ക്യൂബ ഇപ്പോഴും പുതുമകളെ പുല്‍കാന്‍ മടിക്കുന്നത് എന്തുകൊണ്ടാവും?

'എന്തുകൊണ്ട് ക്യൂബ?' എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് ഞങ്ങളുടെ ടൂര്‍ ഗൈഡ്, വില്‍ ചോദിച്ചു. തലേദിവസം ഉച്ചതിരിഞ്ഞാണ് ഞങ്ങള്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെത്തിയത്. പതിനാറുപേരായിരുന്നു സംഘത്തില്‍. ഞാനും സുഹൃത്ത് ലക്ഷ്മി വാരിയരുമടക്കം നോര്‍ത്ത് അമേരിക്കയിലെ പലഭാഗത്തുനിന്നും വന്നവര്‍. ക്യൂബയില്‍ ഹോട്ടലുകള്‍ കുറവാണ്. വീടുകളിലെ മുറികള്‍ വാടകയ്ക്ക് (പാശ്ചാത്യരാജ്യങ്ങളിലെ ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് പോലെ) കൊടുക്കുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് അതൊരു വരുമാനവുമാണ്. പിറ്റേദിവസം കാലത്ത് ഗസ്റ്റ്ഹൗസിലെ ആതിഥേയര്‍ ഒരുക്കിയ പ്രാതലും കഴിച്ച് ഹവാന നഗരം കാണാന്‍ പുറപ്പെട്ടു.
ഹവാനയിലെ ഓള്‍ഡ് ടൗണ്‍ എന്നറിയപ്പെടുന്ന പ്രദേശത്തെ ഇടുങ്ങിയ പാതയിലൂടെ അന്‍പതുകളിലെ വലിയ, തുറന്നിട്ട കാറുകള്‍ ഞെങ്ങിനിരങ്ങി നീങ്ങുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കടന്നുപോകുന്ന പലനിറത്തിലുള്ള ഓട്ടോറിക്ഷകള്‍. ക്യൂബയില്‍ മാവുപൂക്കുന്ന കാലമായിരിക്കണം. തൊട്ടടുത്ത പാര്‍ക്കിലെ പൂത്തുലഞ്ഞുനില്‍ക്കുന്ന മാവിന്‍കൊമ്പിലേക്ക് കണ്ണുപായിച്ചുകൊണ്ട്, അനേകം നാഴികകള്‍ക്കകലെയുള്ള കേരളത്തിലെ മറ്റൊരു മകരമാസത്തിലേക്ക് മനസ്സ് തിരിഞ്ഞോടി. അവിടെവെച്ചാണ് വില്‍ ആ ചോദ്യം ചോദിച്ചത്, 'എന്തുകൊണ്ട് ക്യൂബ?' ഗ്രൂപ്പിലെ ഓരോരുത്തരും അമേരിക്കക്കാര്‍ക്കിടയില്‍ വിലക്കപ്പെട്ട ഭൂമി (Forbidden Land) എന്നറിയപ്പെടുന്ന ക്യൂബയിലേക്കു വരാനുള്ള കാരണങ്ങള്‍ പറയാന്‍ തുടങ്ങി.
മക്ഡൊണാള്‍ഡും കെ.എഫ്.സിയും മറ്റ് അമേരിക്കന്‍ സ്ഥാപനങ്ങളും ക്യൂബന്‍ തെരുവുകളില്‍ ഇടംപിടിക്കുന്നതിനുമുന്‍പേ അവിടത്തെ സംസ്‌കാരത്തിന്റെയും പ്രകൃതിസൗന്ദര്യത്തിന്റെയും തനിമ ആസ്വദിക്കുന്നതിനാണ് വന്നതെന്ന് ഒരാള്‍. അമേരിക്കയിലെ അടുത്ത ഇലക്ഷനില്‍ ഭരണകൂടം മാറിയാല്‍ വീണ്ടും അതിര്‍ത്തി അടയ്ക്കപ്പെട്ടാലോ എന്ന വേവലാതിയായിരുന്നു മറ്റൊരാള്‍ക്ക്. എന്റെ കൂട്ടുകാരി ലക്ഷ്മി വാരിയര്‍ക്ക് താത്പര്യം, ഹവാനയില്‍ ഓടുന്ന അന്‍പതുകളിലെയും അറുപതുകളിലെയും പഴയ കാറുകളോടാണ്. ഞാന്‍ എന്തുപറയും?
മലയാളിയായ എനിക്ക് ക്യൂബയെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. കാസ്ട്രോയെയും ചെഗുവേരയെയും ഹെമിങ്വേയെയുമൊക്കെ കേട്ടതുമുതല്‍ ഈനാട് മനസ്സില്‍ കയറിയതാണ്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തപ്പോള്‍, ഇവിടത്തെ ചരിത്രപുസ്തകങ്ങളിലും കെന്നഡിയുടെ ആത്മകഥകളിലും ക്യൂബ നിറഞ്ഞു. ഇവിടേക്ക് വരാനുള്ള കാരണങ്ങള്‍ കേട്ടപ്പോള്‍, യാത്രയെ ഗൗരവമായി കാണുന്ന ഒരാളാണ് ഞാനെന്ന് വില്‍ വിധിയെഴുതി.
ക്യൂബയിലേക്ക് യാത്ര തരപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കന്‍ പൗരത്വമുള്ള എനിക്ക് മറ്റ് അമേരിക്കക്കാരെപ്പോലെ, നിയമപ്രകാരം ക്യൂബയിലെത്താന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടിയിരുന്നു. അമേരിക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ മഞ്ഞുരുകിയിരുന്നില്ല, കുറേക്കാലം. ബരാക് ഒബാമ പ്രഡിഡന്റായിരുന്ന കാലത്താണ് നിയമങ്ങള്‍ക്ക് അയവുവന്നത്. അതിര്‍ത്തി തുറക്കപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായപ്പോള്‍ വീണ്ടും വിലക്കുവന്നു. എന്നാല്‍, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്‍ വീണ്ടും അതിര്‍ത്തി തുറക്കുകയും ക്യൂബയിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അമേരിക്കയിലെ മയാമി നഗരത്തില്‍നിന്ന് തൊണ്ണൂറു മൈല്‍ ദൂരമേ ക്യൂബയിലേക്കുള്ളൂ. എന്റെ വാസസ്ഥലമായ ഷിക്കാഗോയില്‍നിന്ന് രണ്ടരമണിക്കൂര്‍ മയാമിയിലേക്കും അവിടെനിന്ന് ഒരുമണിക്കൂര്‍ ഹവാനയിലേക്കും ഫ്‌ളൈറ്റില്‍ യാത്രചെയ്താണ് ക്യൂബയിലെത്തിയത്.
സ്പാനിഷ് വംശജര്‍ 1519-ല്‍ സ്ഥാപിച്ച ഹവാനനഗരം, കരീബിയന്‍ കപ്പല്‍നിര്‍മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ്. ജനസംഖ്യ ഇരുപതുലക്ഷത്തോളം. ഗൈഡ് വില്ലിന്റെ നേതൃത്വത്തില്‍ കാല്‍നടയായി ഓള്‍ഡ് ഹവാന സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ആഫ്രോ-ക്യൂബന്‍ മതവിശ്വാസങ്ങളില്‍നിന്നുണ്ടായ അതിമനോഹരമായ ദൃശ്യകലകള്‍ നിറഞ്ഞ ഒരു തെരുവായിരുന്നു ആദ്യത്തെ സ്റ്റോപ്പ്. അടിമകളായി ക്യൂബയിലെത്തിയ ആഫ്രിക്കന്‍ വംശജരുടെ സംസ്‌കാരം കലര്‍ന്ന അലങ്കരിച്ച വീടുകള്‍ സന്ദര്‍ശിക്കലും യാത്രയുടെ ഭാഗമായിരുന്നു. അവിടെയെത്തിയപ്പോള്‍, ഡയാന എന്ന പ്രാദേശിക ടൂര്‍ ഗൈഡിന് ഞങ്ങളെ കൈമാറിക്കൊണ്ട്, വില്‍ ഞങ്ങളോടൊപ്പം ഒരു ടൂറിസ്റ്റായി മാറി.
യൂണിവേഴ്സിറ്റി പ്രൊഫസറാണ് ഡയാന. ജീവിക്കാന്‍ ആ വരുമാനം മാത്രം മതിയാകാത്തതുകൊണ്ട് ടൂര്‍ ഗൈഡായും ജോലിചെയ്യുന്നു. മൊഹിത്തോ (Mojito) എന്ന കോക്ടെയില്‍ നുണഞ്ഞുകൊണ്ട്, അവിടെ ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയ ആഫ്രോ-ക്യൂബന്‍ നൃത്തം ആസ്വദിക്കുമ്പോള്‍ അത്രയും നേരം നടന്നതിന്റെ ക്ഷീണം മറന്നു.
സന്തേറിയ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ചുമര്‍ച്ചിത്രങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കുമൊപ്പം ലെനിന്‍, ചെ എന്നിവരെയും സത്യസായിബാബയെപ്പോലും അവിടെ ആരാധിക്കുന്നതായി കണ്ടു. എവിടെ കാസ്ട്രോയുടെ സ്മാരകങ്ങള്‍? ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്താന്‍ സ്മാരകങ്ങള്‍ പണിയരുതെന്ന് മരണത്തിനുമുന്‍പേ കാസ്ട്രോ പറഞ്ഞത്രേ.
അദ്ദേഹത്തിന്റെ ശവക്കല്ലറപോലും കുടുംബത്തിന്റെ സ്വകാര്യമായ ശ്മശാനത്തിലാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ആഫ്രോ-ക്യൂബന്‍ തെരുവും വീടുകളും കണ്ട് ഡയാനയോട് വിടപറഞ്ഞു. വീണ്ടും വില്ലിനെ പിന്‍തുടര്‍ന്ന് കാല്‍നടയാത്ര തുടങ്ങി. 1950-60 കാലങ്ങളില്‍ നോര്‍ത്ത് അമേരിക്കയിലെ തെരുവുകളില്‍ ഓടിയിരുന്ന പോണ്ടിയാക്, കാഡിലാക്, ഇംപാല കാറുകള്‍ ഇന്നും ഹവാനയിലെ തെരുവുകളില്‍ കാണാം. ടാക്‌സിയായും പ്രൈവറ്റ് കാറുകളായും ഓടുന്ന അവയുടെ ദൃശ്യം എന്നെ വര്‍ഷങ്ങള്‍ക്കുപിന്നിലേക്ക് കൊണ്ടുപോയി. അത്തരത്തിലുള്ള ഒരു വിന്റേജ് കാര്‍ യാത്രയായിരുന്നു അടുത്ത പരിപാടി.
പച്ചയും ചുമപ്പും നീലയും പിങ്കും നിറമുള്ള തുറന്ന കാറുകളില്‍ ഞങ്ങള്‍ പതിനാറുപേര്‍ ആര്‍ത്തുല്ലസിച്ച്, ലോകത്തിലെ ഏറ്റവും പ്രസിദ്ധിയുള്ള പതിമ്മൂന്ന് പ്ലാസകളില്‍ ഒന്നായ റെവല്യൂഷന്‍ സ്‌ക്വയറില്‍ (Plaza De La Revolucion) എത്തി. ചെഗുവേരയുടെ ചുമര്‍ച്ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ള റെവല്യൂഷന്‍ സ്‌ക്വയര്‍, ഫ്രഞ്ച് അര്‍ബനിസ്റ്റായ ഷാന്‍ ക്ലോഡ് ഫ്രോസ്റ്റിയെ ആവിഷ്‌കരിച്ചതാണ്. പതിനൊന്നേക്കറോളം വിസ്താരമുള്ളതാണ് ഈ പ്ലാസ. 1959-ല്‍ ക്യൂബന്‍ വിപ്ലവം തീര്‍ന്നശേഷം കാസ്ട്രോ, ഈ പ്ലാസയുടെ പേര് റെവല്യൂഷന്‍ സ്‌ക്വയര്‍ എന്നാക്കി. പ്ലാസയുടെ നടുവില്‍, തലയെടുപ്പോടെ ക്യൂബന്‍ രാഷ്ട്രപിതാവായ ഹോസെ മാര്‍ട്ടിയുടെ (Jose Marti) പ്രതിമയും സ്മാരകസ്തംഭവും കാണാം.
ഏകദേശം 109 മീറ്റര്‍ ഉയരമുള്ള ഈ സ്മാരകസ്തംഭം, ഗ്രാനൈറ്റുകൊണ്ട് നിര്‍മിച്ച റെവല്യൂഷന്‍ പാലസിനു മുന്‍പിലാണ് സ്ഥിതിചെയ്യുന്നത്. നിരവധി ഔദ്യോഗിക കെട്ടിടങ്ങളും ക്യൂബന്‍ നാഷണല്‍ ലൈബ്രറിയും ഇവിടെയുണ്ട്. ചെഗുവേരയുടെ അനശ്വരസ്മരണകളാണ് ക്യൂബയില്‍ എല്ലായിടത്തും. ബില്‍ബോര്‍ഡുകളിലും ചുമര്‍ച്ചിത്രങ്ങളിലും സുവനീറുകളിലും വീടുകളുടെ മുന്‍വശത്തുമെല്ലാം ആ മുഖം കാണാം. അദ്ദേഹം ജനിച്ച അര്‍ജന്റീനയിലെ റൊസാരിയോയിലും കൊല്ലപ്പെട്ട ബൊളീവിയയിലും കാണാത്ത ചെഗുവേര വികാരം ക്യൂബയില്‍ നിറയുന്നുണ്ട്. റെവല്യൂഷന്‍ സ്‌ക്വയറിന്റെ വടക്കുഭാഗത്തായി ചെയുടെ ചിത്രം കൊത്തിവെച്ചിട്ടുണ്ട്.
1960-ല്‍ ആല്‍ബര്‍ട്ടോ കോര്‍ഡ (Alberto Korda) എന്ന ഫോട്ടോഗ്രാഫറെടുത്ത ചെയുടെ വിശ്വപ്രസിദ്ധമായ ചിത്രത്തെ ആസ്പദമാക്കി എന്റികെ ആവില ഗൊണ്‍സാലിസ് എന്ന കലാകാരന്‍ ഒരുക്കിയതാണ് ഈ സ്മാരകം. ചെ, കാസ്ട്രോയ്ക്കെഴുതിയ അസ്ത ലാ വിക്ടോറിയ സിയെംപ്രെ (hasta la victoria siempre) എന്ന പ്രസിദ്ധവരികളും ഇതിന്റെ താഴെ കൊത്തിവെച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവകാലത്ത് പ്രസിദ്ധിയാര്‍ജിച്ച മറ്റൊരു വിപ്ലവകാരി, കമിലോ സിയന്‍ഫ്യൂഗോവിന്റെ പടവും ചെയുടെ ചിത്രത്തിനു കൂട്ടായിട്ടുണ്ട്. റെവല്യൂഷന്‍ സ്‌ക്വയര്‍ ഇന്നും നിരവധി പ്രതിഷേധറാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും സാക്ഷ്യംവഹിക്കാറുണ്ട്.
ഞങ്ങളുടെ അടുത്ത ലക്ഷ്യം ഹവാനയിലെ പൈതൃകകേന്ദ്രമായ ഓള്‍ഡ് സിറ്റിയായിരുന്നു. സ്പാനിഷ് അധിനിവേശത്തിന്റെ അവശിഷ്ടങ്ങളായ പതിനാറാം നൂറ്റാണ്ടിലെ കെട്ടിടങ്ങളും കോട്ടകളും പള്ളികളും ഇവിടത്തെ പ്രത്യേകതകളാണ്.
ഹവാനയുടെ ചരിത്രത്തിന്റെ അടിസ്ഥാനം ഇവിടത്തെ അഞ്ച് പ്ലാസകളാണ്. അര്‍മാസ് (Plaza de Armas), ബേഗാ (Vega), സാന്‍ഫ്രാന്‍സിസ്‌കോ ഡെ അസീസ് (San Francisco de Asis), ഡെ ലാ കത്തീഡ്രല്‍ (De La Cathedral), ഡെല്‍ ക്രിസ്റ്റോ (Del Cristo) എന്നിവയാണവ. ഇഷ്ടികപതിച്ച തെരുവിന്റെ ഇരുവശത്തും, നിയോക്ലാസിക്കല്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട പള്ളികളും കെട്ടിടങ്ങളും ഗാലറികളും ഫോട്ടോഗ്രഫിക്കു പ്രചോദനം നല്‍കുന്നവയാണ്.
അര്‍മാസ് പ്ലാസയിലെ സീവ (Cieba) മരവും ഇരുമ്പും കൊണ്ടുള്ള ഗേറ്റുകള്‍ക്കു പിന്നിലെ, പലനിറത്തില്‍ ചായംതേച്ച വീടുകളും വീടുകള്‍ക്കുള്ളിലെ നടുമുറ്റങ്ങളും ഇവിടത്തെ പ്രത്യേകതകളാണ്. റോഡിന്റെ ഇരുവശത്തും പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് നോക്കിയാല്‍ ഹവാനയുടെ സംരക്ഷണത്തിനായി നിര്‍മിച്ച കസ്റ്റിയോ ഡെ ലാ റിയല്‍ ഫറെന്‍സ (Castillo de la Real Fuerza) എന്ന, ഏറ്റവും പുരാതനമായതും വലുപ്പമുള്ളതുമായ കോട്ട, ഹവാന ഹാര്‍ബറിന്റെ അറ്റത്തായി കാണാം.
ഉച്ചഭക്ഷണത്തിനുശേഷം പ്ലാസ ബേഗാ (Plaza Vega) സന്ദര്‍ശിക്കാനിറങ്ങി. ഈ പ്ലാസയുടെ നടുവിലുള്ള, കോഴിയുടെ പുറത്തിരിക്കുന്ന നഗ്‌നയായ സ്ത്രീയുടെ പ്രതിമ ഏറ്റവും ശ്രദ്ധേയമാണ്. ക്യൂബന്‍ ആര്‍ട്ടിസ്റ്റ്, റോബര്‍ട്ടോ ഫാബെലോ (Roberto Fabelo) ആണ് ഇതിന്റെ ശില്പി. ''ഹെമിങ്വേ കുറച്ചുകാലം താമസിച്ച അംബോസ് മുണ്ടൊസ് ഹോട്ടലാണിത്'' -പിങ്ക് നിറത്തിലുള്ള കെട്ടിടം ചൂണ്ടിക്കാണിച്ച് വില്‍ പറഞ്ഞു. പിന്നീട് ഫിന്ഗ വിജീയാ എന്ന വീട്ടിലേക്ക് മാറിയെന്നും, അവിടെവെച്ചാണ് നൊബേല്‍ സമ്മാനം ലഭിച്ച 'കിഴവനും കടലും' എഴുതിയതെന്നും സൂചിപ്പിച്ചു. ഇന്ന് ഈ ഹോട്ടല്‍മുറിയും വീടും ഹെമിങ്വേ മ്യൂസിയങ്ങളാണ്.
അടുത്തത് കത്തീഡ്രല്‍ പ്ലാസയായിരുന്നു. 1700-കളില്‍ പവിഴക്കല്ലുകള്‍കൊണ്ട് നിര്‍മിച്ച പള്ളിയാണ് ഇവിടത്തെ പ്രധാന കാഴ്ച. കന്യാമറിയത്തിന്റെ ആരാധനാലയമായ ഈ പള്ളിയുടെ പ്രത്യേകത, രണ്ടുവശത്തെയും സദൃശമല്ലാത്ത കല്‍ത്തൂണുകളാണ്. 1959 ജനുവരി ഒന്നിന്, ബറ്റിസ്ത ഗവണ്‍മെന്റിനെ പുറത്താക്കി, ഫിഡല്‍ കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള ഗറില്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമേറ്റെടുത്തതിനുശേഷം കമ്യൂണിസ്റ്റ് ഭരണമാണിവിടെ.
കാസ്ട്രോയുടെ മരണശേഷം സഹോദരന്‍ റൗള്‍ കാസ്ട്രോയും പിന്നീട് ഇപ്പോഴത്തെ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനേലും അധികാരമേറ്റെടുത്തു. ഇത്രകാലമായിട്ടും രാജ്യം വലിയ പുരോഗതിയൊന്നും നേടിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തുച്ഛമാണ്. അതുകൊണ്ട് ജീവിക്കാന്‍ കഴിയാത്തതിനാല്‍ പലരും സ്വന്തം വീടുകള്‍ ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നു. എന്നിരുന്നാലും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ മികച്ചതാണെന്നതും എല്ലാ ക്യൂബന്‍ പൗരന്മാര്‍ക്കും സൗജന്യചികിത്സയും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടെന്നതും ആശ്വാസകരമാണ്.
വൈകുന്നേരം ഡോണ്‍ എഡ്വേര്‍ഡോ അല്‍ഗറില്‍ (Don Eduardo Alegro) നിന്ന് ഡിന്നര്‍ കഴിച്ചശേഷം ടൂര്‍ ബസ്സില്‍ നഗരം ചുറ്റാനിറങ്ങി. അവിടത്തെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളായ റഷ്യന്‍ എംബസിയും, വാഷിങ്ടണ്‍ ഡി.സി.യിലെ ക്യാപ്പിറ്റല്‍ ബില്‍ഡിങ് പോലെയുള്ള ഹവാനയുടെ ക്യാപ്പിറ്റല്‍ ബില്‍ഡിങ്ങും രാത്രിവെളിച്ചത്തില്‍ തിളങ്ങുന്ന കാഴ്ച വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല.
അന്ന് രാത്രികൂടി ഹവാനയിലുള്ള ഗസ്റ്റ് ഹൗസില്‍ താമസിച്ച് പിറ്റേന്ന് വില്ലിനോടൊപ്പം വിഞാലീസിലേക്കു (Vinales) പുറപ്പെട്ടു. പോകുന്ന വഴിയില്‍, ഹവാനയുടെ പ്രാന്തപ്രദേശത്തുള്ള ഫസ്റ്റര്‍ലാന്‍ഡിയ എന്ന, മൊസൈക് കൊണ്ടുള്ള മനോഹരമായൊരു പരിസരം കാണാനിടയായി. സ്‌പെയിനിലെ ബാഴ്സലോണയിലുള്ള പാര്‍ക്ക് ഗ്വേല്ലിനെ ഇത് ഓര്‍മ്മിപ്പിച്ചു, കലാദൃശ്യങ്ങള്‍ നിറഞ്ഞ ആ പരിസരം. എവിടെ നോക്കിയാലും ചുമര്‍ച്ചിത്രങ്ങളും കൊത്തുപണികളും സംഗീതവും നൃത്തവും നിറഞ്ഞുനില്‍ക്കുന്നു.
തിരിച്ച് അമേരിക്കയിലേക്ക് പോകുന്നതിന്റെ തലേരാത്രിയും ഞങ്ങള്‍ ഹവാനയിലാണ് ചെലവിട്ടത്. വരുംവഴി, ഹവാനയിലെത്തിയപ്പോള്‍ ജ്യോമ മഡേര നിര്‍മിച്ച, കരാര മാര്‍ബിളില്‍ത്തീര്‍ത്ത 'ക്രൈസ്റ്റ് ഓഫ് ഹവാന' കാണാന്‍ സമയം ചെലവഴിച്ചു. ഫുള്‍ഗന്‍സിയോ ബറ്റിസ്തയുടെ കാലത്താണ് ഈ ശില്പം പണിതീര്‍ത്തത്. ഒരു കുന്നിന്‍പുറത്തായി, സമുദ്രനിരപ്പില്‍നിന്ന് 80 മീറ്ററോളം ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രതിമയുടെ ചുറ്റും നിന്ന് നോക്കിയാല്‍ ഹവാനനഗരം രാത്രിവെളിച്ചത്തില്‍ തിളങ്ങുന്ന കാഴ്ചകാണാം.
അന്നുരാത്രി ഡിന്നറിനൊപ്പം മനോഹരമായ ക്യൂബന്‍ സംഗീതനൃത്തസായാഹ്നം ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. പിറ്റേദിവസം, ക്യൂബയില്‍ ചെലവഴിച്ച ദിനരാത്രങ്ങളുടെ മധുരിക്കുന്ന ഓര്‍മകളുമായി ഏവരും യാത്രപറഞ്ഞപ്പോള്‍, വിലക്കപ്പെട്ടിരുന്ന ആ ഭൂമി സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയായിരുന്നു മനംനിറയെ. വിവ ലാ ക്യൂബ ലിബ്രെ (സ്വതന്ത്ര ക്യൂബ നീണാള്‍ വാഴട്ടെ!) എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തിരിച്ച് മയാമിയിലേക്ക് പറന്നു.
Content Highlights: a travelogue through Cuba