ബസോടിച്ചപ്പോള്‍ അന്ന് കളിയാക്കി, ഇന്ന് ജര്‍മനിയിലെ ആദ്യ വനിത മലയാളി ഡ്രൈവര്‍...

ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ സ്ത്രീ, മലയാളിക്ക് ഒരുകാലം വരെ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കാഴ്ചയായിരുന്നു അത്. ഇന്നും അത്തരമൊന്ന് കണ്ടാല്‍ കൗതുകമാണ്. ആദ്യം അവരെ ഒന്ന് അടിമുടി നോക്കും. പിന്നെ 'ഇവള് ആള് കൊള്ളാല്ലോ' എന്ന് മനസ്സില്‍ പറയും. നാട്ടിലെ സ്ഥിതി ഇങ്ങനെയാണേല്‍ അങ്ങ് ജര്‍മനിയില്‍ ഒരു മലയാളി സ്ത്രീ അവിടത്തെ 'കെ.എസ്.ആര്‍.ടി.സി.' ഓടിച്ചാലോ. ഇതൊക്കെ സിനിമയിലല്ലേ നടക്കൂ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍, ജീവിതത്തിലും നടക്കുമെന്ന് ജര്‍മനിയില്‍ നിന്ന് തിരുവനന്തപുരത്തുകാരി മീനാക്ഷി പറയുന്നു. ആറ്റിങ്ങല്‍-വര്‍ക്കല റൂട്ടില്‍ ബസ്സോടിച്ച് അഭിനന്ദനങ്ങള്‍ വാങ്ങിയ ശേഷമാണ് മീനാക്ഷി യൂറോപ്യന്‍ റോഡുകളില്‍ ഒരുകൈ നോക്കാന്‍ പറന്നത്.
ജര്‍മനിയിലെ ഫുര്‍ത്തില്‍ മീനാക്ഷി ഓടിക്കുന്ന ബസ്സില്‍ കയറുന്നവരെല്ലാം ഒരുചെറുപുഞ്ചിരിയോടെ അഭിവാദ്യം ചെയ്യും. അത് സ്വപ്രയത്‌നത്താല്‍ വന്‍കരകള്‍ കടന്നെത്തിയ പെണ്‍കരുത്തിനുള്ള ബിഗ് സല്യൂട്ട് കൂടിയാണ്. ഒരുപാടുപേരുടെ കളിയാക്കലുകളുടെയും സംശയങ്ങളുടെയും മുകളിലേക്ക് ആത്മവിശ്വാസത്തിന്റെ ചക്രങ്ങള്‍ ഓടിച്ചുകയറ്റിയാണ് മീനാക്ഷി ജീവിതത്തില്‍ വിജയം നേടിയത്.
യൂറോപ്പിലെ ആദ്യ മലയാളി വനിതാ ബസ് ഡ്രൈവര്‍ എന്ന പദവിയിലേക്കുള്ള മീനാക്ഷിയുടെ യാത്ര ഓരോ മലയാളിക്കും അഭിമാനം നല്‍കുന്നതാണ്. ജര്‍മനിയില്‍നിന്ന് മീനാക്ഷി ഗൃഹലക്ഷ്മിയോട് സംസാരിക്കുന്നു.
സംഗീത കുടുംബം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ജനനം. പാലോടായിരുന്നു കുട്ടിക്കാലം. ഞാനും അമ്മയും അച്ഛനും അനിയനും അടങ്ങുന്ന കുടുംബം. അച്ഛന്‍ ഗായകനാണ്. നിരവധി സംഗീതക്കച്ചേരികള്‍ ചെയ്തിട്ടുണ്ട്. അച്ഛന്റെ അമ്മയും അവരുടെ സഹോദരിയും സംഗീതജ്ഞരായിരുന്നു. 'വാമനപുരം സിസ്റ്റേഴ്സ്' എന്ന് അവര്‍ അറിയപ്പെട്ടു. ഞാന്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അതിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടിലായി. ഹൈസ്‌കൂള്‍ കാലത്ത് സംഗീതപഠനം തുടങ്ങി. സ്വാതി തിരുനാള്‍ കോളേജില്‍ നിന്ന് ബി.എ. മ്യൂസിക് രണ്ടാംറാങ്കോടെ പാസ്സായി. വഴുതക്കാട് വിമന്‍സ് കോളേജില്‍ പി.ജി.പഠനം. പിന്നെ സംഗീതാധ്യാപികയായി സ്‌കൂളുകളില്‍ ജോലി ചെയ്തു.
ഡ്രൈവിങ് വിളിക്കുന്നു
കുട്ടിക്കാലം തൊട്ടേ ഡ്രൈവിങ്ങിനോട് താത്പര്യമുണ്ട്. അമ്മയുടെ അച്ഛന്‍ ആറ്റിങ്ങല്‍- കോട്ടയം റൂട്ടിലെ ആദ്യ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പൈലറ്റ് ആകണമെന്ന കുഞ്ഞുനാളിലെ സ്വപ്‌നം സാധ്യമല്ലെന്ന് മനസ്സിലായതോടെ എന്റെ ഇഷ്ടം ആംബുലന്‍സ് ഓടിക്കാനായി. ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുത്തു. സംഗീതാധ്യാപികയായി തുടര്‍ന്നു.
കോവിഡ് ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടു. എട്ടുവര്‍ഷത്തോളം ഗാനമേളാ ട്രൂപ്പുകളില്‍ പാടി. ജിമ്മില്‍ ട്രെയ്‌നറായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഡ്രൈവിങ്ങിലേക്ക് ഇറങ്ങുന്നത്. കല്ലമ്പലം- വര്‍ക്കല റൂട്ടിലോടുന്ന സൂര്യാ ബസ്സില്‍ തുടക്കം. ആ ആത്മവിശ്വാസം വെച്ച് ദുബായ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ ജോലിക്കു ശ്രമിച്ചു. ഭര്‍ത്താവും സഹോദരനും ദുബായിലുള്ളതിനാല്‍ വിസിറ്റിങ് വിസയില്‍ അവിടെ പോയി ജോലിക്ക് ശ്രമിച്ചെങ്കിലും ശരിയായില്ല.
മാള്‍ട്ടയിലേക്ക് പറക്കുന്നു
പിന്നീട് മാള്‍ട്ടയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ (എം.പി.ടി) ജോലിക്ക് ശ്രമിച്ചു. ലോക്കല്‍ റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറി. സൂപ്പര്‍വൈസര്‍മാരും ഇന്‍സ്ട്രക്ടര്‍മാരും പിന്തുണ നല്‍കി. യൂറോപ്യന്‍ ഡ്രൈവിങ് ട്രെയിനിങ് മികച്ച അനുഭവമായിരുന്നു. യൂറോപ്യന്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കിയശേഷം ജര്‍മനിയില്‍ ഡ്രൈവറായി.
ആത്മവിശ്വാസമാണ് കൈമുതല്‍
നാട്ടില്‍ അദ്ഭുതത്തോടെ നോക്കിയവരുണ്ട്. കളിയാക്കിയവരുണ്ട്. സൂര്യാ ബസ്സിലെ സഹജീവനക്കാരും മുതലാളിയുമൊക്കെ വലിയ പിന്തുണ നല്‍കി. യാത്രക്കാര്‍ അഭിനന്ദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, നല്ല ഡ്രൈവിങ്ങിന് പുരസ്‌കാരം നല്‍കി.
ആദ്യമൊക്കെ ആളെ തിരിച്ചറിയാതെയിരിക്കാന്‍ മാസ്‌ക്കിട്ടായിരുന്നു ഡ്രൈവിങ്. സംഗീതാധ്യാപികയായ ഞാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നത് കണ്ടാല്‍, ബന്ധുക്കളൊക്കെ കളിയാക്കുമോ എന്ന പേടി. പിന്നെ, അതിന്റെ ആവശ്യമില്ലെന്ന് തോന്നി. നമ്മുടെ നാട്ടില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് മേഖലയിലേക്ക് ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ വരുന്നുണ്ട്. അതൊരു നല്ല മാറ്റമാണ്. മാള്‍ട്ടയിലെ 'ആദ്യ ഇന്ത്യന്‍ വനിതാ ഡ്രൈവര്‍' എന്ന ബഹുമതിയും യൂറോപ്പിലെ 'ആദ്യ മലയാളി വനിതാ ഡ്രൈവര്‍' എന്ന നേട്ടവുമെല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു.
കേരളത്തിലെ ട്രാഫിക് നിയമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ലളിതമാണ്. യൂറോപ്പില്‍ നിയമലംഘനം നടത്തിയാല്‍ വലിയ പിഴ ഈടാക്കും. ജര്‍മനിയില്‍ സൈക്കിള്‍യാത്രക്കാരുടെ എണ്ണം കൂടുതലാണ്. അവര്‍ക്ക് റോഡില്‍ പ്രാധാന്യം കൊടുക്കണം. അതേ പ്രാധാന്യം മാള്‍ട്ടയില്‍ കുതിരസവാരിക്കാര്‍ക്ക് നല്‍കണം. ജര്‍മനിയെ അപേക്ഷിച്ച് ഡ്രൈവിങ് ബുദ്ധിമുട്ട് മാള്‍ട്ടയിലാണ്.
Content Highlights: Life story of Meenakshi the first Malayali women bus driver in Europe