ചിക്കന്‍, മട്ടന്‍, ബീഫ് കീമയുണ്ടെങ്കിൽ പാചകം ഇനി എളുപ്പമാണ്

ഇറച്ചി പാകം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ അത് വീക്കെന്‍ഡിലേക്ക് മാറ്റിവെക്കുന്ന പതിവുണ്ടോ നിങ്ങള്‍ക്ക്? രാവിലത്തെ തിരക്കിനിടയില്‍ നോണ്‍വെജ് ഉണ്ടാക്കാനുള്ള സമയക്കുറവാണ് പലരും കാരണമായി പറയുന്നത്. എന്നാല്‍ ഇനി തിരക്കുള്ള ദിവസങ്ങളില്‍ കീമ കൊണ്ടുള്ള വിഭവങ്ങള്‍ തയ്യാറാക്കിനോക്കാം. ഇറച്ചിയുടെ എല്ലാ ഗുണങ്ങളും കിട്ടുകയും ചെയ്യും പാചകം ചെയ്യാന്‍ എളുപ്പവുമാണ്. സമയത്തെപ്പറ്റി ടെന്‍ഷനേ വേണ്ട. എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചിക്കന്‍, മട്ടണ്‍, ബീഫ് എന്നിവയുടെ കീമ ലഭ്യമാണ്. കീമയോടൊപ്പം ഗ്രീന്‍ പീസ്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് പലതരം വിഭവങ്ങള്‍ തയ്യാറാക്കാം. സമയം കിട്ടുമ്പോള്‍ കീമ ഫില്ലിങ് തയ്യാറാക്കി ഫ്രീസറില്‍ വെക്കാം. പഫ്‌സ്, സമൂസ, കട്‌ലറ്റ്, പറാത്ത, കീമ ദോശ എല്ലാം ഒരേ ഫില്ലിങ് കൊണ്ടു തയ്യാറാക്കാന്‍ കഴിയും. കുറഞ്ഞ സമയംകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് കീമ വിഭവങ്ങള്‍ നോക്കിയാലോ.
കീമ പറാത്ത
ചേരുവകള്‍
കീമ - 250 ഗ്രാം
മൈദ - രണ്ട് കപ്പ്
സവാള - ഒന്ന്
പച്ചമുളക് - ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മല്ലിയില - അരക്കപ്പ്
ബട്ടര്‍ - മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചു വയ്ക്കുക. ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ കീമ ഉപയോഗിച്ച് കീമാ പറാത്ത തയ്യാറാക്കാം. കീമയിലേക്ക് എല്ലാ പൊടികളും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നിറംമാറി വരുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് കീമ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മൂടി വയ്ക്കുക. ചെറുതീയില്‍ വച്ച് പതിനഞ്ചു മിനിറ്റ് വേവിക്കുക. വേവാനുള്ള വെള്ളം കീമയില്‍ നിന്ന് തന്നെ ഊറിവരും. ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ക്കാം. വെന്തതിനു ശേഷം മൂടി മാറ്റി ഇടത്തരം തീയില്‍ വെച്ച് വെള്ളം വറ്റിച്ച് ഡ്രൈ ആക്കിയെടുക്കുക. മല്ലിയിലയും തൂവി മാറ്റി വയ്ക്കാം. കുഴച്ചു വെച്ച മാവ് ഉരുളകളാക്കി വയ്ക്കുക. ഒരു ഉരുള ചെറുതായി കട്ടിയില്‍ പരത്തി, അതിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ കീമ മസാല വെച്ച് എല്ലാ വശത്തു നിന്നും മോമോസിന്റെ ആകൃതിയില്‍ ഒരു കിഴി പോലെ ആക്കി, ഒട്ടിക്കുക. ചപ്പാത്തിക്കല്ലില്‍ മൈദ തൂവി വയ്ക്കുക. സ്റ്റഫ് ചെയ്ത ഉരുള അല്പം കട്ടിയുള്ള പറാത്തയായി പരത്തി, ദോശക്കല്ലില്‍ ചുട്ടെടുക്കാം. ഓരോ വശത്തും ബട്ടര്‍ തൂവി ഇളം ബ്രൗണ്‍ നിറമായി വരുന്നത് വരെ മൊരിയിച്ചെടുക്കുക. ഇതേ ഫില്ലിങ് കൊണ്ട് കീമ ദോശയും തയ്യാറാക്കാം.
കീമ ആലൂ മട്ടര്‍
ചേരുവകള്‍
കീമ - 200 ഗ്രാം
ഗ്രീന്‍ പീസ് - ഒരു കപ്പ്
ഉരുളക്കിഴങ്ങ് - രണ്ട്
ചുവന്നുള്ളി - അരക്കപ്പ്
ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ചില്ലി ഫ്‌ലേക്‌സ് - ഒരു ടേബിള്‍ സ്പൂണ്‍
പട്ട, ഗ്രാമ്പു, തക്കോലം - രണ്ട് വീതം
പെരുംജീരകം പൊടിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി - ഒന്ന്
ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കഡായില്‍ എണ്ണ ചൂടാക്കി, പട്ട, ഗ്രാമ്പു, തക്കോലം എന്നിവ ചേര്‍ക്കുക. ചുവന്നുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇളം ബ്രൗണ്‍ നിറം ആവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ പൊടികളും ചേര്‍ക്കുക. തക്കാളി അരച്ചതും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. കീമയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് തിളക്കുമ്പോള്‍ ഗ്രീന്‍ പീസും ഉരുളക്കിഴങ്ങ് ക്യൂബ് ആയി അരിഞ്ഞതും ചേര്‍ത്തിളക്കുക. മൂടിവെച്ച് ഇടത്തരം തീയില്‍ പതിനഞ്ചു മിനിറ്റ് വേവിക്കുക. ചില്ലി ഫ്‌ലേക്‌സ് ചേര്‍ത്ത് ഇളക്കുക. എല്ലാം വെന്ത് ഗ്രേവി കുറുകി വരുമ്പോള്‍ മല്ലിയിലയും തൂവി വിളമ്പാവുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Healthy meets tasty with our special keema recipes