല്ലാം പുനത്തിലിന്റെ നിര്‍ബന്ധങ്ങളായിരുന്നു. പുനത്തില്‍ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും നെല്ലിക്കച്ചാക്കുകളുടെ കെട്ടഴിച്ചുവിട്ടു. ഷാജു, തലത്തിനെയും ഗുലാം അലിയെയും ജഗ്ജിത് സിങ്ങിനെയും യേശുദാസിനെയും ആവാഹിച്ചുകൊണ്ടുവന്നു. അജി, നര്‍മം ചാര്‍ത്തിയ കഥകളിലൂടെ ചിരികള്‍ വിതറി. ഇബ്രാഹിം സൈദ്ധാന്തികചര്‍ച്ചകളുടെ പുസ്തകങ്ങള്‍ തുറന്നു. സഞ്ചരിക്കുന്ന ഒരു അളകാപുരി ഹോട്ടല്‍ മുറിയായി തീവണ്ടി കൊല്‍ക്കത്തയിലേക്ക് കുതിച്ചുപാഞ്ഞു.

കൊല്‍ക്കത്തയില്‍ ഞങ്ങളുടെ ആതിഥേയര്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയായ പി. വേണുഗോപാലും എടപ്പാള്‍ സ്വദേശി ടി.കെ. ഗോപാലുമായിരുന്നു. ഹൗറ സ്റ്റേഷനില്‍ കാറുമായി അവര്‍ കാത്തുനിന്നിരുന്നു. കൊല്‍ക്കത്തയിലെത്തുന്ന മലയാളികള്‍ക്ക് എന്നും കൂട്ടായിനില്‍ക്കുന്ന സഹൃദയനായ മനുഷ്യനാണ് വേണുവേട്ടന്‍. എം.ടി. വാസുദേവന്‍ നായര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ലൈറ്റ് ഹൗസ്' എന്നാണ്.

ഇരുപതിലധികം പ്ലാറ്റ്ഫോമുകളുള്ള ഹൗറ റെയില്‍വേ സ്റ്റേഷന്‍ ഒരു ഇരമ്പുന്ന നഗരം പോലെ മുന്‍പില്‍ നിന്നു. പുറത്ത് റോഡില്‍ മഞ്ഞ ടാക്‌സികളുടെ മഹാപ്രളയം. താരാ മഹല്‍ ഹോട്ടലിലായിരുന്നു താമസം. ബ്ലെസിയുടെ നാലാമത്തെ സിനിമയായ 'കല്‍ക്കട്ടാ ന്യൂസി'ന്റെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. ബ്ലെസിയും യൂണിറ്റ് അംഗങ്ങളും താമസിക്കുന്നത് താരാ മഹലിലാണ്. വൈകുന്നേരം ഗോപാലും വേണുവേട്ടനും വന്നു. ഞങ്ങള്‍ പിറ്റേന്നത്തെ യാത്രയുടെ പ്ലാനിങ്ങുകള്‍ നടത്തി.

ഒരു ബംഗാള്‍ ഗ്രാമം കാണണമെന്ന ആഗ്രഹം പുനത്തില്‍ നേരത്തേ പറഞ്ഞിരുന്നു. ബിഭൂതിഭൂഷണിലൂടെയും സത്യജിത് റായിയിലൂടെയും അനശ്വരമായ ബംഗാളി ഗ്രാമങ്ങള്‍. 'പഥേര്‍ പാഞ്ജലി' സിനിമയുടെ വലിയ ആരാധകനായിരുന്നു പുനത്തില്‍. 'സ്മാരകശിലകള്‍' എഴുതാന്‍ പ്രേരണയായത് ആ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

രാത്രി കല്‍ക്കട്ടാ ന്യൂസിന്റെ സെറ്റിലേക്ക് ഞങ്ങള്‍ ചെന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വേശ്യത്തെരുവുകളിലൊന്നായ സോനാഗച്ചിയിലായിരുന്നു ഷൂട്ടിങ്. ഇന്ദ്രജിത്തിന്റെ ഒരു ബാര്‍ സീന്‍ ആയിരുന്നു ബ്ലെസി ചിത്രീകരിച്ചുകൊണ്ടിരുന്നത്. തെരുവ് നടന്നുകാണണമെന്ന് പുനത്തില്‍, വേണുവേട്ടനോട് ആഗ്രഹം പ്രകടിപ്പിച്ചു. വേണുവേട്ടന്‍ നിരുത്സാഹപ്പെടുത്തി: ''അപകടമാണ്.''. ഒടുവില്‍ പുനത്തിലിന്റെ നിര്‍ബന്ധം കാരണം സമ്മതിച്ചു. അദ്ദേഹം ഏര്‍പ്പാടാക്കിത്തന്ന രണ്ട് ബംഗാളികള്‍ക്കൊപ്പം ഞങ്ങള്‍ സോനാഗച്ചിയുടെ രാത്രിയിലൂടെ നടന്നു.

