'എന്തിനാണ് അവരത് ചെയ്തതെന്ന് മനസ്സിലായില്ല; യാത്രയില്‍ മനസ്സിലുടക്കിയ ആ രണ്ട് മുഖങ്ങള്‍'

അനു സിതാര / ചിത്രങ്ങള്‍: വിഷ്ണു പ്രസാദ്‌
അനു സിതാര / ചിത്രങ്ങള്‍: വിഷ്ണു പ്രസാദ്‌

ഒഴിവുസമയം കിട്ടുമ്പോഴൊക്കെ വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്ന മനസ്സാണ് എന്റെത്. എന്നിട്ടും എട്ടാംക്ലാസുമുതല്‍ യാത്ര ജീവിതത്തിന്റെ ഭാഗമായി. ഹൈസ്‌കൂള്‍കാലത്താണ് വയനാട്ടില്‍നിന്ന് ചുരമിറങ്ങി കലാമണ്ഡലത്തിലേക്ക് പോകുന്നത്. അന്ന് തുടങ്ങിയ സഞ്ചാരം ഇന്നും തുടരുന്നു... സിനിമയിലേക്കെത്തിയതോടെ വയനാട്-കൊച്ചി വഴികള്‍ ചിരപരിചിതമായി. സിനിമയും പ്രോഗ്രാമുകളും മുന്‍നിര്‍ത്തിയുള്ള യാത്രകളാണ് അധികവും. അതല്ലാതെ, ചുറ്റിയടിക്കാനും സ്ഥലം കണ്ട് കറങ്ങിനടക്കാനുമായി ഒരുങ്ങിയിറങ്ങുന്നത് പൊതുവേ കുറവാണ്. അങ്ങനെയിരിക്കെ, പതിവുശീലങ്ങള്‍ക്ക് വിപരീതമായി ഞാനും വിഷ്ണുവേട്ടനും കൂടി തുര്‍ക്കികാണാന്‍ ഒരുങ്ങിപ്പുറപ്പെട്ടു.

തുര്‍ക്കിയെക്കുറിച്ചുള്ള കേട്ടറിവുകള്‍തന്നെയാണ് ആ നാട്ടിലേക്ക് അടുപ്പിച്ചത്. അവിടത്തെ ഭൂപ്രകൃതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമെല്ലാം പലരില്‍നിന്നായി കേട്ടതോടെ ആ ദേശം ഞങ്ങളെ മോഹിപ്പിച്ചുതുടങ്ങി. വിഷ്ണുവേട്ടന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ അസീറായിരുന്നു യാത്രയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കിയത്. ജീവിതത്തിലെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു തുര്‍ക്കിയിലൂടെയുള്ള സഞ്ചാരം. മനസ്സിനിഷ്ടപ്പെട്ട ഒരുപാട് നിമിഷങ്ങള്‍ ആ നാട് സമ്മാനിച്ചു.

കൊച്ചിയില്‍നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റിലായിരുന്നു യാത്ര. ഞങ്ങളെ കാത്ത് വണ്ടിയുമായി എയര്‍പോര്‍ട്ടില്‍ അസീര്‍ നില്‍ക്കുന്നുണ്ടായിരുന്നു. തണുപ്പുകാലത്താണ് തുര്‍ക്കിയിലെത്തുന്നതെങ്കിലും ഓവര്‍ക്കോട്ടോ ജാക്കറ്റോ ഒന്നും നാട്ടില്‍നിന്ന് കൊണ്ടുവരേണ്ടതില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അവിടെ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ അവിടെനിന്നുതന്നെ വാങ്ങാം എന്ന തീരുമാനമായിരുന്നു. രാത്രിയില്‍ ഈസ്താംബൂളിലെത്തിയ ഞങ്ങള്‍ ഹോട്ടല്‍ മുറിയില്‍ എത്തിയശേഷം, ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. നഗരക്കാഴ്ചകളിലേക്കുള്ള ഞങ്ങളുടെ ആദ്യ നടത്തമായിരുന്നു അത്.

