
1998.
ഹം സാത് സാത് ഹേ സിനിമയുടെ ഷൂട്ടിങ്ങിനായി ജോഥ്പുരിലെത്തിയതാണ് സല്‍മാന്‍ ഖാന്‍. ഷൂട്ടിങ്ങിന്റെ ഇടവേളയ്ക്കിടയില്‍ സേഫ് അലി ഖാനും സൊനാലി ബാന്ദ്രെയും ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ക്കൊപ്പം സല്‍മാന്‍ നാടുചുറ്റി. പക്ഷേ, ആ ഉല്ലാസയാത്ര വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലേക്ക് വഴിതെളിച്ചു. പക പാകി മുളപ്പിച്ച വിത്തുകളുടെ കരുത്തില്‍ ഒരു മാഫിയാ തലവനും പിറന്നു.

കൃഷ്ണമൃഗങ്ങളെ വെടിവച്ചു കൊന്നു എന്ന കേസില്‍ സല്‍മാന്‍ ഖാനെതിരെ ഗ്രാമവാസികള്‍ സാക്ഷി പറഞ്ഞു. നിയമക്കുരുക്ക് സല്‍മാനെയും സഹതാരങ്ങളെയും പലതവണ വരിഞ്ഞു. കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ പഞ്ചാബിലെ ഫിറോസ്പൂരുകാരനായ ലോറന്‍സ് ബിഷ്‌ണോയ് എന്ന പയ്യന് അഞ്ച് വയസ്സാണ്. അന്നു മുതല്‍ അവന്‍ സല്‍മാനു പിന്നാലെയാണ്. സ്‌കൂളിലും കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി ലോറന്‍സ് ബിഷ്‌ണോയ് കുപ്രസിദ്ധിയുടെ പട്ടികയില്‍ ഇടം നേടുന്നകാലത്തും സല്‍മാന്‍ കോടതി കയറിയിറങ്ങുന്നുണ്ടായിരുന്നു.
Also Read
കേസിന്റെ വളര്‍ച്ച... ലോറന്‍സിന്റേയും
2006-ല്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി 25000 രൂപ പിഴയും അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചു. 2007-ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ജോഥ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെറും ഒരാഴ്ചത്തെ തടവ്. സല്‍മാന്‍ പുറത്തിറങ്ങി. 2012-ല്‍ കേസ് പുനപരിശോധനയ്‌ക്കെടുത്ത രാജസ്ഥാന്‍ ഹൈക്കോടതി തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ 2016-ല്‍ താരത്തെ കുറ്റവിമുക്തനായി.
രാജസ്ഥാന്‍ സര്‍ക്കാറിന്റെ അപ്പീലിനെ തുടര്‍ന്ന് കേസ് പിന്നെയും കോടതിയുടെ പരിഗണനയിലെത്തി. അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയുമായിരുന്നു ഇത്തവണ കാത്തിരുന്നത്. സഹതാരങ്ങള്‍ കുറ്റവിമുക്തരാവുകയും ചെയ്തു. കേസില്‍ സല്‍മാന്‍ ഖാന്‍ ജാമ്യം എടുത്ത ദിവസം അയാള്‍ക്കു നേരെ ഒരു വധശ്രമം നടന്നു. ആസൂത്രകന്റെ പേര് ലോറന്‍സ് ബിഷ്‌ണോയ്... വര്‍ഷങ്ങള്‍ നീണ്ട പക അവസരം കാത്തിരുന്ന് ആഞ്ഞുകൊത്തിയതു പോലെ.
ലക്ഷ്യം സല്‍മാന്‍
ഷാര്‍പ് ഷൂട്ടറായ സമ്പത് നെഹ്‌റ സല്‍മാന്റെ വസതിക്കടുത്തുവച്ച് പോലീസിന്റെ പിടിയിലായി. സല്‍മാനു നേരെ നിറയൊഴിക്കുകയായിരുന്നു ലക്ഷ്യം. പഞ്ചാബിലെ പ്രശാന്ത സുന്ദരമായ ഗ്രാമത്തില്‍ നിന്ന് അതിനോടകം ലോറന്‍സ് തിഹാര്‍ ജയിലിലെ എട്ടാം നമ്പര്‍ അതിസുരക്ഷാ സെല്ലില്‍ എത്തിക്കഴിഞ്ഞിരുന്നു. ആ സെല്ലിലിരുന്ന് അതിവിദഗ്ദ്ധമായി ബിഷ്‌ണോയ് ആസൂത്രണം ചെയ്ത നിരവധി കുറ്റകൃത്യങ്ങളുടെ പരമ്പരയില്‍ ഒന്നുമാത്രമായിരുന്നു സമ്പത് നെഹ്‌റയുടെ വരവ്.