പിന്നീട് പുനത്തില്‍ എഴുതി: ''സന്ധ്യകഴിഞ്ഞ സമയത്താണ് അവിടെ എത്തിയത്. വലിയ ആഘോഷം നടക്കുന്ന ഏതോ പട്ടണത്തിന്റെ പ്രതീതിയായിരുന്നു. നൂറുകണക്കിന് ഗലികള്‍. എല്ലാം ഇടുങ്ങിയവ. വഴികളുടെ ഇരുഭാഗവും ചെറുതും വലുതുമായ വീടുകള്‍. മാളികയുള്ള വീടുകളുമുണ്ട്. വീടിനുമുന്നില്‍ വസ്ത്രാലങ്കാരഭൂഷിതരായി നില്‍ക്കുന്ന സ്ത്രീകള്‍. കണ്ണുകളില്‍ സുറുമയും കവിളില്‍ പൗഡറും തേച്ചുപിടിപ്പിച്ച് അവര്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. ചിലര്‍ പുഞ്ചിരികൊണ്ട്, ചിലര്‍ വശ്യമായ ഒരു നോട്ടംകൊണ്ട്, ചിലര്‍ വടിവൊത്ത ഒരു ചലനംകൊണ്ട്, ചിലര്‍ അശ്ലീലമായ ചുരുക്കം വാക്കുകള്‍കൊണ്ട്, ചിലര്‍ കൈമുദ്രകള്‍കൊണ്ട്, ചിലര്‍ പാദസരം കിലുക്കിക്കൊണ്ട് കൊച്ചുകുട്ടികളെ മാറില്‍ വെച്ചുകൊണ്ട്, ചിലര്‍ അടിവയറും പൊക്കിച്ചുകൊണ്ട്, ചിലര്‍ നഗ്‌നമായ കണങ്കാല്‍വരെ കാണിച്ചുകൊണ്ട്. ഗലിനിറയെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. 

വഴിയുടെ ഇരുഭാഗത്തും കച്ചവടപ്പീടികകളും ബ്രാണ്ടി ഷോപ്പുകളും ഉണ്ട്. ഹോട്ടലും ജവുളിക്കടയും പാന്‍കടയും മസാലക്കടയും മരുന്നുകടയും എല്ലാം അതില്‍പ്പെടുന്നു. നിങ്ങളൊരു ആവശ്യക്കാരനാണെന്ന് മനസ്സിലാക്കുമ്പോള്‍ പിമ്പുകള്‍ പിന്നാലെ കൂടും. അവര്‍ പലതരം വാഗ്ദാനങ്ങളും പ്രലോഭനങ്ങളും കലവറയില്ലാതെ വാരിയെറിയും. നിങ്ങളുടെ പോക്കറ്റിന്റെ കനംപോലെ ഇഷ്ടപ്പെട്ട ഇണയെ തിരഞ്ഞെടുക്കാം. മണിക്കൂറുകളോ രാത്രിമുഴുവനുമോ നിങ്ങള്‍ക്കവിടെ ചെലവഴിക്കാം. ആയിരം മുതല്‍ പതിനായിരം ഉറുപ്പികവരെ വാടകയുള്ള മുറികളുണ്ട്. നൂറുരൂപയ്ക്ക് കാര്യം സാധിക്കുന്ന ഇടുങ്ങിയ കൊച്ചുമുറികളുമുണ്ട്. മിക്കവരും കുടുംബവുമായിട്ടാണ് അവിടെ കഴിഞ്ഞുകൂടുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളും അമ്മയും സഹോദരീസഹോദരന്മാരും അടങ്ങുന്ന കുടുംബങ്ങള്‍. ഭര്‍ത്താവും സഹോദരനും പുറത്തിറങ്ങുമ്പോള്‍ പിമ്പുകളായിമാറുമെന്നുമാത്രം...'' (പൂക്കാതിരിക്കാന്‍, ഭാഷാപോഷിണി, ഒക്ടോബര്‍ 2007).

