മത്തങ്ങയും വൻപയറും, ചേനയും ഏത്തക്കായയും...എരിശ്ശേരിക്കെന്ത് രുചിയാണ്

സദ്യകളിൽ ഒഴിച്ചുകൂടാനാവാത്ത എരിശ്ശേരി. കേരളത്തിൽ തന്നെ പല പ്രദേശങ്ങളിലും, പല രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.
മത്തങ്ങ എരിശ്ശേരി
മത്തങ്ങ- അര കിലോ
വൻപയർ- 100 ഗ്രാം
തേങ്ങ ചിരകിയത്- ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില- രണ്ട് തണ്ട്
വറ്റൽമുളക്- മൂന്നെണ്ണം
ചുവന്നുള്ളി- രണ്ടെണ്ണം
കടുക്- ഒരുടീസ്പൂൺ
ജീരകം- കാൽ സ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം മത്തങ്ങ തൊലി കളഞ്ഞ്, വൻപയർ, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക. ഇനി ചിരകിയ തേങ്ങയുടെ പകുതിഭാഗവും ജീരകവും ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ അരച്ച് കറിയിൽ ചേർത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്പോൾ കറിയിൽ ചേർത്തിളക്കി കുറച്ചുനേരം അടച്ചുവെക്കാം.
വറുത്ത എരിശ്ശേരി
ചേന- ചെറിയ കഷണം
ഏത്തക്കായ- നാലെണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- പാകത്തിന്
തേങ്ങ- അരക്കപ്പ്(ചിരകിയത്)
തേങ്ങാനുറുക്ക്- (വറുക്കാൻ പാകത്തിന്)
ജീരകം- കാൽ ടീസ്പൂൺ
കടലപരിപ്പ്- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ-താളിക്കാൻ പാകത്തിന്
തയ്യാറാക്കുന്ന വിധം:
ചേനയും ഏത്തക്കായയും വൃത്തിയാക്കി ചെറിയ കഷണങ്ങളായി നുറുക്കുക. കഷണങ്ങൾ ഒരു പാത്രത്തിലാക്കി അല്പം വെള്ളമൊഴിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കാം. ശേഷം തേങ്ങയും ജീരകവും അരച്ചെടുത്ത് വെന്തുവരുന്നതിലേക്കിട്ട് ഇളക്കാം. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും തേങ്ങയും കടലപരിപ്പും വറുത്തെടുത്ത് ഇതിനുമുകളിലേക്ക് ഒഴിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Learn how to make traditional Kerala Erissery with pumpkin or roasted vegetables