സമ്പത് നെഹ്‌റ പിടിയിലായതിന് ശേഷവും ബിഷ്‌ണോയി സംഘത്തില്‍ നിന്നും ഷൂട്ടര്‍മാര്‍ സല്‍മാനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.
സല്‍മാനെ ഞങ്ങള്‍ വകവരുത്തിയിരിക്കും. അതും ജോഥ്പുരില്‍ വച്ചുതന്നെ.
പോലീസ് വാഹനത്തിനുള്ളിലിരുന്ന് ഭയമില്ലാതെ ലോറന്‍സ് ബിഷ്‌ണോയ് വിളിച്ചു പറഞ്ഞു. ആ വീഡിയോ വൈറലായി. സല്‍മാനും കുടുംബാംഗങ്ങള്‍ക്കും ഇടതടവില്ലാതെ ഭീഷണിക്കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഭയന്നിട്ടോ എന്തോ സല്‍മാന്റെ യാത്ര പിന്നെയിങ്ങോട്ട് ബുള്ളറ്റ് പ്രൂഫ് കാറിലായി. അംഗരക്ഷകരുടെ എണ്ണം കൂടി.
മുളച്ചു പൊന്തിയ പക
ഗുജറാത്തിന്റെയും പഞ്ചാബിന്റെയും ഹരിയാണയുടെയും രാജസ്ഥാന്റെയും വിശാലഭൂഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന താര്‍ മരുഭൂമി. അവിടങ്ങളിലാണ് ബിഷ്‌ണോയികളുടെ വാസം. പരിസ്ഥിതി പോരാളികളെന്നറിയപ്പെടുന്ന വിശ്വാസികളായ ബിഷ്‌ണോയികള്‍ തങ്ങളുടെ ആചാരങ്ങള്‍ പിഴവുകളില്ലാതെ പാലിച്ചുപോരുന്നവരാണ്. അവരുടെ വിശുദ്ധ മൃഗമാണ് ആന്റിലോപ്പുകളുടെ വംശത്തില്‍പ്പെട്ട കാലാഹിരണ്‍ എന്നും പേരുള്ള കൃഷ്ണമൃഗം.
കുട്ടിക്കാലത്ത് കേട്ടറിഞ്ഞ വാര്‍ത്തകളിലൂടെയും സമുദായാംഗങ്ങള്‍ക്കിടയിലെ ചര്‍ച്ചകളില്‍ നിന്നുമാണ് ലോറന്‍സ് ബിഷ്‌ണോയ് സല്‍മാന്റെ വേട്ടയെപ്പറ്റി അറിയുന്നത്. അന്ന് മനസ്സില്‍ പാകിയ പകയുടെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന കാലമായപ്പോഴേക്കും ലോറന്‍സ് ക്രിമിനല്‍ സംഘത്തലവനായി വളര്‍ന്നു കഴിഞ്ഞിരുന്നു.

കുപ്രസിദ്ധിയുടെ പട്ടികയില്‍
പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു ലോറന്‍സിന്റെ അച്ഛന്‍. പോലീസ് ജോലി ഉപേക്ഷിച്ച് പിന്നെ അയാള്‍ കൃഷിയിലേക്ക് തിരിഞ്ഞു. പരിസ്ഥിതി സ്‌നേഹികളായ ബിഷ്‌ണോയികള്‍ക്ക് കൃഷി അവരുടെ ആചാരങ്ങളോളം തന്നെ മൂല്യമേറിയതാണ്. മകനായ ലോറന്‍സിന് അയാള്‍ വേണ്ടത്ര വിദ്യാഭ്യാസം നല്‍കി. പക്ഷേ, പഠനത്തേക്കാളേറെ ലോറന്‍സിനെ ആകര്‍ഷിച്ചത് സംഘടനാപ്രവര്‍ത്തനമായിരുന്നു.
