പ്രഷർ ഫ്രൈയിങ് വേണ്ട, ഗ്യാസ് അടുപ്പിലും തയ്യാറാക്കാം ഫ്രൈഡ് ചിക്കൻ

ബ്രോസ്റ്റഡ് ചിക്കൻ ഇന്ന് വെറുമൊരു ഫാസ്റ്റ് ഫുഡ് മാത്രമല്ല. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും വൈകുന്നേരങ്ങളിൽ സന്തോഷം പങ്കിടുമ്പോൾ ആസ്വദിക്കാവുന്ന ഒരു പ്രിയപ്പെട്ട വിഭവംകൂടിയാണ്. ഒരു സാധാരണ ചിക്കൻ വിഭവത്തെ ഇത്രയധികം ജനപ്രിയമാക്കിയത് അതിന്റെ രുചി മാത്രമല്ല, പാചകരീതിയിലെ ഒരു നൂതന കണ്ടുപിടിത്തം കൂടിയാണ്. ബ്രോസ്റ്റഡ് ചിക്കന്റെ കഥ ആരംഭിക്കുന്നത് 1950-കളിൽ അമേരിക്കയിലാണ്. 1954-ൽ അമേരിക്കൻ സംരംഭകനായ എൽ. എ. എം. ഫെലൻ (L. A. M. Phelan) ഒരു പുതിയ പാചകരീതി വികസിപ്പിച്ചു. അതുവരെ ചിക്കൻ പാകം ചെയ്യുന്നത് പ്രഷർ കുക്കിങ് അല്ലെങ്കിൽ ഡീപ് ഫ്രൈയിങ് എന്നീ രീതികളിൽ ആയിരുന്നുവെങ്കിൽ, ഈ രണ്ട് രീതികളും യോജിപ്പിച്ച്, അതായത് പ്രഷർ കുക്കിങ്ങിന്റെയും ഡീപ് ഫ്രൈയിങ്ങിന്റെയും തത്വങ്ങൾ ഒരുമിപ്പിച്ചുകൊണ്ട് പ്രഷർ ഫ്രൈയിങ് എന്ന കണ്ടുപിടിത്തം. സാധാരണ ചിക്കൻ വറുക്കുമ്പോൾ പുറംഭാഗം മൊരിയുമെങ്കിലും അകത്തെ മാംസത്തിന്റെ ജ്യൂസിനെസ് നഷ്ടപ്പെട്ട് ചിലപ്പോൾ വരണ്ടുപോകാം. എന്നാൽ നിയന്ത്രിത മർദത്തിൽ എണ്ണയിൽ പാകം ചെയ്യുന്ന ഈ രീതിയിലൂടെ ചിക്കന്റെ സ്വാഭാവിക ഈർപ്പവും ജ്യൂസിനസും നിലനിർത്തിക്കൊണ്ട് വേഗത്തിൽ പാകം ചെയ്യാൻ സാധിച്ചു. പാചകരീതി മാത്രമല്ല, ചിക്കൻ ഒരു പ്രത്യേക രീതിയിൽ മാരിനേറ്റ് ചെയ്തു കൂടിയാണ് ഫ്രൈ ചെയ്തെടുക്കുന്നത്. അങ്ങനെ രൂപപ്പെട്ട പാചകരീതിക്കാണ് Broasting എന്ന പേര് ലഭിച്ചത്.
പിന്നീട് 1954-ൽ ഈ സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണം ആരംഭിക്കുകയും 1956-ൽ ബ്രോസ്റ്റർ കമ്പനി രൂപീകരിക്കപ്പെടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലുംബ്രോസ്റ്റഡ് ചിക്കൻ ജനപ്രിയമായി. കാലക്രമേണ, ഇതേ രീതി അവലംബിച്ച് ചിക്കൻ തയ്യാറാക്കി വിൽക്കുന്ന ധാരാളം ഫുഡ് ചെയ്നുകൾ ലോകമെങ്ങും വ്യാപിച്ചു. വീട്ടിൽ പ്രഷർ ഫ്രൈയിങ് അത്ര എളുപ്പമല്ലെങ്കിലും ഗ്യാസ് സ്റ്റവിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ ഫ്രൈഡ് ചിക്കൻ നമുക്കും ഉണ്ടാക്കിയാലോ...
ക്രിസ്പി ഫ്രൈഡ് ചിക്കൻ
ചേരുവകൾ:
ചിക്കൻ - 500 ഗ്രാം
മൈദ - ഒരു കപ്പ്
ബ്രഡ് ക്രമ്പ്സ് - ഒരു കപ്പ്
മുട്ട - ഒന്ന്
ചെറുനാരങ്ങ - രണ്ടെണ്ണം
മോര് - കാൽ കപ്പ്
കാശ്മീരി ചില്ലി പൗഡർ - രണ്ട് ടേബിൾ സ്പൂൺ
ഒനിയൻ പൗഡർ - രണ്ട് ടീസ്പൂൺ
ഗാർലിക് പൗഡർ - രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി - രണ്ട് ടീസ്പൂൺ
ഉപ്പ്, സൺഫ്ളവർ ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കൻ ഇടത്തരം കഷണങ്ങളായി കട്ട് ചെയ്ത്, അതിലേക്ക് മോരും ഉപ്പും ചേർത്ത് യോജിപ്പിച്ച്, ഒരു മണിക്കൂർ റെഫ്രിജറേറ്ററിൽ വെക്കുക. മൈദയിലേക്ക് എല്ലാ പൊടികളും ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് നേർ പകുതിയാക്കി, ഒരു ഭാഗം മാറ്റി വെക്കുക. ബാക്കി കൂട്ടിലേക്ക് മുട്ടയും നാരങ്ങാനീരും ചേർത്ത് യോജിപ്പിച്ച്, ചിക്കനിലേക്ക് ചേർത്ത്, നന്നായി യോജിപ്പിച്ച് വീണ്ടും മൂന്ന് മണിക്കൂർ റെഫ്രിജറേറ്ററിൽ വെക്കുക. മാറ്റിവെച്ച മൈദ കൂട്ടിലേക്ക് ബ്രഡ് ക്രമ്പ്സ് ചേർത്ത് യോജിപ്പിച്ച് ഒരു പരന്ന പ്ലേറ്റിലാക്കി വെക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ ഓരോ കഷണങ്ങളായി ഡ്രൈ മൈദ, ബ്രഡ് ക്രമ്പ്സ് കൂട്ടിൽ മുക്കി പൊതിഞ്ഞെടുത്ത് നന്നായി കുടയുമ്പോൾ ഫ്ലേക്സ് ആയി വരുന്നത് കാണാം. ഇങ്ങനെ എല്ലാ ചിക്കനും കോട്ട് ചെയ്ത് ഉടനെ തന്നെ ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക.
കോൾസ്ലോ
ചേരുവകൾ:
ക്യാബേജ് - 100 ഗ്രാം
കാരറ്റ് - ഒന്ന്
സവാള - ഒന്ന്
കാഷ്യുനട്ട്സ് - 100 ഗ്രാം
വെളുത്തുള്ളി - രണ്ടല്ലി
വിനിഗർ - ഒരു ടേബിൾസ്പൂൺ
തേൻ - മൂന്ന് ടേബിൾസ്പൂൺ
ഒലിവ് ഓയിൽ - ഒരു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സവാള നീളത്തിൽ നേരിയതായി അരിഞ്ഞ് വെള്ളത്തിൽ ഇട്ടുവെക്കുക. സവാളയുടെ എരിവ് മാറാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാബേജ്, കാരറ്റ് എന്നിവയും നേരിയതായി അരിഞ്ഞു വെക്കുക. മിക്സി ജാറിലേക്ക് കാഷ്യു നട്ട്സ്, വെളുത്തുള്ളി, വിനിഗർ, ഉപ്പ് എന്നിവ ചേർത്ത് ആവശ്യമെങ്കിൽ അല്പം വെള്ളവും ചേർത്ത് പേസ്റ്റ് ആയി അരച്ചെടുക്കുക. ഇതിലേക്ക് ഒലിവ് ഓയിലും തേനും ചേർത്ത് യോജിപ്പിക്കുക. ഒരു വലിയ ബൗളിൽ ക്യാബേജ്, കാരറ്റ്, സവാള എന്നിവ എടുത്ത്, അതിലേക്ക് ഈ പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിച്ച് തണുപ്പിച്ച് ഫ്രൈഡ് ചിക്കനോടൊപ്പം വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi