ഉത്തരേന്ത്യയിൽ പാലും നട്‌സുമാണെങ്കിൽ ഇവിടെ അരിമാവും ശർക്കരയുമാണ് പ്രധാന കൂട്ടുകൾ

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

ദീപാവലിയായാൽ മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിന് പിന്നിൽ പരമ്പരാഗതവും സാംസ്‌കാരികവുമായ ചില കാരണങ്ങളുണ്ട്. നന്മ തിന്മയുടെ മേൽ വിജയം പ്രാപിക്കുന്നതിന്റെയും, ഇരുട്ടിനുമേൽ വെളിച്ചം വിജയിക്കുന്നതിന്റെയും ആഘോഷമാണ് ദീപാവലി. ശുഭകാര്യങ്ങളുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മധുര പലഹാരങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ വിജയം ആഘോഷിക്കുക എന്നതാണ് പാരമ്പര്യം. മാത്രമല്ല, ദീപാവലി പല സമൂഹങ്ങളിലും പുതിയ സാമ്പത്തിക വർഷത്തിന്റെയും പുതിയ തുടക്കങ്ങളുടെയും പ്രതീകമാണ്. അതുകൊണ്ട് ജീവിതത്തിലെ പുതിയ അധ്യായം മധുരത്തോടെ ആരംഭിക്കണമെന്ന ആശയവും ഇതിലുണ്ട്.
ഉത്തരേന്ത്യയിൽ ദീപാവലി എന്ന് പറയുമ്പോൾ കാജു കട്‌ലി, മോത്തിചൂർ ലഡ്ഡു, ഗുലാബ് ജാമുൻ, ഗുജിയ തുടങ്ങിയ പാൽ, ഖോയ, നട്‌സ് എന്നിവ ഉപയോഗിച്ചുള്ള സമ്പന്നമായ മധുരപലഹാരങ്ങളോടാണ് പ്രിയം. എന്നിലിവിടെ ദക്ഷിണേന്ത്യയിൽ അരിമാവ്, ശർക്കര, തേങ്ങ, നെയ്യ് എന്നിവ ചേർത്തുള്ള അധിരസം, മൈസൂർ പാക്ക്, ബാദുഷ, മുറുക്ക്, മിക്‌സ്ച്ചർ തുടങ്ങിയ വിഭവങ്ങൾക്കാണ് പ്രാധാന്യം. അതായത് ഉത്തരേന്ത്യൻ മധുരങ്ങളിൽ പാലിന്റെയും നട്‌സിന്റെയും സമൃദ്ധിയാണെങ്കിൽ ദക്ഷിണേന്ത്യൻ മധുരങ്ങളിൽ അരിയുടെയും ശർക്കരയുടെയും പരമ്പരാഗത രുചിയാണ് മുന്നിട്ടു നിൽക്കുന്നത്.

എന്നാൽ ഈ വ്യത്യാസങ്ങൾക്കിടയിലും രണ്ടിടത്തും ഒരുപോലെ നിലനിൽക്കുന്ന ഒരു കാര്യമുണ്ട്. അത് മധുരപലഹാരങ്ങളിലൂടെ സന്തോഷവും സ്‌നേഹവും പങ്കുവെക്കുക എന്ന ദീപാവലിയുടെ മനോഹരമായ പാരമ്പര്യമാണ്. ഈ ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മധുരം നിറയ്ക്കട്ടെ.

സ്റ്റഫ്ഡ് മിൽക്ക് പൂരി
ചേരുവകൾ:

മൈദ - ഒരു കപ്പ്
പാൽ - ഒരു ലിറ്റർ
ഖോവ - 100 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് - 200മില്ലി
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
കാഷ്യു നട്ട്‌സ് - 25 ഗ്രാം
ബദാം - 25 ഗ്രാം
പിസ്ത - 25 ഗ്രാം
കുങ്കുമപ്പൂ - അല്പം
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മൈദയിലേക്ക് ഉപ്പും നെയ്യും ചേർത്ത് പുട്ടിനു തരി പിടിക്കുന്നതുപോലെ യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ച്, മൂടി മാറ്റി വെക്കാം. ഇനി കാഷ്യു നട്ട്‌സ്, ബദാം, പിസ്ത എന്നിവ മിക്‌സി ജാറിൽ പൊടിച്ചെടുക്കുക. പാലിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നട്ട്‌സ് പൊടിച്ചതിൽ നിന്ന് ഒരു ടേബിൾ സ്പൂൺ ചേർത്ത്, ഏലയ്ക്കാപ്പൊടിയും കുങ്കുമപ്പൂവും ചേർത്ത് യോജിപ്പിക്കുക. ഇടത്തരം തീയിൽ വെച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഖോവയിലേക്ക് ബാക്കി നട്ട്‌സ് പൊടിച്ചതും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. കുഴച്ചുവെച്ച മാവിൽ നിന്ന് ഓരോ ചെറിയ ഉരുളയായി എടുത്ത് പരത്തി, ഒരു ടേബിൾ സ്പൂൺ ഖോവ വെച്ച്, മടക്കി വെള്ളം തൊട്ട് അരികുകൾ സീൽ ചെയ്ത് ഒട്ടിക്കുക. എല്ലാ പൂരിയും ഇങ്ങനെ സ്റ്റഫ് ചെയ്ത് സീൽ ചെയ്തതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരി, തയ്യാറാക്കിയ പാലിലേക്ക് ഇട്ട് വെക്കുക. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

കാരറ്റ് ഡേറ്റ്‌സ് ഖീർ
ചേരുവകൾ:

കാരറ്റ് - 250 ഗ്രാം
ഈന്തപ്പഴം - 100 ഗ്രാം
പാൽ - ഒരു ലിറ്റർ
ബസ്മതി അരി - രണ്ട് ടേബിൾ സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് - കാൽ കപ്പ്
മിക്‌സ്ഡ് നട്ട്‌സ് - 50 ഗ്രാം
നെയ്യ് - മൂന്ന് ടേബിൾ സ്പൂൺ
ഏലക്ക - മൂന്നെണ്ണം
തയ്യാറാക്കുന്നവിധം: കാരറ്റ് ഗ്രേറ്റ് ചെയ്തുവെക്കുക. നട്ട്‌സ്, അരിയും ഏലക്കയും ചേർത്ത് ഒന്ന് ക്രഷ് ചെയ്തുവെക്കുക. ഈന്തപ്പഴം കുരു കളഞ്ഞ്, ഒരു കപ്പ് ചൂടുപാലിൽ കുതിർത്തുവെക്കുക. ഒരു മണിക്കൂറിനുശേഷം ഈന്തപ്പഴം പാലോട് കൂടി അരച്ചെടുക്കുക. പാനിൽ നെയ്യ് ചൂടാക്കി, കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്ത് നന്നായി വഴറ്റുക. കാരറ്റിന്റെ പച്ചമണം മാറുന്നതുവരെ വഴറ്റണം. പച്ചമണം മാറി മൊരിഞ്ഞു തുടങ്ങുമ്പോൾ ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് യോജിപ്പിക്കുക. പാൽ ചേർത്ത് തിളയ്ക്കുമ്പോൾ, അരി, നട്ട്‌സ്, ഏലക്ക എന്നിവ ക്രഷ് ചെയ്തത് ചേർക്കുക. ഇടത്തരം തീയിൽ വെച്ച് ഇളക്കണം. അരച്ചുവെച്ച ഈന്തപ്പഴവും ചേർത്ത് നന്നായി യോജിപ്പിക്കുക. മധുരം കൂടുതൽ വേണമെങ്കിൽ അല്പം കൂടി കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. അരി വെന്ത്, പാൽ കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റി, ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi