സിയേം റീപ്പിലെ ഏറ്റവും തിരക്കുള്ള, ആട്ടവും പാട്ടും വെള്ളത്തെക്കാള്‍ വിലകുറച്ചു ബിയറും കിട്ടുന്ന സ്ഥലം

കമ്പോഡിയയിലെ അങ്കോര്‍ വാട്ട് | ഫോട്ടോ: Getty Images
കമ്പോഡിയയിലെ അങ്കോര്‍ വാട്ട് | ഫോട്ടോ: Getty Images

നാന്നൂറ് ഏക്കറിലായി പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്മാരകം, കമ്പോഡിയയില്‍ സ്ഥിതിചെയ്യുന്ന അങ്കോര്‍ വാട്ട്. അങ്കോര്‍ വാട്ടിനോട് ഏറ്റവും അടുത്ത എയര്‍പോര്‍ട്ടായ സിയേം റീപ്പിലേക്ക് വിയറ്റ്‌നാമില്‍ നിന്ന് ധാരാളം ഫ്ളൈറ്റുകള്‍ ഉണ്ട്. വിലക്കുറവുമാണ്. എന്നാപ്പിന്നെ അങ്ങോട്ടേക്ക് പോയാലെന്താ എന്നൊരു തോന്നല്‍! അങ്ങനെ സിയേം റീപ്പിലേക്ക് പുറപ്പെട്ടു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വന്നുപോകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് അങ്കോര്‍ വാട്ട്. അതുകൊണ്ട് എയര്‍പോര്‍ട്ട് ഫസ്റ്റ് ക്ലാസ്സ് ആയിരിക്കും എന്നൊക്കെ പ്രതീക്ഷിച്ചാണ് പുറപ്പെട്ടത്. എന്നാല്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. തുടങ്ങുന്നിടത്തു തന്നെ തീരുന്ന ഒരു കുഞ്ഞ് എയര്‍പോര്‍ട്ട് ആയിരുന്നു സിയേം റീപ്! കാപ്പിയും സാന്‍ഡ്‌വിച്ചുമൊക്കെ വില്‍ക്കുന്ന ഒരു ചെറിയ കഫെ മാത്രമുണ്ട്. പുറത്തിറങ്ങിയ ഉടനെ സിം എടുത്തു. കറന്‍സി ഒരു പ്രശ്‌നമല്ല. കമ്പോഡിയയില്‍ എവിടെയും ഡോളര്‍ എടുക്കും. ഒരു നൂറു ഡോളര്‍ കൈയ്യില്‍ ഉണ്ട്. തത്കാലം അതുമതി. ഇവിടുത്തെ ഊബര്‍ പോലെ കമ്പോഡിയയില്‍ ഗ്രാബ് എന്നൊരു ആപ്പ് വഴിയാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്. നിരക്ക് നോക്കിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടല്‍വരെ 36 ഡോളര്‍. ഏകദേശം നമ്മുടെ 3200 രൂപ! എന്റെ നെഞ്ചൊന്ന് പിടഞ്ഞു. ഏകദേശം 50 കിലോമീറ്റര്‍ ദൂരമുണ്ട് എയര്‍പോര്‍ട്ടും സിയേം റീപ് പട്ടണവും തമ്മില്‍. എന്നാലും 3200 ഇത്തിരി കടുപ്പമാണ്. ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിന്നു അഞ്ചു മിനിറ്റ്. ഈ പെട്ടിക്കട പോലത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് ബസ് സര്‍വീസ് കാണുമോ? എന്തായാലും ചോദിച്ചു നോക്കാമെന്നു കരുതി അവിടെ നിന്ന എയര്‍ഹോസ്റ്റസിനോട് ചോദിച്ചു. 'ഓരോ അരമണിക്കൂറും ഇവിടെ നിന്ന് ഷട്ടില്‍ സര്‍വീസ് ഉണ്ട്. എട്ട് ഡോളര്‍ ആണ് ടിക്കറ്റിന്റെ വില. ഞാനും അതിനായി കാത്തുനില്‍ക്കുകയാണ്. എന്റെ കൂടെ നിന്നോളൂ.'

ഞാന്‍ അവളുടെ കൂടെ നിന്നു. അല്‍പനേരം കഴിഞ്ഞ് ബസ് വന്നു. വൃത്തിയുള്ള എസി ബസ്. എന്നെപോലെ ടൂറിസ്റ്റുകള്‍ വളരെ കുറവായിരുന്നു. കൂടുതലും എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നവരാണ്. 3200 രൂപ മുടക്കി വണ്ടി പിടിച്ചവരെ ഓര്‍ത്തൊന്നൂറി ചിരിച്ചുകൊണ്ട് ഞാന്‍ ഞെളിഞ്ഞിരുന്നു.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബസ് നഗരമധ്യത്തില്‍ എത്തി. അവിടുന്ന് ഒരു 300 മീറ്റര്‍ ദൂരമേയുള്ളു ഹോട്ടലിലേക്ക്. സമയം രാത്രി ഏഴു മണി കഴിഞ്ഞിരുന്നു. നേരത്തെ പറഞ്ഞു വെച്ചതുകൊണ്ട് ഹോട്ടലില്‍ അവര്‍ സ്‌കൂട്ടര്‍ കരുതിയിട്ടുണ്ടായിരുന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നിരക്ക് അല്പം കൂടുതല്‍ ആണ്. ഒരു ദിവസത്തേക്ക് 800 രൂപ! ഇതിലും കുറഞ്ഞ നിരക്കില്‍ ടുക് ടുക് ഓട്ടോ ലഭിക്കുമെങ്കിലും സ്‌കൂട്ടര്‍ സമ്മാനിക്കുന്നൊരു സഞ്ചാരസ്വാതന്ത്ര്യം ഒരിക്കലും പകരം വെക്കാന്‍ സാധിക്കില്ല! ചെക്ക് ഇന്‍ ധൃതിയില്‍ ചെയ്തു സ്‌കൂട്ടറും എടുത്തു നേരെ പുറപ്പെട്ടു പബ് സ്ട്രീറ്റിലേക്ക്. സിയേം റീപ്പിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളില്‍ ഒന്നാണ് പബ് സ്ട്രീറ്റ്. കൂടുതലും ടൂറിസ്റ്റുകളാണ് അവിടെ പോകുന്നത്. ആട്ടവും പാട്ടും വെള്ളത്തെക്കാള്‍ വിലകുറച്ചു ബിയറും കിട്ടുന്ന സ്ഥലം. വ്യത്യസ്തമായ ധാരാളം ഭക്ഷണങ്ങള്‍ വിളമ്പുന്ന കൗണ്ടറുകളും റോഡിന്റെ ഇരുവശങ്ങളിലും കാണാന്‍ സാധിക്കും. നടന്നു പോകാനുള്ള ദൂരമേയുള്ളൂ. എന്നാലും അത്താഴം കഴിഞ്ഞ് സ്‌കൂട്ടറില്‍ ടൗണ്‍ മൊത്തവും കറങ്ങാന്‍ ഒരു പൂതി. നല്ല ക്ഷീണമുണ്ട്. എന്നാലും പുതിയൊരു നഗരത്തില്‍ കാലുകുത്തുന്ന രാത്രിയില്‍ കറങ്ങാന്‍ പോകുന്നത് പതിവാണ്. മാപ്പൊന്നും ഇടാതെ വെറുതെ ഇങ്ങനെ ഓടിക്കും. അന്നുവരെ പരസ്പരം അപരിചിതരായ ഞാനും ആ നഗരവും ആ ഒരൊറ്റ രാത്രി കൊണ്ട് പരിചയപ്പെടും. പരസ്പരം കുശലങ്ങള്‍ പറയും. പിറ്റേന്ന് രാവിലെ മുതല്‍ ഞാന്‍ പോകുന്നതു വരെ ഞങ്ങള്‍ പിന്നെ കൂട്ടുകാരാണ്. പബ് സ്ട്രീറ്റില്‍ എത്തുന്നത് 'പീക്ക് ടൈം' എന്നു വിശേഷിപ്പിക്കാവുന്ന സമയത്താണ്. കാല്‍നടക്കാര്‍ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഇരുവശങ്ങളിലായി ധാരാളം കുഞ്ഞ് കുഞ്ഞ് ബാറുകളും റെസ്റ്റോറന്റുകളും. സിഗരറ്റിന്റെയും വിലകുറഞ്ഞ മദ്യത്തിന്റെയും ഗന്ധമാണ് അന്തരീക്ഷത്തിന്. ഞാന്‍ അവിടുന്നിറങ്ങി ഭക്ഷണം കഴിച്ചിട്ട് റൂമിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കണം. അങ്കോര്‍ വാട്ടും പരിസരത്തുള്ള ഏകദേശം നാല്പതു ക്ഷേത്രങ്ങളും കാണാനുള്ള ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ട്. ഒരു ദിവസത്തെ നിരക്ക് ഏകദേശം 3500 രൂപയാണ്. രാവിലെ തുടങ്ങിയാലെ ഇതില്‍ പത്തെണ്ണമെങ്കിലും കാണാന്‍ സാധിക്കൂ.

രാവിലെ ഒരു 6.30 ആയി എഴുന്നേറ്റപ്പോള്‍. പെട്ടെന്ന് റെഡിയായി പുറത്തേക്കിറങ്ങി. റോഡില്‍ തിരക്ക് തുടങ്ങിക്കഴിഞ്ഞു. അതിരാവിലെ അങ്കോര്‍ വാട്ടിലെ സൂര്യോദയം കണ്ടിട്ട് മടങ്ങുന്നവരാണ് അധികവും. അങ്കോര്‍ വാട്ടിലും മറ്റു ക്ഷേത്രങ്ങളിലും പോകുന്ന പാക്കേജുകള്‍ മിക്കതും തുടങ്ങുന്നത് അങ്കോര്‍ വാട്ടിലെ സൂര്യോദയത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ആ സമയത്തായിരിക്കും ഏറ്റവും തിരക്കവിടെ. തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കും സഹിച്ചു ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ നാലഞ്ചു ഫോട്ടോ എടുക്കാന്‍ മാത്രമായി അതിരാവിലെ എഴുന്നേല്‍ക്കാന്‍ മനസ്സനുവദിച്ചില്ല. മറിച്ച്, പാക്കേജുകാര്‍ പോകുന്ന റൂട്ടിന്റെ നേരെ എതിര്‍ദിശയില്‍ നിന്നു തുടങ്ങിയാല്‍ തിരക്കില്ലാതെ എല്ലാ സ്ഥലവും കണ്ടിട്ടു വരാമെന്നൊരു അതിബുദ്ധി തോന്നി. ഒത്താല്‍ ഒത്തു! അതുകൊണ്ട് ആദ്യം ഞാന്‍ പോയത് അങ്കോര്‍ വാട്ടിലേക്കല്ല, മറിച്ച് താ പ്രോം എന്ന വിഹാരത്തിലേക്കാണ്. നമ്മുടെ ആഞ്ജലീന ജോളി അഭിനയിച്ച 'ടോംബ് റെയ്ഡര്‍' എന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഈ സ്ഥലമാണ്. രണ്ടു വെള്ളക്കാരല്ലാതെ മാറ്റാരുമില്ല. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല! ഞാന്‍ എന്റെ തോളത്തൊന്നു തട്ടി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയവര്‍മ രാജാവ് പണിത ബുദ്ധവിഹാരമാണ് താ പ്രോം. ആയിരക്കണക്കിന് സന്യാസികളും പണ്ഡിതരും കലാകാരന്മാരും താമസിച്ചിരുന്ന ഈ സ്ഥലം ഏകദേശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. പ്രധാനമായും കരിങ്കല്ലുകൊണ്ടു നിര്‍മിച്ച ഈ വിഹാരം കാടെടുത്ത നിലയിലാണെങ്കിലും ആ കാടുകയറിയ സ്ഥിതിയാണ് വിഹാരത്തിനു ഇത്രമേല്‍ സൗന്ദര്യം നല്‍കുന്നതെന്നു തോന്നിപ്പോകും പലപ്പോഴും! പച്ചപ്പായലില്‍ മൂടിയ ഗോപുരങ്ങളും തൂണുകളും, ഇടതൂര്‍ന്നു പന്തലുപോലെ നില്‍ക്കുന്ന മരങ്ങളുമെല്ലാമായി അതിസുന്ദരമാണ് താ പ്രോം. കുറേ തപ്പിനടന്ന് ഒടുവില്‍ ടോംബ് റെയ്ഡര്‍ സിനിമയില്‍ കാണിക്കുന്ന സ്ഥലവും കണ്ടുപിടിച്ചു! അവിടെ നിന്ന സെക്യൂരിറ്റി ചേട്ടനെക്കൊണ്ട് ചായ്ച്ചും ചെരിച്ചും ഫോട്ടോ എടുത്തിട്ടാണ് അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടത്.

പിന്നീട് ബെയോന്‍, താ സോം, പ്രീ രൂപ്, താ കിയോ തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. കാടിന്റെ ഒത്ത നടുവിലൂടെ വണ്ടിയോടിച്ചു വേണം ഈ ക്ഷേത്രങ്ങളിലേക്കൊക്കെ പോകാന്‍. മറക്കാനാകാത്തൊരു അനുഭവമായിരുന്നു അത്. ക്ഷീണം വരുമ്പോള്‍ വഴിയരികിലുള്ള അമ്മമാര്‍ വില്‍ക്കുന്ന കമ്പോഡിയന്‍ കോഫിയൊക്കെ കുടിച്ച് അവരോടൊക്കെ കുശലം പറഞ്ഞു എന്റെ താളത്തില്‍ ഞാന്‍ യാത്ര ചെയ്തു. ഒടുവില്‍ ഏകദേശം മൂന്നരയോടെ ഞാന്‍ അങ്കോര്‍ വാട്ടിനു മുന്നില്‍ എത്തി. ധാരാളം ഫോട്ടോകള്‍ ഇതിന് മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുമ്പോള്‍ തോന്നിയത് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. എന്റെ കണ്ണു രണ്ടും പുറത്തു വരും വിധത്തില്‍ അതിഗംഭീരമായൊരു ക്ഷേത്രം! എന്നെ അവിടെ വരെ എത്തിച്ച എല്ലാത്തിനോടും എല്ലാവരോടും ആ നിമിഷം ഞാന്‍ മനസ്സുകൊണ്ട് നന്ദി പറഞ്ഞു! അവിടെ നിന്നിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ ഞാന്‍ ഇങ്ങനെ അന്ധാളിച്ചു നില്‍ക്കുന്നതിന്റെ കുറച്ചു ഫോട്ടോകള്‍ ഞാന്‍ അറിയാതെ പകര്‍ത്തി. ശേഷം അയാളെന്നെ അതു കാണിക്കാന്‍ വന്നപ്പോള്‍ ക്ഷേത്രം പിന്നില്‍ വരുന്നൊരു ചിത്രം എനിക്കെടുത്തു തരാമോ എന്നു ഞാന്‍ ചോദിച്ചു. ആ മനുഷ്യന്‍ ഒരു മടിയും കൂടാതെ ചിത്രങ്ങള്‍ എടുത്തു നല്‍കി! എന്റെ ഫോണിലേക്ക് ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ കൈ കൊടുത്തു പിരിയാന്‍ തുടങ്ങിയപ്പോഴേക്കും അവിടേക്ക് കുറച്ച് ബുദ്ധസന്യാസികള്‍ വന്നു. പത്തു മുതല്‍ പതിന്നാലു വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങള്‍. കമ്പോഡിയയില്‍ ചെറുപ്രായത്തില്‍ ആണ്‍കുട്ടികള്‍ മാസങ്ങളോ വര്‍ഷങ്ങളോ ദീക്ഷ സ്വീകരിക്കുന്ന പതിവുണ്ട്. പിന്നീട് ഇവര്‍ ലൗകിക ജീവിതത്തിലേക്ക് മടങ്ങും. അവരോട് അല്‍പനേരം സംസാരിച്ച് അവരുടെ കൂടെ ഒരു ഫോട്ടോയും എടുത്ത് ഞാന്‍ അമ്പലത്തിന്റെ ദിശയില്‍ നടന്നു. പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന മേരുപര്‍വതത്തിന്റെ ആകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രകാരന്മാരുടെ വാദം. ക്ഷേത്രത്തിന്റെ മുന്നില്‍ ഇരുവശങ്ങളിലായി കാണുന്ന ആമ്പല്‍ക്കുളങ്ങള്‍ പ്രപഞ്ചസാഗരത്തെ സൂചിപ്പിക്കുന്നു- A visual spectacle ! ക്ഷേത്രത്തിലേക്ക് നടന്നടുക്കുന്തോറും എന്റെ ആകാംഷ കൂടിക്കൂടി വന്നു! ആള്‍തിരക്കൊട്ടും തന്നെയില്ല. ആ ക്ഷേത്രം എനിക്ക് വേണ്ടി കാത്തിരുന്നതുപോലെ തോന്നി. കല്ലില്‍ തീര്‍ത്ത സാലഭഞ്ജികകള്‍ എന്നെ നോക്കി പുഞ്ചിരി തൂകി. പത്തു വയസ്സുകാരി ഗൗരിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ് ഈ നിമിഷം! മണ്ഡപങ്ങളും ഗോപുരങ്ങളും കല്‍ത്തൂണുകളും ഞാന്‍ തൊട്ടു വണങ്ങി. ആ നിമിഷം ആനന്ദത്തിനുമപ്പുറം ഞാന്‍ ജീവിതത്തോട് അങ്ങേയറ്റം നന്ദിയുള്ളവള്‍ ആയിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഇതുപോലെയുള്ള നിമിഷങ്ങളില്‍ പലപ്പോഴും എനിക്കു തോന്നാറുണ്ട്. എന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും യുക്തിക്കുമൊക്കെ അപ്പുറം എന്തൊക്കെയോ ഉണ്ട്, ആരെല്ലാമോ ഉണ്ട്…

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Angkor Wat, the world`s largest monument in Cambodia and must-see temples & Pub Street.