മഞ്ഞുപെയ്യുന്ന വഴികള്‍
ഈസ്താംബൂള്‍ നഗരമധ്യത്തില്‍തന്നെയായിരുന്നു ഞങ്ങളുടെ ഹോട്ടല്‍, ജനവാതില്‍ തുറന്നിട്ടാല്‍ മനോഹരമായ കാഴ്ചകള്‍ കാണാം. നേരം പുലരുമ്പോഴേക്കും പുറത്തിറങ്ങിനടക്കുന്ന നഗരവാസികള്‍. മഞ്ഞുവീഴുന്ന കാഴ്ചയും മഞ്ഞുമലയുമെല്ലാം ഞാന്‍ നേരില്‍ കാണുന്നത് ഈ യാത്രയിലാണ്. 
ഈസ്താംബൂള്‍ നഗരവും ഓട്ടോമന്‍ ചിത്രങ്ങളും കാഴ്ചകളുമെല്ലാം ഒരു പരിധിവരെ ഇന്ത്യക്കാരിലേക്കെത്തിയത് നൊബേല്‍ജേതാവായ ടര്‍ക്കിഷ് എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക്കിന്റെ 'My name is Red' എന്ന നോവലിലൂടെയാകണം. പറഞ്ഞുകേട്ടും വായിച്ചറിഞ്ഞുമുള്ള അറിവുകള്‍ മുന്‍പിലുള്ളതുകൊണ്ടുതന്നെ, പല കാഴ്ചകളും മുന്‍പെന്നോ കണ്ടതായുള്ളൊരോര്‍മ്മ മനസ്സില്‍ നിറച്ചു.

അസീറിന് തുര്‍ക്കിയില്‍ സ്വന്തമായൊരു ട്രാവല്‍ ഏജന്‍സിയുണ്ട്, പ്രാദേശികഭാഷയും അറിയാം. അസീറൊപ്പമുള്ളത് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കി. രാവിലെതന്നെ ഞങ്ങള്‍ പോയത് സുല്‍ത്താന്‍ അഹ്മദ് മോസ്‌ക് എന്നറിയപ്പെടുന്ന ബ്ലൂ മോസ്‌കിലേക്കായിരുന്നു. പതിനാറാംനൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ പള്ളിയുടെ മുകളില്‍ പതിപ്പിച്ചിരിക്കുന്ന നീല ഓടുകളാണ് ബ്ലൂമോസ്‌ക് എന്ന പേര് നേടിക്കൊടുത്തത്.

അഞ്ച് വലിയ മകുടങ്ങളാലും ആറ് മിനാരങ്ങളാലും തലയുയര്‍ത്തിനില്‍ക്കുന്ന പള്ളി. മേല്‍ക്കൂരയില്‍നിന്ന് തൂക്കിയിട്ടിട്ടുള്ള വലിയ വിളക്കുകളും നിറപ്പകിട്ടാര്‍ന്ന കണ്ണാടിജനലുകളും കാഴ്ചയില്‍ മനോഹരമാണ്. പള്ളിയുടെ പല ഭാഗങ്ങളില്‍നിന്നായി പ്രാവുകള്‍ പറന്നുവന്നുകൊണ്ടിരുന്നു. അവയ്‌ക്കെല്ലാം നമുക്ക് ഭക്ഷണം നല്‍കാം. ഹമാം, മദ്രസ, പാചകപ്പുര, ക്ലിനിക്ക് എന്നിവയടങ്ങിയതാണ് മോസ്‌ക്. നിസ്‌കാരസമയത്ത് കാഴ്ചകാണാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല.

ജീവിതത്തിലാദ്യമായി മഞ്ഞുമല കാണുന്നതും മഞ്ഞില്‍ ചവിട്ടിനടക്കുന്നതും തുര്‍ക്കിയാത്രയിലാണ്. ബര്‍സയിലെ മഞ്ഞുമല ലക്ഷ്യംവെച്ചുള്ള യാത്ര പ്രഭാതത്തില്‍ത്തന്നെ തുടങ്ങി. വളഞ്ഞുപുളഞ്ഞ വഴികള്‍ പിന്നിലാക്കിക്കൊണ്ട് ഞങ്ങളുടെ കാര്‍ കുതിച്ചുപാഞ്ഞു. മലയടിവാരത്തെത്തുമ്പോഴേക്കും വഴികളില്‍ മഞ്ഞ് നിറഞ്ഞുതുടങ്ങി. മഞ്ഞുമൂടിയ മലയുടെ മേല്‍ത്തട്ട് മനസ്സില്‍ അദ്ഭുതവും ആഹ്ലാദവും നിറച്ചു. മഞ്ഞില്‍ക്കുളിച്ച വെള്ളപുതച്ച കെട്ടിടങ്ങളും മരങ്ങളും വാഹനങ്ങളും ഞങ്ങളെ കുന്നിന്‍മുകളില്‍ വരവേറ്റു. മഞ്ഞുപാളികളോട് ചേര്‍ന്നുനിന്നുള്ള പലതരം കളികള്‍ കുന്നിന്‍മുകളില്‍ ഒരുക്കിയിരുന്നെങ്കിലും കാഴ്ചകണ്ട് നടക്കാനാണ് ഞാനിഷ്ടപ്പെട്ടത്.

മനസ്സിലുടക്കിയ മുഖങ്ങള്‍
ഈസ്താംബൂളിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ഭൂമിശാസ്ത്രപരമായി ഏഷ്യയോടും യൂറോപ്പിനോടും ചേര്‍ന്നുകിടക്കുന്ന പ്രദേശം.സഞ്ചാരികള്‍ക്കുമുന്നില്‍ ഗൈഡുമാര്‍ വിരല്‍ ചൂണ്ടി ഏഷ്യന്‍ ഭാഗം, യൂറോപ്യന്‍ ഭാഗം എന്ന് വിഭജിച്ചുകാണിക്കും. യൂറോപ്യന്‍ ഭാഗത്ത് താമസിച്ചുകൊണ്ട് ഞങ്ങള്‍ ഏഷ്യയിലേക്ക് സഞ്ചരിച്ചു. പാലം കടക്കുമ്പോള്‍ വെല്‍ക്കം ടു ഏഷ്യ എന്ന ബോര്‍ഡ് സ്വാഗതമോതി. ഭൂപ്രകൃതി  ഇരുഭാഗങ്ങളേയും രണ്ടായിതന്നെ അടയാളപ്പെടുത്തി. റോഡുമാര്‍ഗവും ജലമാര്‍ഗവും യൂറോപ്യന്‍ ഭാഗത്തുനിന്ന് ഏഷ്യന്‍ സൈഡിലേക്ക് യാത്രചെയ്യാം.

തണുപ്പിനെ അതിജീവിക്കാന്‍ കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവിടെയുള്ളവര്‍ അധികവും പുറത്തിറങ്ങുന്നത്. കാലാവസ്ഥാവ്യതിയാനമനുസരിച്ച് ഇവിടത്തുകാരുടെ വസ്ത്രധാരണരീതിയിലും വ്യത്യാസമുണ്ടാകുമെന്ന് അസീര്‍ വിശദീകരിച്ചു.

ഇസ്താംബൂളില്‍നിന്ന് ഏഷ്യന്‍ഭാഗത്തേക്ക് യാത്രചെയ്യവേ, പര്‍ദ ധരിച്ച പ്രായംചെന്ന സ്ത്രീകളെക്കണ്ടു. എന്റെ വേഷമാണോ അവരെ ആകര്‍ഷിച്ചത് എന്നറിയില്ല. തലയില്‍ തട്ടമിട്ട് യാത്രചെയ്ത ഞാന്‍, കപ്പല്‍യാത്രയില്‍ കാറ്റുവന്ന് പൊതിഞ്ഞപ്പോള്‍ ഇളകിമാറുന്ന തട്ടം പലവട്ടം ശരിയാക്കിക്കൊണ്ടിരുന്നു. എതിര്‍വശത്തിരുന്ന പര്‍ദ ധരിച്ച സ്ത്രീകള്‍ അതെല്ലാം ശ്രദ്ധിച്ച് എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. തിരിച്ച് ചിരിച്ചെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഭാഷ വെല്ലുവിളി തീര്‍ത്തു.

ഇറങ്ങാന്‍നേരം 'റ്റാറ്റ' പറഞ്ഞ് പിരിഞ്ഞ് രണ്ടുമൂന്ന് ചുവടുവെച്ച് അവര്‍ തിരിച്ചുവന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവെച്ചു. എന്തിനാണ് അവരങ്ങനെ ചെയ്തതെന്ന് മനസ്സിലായില്ലെങ്കിലും യാത്രയില്‍ മനസ്സിലുടക്കിയ ആ രണ്ട് മുഖങ്ങള്‍ ഇന്നും മനസ്സിലുണ്ട്.

പള്ളികളും മാര്‍ക്കറ്റുകളും മ്യൂസിയങ്ങളും വൈവിധ്യമാര്‍ന്ന ജനജീവിതവുമെല്ലാം തുര്‍ക്കിയാത്രയില്‍ നേരില്‍ക്കണ്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഹാഗിയ സോഫിയപോലുള്ള മ്യൂസിയത്തിലെ കാഴ്ചകള്‍ മനസ്സിനെ മദിക്കുന്നതാണ്. എ.ഡി. 360ല്‍ സ്ഥാപിച്ച ക്രിസ്ത്യന്‍ ദേവാലയം. 1453ല്‍ തുര്‍ക്കി പിടിച്ചടക്കിയ സുല്‍ത്താന്‍ ഇതൊരു മുസ്‌ലിംപള്ളിയാക്കി മാറ്റിയെങ്കിലും 1935ല്‍ തുര്‍ക്കി ഭരണാധികാരിയായ കമാല്‍ അത്താതുര്‍ക്ക് അതൊരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു. പള്ളിയായപ്പോള്‍ മറച്ചുവെച്ച ചിത്രങ്ങളെല്ലാം ഇന്ന് സഞ്ചാരികള്‍ക്കുമുന്നില്‍ തുറന്നുവെച്ചിട്ടുണ്ട്.

സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ആതിഥ്യമര്യാദയ്ക്ക് പേരെടുത്ത സ്ഥലംതന്നെയാണ് തുര്‍ക്കിയെന്ന് പരിചയപ്പെട്ട ഓരോ മുഖവും ഓര്‍മ്മിപ്പിച്ചു. ഗ്രാന്‍ഡ് ബസാറിലൂടെയുള്ള യാത്ര മനസ്സിനേറെ സന്തോഷം നല്‍കിയതായിരുന്നു. അന്‍പതിലധികം തെരുവുകളിലായി നാലായിരത്തോളം കടകളും മറ്റ് സ്ഥാപനങ്ങളും അടങ്ങിയതാണ് ഗ്രാന്‍ഡ് ബസാര്‍. തുണിത്തരങ്ങള്‍, പരമ്പരാഗത വാസ്തുവിദ്യയില്‍ നിര്‍മിച്ച പാത്രങ്ങളും അലങ്കാരവസ്തുക്കളും, ടര്‍ക്കിഷ് മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കാര്‍പ്പെറ്റുകള്‍, ലെതര്‍ വസ്തുക്കള്‍, ആഭരണങ്ങള്‍... അങ്ങനെ, കണ്ടാലും കണ്ടാലും മതിയാകാത്ത അദ്ഭുതലോകം തീര്‍ക്കുന്നുണ്ട് ഗ്രാന്‍ഡ് ബസാര്‍. വിലപേശലുകളും വില്‍പ്പനകളും കണ്ടും കേട്ടുമാണ് ഈ തെരുവിലൂടെ നടന്നത്.

ചോക്‌ലെറ്റ്‌സും നട്ട്‌സുമാണ് ഞാനിവിടെനിന്ന് ഏറെയും വാങ്ങിയത്. അതിശയിപ്പിക്കുന്ന പലതരം ചായപ്പൊടികള്‍ ബസാറില്‍ കാണാനായി. ആപ്പിള്‍ സ്‌ട്രോബറി ഫ്‌ലേവറിലുള്ള പൊടികള്‍ ഇക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നതായിത്തോന്നി.