ഫിറോസ്പുരില്‍ നിന്നും കോളേജ് പഠനത്തിനായി ചണ്ഡിഗഢിലേക്ക് പോയ ലോറന്‍സ് കോളേജിലെ സ്ഥിരം പൊല്ലാപ്പുകാരനായി മാറി. ബിരുദപഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് അവന്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിയമം പഠിക്കാന്‍ ചേര്‍ന്നു. സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റായി. വിദ്യാര്‍ഥി രാഷ്ട്രീയം ലോറന്‍സ് ബിഷ്‌ണോയ്ക്ക് തുറന്നു കൊടുത്തു, കുറ്റകൃത്യങ്ങളിലേക്കുള്ള കവാടങ്ങള്‍. പിടിച്ചുപറി, കൊലപാതകശ്രമം, കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍ എന്നിങ്ങനെ ആ നേതാവിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കേസുകള്‍ ഏറെ. ഞാന്‍ ക്രിമിനലല്ല വിദ്യാര്‍ഥി നേതാവാണെന്ന് ബിഷ്‌ണോയ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
മാഫിയാ തലവന്റെ പിറവി
രാഷ്ട്രീയത്തിലൂടെ ലോറന്‍സ് ക്രിമിനല്‍ കരിമ്പട്ടികയുടെ മുന്‍പന്തിയിലേക്ക് എളുപ്പമെത്തി. ജയില്‍ വാസക്കാലത്ത് ക്രിമിനലുകളുമായും ആയുധക്കടത്തുകാരുമായും ബന്ധമുണ്ടാക്കി. ജയിലധികൃതരുടെ മൗനാനുവാദത്തോടെ ലോറന്‍സ് മാഫിയാ തലവനായി മുതിര്‍ന്നു. മദ്യക്കടത്ത്, കൊലപാതികള്‍ക്കും ഗുണ്ടകള്‍ക്കും ഒളിയിടം ഒരുക്കല്‍... അങ്ങനെയായിരുന്നു തുടക്കം.

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം ചെയ്തതുപോലെ രാഷ്ട്രീയ-സിനിമാ-സംഗീത രംഗങ്ങളില്‍ അടുപ്പമുണ്ടാക്കിയും ഇടപാടുകള്‍ നടത്തിയുമാണ് ലോറന്‍സും വളര്‍ന്നത്. ഭഗത്‌സിങ്ങിന്റെ ആരാധകനായി സ്വയം അവതരിപ്പിക്കുന്ന, ദേശസ്‌നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലോറന്‍സ് ബിഷ്‌ണോയ് തന്റെ സംഘാംഗങ്ങള്‍ക്ക് ഡോണും ബാബയുമൊക്കെയാണ്. വിദ്യാര്‍ഥികളാണ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗങ്ങളില്‍ ഏറെയും. കാനഡ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജീവിതം ഒരുക്കിക്കൊടുക്കാമെന്ന പ്രലോഭനം നല്‍കിയാണ് ലോറന്‍സ് തന്റെ സംഘത്തിന്റെ അംഗബലം ഉയര്‍ത്തുന്നത്.
മുപ്പതുകാരന്‍ ഡോണ്‍
പഞ്ചാബ് പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്റെ മകനും നിയമബിരുദധാരിയുമായ ലോറന്‍സ് ബിഷ്‌ണോയ് കുറ്റകൃത്യങ്ങളുടെ, നിയമലംഘനങ്ങളുടെ തലതൊട്ടപ്പനായി മാറിയത് ശരവേഗത്തിലായിരുന്നു. കാനഡയും, തായ്‌ലന്‍ഡ്, ഇംഗ്ലണ്ടും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍... അവിടെമാകെ വ്യാപിച്ച ബിഷ്‌ണോയ് ഗ്യാങ്ങിന്റെ തലവന്‍. ലോറന്‍സ് ബിഷ്‌ണോയ് എന്ന മുപ്പതുകാരന്‍ അധോലോക മാഫിയ തലവനായി മാറി.
തൊണ്ണൂറുകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി വളര്‍ന്നതിന് സമാനമാണ് ബിഷ്‌ണോയ് ഗ്യാങ്ങിന്റ വളര്‍ച്ചയെന്ന് എന്‍. ഐ. എ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉത്തരേന്ത്യയിലാകമാനം വിന്യസിച്ചിരിക്കുന്ന എഴുനൂറിലേറെ ഷൂട്ടര്‍മാരാണ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ബലം. തിഹാറിലെ തടവറയിലിരുന്ന് ലോറന്‍സ് തയ്യാറാക്കുന്ന പദ്ധതികള്‍ പാളിച്ചയില്ലാതെ നടപ്പാക്കാന്‍ സദാ സജ്ജരായ സംഘമാണ് അവര്‍.