സോനാഗച്ചിയില്‍നിന്ന് തിരിച്ച് നഗരത്തിന്റെ ഫുട്പാത്തിലേക്കു നടക്കുമ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. അടഞ്ഞുകിടന്ന കടകളുടെ മുന്നില്‍ ഫുട്പാത്തില്‍ നൂറുകണക്കിനാളുകള്‍ പ്രായഭേദമെന്യേ, പുതപ്പുപോലുമില്ലാതെ ഉറങ്ങാന്‍ കിടക്കുന്നു. നിര്‍ത്തിയിട്ട റിക്ഷകള്‍. ആനന്ദത്തിന്റെ മൂടുപടങ്ങള്‍ക്കുള്ളില്‍ ദാരിദ്ര്യത്തിന്റെ ചലമൊലിക്കുന്ന ഉണങ്ങാത്ത വ്രണങ്ങള്‍...കല്‍ക്കട്ടാ ന്യൂസിന്റെ നിര്‍മാതാവ് തമ്പി ആന്റണി ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഹോട്ടല്‍മുറിയില്‍ ഒരു ഡിന്നര്‍ ഒരുക്കിയിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ മുറിയില്‍ അതിഥിയായി ഒരാളുണ്ടായിരുന്നു. അന്നത്തെ ബംഗാളിലെ പൊതുമരാമത്തുമന്ത്രി!

''ജീവനോടെ ഒരു ബംഗാളി മന്ത്രിയെ കാണാമല്ലോ എന്നുകരുതി മുറിയിലേക്ക് ചെന്നു. ചാക്യാര്‍കൂത്ത് മോഡലിലുള്ള ഒരു അറുപതുകാരന്‍. തന്റെ വലിയ കുടവയര്‍ സോഫയിലേക്ക്, തലയണയുടെ സഹായത്തോടെ താങ്ങിനിര്‍ത്തി, ഷിവാസ് റീഗല്‍ വിസ്‌കി ഐസ്‌കട്ടകള്‍ മാത്രം ചേര്‍ത്ത് നുണഞ്ഞുകൊണ്ടിരിക്കുകയാണ്. കണ്ണുകള്‍ പാതി അടഞ്ഞിരുന്നു. വാക്കുകള്‍ ഒരു കൊഴുത്ത ദ്രാവകം പോലെ ഇടയ്ക്കിടെ പുറത്തുവരുന്നുണ്ട്. സെക്രട്ടറി ലാപ്ടോപ്പില്‍ എന്തോ പരതുകയാണ്. അപരിചിതരായ ഞങ്ങളെ കണ്ടിട്ട് മന്ത്രിക്ക് ഒരുകുലുക്കവുമില്ല. അദ്ദേഹം ബാബാ പുകയിലയും രജനീഗന്ധ പാക്കും ഉള്ളംകൈയിലിട്ട് ഞരടി ഇടയ്ക്കിടെ തന്റെ വായിലേക്കു തള്ളുന്നുണ്ട്. പല്ലുകള്‍ കറുത്തും മോണകള്‍ പഴുത്തുവീങ്ങിയുമിരുന്നു. അതല്ല അദ്ഭുതം, കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളായി ഈ മനുഷ്യന്‍തന്നെയാണ് പൊതുമരാമത്ത് മന്ത്രി...'' (പൂക്കാതിരിക്കാന്‍).

പാര്‍ട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ രാത്രി പിറ്റേ ദിവസത്തിലേക്ക് ചാഞ്ഞുതുടങ്ങിയിരുന്നു. ചെറുതായി മഴപെയ്യുന്നുണ്ടായിരുന്നു. മുറിയിലെത്തി കിടക്കയില്‍ വീണതേ ഓര്‍മ്മയുള്ളൂ. പിറ്റേന്ന് രാവിലേ മഴയുടെ ശബ്ദം കേട്ടാണ് ഞങ്ങള്‍ ഉറക്കമുണരുന്നത്. തുറന്ന ജനാലയിലൂടെ കണ്ടു, ഇന്നലെ നടന്നുവന്ന റോഡുമുഴുവനും വെള്ളം കയറിയിരിക്കുന്നു. കല്‍ക്കട്ടാ ന്യൂസ് പ്രൊഡക്ഷന്റെ യൂണിറ്റ് വാനുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് തൊട്ടിലിലെന്നപോലെ ആടുന്നു. 1967-നുശേഷം കൊല്‍ക്കത്ത കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു അത്!

വെള്ളപ്പൊക്കത്തിനിടെ ഷൂട്ടിങ്ങുമായി ബ്ലെസി

രണ്ടുദിവസം ഞങ്ങള്‍ മുറിയില്‍ കുടുങ്ങി. വെള്ളപ്പൊക്കക്കാഴ്ചകള്‍ ടിവിയില്‍ കണ്ട് മുറിയിലിരിക്കുകയല്ലാതെ വേറേ മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. ഹോട്ടലിലെ ഭക്ഷണവും തീര്‍ന്നിരുന്നു. സിനിമായൂണിറ്റിലെ അംഗങ്ങള്‍ക്കൊപ്പം ഞങ്ങളും ഭക്ഷണം പങ്കിട്ടുകഴിച്ചു. 'കാഴ്ച'യുടെ തിരക്കഥ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ബ്ലെസിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. അക്കാലം മുതല്‍ അദ്ദേഹത്തില്‍ കാണുന്ന, പ്രശ്‌നങ്ങളെ നിര്‍മമനായി നേരിടുന്ന പ്രകൃതം ഇന്നും തുടരുന്നു. 'ആടുജീവിതം' പ്രതിസന്ധികള്‍ മറികടന്ന് സ്‌ക്രീനിലെത്തിക്കാനും അദ്ദേഹത്തിന് കരുത്തുനല്‍കിയത് ആന്തരികമായ ഈ ആത്മീയതയാണ്.

മൂന്നാംദിവസം റോഡ് സഞ്ചാരയോഗ്യമായപ്പോള്‍ വേണുവേട്ടന്‍ വന്ന് ഞങ്ങളെ ബാലീഗഞ്ചിലുള്ള അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് കാറില്‍ കൊണ്ടുപോയി. ഒരു പ്രളയത്തിന്റെ അവശിഷ്ടങ്ങളുമായി നഗരം നനഞ്ഞുകിടക്കുകയായിരുന്നു. റോഡരികില്‍ അടിച്ചുകൂട്ടിയ ചെളിക്കൂമ്പാരങ്ങള്‍. നിരയായി നിര്‍ത്തിയിട്ട റിക്ഷാവണ്ടികള്‍. പിറ്റേന്ന് ചെറിയ മഴപെയ്യുന്ന ഇരുണ്ട പകലിലേക്ക് ഞങ്ങളിറങ്ങി. ട്രാമിലും ബസ്സിലും റിക്ഷകളിലും കയറി നഗരത്തില്‍ സഞ്ചരിച്ചു. ഒരു റിക്ഷാവണ്ടിക്കാരനുമായി പുനത്തില്‍, വേണുവേട്ടന്റെ സഹായത്തോടെ സംസാരിച്ചു. ഒരുദിവസം മുഴുവന്‍ റിക്ഷവലിച്ചാല്‍ അയാള്‍ക്കു കിട്ടുന്നത് 80 രൂപയാണ്. ആളുകളെ പിന്നിലിരുത്തി ചുട്ടുപൊള്ളുന്ന റോഡിലൂടെ ഓടി, പരന്നുപോയ കാല്‍പ്പാദങ്ങള്‍ അയാള്‍ ഞങ്ങളെ കാണിച്ചു. ബംഗ്ലാദേശില്‍നിന്ന് അതിര്‍ത്തിയിലൂടെ ഒളിച്ചുകടന്ന് കൊല്‍ക്കത്താ നഗരത്തിലെത്തുന്നവരാണ് അധികവും. റിക്ഷാക്കാര്‍ ചോദിച്ചതിലും ഇരട്ടി പണം പുനത്തില്‍ അവര്‍ക്ക് കൊടുത്തു.

കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറി ഞങ്ങള്‍ സന്ദര്‍ശിച്ചു. മലയാളിയായ ലൈബ്രേറിയന്‍ കെ.കെ. കൊച്ചുകോശി, അസിസ്റ്റന്റ് ലൈബ്രേറിയന്‍ ലളിത എന്നിവര്‍ പുനത്തിലിനെ ഹാര്‍ദമായി സ്വീകരിച്ചു. ഏക്കര്‍കണക്കിന് വിശാലമായ ഒരിടത്താണ് ലൈബ്രറി കെട്ടിടം സ്ഥിതിചെയ്യുന്നത്. വെള്ളപ്പൊക്കം ലൈബ്രറിയെയും ബാധിച്ചിരിക്കുന്നു. താഴത്തെ മുറികളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മലയാളത്തിലെ മിക്ക പത്രമാസികകളും പ്രസിദ്ധീകരണങ്ങളും അവിടെ വരുന്നുണ്ട്. ഇന്ത്യയിലെ പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഒരുകോപ്പി നാഷണല്‍ ലൈബ്രറിക്ക് അയച്ചുകൊടുക്കണമെന്നാണ് നിയമം. മലയാളം സെക്ഷനില്‍ കൊണ്ടുപോയി കൊച്ചുകോശി, പുനത്തിലിന്റെ പുസ്തകങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു.

രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവീടായ ജോറാസാങ്കോയിലേക്കും ശാന്തിനികേതനിലേക്കുമുള്ള യാത്ര ഞങ്ങള്‍ക്ക് മാറ്റിവെയ്‌ക്കേണ്ടിവന്നു. ടാഗോര്‍, പുനത്തിലിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വടകരയിലെ സ്വന്തം ആശുപത്രിക്ക് ശാന്തിനികേതന്‍ എന്നായിരുന്നു അദ്ദേഹം പേരുനല്‍കിയിരുന്നത്. കന്യാവനങ്ങളില്‍ ടാഗോറിന്റെ കൃതികളിലെ ചില ഭാഗങ്ങള്‍ എടുത്തുചേര്‍ത്തുവെന്നതിന് അദ്ദേഹത്തിന് വലിയ വിമര്‍ശനം നേരിടേണ്ടിവന്നു. മറ്റൊരു കൊല്‍ക്കത്തയാത്രയില്‍ ആഗ്രഹങ്ങള്‍ സഫലീകരിക്കാമെന്ന തീരുമാനത്തോടെ ഞങ്ങള്‍ തിരിച്ച് മടങ്ങി. 

എന്നാല്‍, പിന്നീടൊരു കൊല്‍ക്കത്തയാത്ര നടന്നില്ല. പുനത്തിലിനൊപ്പം പിന്നെയും യാത്രകള്‍പോകാനുള്ള ഭാഗ്യമുണ്ടായി. അതില്‍ രണ്ട് അലിഗഢ് യാത്രകളുമുണ്ടായിരുന്നു. ഒരു മനുഷ്യനെ മനസ്സിലാക്കാന്‍ അയാള്‍ക്കൊപ്പം യാത്രപോയാല്‍മതി എന്ന വിശുദ്ധവചനത്തിന്റെ പൊരുളറിഞ്ഞ ദിവസങ്ങളായിരുന്നു അതെല്ലാം. എഴുത്തുകാരന്‍, പ്രശസ്തന്‍ എന്ന ഭാവങ്ങളൊന്നുമില്ലാതെ മനുഷ്യരുമായി ഇടപെടുന്ന പുനത്തില്‍, യാത്രയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെ ശാന്തനായി നേരിട്ടു. പ്രായത്തെ മറികടന്ന് ഉത്സാഹത്തോടെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഒരു കുട്ടിയെപ്പോലെ യാത്രികന്റെ കൗതുകം സൂക്ഷിച്ചു. 

അസുഖമായി കിടക്കുകയായിരുന്ന പുനത്തിലിനെ ഞങ്ങള്‍ സന്ദര്‍ശിച്ചു. മൗനിയായി കിടക്കയില്‍ കിടക്കുന്ന അദ്ദേഹത്തോട് ഷാജു പറഞ്ഞു: ''കുഞ്ഞിക്കാ, വേഗം സുഖമായിട്ട് വേണം തുര്‍ക്കി യാത്ര പോകാന്‍''. പുനത്തിലിന്റെ വലിയ ആഗ്രഹമായിരുന്നു തുര്‍ക്കി യാത്ര. മാറ്റിവെച്ച ആ യാത്രയുടെ ഓര്‍മ്മ കണ്ണുകളില്‍ തിളക്കമാകുന്നത് ഞങ്ങള്‍ കണ്ടു. സൗമ്യനായി ചിരിച്ചു. ''നീ എന്നെ എടുത്തുകൊണ്ട് പോണം''. രണ്ടാഴ്ചക്ക് ശേഷം 2017 ഒക്ടോബര്‍ 27-ന് പുനത്തില്‍ 'പരലോക'ത്തിലേക്ക് യാത്രയായി.. 

മിര്‍സാ ഗാലിബിന്റെ കവിതയിലെതുപോലെ, പറുദീസയിലെ എല്ലാ മധുരഫലങ്ങളും നിങ്ങള്‍ക്കുമുന്നില്‍ വെച്ചാലും കൊല്‍ക്കത്തയിലെ മാമ്പഴത്തിന്റെ ഓര്‍മ്മ വിടാതെ പിന്തുടരും...അതേ, ആ കൊല്‍ക്കത്തയാത്രയുടെ ഓര്‍മ്മ വിടാതെ ഇപ്പോഴും ഒപ്പം സഞ്ചരിക്കുന്നുണ്ട്.
 

Content Highlights: kolkata travel diary