പുതിയ വീട്ടിലേക്കുള്ള മാറ്റുകളാണ് കൂടുതലായും ഇവിടെനിന്ന് വാങ്ങിയത്. നാട്ടിലെ വിശേഷങ്ങള്‍ തിരക്കിയാണ് ഓരോ കടക്കാരനും നമ്മളെ സ്വീകരിക്കുക. ഇന്ത്യയില്‍നിന്നുള്ളവരാണെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയും സിനിമകള്‍ കണ്ടതായി പറഞ്ഞു. അസീര്‍ ഒപ്പമുണ്ടായത് കാര്യങ്ങള്‍ എളുപ്പമാക്കി. ആവിപറക്കുന്ന ചായ നല്‍കി, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ് കടക്കാര്‍ കച്ചവടത്തിലേക്ക് കടന്നത്.
പ്രത്യേകതകളേറെയുണ്ട് ഇവിടത്തുകാരുടെ ചായയ്ക്കും കാപ്പിക്കും. അണ്‍ഫില്‍റ്റേഡ് കോഫി ഉപയോഗിച്ചാണ് ടര്‍ക്കിഷ് കോഫിയുണ്ടാക്കുന്നത്. കടുപ്പവും കട്ടിയും കൂടുതലാണ് കാപ്പിക്ക്.

തുര്‍ക്കിയിലെ തീന്‍മേശകള്‍ 
തുര്‍ക്കിയിലെത്തുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല. വൈവിധ്യം നിറഞ്ഞ രുചികളാലും വിഭവങ്ങളാലും സമ്പന്നമാണ് ഇവിടത്തെ തീന്‍മേശകളധികവും. മനസ്സും വയറും നിറയ്ക്കുന്ന ഒരുപാട് വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഈ യാത്രയില്‍ ഞാനാസ്വദിച്ചുകഴിച്ചു. തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവിടത്തുകാര്‍ കഴിക്കുന്ന ലാമ്പ് ഷാങ്ക്‌സ് ഇവരുടെ ഒരു പ്രധാന ഭക്ഷണമാണെങ്കിലും ഞാനത് രുചിച്ചില്ല.

ഈസ്താംബൂളില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും രുചിച്ചുനോക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചുമെല്ലാം ഗൂഗിള്‍ മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ടര്‍ക്കിഷ് ഷവര്‍മയും ബര്‍ഗറും രുചികളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് തോന്നി. ഉറുമാമ്പഴത്തിന്റെ ചാറ് പിഴിഞ്ഞെടുത്തുനല്‍കുന്ന കടകള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ധാരാളം കണ്ടു. ഓരോസമയത്തും വിളവെടുത്തുവരുന്ന പഴങ്ങളും പച്ചക്കറികളുമാണ് കടകളില്‍ കാണുകയെന്ന് അസീര്‍ ഓര്‍മ്മിപ്പിച്ചു. 

ഉറുമാമ്പഴത്തിന്റെയും സ്‌ട്രോബറിയുടെയും സീസണായിരുന്നു ഞങ്ങള്‍ എത്തിയ സമയം. സ്‌പൈസ് ബസാറില്‍ ഒരുപാട് പഴങ്ങളും പച്ചക്കറികളും ഉപ്പിലിട്ട് വില്‍പ്പനയ്ക്കായി നിരത്തിയിരുന്നു. ഉപ്പിലിട്ട പലതിന്റെയും രുചികള്‍ നമ്മുടെ നാട്ടിലുള്ളവയില്‍നിന്ന് വ്യത്യസ്തമായിത്തന്നെ അനുഭവപ്പെട്ടു. സ്മിത് എന്നറിയപ്പെടുന്ന ഒരുതരം റൊട്ടി കടകളിലെല്ലാം ലഭിക്കുമായിരുന്നു. എള്ള് വിതറിയ റൊട്ടി ഇവിടത്തെ സാധാരണക്കാരന്റെ ഭക്ഷണമാണ്.