ഗോള്‍ഡി ബ്രാറിന്റെ ചങ്ങാത്തം
ലോറന്‍സ് ബിഷ്‌ണോയിയുടെ കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ അധികചിഹ്നം പോലെ പക എഴുതിച്ചേര്‍ത്തിട്ടുണ്ട്. 2022 ജൂണ്‍മാസത്തില്‍ പഞ്ചാബി റാപ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിനെ ഞെട്ടിച്ച ആ കൊലയ്ക്കു പിന്നിലും ലോറന്‍സിന്റെ പക തെളിഞ്ഞുനിന്നു. അന്നും ലോറന്‍സ് തിഹാറിലാണ്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയിയുടെ വലംകൈയും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ തലവനുമായ ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തു.
നിയമ പഠനകാലത്താണ് ലോറന്‍സ് ബിഷ്‌ണോയ് സതീന്ദര്‍ സിങ് എന്ന ഗോള്‍ഡി ബ്രാറിനെ പരിചയപ്പെടുന്നത്. ബിഷ്‌ണോയ് ഗാങ് എന്ന ആഗോള ക്രൈം സിന്‍ഡിക്കേറ്റിന്റെ തലവനായി ലോറന്‍സ് ബിഷ്‌ണോയ് വളര്‍ന്നതിനു പിന്നില്‍ ഗോള്‍ഡി ബ്രാറിന്റെ പങ്ക് വലുതാണ്. ചെറുതും വലുതുമായ കുറ്റകൃത്യങ്ങളുടെ തുടക്ക ഘട്ടങ്ങളില്‍ ഗോള്‍ഡി ബ്രാര്‍ ലോറന്‍സിന് വഴികാട്ടിയായി. ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വളര്‍ച്ചയില്‍ ആ കൂട്ടുകെട്ട് ഗുണം ചെയ്തു.
പഞ്ചാബിനെ ഞെട്ടിച്ച കൊലയ്ക്ക് പിന്നില്‍
സിദ്ദു മൂസ്‌വാലയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തത്. അതിനു പിന്നിലുമുണ്ട് ലോറന്‍സ് ബിഷ്‌ണോയിയുമായി അയാള്‍ പങ്കിട്ട പഴയൊരു പകയുടെ നീക്കിയിരിപ്പിന്റെ കഥ. യൂത്ത് അകാലിദള്‍ നേതാവ് വിക്കി മിധുഖേരയുടെ കൊലപാതകം. അതായിരുന്നു കാരണം.

ലോറന്‍സ് ബിഷ്‌ണോയിയെ വിദ്യാര്‍ഥി നേതാവായി വളര്‍ത്തിയത് വിക്കിയായിരുന്നു. വിക്കി, ലോറന്‍സിന് വഴികാട്ടിയായി. 2021 ഓഗസ്റ്റ് ഏഴിനാണ് മൊഹാലിയില്‍ വച്ച് വിക്കി വെടിയേറ്റ് മരിക്കുന്നത്. ആ മരണത്തിന്റെ സൂത്രധാരന്മാരുടെ പട്ടികയില്‍ സിദ്ദു മൂസ്‌വാലയുടെ മാനേജരും ഉള്‍പ്പെട്ടു. അതേച്ചൊല്ലി മൂസ്‌വാലയ്ക്ക് താക്കീതുമായി ലോറന്‍സെത്തി. പക്ഷേ, അടിയറവ് പറയാന്‍ മൂസ്‌വാല തയ്യാറായിരുന്നില്ല.
പക തീര്‍ക്കാന്‍ ലോറന്‍സും ഗോള്‍ഡി ബ്രാറും കണ്ടെത്തിയ വഴി മൂസ്‌വാലയുടെ മരണമായിരുന്നു. തിഹാറിലെ ജയിലറയിലിരുന്ന് ലോറന്‍സും കാനഡയിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന് ഗോള്‍ഡി ബ്രാറും പദ്ധതി തയ്യാറാക്കി. വിദഗ്ദ്ധമായി അവരത് നടപ്പാക്കി.
Content Highlights: lawrence bishnoi mafia don's revenge on Salman khan
Published: 29 Jun 2023, 03:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented