ലോകം കൈയടിച്ച ഇന്ത്യൻ രുചികൾ; അഭിമാനമായി ബിരിയാണിയും ബട്ടർ ചിക്കനും

ടേസ്റ്റ് അറ്റ്‌ലസിന്റെ, ലോകത്തിലെ ഏറ്റവും മികച്ച നൂറു രാജ്യങ്ങളിലെ പാചകരീതി തെരഞ്ഞെടുപ്പിൽ രാജ്യത്തിന് കിട്ടിയത് പതിമൂന്നാം സ്ഥാനമാണ്. നമ്മുടെ മുർഗ് മഖ്‌നി അതായത് ബട്ടർ ചിക്കനും ഹൈദരാബാദി ബിരിയാണിയും മസാല ചായയുമാണ് ഇന്ത്യക്ക് അഭിമാനിക്കാവുന്ന പതിമൂന്നാം സ്ഥാനം നേടി തന്നത്. ഒന്നാം സ്ഥാനം കൈക്കലാക്കിയത് ഇറ്റലിയുടെ പിസ്സയാണ്. എന്നാൽ പിന്നെ ഹൈദരാബാദി ബിരിയാണിയും മുർഗ് മഖ്‌നിയും വീട്ടിൽ തയ്യാറാക്കിയാലോ...
ഹൈദരാബാദി ദം ബിരിയാണി
ചേരുവകൾ:
ചിക്കൻ- 500 ഗ്രാം
ബസ്മതി അരി- മൂന്ന് കപ്പ്
സവാള നീളത്തിൽ അരിഞ്ഞത്- രണ്ട് കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
ഗരംമസാലപ്പൊടി- രണ്ട് ടീസ്പൂൺ
പച്ച പപ്പായ പേസ്റ്റ്- മൂന്ന് ടേബിൾസ്പൂൺ
പച്ചമുളക് പേസ്റ്റ്- ഒരു ടീസ്പൂൺ
പുളിയില്ലാത്ത തൈര്- ഒന്നര കപ്പ്
ചെറുനാരങ്ങാനീര്- രണ്ട് ടേബിൾസ്പൂൺ
കുങ്കുമപ്പൂവ്- ഒരു നുള്ള്
റോസ് വാട്ടർ- കാൽ ടീസ്പൂൺ
പാൽ- കാൽ കപ്പ്
എണ്ണ- കാൽ കപ്പ്
നെയ്യ്- കാൽ കപ്പ്
മല്ലിയില- ഒരു കെട്ട്
കറുവപ്പട്ട- ഒരു ഇഞ്ച് കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- മൂന്നെണ്ണം
തക്കോലം - ഒന്ന്
ജാതിപത്രി- രണ്ട് ഇതൾ
സാജീരകം- അര ടീസ്പൂൺ
പെരുംജീരകം- ഒരു ടീസ്പൂൺ
ബേ ലീഫ്- ഒന്ന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സവാള ബ്രൗൺ നിറത്തിൽ മൊരിയുന്നതുവരെ വറുത്ത്, കോരി മാറ്റി വയ്ക്കുക. ചുവടുകട്ടിയുള്ള ഉരുളിയിൽ ചിക്കനിട്ട് അതിലേക്ക് ഈ വറുത്ത സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, പച്ച പപ്പായ പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കുക. തൈര്, ചെറുനാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് എണ്ണയും മല്ലിയിലയും കൂടി ചേർത്ത് എല്ലാം നന്നായി ഇളക്കണം. ഈ കൂട്ട് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്ത് വയ്ക്കണം.
ചോറ് തയ്യാറാക്കാൻ: ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് മുഴുവൻ ഗരംമസാലകളും ആവശ്യത്തിന് ഉപ്പും ചേർക്കുക. ബസ്മതി അരി ചേർത്ത് അരി 60% വേവിച്ച് വെള്ളം വാർത്ത് വെക്കുക. വേവിച്ച അരി മാരിനേറ്റ് ചെയ്ത ഇറച്ചിയുടെ മുകളിൽ നിരപ്പായി പരത്തുക. അരിയുടെ മുകളിൽ ബാക്കി വറുത്ത സവാളയും മല്ലിയിലയും വിതറുക. നെയ്യും ഒഴിച്ച് പാത്രം നന്നായി അടയ്ക്കുക. ആവശ്യമെങ്കിൽ മാവ് ഉപയോഗിച്ച് വശങ്ങൾ സീൽ ചെയ്യാം. ആദ്യം ഉയർന്ന തീയിൽ വെച്ച് 5 മിനിറ്റ് വേവിച്ചതിനുശേഷം ചെറുതീയിൽ 30-35 മിനിറ്റ് ദം ചെയ്യുക. ചിക്കനും അരിയും വെന്തുകഴിഞ്ഞാൽ ആവി വരുന്നത് കാണാം. മൂടി തുറന്ന് കുങ്കുമപ്പൂവ് കലർത്തിയ പാലും റോസ് വാട്ടറും വറുത്ത സവാളയും തൂവി യോജിപ്പിച്ച് വിളമ്പാം.
Content Highlights: authentic-hyderabadi-biryani-murgh-makhani-recipes-2026