'അനേകായിരം പ്രാർത്ഥനകൾ നാണയത്തിന്റെ രൂപത്തിൽ മരത്തിനു ചുറ്റും തറച്ചിരിക്കുന്നു'

ഹിമാലയസാനുക്കളെ സാക്ഷിയാക്കി ഞങ്ങളൊരു യാത്രപോയി. ഉത്തരാഖണ്ഡിലെ ദയാര ബുഗ്യാലിലേക്ക്. എന്തുമാത്രം അവിസ്മരണീയമായിരുന്നെന്നോ ആ ഹൈക്കിങ്! ഉത്തരകാശിയിലെ റൈത്താൽ ബേസ് ക്യാമ്പിൽ നിന്നായിരുന്നു തുടക്കം. ഇന്ത്യ ഹൈക്സിന്റെ നേതൃത്വത്തിലുള്ള യാത്രയ്ക്ക് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വന്ന 28 പേരടങ്ങുന്ന സംഘം ഒപ്പമുണ്ടായിരുന്നു. പുതുമഴയുടെ അകമ്പടിയോടെ റസ്്കിൻ ബോണ്ടിന്റെ മസ്സൂരിയും അനേകം ഗ്രാമവഴികളും പിന്നിട്ട് മുന്നോട്ട്. ഉത്തരകാശിയിലെ പുണ്യവഴികളും ഭാഗീരഥി നദിയും ഞങ്ങൾക്കൊപ്പം വന്നു. ഏകദേശം 190 കിലോമീറ്ററിനൊടുവിൽ ഗർവാൾ സംസ്ക്കാരത്തിന്റെ റൈത്തലിൽ എത്തുമ്പോഴേക്കും സമുദ്രനിരപ്പിൽ നിന്നും 7000 അടി താണ്ടിയിരുന്നു. മഞ്ഞിന്റെ പുതപ്പണിഞ്ഞ് ശ്രികന്ത മലനിരകൾ ഞങ്ങളെ കാത്തിരുന്നു.
ഇന്ത്യയുടെ നാനാഭാഗത്തുനിന്നും എത്തിയ സൗഹൃദക്കൂട്ടത്തെ വരുതിയിലാക്കാൻ ഗൈഡ് മെർവിന് വേണ്ടി വന്നത് വെറും അരമണിക്കൂർ. കൽക്കട്ടയിൽ നിന്നും വ്ളോഗർമാരായ അധ്യാപക ദമ്പതികൾ, 50-കളിലും ബാല്യകാലസൗഹൃദം തുടരുന്ന ഉറ്റ ചങ്ങാതിമാർ, ഓഫീസ് സുഹൃത്തുക്കൾ, യാത്രകളിലൂടെ പഠനം (ഹോം സ്കൂളിംഗ്) നടത്തുന്ന കുഞ്ഞു ദിവ്യൻഷിയും കുടുംബവും, ആന്ധ്രയിൽ നിന്നുള്ള തമിഴ് കുടുംബം, അഹമ്മദാബാദിൽ നിന്നും മറ്റൊരു കുടുംബം, ബോംബയിൽ നിന്നും ഒരു രസികൻ ഡോക്ടറും അദ്ദേഹത്തിന്റെ വലിയ കൂട്ടുകുടുംബവും... ഇന്ത്യൻ താലി മീൽസ് പോലെ വൈവിധ്യമാർന്ന യാത്രികർ. ഹൈക്കിങ്ങിലുടനീളം ഗർവാൾ ഗ്രാമവാസികളായ ജയകാന്തും ജയ്രാജും ഞങ്ങൾക്ക് വഴികാട്ടികളായി. ഹൈക്കിങ്ങിന്റെ ആദ്യ ദിനം മെയ് 22-ന് ഏകദേശം 4.5 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമായിരുന്നു. മഞ്ഞുമലകൾ കണ്ട് വനപാതയിലൂടെ.
Content Highlights: Detailed travelogue of the Dayara Bugyal trek starting from Raithal base camp., First-hand experience of hiking through Garhwal Himalayas at 11,830 feet altitude.