മനസ്സിലെ മുറിവുണങ്ങാനും സമ്മർദ്ദം കുറയ്ക്കാനും ഗ്രീഫ് ട്രാവലുകള്‍

യാത്ര എന്നത് എല്ലായ്‌പ്പോഴും ഓഫീസിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്നോ ജീവിതത്തിന്റെ വിരസതയില്‍ നിന്നോ ഒഴിഞ്ഞുമാറാനാവണം എന്നില്ല,ചിലപ്പോൾ അത് നഷ്ടങ്ങളെ നേരിടാനോ, പ്രിയപ്പെട്ടവരുടെ വിടപറയല്‍ ഉണ്ടാക്കുന്ന ശുന്യത കൊണ്ടോ ആകാം. നിങ്ങളൊരു പ്രണയനഷ്ടത്തിലൂടെ കടന്നുപോകുകയാണെങ്കില്‍, യാത്ര അതില്‍ നിന്നുളള രക്ഷപ്പെടല്‍ മാത്രമല്ല, മറിച്ച് മനസിലെ വേദനകളെ ഒരു പരിധിവരെ അതിജീവിക്കാനുള്ള മാർഗം കൂടിയാണ്.

ദുഃഖത്തെ മറികടക്കാനായി നടത്തുന്ന യാത്രകള്‍ക്ക് ഗ്രീഫ് ട്രാവല്‍ (Grief Travel) എന്നാണ് പറയുന്നത്. ആ യാത്രയില്‍ കാണേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒന്നും പ്രധാനമല്ല. മറിച്ച് നമ്മുടെ ഉള്ളിലെ വേദനകള്‍, നഷ്ടബോധം എന്നിവ ഇല്ലാതാക്കാനുള്ള ശ്രമമായിരിക്കണം. ആരോഗ്യകരമായ ശരീരം പോലെ പ്രധാനമാണ് മനസ്സും. മനസ്സ് ആക്ടീവായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ജോലിഭാരവും സമ്മർദ്ദവും മൂലം ആത്മഹത്യകള്‍ കൂടി വരുന്ന കാലമാണിത്. അത്തരം സാഹചര്യങ്ങളില്‍ ഒരു യാത്ര ജീവിതത്തിനേകുന്ന ആശ്വാസം ചെറുതല്ല.

ബോളിവുഡ് സിനിമയായ 'ക്വീന്‍'-ലെ (Queen) നായിക റാണിയെ ഓര്‍മ്മയില്ലേ? വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിസുധ വരന്‍ പിന്മാറിയപ്പോള്‍, ബുക്ക് ചെയ്ത ഹണിമൂണ്‍ യാത്ര അവള്‍ ഒറ്റയ്ക്ക് പോയി. ആ യാത്ര അവള്‍ക്കൊരു തിരിച്ചറിവായിരുന്നു. സങ്കടങ്ങള്‍ മറക്കാനാണു പോയതെങ്കിവും ആ യാത്ര അവളുടെ ജിവിതത്തിനു പുതു അര്‍ഥമേകി. അവള്‍ സ്വത്വം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ തുടങ്ങുന്നത് അന്നു മുതലാണ്.

'ഈറ്റ്,പ്രേ,ലൗ' (Eat Pray,LOve) എന്ന ഇംഗ്ലീഷ് സിനിമയിലും എന്ന സിനിമയിലും നായിക എലിസബത്ത് ഗില്‍ബര്‍ട്ട് വിവാഹമോചനത്തിന് ശേഷം ഇറ്റലി, ഇന്ത്യ, ബാലി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നു. സ്വന്തം ജീവിതത്തെ വീണ്ടും കണ്ടെത്താനും മനസ്സിലെ മുറിവുകള്‍ക്ക് മരുന്നാവാനുമാണ് അവളുടെ യാത്ര.

മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്, ശരിയായ മനോഭാവത്തോടെ യാത്ര തുടങ്ങുമ്പോള്‍ അത് ശക്തമായൊരു ചികിത്സാരീതി പോലെ പ്രവര്‍ത്തിക്കുമെന്നാണ്. അതേ സ്ഥലത്ത് കുടുങ്ങിനില്‍ക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ തന്നെ വീണ്ടും വീണ്ടും മുന്നിലെത്തും. പക്ഷേ, യാത്ര പുതുമകള്‍ പരിചയപ്പെടുത്തും. പുതിയ മുഖങ്ങള്‍, പരിചയമില്ലാത്ത തെരുവുകള്‍, വേറിട്ട രുചികള്‍, ചുറ്റുപാട് എന്നിവയെല്ലാംമാറ്റങ്ങൾക്ക് കാരണമാകും. ഈ മാറ്റങ്ങള്‍ക്കിടയില്‍ ഉള്ളിലെ വേദന മറന്നുപോകുന്നില്ലെങ്കിലും, അതിനെ കൈകാര്യം ചെയ്യുന്ന രീതി മാറുന്നു.

ഒരു പുതിയ നഗരം, ഗ്രാമം, രാജ്യം അവിടെ നിങ്ങളെ ആരും വിമര്‍ശിക്കുന്നില്ല, ജഡ്ജ് ചെയ്യുന്നില്ല. പുതിയ അന്തരീക്ഷം മാനസിക സമ്മര്‍ദ്ധങ്ങളുടെയും, വേദനാജനകമായ ഓര്‍മ്മകളുടെയും ചുഴിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. ''പ്രകൃതിയിലേക്ക് ലയിക്കുന്നതിലൂടെ സിറോട്ടോണിന്‍ പോലുള്ള മൂഡ് -എന്‍ഹാന്‍സിങ് ന്യൂറോട്രാന്‍സ്മിറ്റെര്‍സ് (mood-enhancing neurotransmitters)തലച്ചോറിൽ പ്രവര്‍ത്തനക്ഷമമാകും. ഇതുവഴി മനസ്സിന് സമതുലിതാവസ്ഥ കിട്ടുകയും സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു.

അടുത്ത തവണ മനസ്സിനു ഭാരം തോന്നുമ്പോള്‍, ജീവിതത്തോട് വിരക്തി തോന്നുമ്പോള്‍ ഒരു യാത്ര പോയി നോക്കൂ. ദൂര യാത്രകള്‍ തന്നെ വേണമെന്നില്ല, സ്വാഭാവിക പരിസരത്തു നിന്നു മാറി നില്‍ക്കുമ്പോള്‍ തന്നെ സ്വയം വ്യത്യാസം അനുഭവപ്പെടും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover grief travel & find solace. Explore new places, heal emotional wounds, and rediscover yourself after loss or heartbreak.