മോള് ജനിക്കുന്നതിന് മുമ്പായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്നു പോയേനെ; കാന്‍സറിനെ തോല്‍പിച്ച വിനീഷ

വിനീഷ
വിനീഷ

നൃത്തം ചെയ്യാനും അഭിനയിക്കാനും ഏറെ ഇഷ്ടമുള്ള, ടിക്ക് ടോക്കും ഡബ്‌സ്മാഷുമായി എപ്പോഴും ആക്ടീവായിരുന്ന ഒരാള്‍... വിനീഷാ പഴേടത്തെന്ന പാലക്കാടുകാരിയുടെ ജീവിതം ഈ വിശേഷണങ്ങളില്‍ തീരില്ല. കാന്‍സറിനെ പൊരുതിതോല്‍പ്പിച്ച കരുത്തിന്റെ കഥയാണ് വിനീഷയുടേത്. കാന്‍സര്‍ നഷ്ടമാക്കിയ ശബ്ദം തിരിച്ചുപിടിച്ച് വീണ്ടും തന്റെ സ്വപ്‌നങ്ങളിലേക്ക് അവള്‍ നടക്കുകയാണ്. 

കലയിലേക്ക് കൈപിടിച്ചത് ചേച്ചി

അച്ഛന്‍ പാലക്കാട് സ്വദേശി മാടമ്പത്ത് കൃഷ്ണകുമാര്‍ പട്ടാളത്തിലായിരുന്നു. ബാല്യം മുഴുവന്‍ കേരളത്തിന് പുറത്ത്. ബംഗളൂരുവിലെ ജോലിക്കാലത്ത് വിനീഷ കിന്റര്‍ഗാര്‍ട്ടനില്‍. അവിടെ നിന്ന് അച്ഛന്‍ ജോലി രാജി വെച്ച് സൗദിയിലേക്ക് പോയതോടെ അമ്മ വനജയും ചേച്ചി വിനീതയും വിനീഷയും പാലക്കാടേക്ക് താമസം മാറ്റി. രണ്ട് വയസ്സിന് മൂത്ത ചേച്ചി വിനീത നന്നായി അഭിനയിക്കും. സ്‌കൂളില്‍ ഏത് പരിപാടിയിലും സമ്മാനം വാങ്ങിക്കൂട്ടുന്നയാള്‍. നാടകത്തിലും മോണോ ആക്ടിലും ഒക്കെ തിളങ്ങി നിന്ന ചേച്ചി മത്സരങ്ങളിലൊക്കെ പങ്കെടുക്കാന്‍ തയാറാകുമ്പോള്‍ വിനീഷയെയും ഓരോന്ന് പഠിപ്പിച്ചെടുക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കും. ചേച്ചിയന്ന് തന്ന ആത്മവിശ്വാസമാണ് ഇപ്പോഴും തനിക്ക് മുതല്‍ക്കൂട്ടെന്ന് വിനീഷ പറയുന്നു. 

ബാങ്കിങില്‍ നിന്ന് അഭിനയത്തിലേക്ക്

പ്ലസ് ടുവിന് ശേഷം വിനീഷ കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ബി.ബി.എമ്മിന് ചേര്‍ന്നു. അവിടെ പഠിക്കുമ്പോഴാണ് ക്യാമ്പസ് തെരഞ്ഞെടുപ്പിലൂടെ ഫെഡറല്‍ ബാങ്കില്‍ എത്തുന്നത്. ആദ്യ പോസ്റ്റിങ്ങ് വടകരയിലായിരുന്നു. അവിടെ നിന്നും ചിറ്റൂര്‍ ശാഖയിലേക്കും. ബാങ്ക് ജീവിതത്തിനിടയിലാണ്  അഭിനയമോഹം വീണ്ടും ശക്തമായത്. പലരെയും പോലെ ടിക് ടോക്കും ഡബ്‌സ്മാഷും ഒക്കെ ആയിരുന്നു ആശ്രയം. 2019 ല്‍ സ്വന്തം തറവാട്ടില്‍ ഒരു സിനിമയുടെ ഷൂട്ടിങ് എത്തി. കുറുപ്പ് എന്ന ചിത്രത്തിന്റേത്. അതിന് വേണ്ടി ഓഡിഷന്‍ വിളിച്ചപ്പോള്‍ വിനീഷയും ഒന്ന് ശ്രമിച്ചു നോക്കി. തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചെറിയ വേഷമായിരുന്നു. ഒരു പത്രപ്രവര്‍ത്തകയുടേത്. കുറച്ചു കൂടി ശ്രദ്ധിക്കപ്പെടണം എന്ന തോന്നല്‍ ശക്തമായത് അവിടെ നിന്നാണ്. അതില്‍ നിന്ന് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ്' സിനിമയിലെ മേഴ്‌സി എന്ന കഥാപാത്രത്തിലേക്ക്. വിനീഷയുടെ ഡബ്‌സ്മാഷുകള്‍ക്ക് ഇക്കാലത്ത് ആരാധകരും ഏറെയായിരുന്നു.

സന്തുവും സിന്ദഗിയും 

2020ല്‍ ആയിരുന്നു വിവാഹം. ഫെഡറല്‍ ബാങ്കില്‍ തന്നെ റീടൈല്‍ സെയില്‍സ് മാനേജര്‍ ആയ സന്തു അലോഷ്യസുമായി. സിനിമാമോഹം തലയ്ക്കു പിടിച്ചയാളാണ് സന്തുവും. 2021ലാണ് മകള്‍ സിന്ദഗി പിറക്കുന്നത്. 

കുടുംബം

രോഗകാലം

മോള്‍ക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് സാധാരണ പരിശോധനകള്‍ക്കിടയില്‍ ഒരു സംശയം പിടികൂടിയത്.  സംശയം അല്ലേ എന്ന് കരുതി തള്ളിക്കളയാനും തോന്നിയില്ല. വിശദമായ പരിശോധനയില്‍ ഫലം ഹൃദയം തകര്‍ക്കുന്നതായിരുന്നു, തൈറോയിഡ് കാന്‍സര്‍. ചുറ്റുമുള്ളവരൊക്കെ സങ്കടപ്പെടുമ്പോഴും വനീഷ പിടിച്ചു നിന്നു. 'സുഖപ്പെടുത്താവുന്ന അസുഖമാണെന്ന ചിന്തയും, ഡോക്ടറുടെ ഉറപ്പും ഉള്ളില്‍ ശുഭാപ്തി വിശ്വാസം നിറച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് പാല് കൊടുക്കാനാവില്ല എന്നത് വലിയ സങ്കടമായി. എങ്കിലും എല്ലാം നല്ലതിനാണ് എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കാനായി ശ്രമം. മോളായിരുന്നു എന്റെ ശക്തി. അവള്‍ ജനിക്കുന്നതിന് മുമ്പായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ തളര്‍ന്നു പോയേനെ. ജീവിക്കാനും പൊരുതാനും ഒരു കാരണമുണ്ടല്ലോ. എനിക്ക് കാന്‍സറാണ്, ജീവിതത്തിലെ വലിയൊരു സങ്കടത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്, ഇനി ജീവിതം എന്താകും എന്നൊന്നും അന്ന്  മനസ്സില്‍ തോന്നിയിരുന്നില്ല. അത്രയും സപ്പോര്‍ട്ട് ചുറ്റുനിന്നും കിട്ടിയിരുന്നു. ഒരു പോസിറ്റീവ് എനര്‍ജി എപ്പോഴും ചുറ്റും ഉണ്ടായിരുന്നു.'  മറ്റുള്ളവരൊക്കെ നൊമ്പരപ്പെട്ടപ്പോഴും വിനീഷ പിടിച്ചുനിന്നു. എങ്കിലും എല്ലാം നല്ലതിനല്ലേ എന്ന ചിന്തക്കായിരുന്നു മുന്‍തൂക്കം. 

കാന്‍സര്‍ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി. സര്‍ജറിക്കിടെ വോക്കല്‍ കോര്‍ഡിന് പറ്റിയ പരിക്ക് ശബ്ദത്തെ ബാധിച്ചു. ശരിക്കും സംസാര ശേഷി നഷ്ടമായി എന്ന് തന്നെ പറയണം. പണ്ടൊക്കെ വായില്‍ മൈക്ക് വെച്ച് സംസാരിക്കാതെ പെണ്ണേ എന്ന് അമ്മ എന്നെ എപ്പോഴും ശകാരിക്കുമായിരുന്നു. ആ ഞാനാണ് ഒന്നും മിണ്ടാനാകാതെ ഇരിക്കേണ്ടി വന്നത്. മൂന്ന് മാസത്തോളം ആ അവസ്ഥയിലൂടെ കടന്നു പോയി. സ്പീച്ച് തെറാപ്പിയും ഇലക്ട്രിക്ക് സ്റ്റിമുലേഷനും വഴി പതിയെ എന്റെ ശബ്ദം തിരിച്ചു വന്നു. ഇടത്തേ തോളിന്റെ ചലനശേഷിയും നഷ്ടമായിരുന്നു. അതുകൊണ്ട് കുറച്ച് കാലം നൃത്തം ചെയ്യാന്‍ പറ്റിയിരുന്നില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ക്കെല്ലാം അവധികൊടുക്കേണ്ടി വന്നു. സര്‍ജറി കഴിഞ്ഞ് മൂന്ന് മാസം കൂടി കഴിഞ്ഞാണ് എനിക്ക് റേഡിയേഷന്‍ ചെയ്തത്. അത് കഴിഞ്ഞ് അവസാന പരിശോധനകളില്‍ വീണ്ടും ഒരു വളര്‍ച്ച കണ്ടതോടെ വീണ്ടും റേഡിയേഷന്‍ എടുക്കേണ്ടി വന്നു. 

സ്വപ്‌നങ്ങള്‍

'സര്‍ജറി കഴിഞ്ഞ് മുറിയിലേക്ക് മാറ്റി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ സന്തുവിനോട് പറഞ്ഞു, ഇത്രകാലം ജീവിച്ചതുപോലെയല്ല. ഇനി എനിക്ക് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യണം. അതിനെന്താണ് നിനക്ക് ഒരു കുഴപ്പവുമില്ലല്ലോ,  ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും  നേടിയെടുക്കാമല്ലോ എന്ന് പറഞ്ഞ് കൂടെ നിന്നത് സന്തുവാണ്. ഇത്രകാലം ജീവിച്ചതല്ല ജീവിതം എന്ന് എന്നെ പഠിപ്പിച്ചത് ആ രോഗകാലമാണ്. 

ഇപ്പോള്‍ ഒരു അഞ്ച് മാസമായിട്ടേയുള്ളു ശരിക്കും ഞാനന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ട്. വീണ്ടും ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. ഗൃഹലക്ഷ്മി മിസിസ് കേരളയില്‍ പങ്കെടുക്കാനായെത്തി. കാന്‍സര്‍ വന്നതിന്റെ പേരില്‍ ജീവിതം നഷ്ടപ്പെട്ടു പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു മാതൃക നല്‍കണം. അങ്ങനെയല്ല, ഇനിയും ഒരു പാട് മുന്നോട്ട് പോകാനുണ്ടെന്ന് ലോകത്തോട് പറയാനാണ് എനിക്കാഗ്രഹം.' 

Content Highlights: vineesha cancer survivor