നാടുവിട്ട് പുറത്തുപോയാല്‍ എനിക്കേറ്റവും പ്രശ്‌നമുണ്ടാക്കുന്നത് ഭക്ഷണമാണ്. രണ്ടുദിവസം കഴിയുമ്പോഴേക്കും ചോറും മീന്‍കറിയും കഴിക്കാനായി മനസ്സ് കൊതിക്കും. എന്നാല്‍ തുര്‍ക്കിയാത്രയില്‍ ഭക്ഷണമൊരിക്കലും വെല്ലുവിളി തീര്‍ത്തില്ല. സാധാരണനിലയില്‍ പാസ്തപോലുള്ള ഭക്ഷണം കഴിക്കാനിഷ്ടപ്പെടാറില്ലെങ്കിലും ഈ യാത്രയില്‍ ഞാനേറെ ആസ്വദിച്ച് കഴിച്ച വിഭവമാണ് ഇവിടത്തെ പാസ്ത. ഞങ്ങള്‍ താമസിച്ച സ്ഥലത്തുനിന്ന് നടന്നുപോകാന്‍ പാകത്തിലുള്ള ദൂരത്ത് മികച്ചൊരു പാസ്തവില്‍പ്പന കടയുണ്ടായിരുന്നു. തിരിച്ചുപോരുംവരെ ഞാനവിടത്തെ സ്ഥിരം ആളായി മാറി. തുര്‍ക്കിയിലെ രുചികള്‍ നമ്മുടെതില്‍നിന്ന് വ്യത്യസ്തമാണെങ്കിലും  റൈസും ചിക്കന്‍കറിയും അസാധ്യ രുചിയുള്ളതായിരുന്നു.

ബലൂണുകളുടെ താഴ്‌വര
ഈസ്താംബൂളില്‍നിന്ന് വിമാനമാര്‍ഗമാണ് കപ്പഡോക്കിയയിലേക്ക് പോയത്. വിമാനമിറങ്ങി റോഡുമാര്‍ഗം സഞ്ചരിച്ചുതുടങ്ങിയപ്പോഴേക്കും മണ്ണിന്റെ രൂപവും കാറ്റിന്റെ ഭാവവും മാറുന്നതായി മനസ്സിലായി. ഇരുവശത്തുമുള്ള ഭൂപ്രകൃതി അദ്ഭുതപ്പെടുത്തി. പച്ചപ്പുകള്‍ പെട്ടെന്ന് മാഞ്ഞുപോകുകയും പാറക്കെട്ടുകള്‍ ഇരുവശത്തും ഉദിച്ചുയരുകയും ചെയ്തു. താമസസ്ഥലങ്ങളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം പാറയോട് ചേര്‍ന്ന് നിര്‍മിച്ചതായിരുന്നു. ഗുഹയ്ക്കുള്ളില്‍ കഴിയുന്ന പ്രതീതിയായിരുന്നു ഹോട്ടല്‍മുറികളുടെത്.

കെയ്‌വ് ഹോട്ടലുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഗുഹ ഹോട്ടലുകളാണെങ്കിലും സ്റ്റാര്‍ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങള്‍ ലഭ്യമാണ്.
ബലൂണുകളുടെ താഴ്‌വരയെന്നാണ് കപ്പഡോക്കിയ അറിയപ്പെടുന്നത്. തുര്‍ക്കിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഹോട്ട് ബലൂണ്‍യാത്ര ആഗ്രഹിച്ചാണ് ഇവിടേക്കെത്തിയതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെതുടര്‍ന്ന് ആ ആഗ്രഹം ഞങ്ങള്‍ക്ക് മാറ്റിവയ്‌ക്കേണ്ടിവന്നു.

ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും ചരിത്രം നിറഞ്ഞുനില്‍ക്കുന്ന ഒരുപാട് വഴികളിലൂടെ യാത്രചെയ്തു. മനോഹരമായ കാഴ്ചകള്‍ക്കൊപ്പം, നാട് പിന്നിട്ട  കഥകള്‍ അതിശയിപ്പിക്കുന്നതായിരുന്നു. സഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഈസ്താംബൂളെന്ന് യാത്രയ്ക്ക് മുന്‍പേ കേട്ടിരുന്നു, കേട്ടതെല്ലാം സത്യമെന്ന് അനുഭവംകൊണ്ട് ഞങ്ങളിന്ന് സാക്ഷ്യപ്പെടുത്തുകയാണ്. ലോകം ഒരൊറ്റരാജ്യമായിരുന്നെങ്കില്‍ ഈസ്താംബൂള്‍ ആയിരിക്കും അതിന്റെ തലസ്ഥാനമെന്ന നെപ്പോളിയന്റെ വാചകം ഈ അവസരത്തില്‍ മനസ്സിലേക്കെത്തുന്നു.

തയ്യാറാക്കിയത് പി. പ്രജിത്ത്‌
 

Content Highlights: anu sithara turkey travelogue