രുചികരമായ ചാട്ട് പ്ലാറ്ററുകൾ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളിൽ ഏറെ പ്രചാരത്തിലുള്ളവയാണ് ചാട്ട് വിഭവങ്ങൾ. പാനി പൂരിയും സമോസ ചാട്ടുമൊക്കെ എന്നേ നമ്മുടെ പ്രിയ വിഭവങ്ങളായിക്കഴിഞ്ഞു. ചാട്ട് മസാലയുടെ എരിവും മിന്റ് ചട്ണി നൽകുന്ന ഫ്രഷ്‌നെസ്സും സ്വീറ്റ് ആൻഡ് സോർ ചട്ണിയുടെ പുളിയും മധുരവുമെല്ലാം വിദേശികൾക്ക് വരെ സുപരിചിതമാണ്. നമുക്കും ചില ചാട്ട് പ്ലാറ്ററുകൾ വീട്ടിൽ പരീക്ഷിച്ചുനോക്കിയാലോ? അതിഥിസത്കാരത്തിന് ചാട്ട് പ്ലാറ്ററുകൾ മികച്ചൊരു ഓപ്ഷനാണ്.
ചാട്ട് പ്ലാറ്റർ
ചേരുവകൾ:
ഹങ് കർഡ് (Hung Curd) - ഒരു കപ്പ്
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
അനാർ - ഒന്ന്
മൈദ - ഒരു കപ്പ്
കടലമാവ് - അരക്കപ്പ്
സവാള - ഒന്ന്
തക്കാളി - രണ്ടെണ്ണം
വാളൻപുളി - 100 ഗ്രാം
ശർക്കരപ്പൊടി- 100 ഗ്രാം
ചാട്ട് മസാല - ഒരു ടീസ്പൂൺ
മുളകുപൊടി - രണ്ട് ടീസ്പൂൺ
കായപ്പൊടി - അര ടീസ്പൂൺ
അയമോദകം - കാൽ ടീസ്പൂൺ
ജീരകപ്പൊടി - കാൽ ടീസ്പൂൺ
മല്ലിയില - അരക്കപ്പ്
പുതിന - കാൽ കപ്പ്
പച്ചമുളക് - മൂന്നെണ്ണം
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, സൺഫ്‌ളവർ ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ആദ്യം പാപ്ടി തയ്യാറാക്കാനായി മൈദയിലേക്ക് അയമോദകം, രണ്ട് ടേബിൾ സ്പൂൺ എണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം കുറേശ്ശേ ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചു വെക്കുക. അര മണിക്കൂറിനു ശേഷം ഈ മാവ് വലിയ വട്ടത്തിൽ പരത്തി, റൗണ്ട് മോൾഡ് കൊണ്ട് ചെറിയ വട്ടങ്ങളായി മുറിച്ചെടുക്കുക. ഒരു ഫോർക്ക് കൊണ്ട് എല്ലാത്തിലും പ്രിക്ക് ചെയ്ത ശേഷം തിളച്ച എണ്ണയിൽ വറുത്തുകോരി മാറ്റി വെക്കുക. ഇനി കടലമാവിലേക്ക് കായപ്പൊടി, മുളകുപൊടി, ഉപ്പ്, ഒരു ടേബിൾ സ്പൂൺ എണ്ണ എന്നിവ ചേർത്ത് യോജിപ്പിക്കുക, ഇതിലേക്ക് വെള്ളം ചേർത്ത് ചപ്പാത്തി മാവിനെക്കാൾ അയഞ്ഞ പരുവത്തിൽ മിക്‌സ് ചെയ്യുക. ഈ മാവ് ഇടിയപ്പം അച്ചിലിട്ട് തിളച്ച എണ്ണയിലേക്ക് വട്ടത്തിൽ പിഴിയുക. മൊരിഞ്ഞു വരുമ്പോൾ കോരി ആറാൻ വെക്കുക. ശേഷം കൈ കൊണ്ട് നന്നായി പൊടിച്ച് സേവ് തയ്യാറാക്കാം.
