ഇണചേരുന്ന കാലത്ത് ആണ്‍പക്ഷികള്‍ പോരടിക്കും. ജയിക്കുന്നയാളെ പെണ്‍പക്ഷി സ്വീകരിക്കും;ഇറാഖ് മുതല്‍ ഇന്‍ഡോ-ചൈന വരെ കാണപ്പെടുന്ന പനങ്കാക്ക

പറമ്പിക്കുളത്തെ ആനപ്പാടി ഡോര്‍മെട്രിയിലെ ഒരു നേച്ചര്‍ ക്യാമ്പ്. വര്‍ഷം 2004. കണ്ണൂരില്‍നിന്നെത്തിയ വിദ്യാര്‍ഥികളും ഏതാനും അധ്യാപകരുമുണ്ട്. രാജവെമ്പാലയുടെയും കരടിയുടെയും മലമുഴക്കി വേഴാമ്പലിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയ കഥ പറയുമ്പോള്‍ പുറത്ത് ഏതോ പക്ഷികള്‍ ബഹളംകൂട്ടി. ''പനങ്കാക്കകള്‍ ശണ്ഠകൂടുന്നു,'' ഗൈഡ് ജിമ്മി പറഞ്ഞു. പുറത്തേക്കിറങ്ങിയപ്പോള്‍ രണ്ട് പനങ്കാക്കകള്‍ കാലുകള്‍ തമ്മില്‍ കോര്‍ത്തും നീലിമ കലര്‍ന്ന ചിറകുകള്‍ പരസ്പരം അടിച്ചും താഴേവീണു. മറ്റൊരു പനങ്കാക്ക ഇതൊന്നും അറിയാത്ത മട്ടില്‍ വെണ്‍തേക്കിന്റെ ശിഖരങ്ങളില്‍ ചിറകുകള്‍ കോതി ഇരിക്കുന്നതു കണ്ടു. ഇവയുടെ പ്രജനനകാലമാണിതെന്ന് അപ്പോഴാണ് ഓര്‍മ്മിച്ചത്. സാധാരണ ഡോര്‍മെട്രിയുടെ ഈ ഭാഗത്ത് ഒരു പനങ്കാക്കയെയാണ് കണ്ടിട്ടുള്ളത്. ഇണചേരുന്ന കാലമായതുകൊണ്ടാണ് മൂന്നു പനങ്കാക്കകള്‍ പ്രത്യക്ഷപ്പെട്ടത്. ശണ്ഠകൂടിയവര്‍ ആണ്‍കാക്കകളും തനിയേ ഇരിക്കുന്നത് പെണ്‍പക്ഷിയും ആണെന്ന് മനസ്സിലായി. ഇണചേരുന്ന കാലത്ത് പെണ്‍പക്ഷിയുടെ പിന്നാലെ രണ്ടുമൂന്ന് ആണ്‍പക്ഷികള്‍ എത്താറുണ്ട്. പരസ്പരം പോരടിച്ച് അതില്‍ ജയിക്കുന്ന കേമനെയാണ് പെണ്‍പക്ഷി വരിക്കുക.
പറമ്പിക്കുളവുമായി അതിര്‍ത്തി പങ്കിടുന്ന ആനമല വന്യജീവിസങ്കേതത്തിന്റെ ആകര്‍ഷണകേന്ദ്രമായ ടോപ് സ്ലിപ്പിലെ പുല്‍മൈതാനത്തിനരികിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇരിക്കുന്ന ഒരു പനങ്കാക്കയെ പലപ്പോഴും കണ്ടിട്ടുണ്ട്. ചിലപ്പോള്‍ അത് ആണ്‍പക്ഷിയാകാം. ഒറ്റനോട്ടത്തില്‍ ആണ്‍-പെണ്‍ പക്ഷികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളൊന്നും ഇല്ലതാനും. പനങ്കാക്കകള്‍ പ്രജനനകാലയളവില്‍ വായുവില്‍ പല പ്രകടനങ്ങളും കാണിക്കാറുണ്ട്. ഇത്തരം അഭ്യാസങ്ങള്‍ കാരണമാണ് ഇവയുടെ സ്വന്തക്കാര്‍ക്കെല്ലാം 'റോളര്‍' എന്ന പേരുവന്നത്. പറമ്പിക്കുളത്തെ ആനപ്പാടി ഡോര്‍മെട്രിയിലേക്ക് വാഹനങ്ങള്‍ തിരിയുന്ന ഭാഗത്തെ ഫോറസ്റ്റ് ഓഫീസിന് മുന്നിലും പനങ്കാക്കയെ കാണാറുണ്ട്.