ഭക്ഷണം സ്വാദിഷ്ടമാകണം, പക്ഷേ നമ്മുടെ കണ്ണീര് കൊണ്ടല്ല സ്വാദ് കൂട്ടേണ്ടത്, അനുജത്തി തന്ന പാഠം

രുചികരമായ ഭക്ഷണം നമുക്കുവേണ്ടി മറ്റുള്ളവര്‍ ഒരുക്കി, കാത്തിരുന്ന്, അത് വിളമ്പിത്തന്ന്, നമ്മുടെ അടുത്തിരുന്ന് അത് കഴിപ്പിക്കുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അമ്മ ഒരുക്കി കാത്തിരിക്കുന്ന അത്താഴത്തെ പറ്റി പണ്ടെപ്പോഴോ വിനയചന്ദ്രന്‍ മാഷ് പറഞ്ഞത് ഓര്‍ക്കുന്നു. എന്റെ അമ്മയും അങ്ങനെ തന്നെയാണ്. മത്തിക്കറിയും രസവും വെണ്ടയ്ക്കാത്തോരനും ചേരുമ്പോള്‍ അമ്മയായി. പിന്നെ അടുത്തിരുന്ന് വിശേഷങ്ങള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഭക്ഷണം ഉണ്ടാക്കി അത് വിളമ്പിത്തന്ന് കൂടെയിരുന്ന് കഴിപ്പിച്ച ഒരുപാട് പ്രിയപ്പെട്ടവര്‍ ഉണ്ട്. എന്നാലും ഇടയ്ക്കിടെ രുചിയാറാട്ട് നടത്തി വയറും മനസ്സും ഒരു പോലെ നിറച്ച രണ്ട് പേരുണ്ട്. അവര്‍ക്കീ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.
അനിയന്റെ കൂടെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുമ്പോള്‍ തന്നെ എറണാകുളത്ത് നിന്നും വിളി വന്നു, 'ചേച്ചി പെട്ടെന്ന് വരൂ, ഞാന്‍ മത്തിക്കറിയും സിലോപ്പിയ വറുത്തതും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്'. കേട്ടപ്പോള്‍ തന്നെ കാറിന് വേഗത അല്പം കുറവാണോ എന്നൊരു ശങ്ക. പത്തരമണിക്ക് അവിടെ എത്തിയപ്പോള്‍ ചൂട് ചോറും ബീന്‍സ് തോരനും സിലോപ്പിയ വറുത്തതും മത്തിക്കറിയും മോര് കാച്ചിയതും എന്നെ നോക്കി ചിരിച്ചുകൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അമ്മ സാധാരണ വിളമ്പിത്തരാറുള്ളത് പോലെ എന്റെ കൂടെ വന്നിരുന്ന് അനിയത്തി എനിക്ക് വിളമ്പിത്തന്നുകൊണ്ട് ഞാന്‍ കഴിക്കുന്നത് നോക്കി അടുത്തിരുന്നു.
അനിയനും കുടുംബവും പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുമെങ്കിലും പലപ്പോഴും അനിയന്റെ രുചികള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. അനിയന്റെ ഭാര്യ സൗമ്യയ്ക്ക് എന്താണിഷ്ടം, എന്താണിഷ്ടമല്ലാത്തത് എന്ന് ചോദിച്ചിരുന്നെങ്കിലും ഒരിക്കലും അത് ഉണ്ടാക്കിക്കൊടുക്കുവാനുള്ള ഒരു വിശാലമനസ്‌കത ഞാന്‍ കാട്ടിയിരുന്നില്ല. അങ്ങനെയുള്ള എനിക്ക് ഒരുക്കി വെച്ചിരുന്ന ഈ വിരുന്ന് കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. അന്ന് രാത്രിയില്‍ മാത്രമല്ല പിറ്റേന്ന് രാത്രിയിലും അത് കഴിഞ്ഞുള്ള ഉച്ചയൂണിനും എനിക്ക് പ്രിയപ്പെട്ട കറികള്‍ മാത്രം ഒരുക്കിയിരുന്ന അനിയത്തിക്ക് ഒരായിരം നന്ദി.
ഒരുപക്ഷേ വല്ലാതെ അച്ചടക്കം ശീലിച്ചതിനാലാവാം, പഠിത്തത്തിലും വീട് വൃത്തിയാക്കി വയ്ക്കുന്നതിലും സാധനങ്ങള്‍ എല്ലാം അടുക്കിവെക്കുന്നതിലും കാണിക്കുന്ന അച്ചടക്കം, യാതൊരുതര അച്ചടക്കവുമില്ലാത്ത എന്നെ പേടിപ്പിച്ചു. യൂട്യൂബ് നോക്കി കറികള്‍ ഉണ്ടാക്കുമ്പോള്‍ കൃത്യ അളവില്‍ തന്നെ കറിമസാലകള്‍ ചേര്‍ക്കുന്നതിനാലാവാം കണക്കിലെ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്ന രീതിയില്‍ കൃത്യതയോട് കൂടിയുള്ള രുചിയേറിയ കറികള്‍ ആയിരുന്നു അവള്‍ ഉണ്ടാക്കിയിരുന്നത്. കുറച്ച് വെളിച്ചെണ്ണയില്‍ നന്നായി മൊരിഞ്ഞ ഗാര്‍ലിക് ചിക്കന്‍ ഹോട്ടലില്‍ പോലും ഞാന്‍ കഴിച്ചിട്ടില്ല, ഇത്രയും രുചിയായി കുറഞ്ഞ വെളിച്ചെണ്ണയില്‍ മീന്‍ വറുക്കുന്നത് എങ്ങനെ എന്ന് എനിക്കറിയില്ല. അവള്‍ ഒരുക്കിത്തന്ന അത്താഴങ്ങളും രുചികരമായ കറികളും ചെറിയ ഒരു കുറ്റബോധം ഉണ്ടാക്കിയില്ലേ എന്നൊരു സംശയം. പ്രായമേറുമ്പോള്‍ കനിവിന്‍ രുചികളാല്‍ കരുതുന്നവര്‍ ഒരുപാടുള്ളത് പോലെ. എപ്പോഴും ഭക്ഷണമുണ്ടാക്കി വീട്ടുകാര്‍ക്ക് കൊടുത്ത്, അതിന്റെ ഗുണവും ദോഷവുമൊക്കെ കേട്ട് അവസാനം ഭക്ഷണം തന്നെ മടുക്കുമ്പോള്‍ ഇങ്ങനെയുള്ള വിരുന്നുകള്‍ എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.
പക്ഷേ എന്റെ റ്റീനാമോള്‍ ഇങ്ങനെയല്ല കേട്ടോ, എന്റെ നേരെ ഇളയ അനുജത്തിയാണ്. ആദ്യമായി ഞാനൊരു പാചകപുസ്തകത്തിന്റെ ഡ്രാഫ്റ്റ് കാണുന്നത് റ്റീനയുടെ അമ്മ ഷെറിമമ്മിയുടെ പാചകപുസ്തകമാണ്. കല്യാണം കഴിഞ്ഞു വന്നപ്പോള്‍ അമ്മയുടെ പാചകപുസ്തകം ഞങ്ങള്‍ക്കെല്ലാം കൊണ്ടുത്തന്നു, പക്ഷെ ഞാനിപ്പോഴും റഫറന്‍സ് നോക്കുന്നത് ഷെറിമമ്മിയുടെ പാചകപുസ്തകത്തിന്റെ ഡ്രാഫ്റ്റ് ആണ്, പുസ്തകമാരോ അടിച്ചുമാറ്റി. ഒരു പാചകവിദഗ്ദ്ധയുടെ മകളാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ല, കാരണം കക്ഷി സ്വയം അത്ര മിനക്കെട്ട് പാചകം ചെയ്യില്ല എന്നത് തന്നെ, സ്ത്രീശാക്തീകരണം ഞാന്‍ പഠിച്ചത് കക്ഷിയില്‍ നിന്നാണ്, എത്ര ഇന്‍സ്റ്റന്റ് ആയി പാചകം ചെയ്യാമോ, അതില്‍ ഉസ്താദ് ആണ് അഡ്വ. റ്റീന അലക്‌സ്. ഞാന്‍ ആദ്യമായി തക്കാളിജ്യൂസ് കുടിക്കുന്നത് പുള്ളിക്കാരി ഉണ്ടാക്കിത്തരുമ്പോഴാണ്, 'ഞങ്ങ ഒരു ജ്യൂസിന്റെ ആളാണെ.' നല്ല ചൂടുള്ള ദിവസമാണെങ്കില്‍ പുള്ളി പെട്ടെന്ന് ഒന്ന് രണ്ടു തക്കാളി അങ്ങോട്ടെടുത്തു നാലഞ്ച് കഷ്ണങ്ങളാക്കി അല്‍പ്പം പഞ്ചസാരയിട്ട് മിക്‌സിയില്‍ രണ്ട് കറക്ക് കറക്കി അല്‍പ്പം ഐസ്‌ക്യൂബിട്ടു നല്ല സ്വയമ്പന്‍ ടുമാറ്റോ പഞ്ച് ഉണ്ടാക്കി തരും.
അടുക്കളജോലിയെ പറ്റി റ്റീന നല്‍കിയ ഏറ്റവും നല്ല ഉപദേശം ഇങ്ങനെയാണ്, 'ചേച്ചി, മരിച്ചുകിടന്ന് ജോലി ചെയ്യരുത്, കറികള്‍ക്ക് സ്വാദ് വേണം, പക്ഷേ നമ്മുടെ കണ്ണീര് കൊണ്ട് സ്വാദ് കൂട്ടാന്‍ നില്‍ക്കരുത്', എന്താല്ലേ! ഒരിക്കല്‍ മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ ചെന്നു, കേശവദാസപുരത്തുനിന്നും ബസില്‍ കയറി ഇരുന്നതിനുശേഷം കക്ഷിയെ വിളിച്ചു, 'റ്റീനാ അവിടുണ്ടല്ലോ അല്ലേടാ', 'ഇവിടെ തന്നെയുണ്ട് ചേച്ചീ, ഇന്ന് സിറ്റിങ്ങുണ്ട്, എന്താ ചേച്ചീ', 'ഒന്നൂല്ല ഞാനും മിയേം അങ്ങോട്ട് വരുവാണേ'. 'സ്റ്റാന്‍ഡില്‍ ഇറങ്ങീട്ട് വിളിക്കണേ' എന്നും പറഞ്ഞ് ഫോണ്‍വെച്ചു. രണ്ടരമണിക്ക് വടുതലയിലെ വീട്ടില്‍ എത്തിയപ്പോള്‍ മേശ നിറയെ വിഭവങ്ങള്‍ നമ്മുടെ ആള്‍ ഇന്‍സ്റ്റന്റ് വിഭവങ്ങള്‍ക്ക് മിടുമിടുക്കി ആണല്ലോ, ചോറ്, രസം, പച്ചമോര്, ക്യാബേജ് തോരന്‍, പച്ചക്കായതോരന്‍, കോവക്ക മെഴുക്കുപുരട്ടി, കണമ്പ് കറി, ഫ്രൈ... ഇതെന്താ ഫുഡ് ഫെസ്റ്റിവല്‍ ആണോ കര്‍ത്താവെ എന്ന് തോന്നി. 'അയ്യോ ഇത്രയൊന്നും നീ പാചകം ചെയ്തു കഷ്ടപ്പെടണ്ടായിരുന്നു റ്റീനാ' എന്ന് പറഞ്ഞപ്പോള്‍ റെബേക്ക ഒരു കള്ളച്ചിരി പാസാക്കി ഇങ്ങനെ പറഞ്ഞു, 'റാണിമ്മായി ഇതെന്നും ഉള്ള ആചാരമല്ല, ഇന്ന് പാവം റാണിമ്മായി വരുന്നതല്ലേ എന്നോര്‍ത്ത് മാത്രം അമ്മയുണ്ടാക്കിയതാ.' ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ചിരിപൊട്ടി. പെരുവെയിലത്തലഞ്ഞു കയറി വന്നപ്പോള്‍ അടുത്തിരുന്നൂട്ടിയ അനിയനും അനിയത്തിക്കും സ്വസ്തി.
Content Highlights: gigi j alex share some cooking and food memories with her family