സ്വീറ്റ് ആൻഡ് സോർ ചട്ട്‌നി തയ്യാറാക്കാൻ പുളി പിഴിഞ്ഞ് അര കപ്പ് പൾപ് എടുത്ത്, അതിലേക്ക് ശർക്കര, ഒരു ടീസ്പൂൺ മുളകുപൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. ഗ്രീൻ ചട്ട്‌നി ഉണ്ടാക്കാൻ മല്ലിയില, പുതിന, പച്ചമുളക്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇനി പ്ലാറ്റർ സെറ്റ് ചെയ്യാനുള്ള പരന്ന വലിയ സെർവിങ് ട്രേ എടുക്കുക. ഹങ് കർഡ് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരു വിസ്‌ക് കൊണ്ട് ബീറ്റ് ചെയ്ത് യോജിപ്പിക്കുക. ട്രേയിൽ ഹങ് കർഡ് ഒരു സ്പാറ്റുല കൊണ്ട് സ്‌പ്രെഡ് ചെയ്യുക. അതിന് മുകളിലേക്ക് പുഴുങ്ങി, ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് നിരത്തുക. അതിന് മുകളിൽ സ്വീറ്റ് ആൻഡ് സോർ ചട്ട്‌നി തൂവുക. സവാള, തക്കാളി എന്നിവ ചെറുതായി അരിഞ്ഞതും നിരത്തുക. തയ്യാറാക്കിയ പാപ്ടി കൈ കൊണ്ട് പൊടിച്ചതും സേവും മിന്റ് ചട്ട്‌നിയും തൂവി മുകളിൽ ചാട്ട് മസാലയും മല്ലിയിലയും അനാറും തൂവി സെർവ് ചെയ്യാം.
റഗ്ഡാ ചാട്ട് പ്ലാറ്റർ
ചേരുവകൾ:
വെള്ള പട്ടാണി - ഒരു കപ്പ്
ഉരുളക്കിഴങ്ങ് - ഒന്ന്
അനാർ - ഒന്ന്
സവാള - രണ്ടെണ്ണം
തക്കാളി - രണ്ടെണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടീസ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
സേവ് - ഒരു കപ്പ്
ഹങ് കർഡ് - അരക്കപ്പ്
പാപ്ടി - പത്തെണ്ണം
സ്വീറ്റ് ആൻഡ് സോർ ചട്‌നി - മൂന്ന് ടേബിൾ സ്പൂൺ
മിന്റ് ചട്‌നി - രണ്ട് ടേബിൾ സ്പൂൺ
ജീരകം - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
ചാട്ട് മസാല - ഒരു ടീസ്പൂൺ
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പട്ടാണിയും തൊലി കളഞ്ഞു കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും വെള്ളമൊഴിച്ചു അല്പം ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. കഡായിൽ എണ്ണ ചൂടാക്കി, ജീരകം ചേർക്കുക. സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് എണ്ണ തെളിയുമ്പോൾ എല്ലാ പൊടികളും ചേർക്കുക. നന്നായി യോജിപ്പിച്ച്, വേവിച്ച പട്ടാണിയും ഉരുളക്കിഴങ്ങും ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ മല്ലിയിലയും തൂവി വാങ്ങാം. ഇനി പ്ലാറ്റർ തയ്യാറാക്കാൻ ഒരു പരന്ന ട്രേയിൽ തയ്യാറാക്കിയ പട്ടാണി ഉരുളക്കിഴങ്ങ് മസാല നിരത്തുക. അതിനു മുകളിൽ ചെറുതായി അരിഞ്ഞ സവാള, തക്കാളി, മല്ലിയില എന്നിവ തൂവുക. അതിനു മുകളിൽ ഹങ് കർഡ്, സ്വീറ്റ് ആൻഡ് സോർ ചട്ട്‌നി, മിന്റ് ചട്ട്‌നി എന്നിവ തൂവുക. അതിനു മുകളിൽ സേവ്, പാപ്ടി പൊടിച്ചത്, അനാർ, നാരങ്ങ നീര്, മല്ലിയില, അല്പം ചാട്ട് മസാല എന്നിവ തൂവി വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi