ഭര്‍ത്താവ് മുതല്‍മുടക്കില്ലാതെ ആരംഭിച്ച വ്യവസായസ്ഥാപനമല്ല ഉദ്യോഗസ്ഥയായ ഭാര്യ

ഒപ്പം താമസിക്കുന്ന ഒരു വ്യക്തിയോട് മാനസികമായ അകലം തോന്നിക്കഴിഞ്ഞാല്‍ തുടര്ന്നുപോവുകയെന്നത് വലിയ പ്രയാസമാണ്. പൊതുവെ അതിനെ മറികടക്കാന്‍ മനുഷ്യര്‍ രണ്ടുവഴികളാണ് സ്വീകരിക്കുക. ഒന്ന് നിരന്തരസമരംതന്നെ. തൊട്ടതിനും പിടിച്ചതിനും പൊട്ടിത്തെറികളുണ്ടാകുന്ന ജീവിതം. ചുറ്റുമുള്ളവരെക്കൂടി, വിശേഷിച്ച് കുട്ടികളെ അസ്വസ്ഥരാക്കുന്ന ഒന്നാണത്. പുറത്തറിഞ്ഞാല്‍ അപമാനമാണെന്നു കരുതുന്നവരെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു വഴിയുണ്ട്. രണ്ടുപേരെയും രണ്ടുമുറികളിലായി പകുക്കുന്ന ശീതസമരം. ജീവിതകാലം മുഴുവന്‍ അങ്ങനെ എങ്ങുമെത്താതെ തുഴഞ്ഞുതീര്ക്കുന്നവരുണ്ട്. സമൂഹത്തില്‍ ആദര്ശദമ്പതിമാരെന്ന പ്രതിച്ഛായയുള്ള പലരും വീടിനകത്ത് രണ്ടു തുരുത്തുകളാണ്.
കുടുംബത്തിനകത്തെ മൂടിക്കെട്ടിയ അന്തരീക്ഷം അതിലെ മനുഷ്യരുടെ ആഹ്ലാദങ്ങളെ എന്നേക്കുമായി നശിപ്പിക്കും. ഉച്ചത്തിലുള്ള ചിരിയോ കുസൃതിത്തര്ക്കങ്ങളോ ആ വീട്ടില്‍ മുഴങ്ങില്ല. നമ്മുടെ നാട്ടിലെ മിക്കവാറും വിവാഹങ്ങളുടെ അവസ്ഥയിതാണ്. പുറമേ വാരിത്തേച്ച ചിരിയില്‍ അനിഷ്ടങ്ങളൊളിപ്പിച്ച് ഒന്നുകില്‍ വലിയൊരു പൊട്ടിത്തെറിയിലോ ദുരന്തത്തിലോ എത്തിയെന്നിരിക്കും. അല്ലെങ്കില്‍ ഒരാള്‍ കടന്നുപോവുന്നതോടെ സാഭാവികമായ അന്ത്യം അതിനുണ്ടാവും. അത്തരമൊരു പങ്കാളിയില്‍നിന്നുള്ള വിടുതലിനുശേഷം മറ്റേയാള്‍ സന്തോഷമനുഭവിച്ചുകൊള്ളണമെന്നൊന്നുമില്ല.
കാലങ്ങളായി അനുഭവിച്ച അതൃപ്തിയും അസന്തുഷ്ടിയും കാരണം തുടര്‍ന്നുള്ള സന്തോഷങ്ങളെയും അവര്‍ സംശയത്തോടെ കണ്ടെന്നിരിക്കും. പങ്കാളിയെ സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ സാധിച്ചിട്ടില്ല എന്ന തോന്നല്‍ അവരെ കുറ്റബോധത്തിലാഴ്ത്തിയെന്നുവരും. സ്വന്തംനിലയ്ക്കനുഭവിച്ച സങ്കടങ്ങളെയും നേരിട്ട അപമാനങ്ങളെയും ആ കുറ്റബോധത്തിന്റെ തള്ളലില്‍ അവര്‍ മറന്നുപോയേക്കും. ഇല്ലെങ്കില്‍ ചുറ്റുമുള്ളവര്‍ അതവരെ കൃത്യമായി ഓര്‍മ്മിപ്പിക്കും. എന്തായാലും, ഇടയ്ക്കിടെ സ്വന്തം മനസ്സിലേക്കു നോക്കുകയും അതിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പരമ്പരാഗതദാമ്പത്യം.
അതിരിക്കട്ടെ, നമുക്ക് തുടരാം. വിവാഹജീവിതത്തെക്കുറിച്ചുള്ള ഉട്ടോപ്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നുകഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായിരുന്നു. ജീവിതം ഇനിയും ബാക്കിയുണ്ട്. ഏതു തിരിവിലാണ് അദ്ഭുതങ്ങള്‍ കാത്തിരിക്കുന്നതെന്ന് അറിയില്ലല്ലോ. ഞാനെന്നല്ല, ഒരുവിധപ്പെട്ട എല്ലാ മനുഷ്യരും അങ്ങനെതന്നെയാണ് ചിന്തിക്കുക. ഒക്കെ നേരേയാവുന്ന ഒരു നിമിഷത്തിനുവേണ്ടി അവര്‍ ജീവിതകാലം മുഴുവന്‍ കാത്തിരുന്നെന്നുവരും. കുട്ടിയുണ്ടാവുമ്പോള്‍, സ്ഥലംമാറ്റം കിട്ടുമ്പോള്‍, സ്ഥലം വാങ്ങുമ്പോള്‍, വീടുവെയ്ക്കുമ്പോള്‍, അടുത്ത കുട്ടിയുണ്ടാവുമ്പോള്‍ എന്നിങ്ങനെ പ്രതീക്ഷകളുടെ ഘട്ടങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നുമാത്രം. ഞാനും കുഞ്ഞിന്റെ ജനനത്തെ അങ്ങനെതന്നെയാണു കണ്ടത്. പിരിഞ്ഞുപോവാനിരുന്ന ദമ്പതിമാരെ കൂട്ടിയിണക്കിയ കുഞ്ഞാണ്. ന്യായമായും എനിക്കതില്‍ പ്രതീക്ഷയുണ്ട്.
കുഞ്ഞിന്റെ ജനനം അതിസങ്കീര്‍ണമായിരുന്നു. പ്രസവമുറിയിലും ഓപ്പറേഷന് തിയേറ്ററിലുമായി ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ തന്ന വിവരങ്ങള്‍ ഒട്ടും നല്ലതായിരുന്നില്ല. ഏറെ ചികിത്സിച്ചുണ്ടായ കുഞ്ഞിനെ നിങ്ങള്‍ക്ക് കിട്ടിയിട്ടുകാര്യമില്ല എന്ന വാര്‍ത്തയാണ് ആദ്യം കേട്ടത്. അത് എന്‍.ഐ.സി.യു.വിലായിരുന്നു. മുറിവും രക്തപ്രവാഹവുമായി അഞ്ചുനില കയറി ദിവസം ആറേഴുതവണ പാലുകൊടുക്കാന്‍ ചെല്ലും. കുഞ്ഞിനെ കൈയിലെടുത്ത് ബെഞ്ചിലിരിക്കുമ്പോള്‍ ലോകത്തുനിന്ന് സമ്പൂര്‍ണമായി ഒറ്റപ്പെട്ട അമ്മയും മകളുമായി ഞങ്ങള്‍ മാറും.
കുഞ്ഞിന്റെ നക്ഷത്രം മൂലമായിപ്പോകാതിരിക്കാന് തലേന്നോ പിറ്റേന്നോ സര്ജറിചെയ്യണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നതായി ഞാനറിഞ്ഞിരുന്നു. പെണ്മൂലം നിര്‍മൂലം എന്നൊരു ചൊല്ലുണ്ടത്രേ. ഡോക്ടര്‍ അതു ചെവിക്കൊണ്ടില്ലെന്നുമാത്രമല്ല, ആ ആവശ്യവുമായിച്ചെന്ന കുഞ്ഞിന്റെ അച്ഛനെ നന്നായി ശകാരിക്കുകയുംചെയ്തു. ആദ്യപ്രസവം പെണ്‍വീട്ടുകാരുടെ അവകാശമായതുകൊണ്ട് ഇവിടെ നടന്നു, അടുത്തത് തനിക്കേറ്റവും സ്വാതന്ത്ര്യമുള്ള ഹോസ്പിറ്റലില്‍ നടത്തുമെന്ന് ഭര്‍ത്താവ് ആശ്വസിച്ചു. അഞ്ചുദിവസത്തെ യാതനകള്‍ക്കുശേഷം കുഞ്ഞിനെ വിട്ടുകിട്ടി.
ആദ്യഘട്ടത്തിലെ ആകുലതകളൊഴിഞ്ഞ്, ഞങ്ങള്‍ മാത്രമായ സമയം, അദ്ദേഹം തുടര്ജീവിതത്തെക്കുറിച്ചുള്ള സ്വന്തം പദ്ധതികള്‍ അവതരിപ്പിച്ചു. അടുത്തത് ആണ്‍കുട്ടിയാണ് വേണ്ടത്. ഗര്ഭമുണ്ടാകുമ്പോള്ത്തന്നെ പരിചയമുള്ള ഹോസ്പിറ്റലില്‍ കാണിക്കും. കുട്ടി ആണോ പെണ്ണോ എന്ന് അറിയാനൊക്കെ ധാരാളം വഴികളുണ്ട്. പെണ്ണാണെങ്കില്‍ എന്തുചെയ്യുമെന്നു ഞാന്‍ ചോദിച്ചു. നേരത്തേയാണെങ്കില്‍ അതിനൊക്കെ വഴികളുണ്ടെന്ന് ഭര്‍ത്താവ് നിസ്സാരമായി പറഞ്ഞു. പക്ഷേ, അതെനിക്ക് അത്ര നിസ്സാരമായി തോന്നിയില്ല. ഗര്‍ഭിണിയായാല്‍ പ്രസവിക്കുകയല്ലാതെ മറ്റുവഴികള്‍ ആലോചിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങള്‍ വല്ലതുമാണെങ്കില്‍ മാത്രമേ അതിനൊക്കെ സാധ്യതയുള്ളൂ.
ഇതുകേട്ടതും അദ്ദേഹം ക്ഷുഭിതനായി. എങ്കില്‍ ഒരു കുട്ടി മതിയെന്ന് വിചാരിക്കേണ്ടിവരുമെന്ന് അദ്ദേഹം സ്വരം കടുപ്പിച്ചു. എനിക്കതില്‍ ഒട്ടും വിഷമം തോന്നിയില്ല. ചികിത്സകള്‍ നിര്‍ത്തി പിരിഞ്ഞുപോകാനിരുന്നവര്ക്ക് അവിചാരിതമായി കിട്ടിയ കുഞ്ഞാണല്ലോ ഇത്. അതു മതി. പക്ഷേ, ആ ദിവസം എനിക്കുണ്ടാക്കിയ നടുക്കം അതേ അളവില്‍ ഇന്നും ഓര്‍മ്മയുണ്ട്. ഏതു സ്നേഹരാഹിത്യത്തിന്റെ അക്കൗണ്ടിലാണ് ആ ദിവസത്തെ രേഖപ്പെടുത്തേണ്ടതെന്നറിയാതെ ഞാന്‍ വലഞ്ഞു. സ്വന്തം കുഞ്ഞിന് ജന്മം നല്കിയ സ്ത്രീയോട്, അവളുടെ ഏറ്റവും യാതനാനിര്‍ഭരമായ ദിവസങ്ങളില്‍ അങ്ങനെയൊരു സംഭാഷണം ഒരു പുരുഷനും നടത്തരുതാത്തതാണെന്നുതന്നെ ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജനിച്ച കുഞ്ഞും ജനിക്കാത്ത കുഞ്ഞും ഒരുപോലെതന്നെയാണ്. തിയേറ്ററില്‍ വയറ്റില്‍നിന്ന് വലിച്ചൂരിയെടുക്കുമ്പോള്‍ കേട്ട, കോടിത്തുണി കീറുന്നതുപോലുള്ള ശ്വാസംമുട്ടിയ പിറവിക്കരച്ചില്‍ മറക്കാനുള്ള സിദ്ധി എനിക്ക് കൈവരുമെന്നു തോന്നുന്നില്ല. കൈയിലും കാലിലും കാനുലയുമായി പച്ചപ്പുതപ്പില്പ്പൊതിഞ്ഞ് നിസ്സഹായമായി നോക്കുന്ന കുഞ്ഞിക്കണ്ണുകളെക്കാള് ഹൃദയം ദ്രവിപ്പിക്കുന്ന ഒരു കാഴ്ചയുമില്ല.
ഞാന്‍ കേട്ട ഏറ്റവും മനുഷ്യത്വരഹിതമായ ഭാഷണം അതായിരുന്നുവെന്ന തീര്‍പ്പില്‍ ഇന്നും മാറ്റമില്ല. അതു ഞാന്‍ അഭ്യുദയകാംക്ഷിയെന്നു കരുതിയിരുന്ന ഒരു സുഹൃത്തിനോട് പില്ക്കാലത്ത് പറഞ്ഞു. ''എല്ലാവരും കുടുംബം പ്ലാന്‍ചെയ്യുന്നത് അങ്ങനെയൊക്കെത്തന്നെയാണ്. ആള്ക്കാര് എത്രയോ അബോര്‍ഷനുകള്‍ നടത്തുന്നു. ഇതില്‍ നിന്റെ ഭര്‍ത്താവിന്റെ ഭാഗത്ത് എന്താണു തെറ്റ്?'', അയാള്‍ ചോദിച്ചു. അബോര്ഷനില് തെറ്റുണ്ടെന്നല്ല ഞാന്‍ പറഞ്ഞതെന്ന് അറിയാത്തയാളായിരുന്നില്ല ആ സുഹൃത്ത്. ഇതാണു നാം തുടക്കത്തില്‍ പറഞ്ഞത്, ഒരു സ്ത്രീക്ക് അവളുടെകൂടെ ജീവിക്കുന്ന മനുഷ്യനോട് അകല്ച്ചതോന്നാന് പലകാരണങ്ങളുണ്ടെന്ന്. അതില്‍ ഏറ്റവും പ്രധാനം പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നല്തന്നെയാണ്. സൗഹൃദത്തിലും പ്രണയത്തിലും അതങ്ങനെതന്നെയാണ്. പക്ഷേ, പരസ്പരമുള്ള ഉത്തരവാദിത്വങ്ങള്‍ കൂടുതലുള്ള ബന്ധമായ ദാമ്പത്യത്തില്‍ അത് വലിയ വിള്ളലുകളുണ്ടാക്കും.
കുഞ്ഞുമായി വീട്ടിലേക്കുമടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ പതറിയിരുന്നു. പരമ്പരാഗതവിശ്വാസമനുസരിച്ച് എല്ലാം ശരിയാവേണ്ട ഒരു നാഴികക്കല്ലാണല്ലോ. ഒന്നും ശരിയായില്ലെന്നു മാത്രമല്ല, കണ്ണികള്‍ വല്ലാതെ അകന്നുതുടങ്ങുന്നുവെന്നു തോന്നി. അതിന് പിന്നെയും കാരണങ്ങളുണ്ടായിരുന്നു. ലീവിലായിരുന്നതിനാല്‍ ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. എന്നെയും കുഞ്ഞിനെയും വീട്ടിലാക്കി ഭര്‍ത്താവ് തിരിച്ചുപോകുമ്പോള്‍ മടിച്ചുമടിച്ചാണെങ്കിലും ഞാന്‍ പൈസ ആവശ്യപ്പെട്ടു. ''ഹോസ്പിറ്റലില്‍ വലിയ തുക ചെലവായി,'' അദ്ദേഹം പറഞ്ഞു. ''പിന്നെ നീ സ്വന്തം വീട്ടിലുമാണല്ലോ. ആദ്യത്തെ പ്രസവം പെണ്‍വീട്ടുകാരാണ് നോക്കേണ്ടത്.''
എന്നാലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നിന്റെ എ.ടി.എം. കാര്‍ഡ് എനിക്കു തന്നതില്‍ ഞാന്‍ പ്രസന്നയായി. എനിക്ക് സ്വന്തമായി അന്ന് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ല. ഭാര്യക്കും ഭര്‍ത്താവിനും ഒറ്റ ബാങ്ക് അക്കൗണ്ട് മതിയെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു. ഞാന്‍ ട്രഷറിയില്‍ ഒപ്പിട്ടുപോരുകയും ഭര്‍ത്താവ് ശമ്പളം വാങ്ങിപ്പോരുകയും ചെയ്യുന്ന പതിവായിരുന്നു. ഇത് ഏതുകാലത്ത് സംഭവിച്ചതാണെന്ന് നിങ്ങള്‍ക്ക് അദ്ഭുതം തോന്നുന്നുണ്ടോ? രണ്ടായിരത്തിയാറില്‍. പതിനേഴുവര്ഷത്തിനിപ്പുറം ഇതുപോലെയുള്ള അനുഭവങ്ങളുള്ള സ്ത്രീകള്‍ ഇല്ലെന്നുകരുതുന്നുണ്ടോ?
ചില ബോധോദയങ്ങള്ക്ക് ചില നിമിത്തങ്ങളുണ്ടാകും. അത് ജീവിതത്തെ അടിമുടി മാറ്റിക്കളയും. അല്ലെങ്കില്‍ ജീവിതത്തിന്റെ ദിശയെ സംബന്ധിച്ച് ചില സൂചനകളെങ്കിലും തരും. അവ മുന്‍കൂട്ടി മനസ്സിലാക്കാനായാല്‍ പരിക്കുകള്‍ അത്രയും കുറഞ്ഞിരിക്കും. അത്തരമൊരു സംഭവമുണ്ടാകുന്നത് ആ സമയത്താണ്. പാലുകുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഞെളിപിരിക്കൊള്ളുന്നതുകണ്ട് നോക്കുമ്പോള്‍ വായില്‍നിന്നും മൂക്കില്‍നിന്നും പാല് കുതിച്ചൊഴുകുന്നു. എന്താണുചെയ്യേണ്ടതെന്നറിയാതെ ഒരുനിമിഷം നിന്നു. തോളത്തിട്ടു തട്ടി. ശാന്തമായതുപോലെ തോന്നിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുന്നതാണ് നന്നാവുകയെന്ന് അച്ഛനുമമ്മയും പറഞ്ഞു. അന്ന് ബിരുദവിദ്യാര്‍ഥിനിയായിരുന്ന അനുജത്തിയും അതുതന്നെ അഭിപ്രായപ്പെട്ടു.
പെട്ടെന്നു കിട്ടിയ ടാക്സിയില്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞു. പരിശോധനകളെല്ലാം കഴിഞ്ഞു. ഭാഗ്യത്തിന് അഹിതമായി ഒന്നും സംഭവിച്ചില്ല. ആശുപത്രിയില്‍ അച്ഛന് ചെലവായ പണം, ടാക്സിക്കാരന് കൊടുക്കേണ്ട പണം, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ കൈയില്‍ കരുതേണ്ട പണം - ഒക്കെക്കൂടി എ.ടി.എമ്മില്നിന്നെടുക്കണം. അടുത്തുകണ്ട എ.ടി.എം. കൗണ്ടറിനുമുന്നില്‍ വണ്ടി നിര്‍ത്തിച്ച് കുഞ്ഞിനെ അമ്മയുടെ കൈയില്‍ക്കൊടുത്ത് കാര്‍ഡുമായി അകത്തുകയറി. ശൂന്യമായ അക്കൗണ്ടിന്റെ വിവരം സ്ക്രീനില്‍ തെളിഞ്ഞു. സാഭിമാനം കൊണ്ടുനടന്നിരുന്ന എ.ടി.എം. കാര്‍ഡ് കൈയിലിരുന്ന് കൊഞ്ഞനംകുത്തി.
ഏതുമുഖവുമായാണ് കാറിലിരിക്കുന്ന രക്ഷിതാക്കളുടെ അടുത്തേക്ക് ചെല്ലേണ്ടതെന്നറിയാതെ ഞാന്‍ നിന്ന് ഉരുകി. ഉദ്യോഗസ്ഥയായ മകളാണ്. വിവാഹശേഷം ഒരു പൈസയ്ക്ക് ഉപകരിച്ചിട്ടില്ല. പ്രസവത്തെത്തുടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിരിക്കുന്ന സഹായിക്കുപോലും ഒന്നും കൊടുക്കാനായിട്ടില്ല. എന്തുചെയ്യും? സ്വന്തം മാനം പോയാലും ഭര്‍ത്താവിന്റെ മാനം പോകാതെ സൂക്ഷിക്കുകയാണല്ലോ ഉത്തമയായ ഭാര്യയുടെ കടമ. എന്തു നുണയാണ് പറയേണ്ടതെന്ന് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഞാന്‍ പുറത്തുവരാന്‍ വൈകിയപ്പോള്‍ അനിയത്തി കൗണ്ടറില്‍ കയറിവന്നു. വിയര്‍ത്തൊലിച്ച എന്നെ അടിമുടി നോക്കിയിട്ട് ചോദിച്ചു: ''ഒന്നുമില്ല, അല്ലേ?''
ജോലിയും വരുമാനവുമല്ല, അത് ചെലവഴിക്കാനുള്ള അധികാരവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ് വലുതെന്ന് ഞാന്‍ എപ്പോഴും പറയും. ഒന്നിച്ചുജീവിക്കുമ്പോള്‍ എന്റെ പണം, നിന്റെ പണം എന്നൊക്കെയുണ്ടോ എന്ന് പലരും ചോദിച്ചുകേട്ടിട്ടുണ്ട്. തീര്‍ച്ചയായുമുണ്ട്. ഭര്‍ത്താവ് മുതല്‍മുടക്കില്ലാതെ ആരംഭിച്ച വ്യവസായസ്ഥാപനമല്ല ഉദ്യോഗസ്ഥയായ ഭാര്യ.
Content Highlights: writer r.rajasree's column in grihalakshmi