ദാമ്പത്യം നിലനില്‍ക്കണമെങ്കില്‍ ഞാന്‍ ജോലി രാജിവെയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം

#ആർ. രാജശ്രീ
വര: ഉള്ള്യേരിക്കാരൻ......
വര: ഉള്ള്യേരിക്കാരൻ......

കൃത്യസമയത്ത് തീരുമാനങ്ങളെടുക്കുകയെന്നത് അത്ര എളുപ്പമല്ല. പലര്‍ക്കും അതിന് ദീര്‍ഘകാലത്തെ തയ്യാറെടുപ്പും അധ്വാനവും വേണ്ടിവന്നേക്കും. എടുത്ത തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് പലതരം ത്രാസുകളിലിട്ട് പലതവണ തൂക്കിനോക്കിക്കൊണ്ടാവും പലരുടെയും പില്‍ക്കാലജീവിതം. ചിലതിന്റെപേരില്‍ ഏറ്റവുമടുത്തവര്‍പോലും ക്ഷമിച്ചെന്നുവരില്ല. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാത്തിന്റെയും പഴി തലയില്‍ വന്നെന്നുവരും. തീരുമാനങ്ങളുടെ ഉത്തരവാദിത്വം സ്വയമേറ്റുകൊണ്ട് ജീവിക്കുകയെന്നല്ലാതെ അതിനു പോംവഴികളൊന്നുമില്ല. അനാവശ്യമായ കാര്യകാരണബന്ധങ്ങളുണ്ടാക്കാതിരിക്കുകയെന്നത് മറ്റൊരു രക്ഷാമാര്‍ഗമാണ്. എല്ലാ തീരുമാനങ്ങളും അതെടുക്കുന്ന സമയത്ത് ശരിയായിരുന്നുവെന്ന് കരുതുകയാണ് സമാധാനത്തിനുള്ള വഴികളിലൊന്ന്. 

ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേക്ക്, അദ്ദേഹവും കുട്ടികളുമൊത്ത് ജീവിക്കാന്‍ സാധിക്കുന്നതരത്തിലുള്ള ഒരു സ്ഥലംമാറ്റം വേണ്ടെന്നുവെയ്ക്കുന്നത് നമ്മുടെ നാട്ടില്‍ പ്രഥമദൃഷ്ട്യാ കുറ്റകരമാണ്. അതിന്റെ കാര്യകാരണങ്ങള്‍ എന്തായാലും ക്ഷമിക്കപ്പെടുകയില്ല. മോശമായി പെരുമാറുക, ചീത്തവിളിക്കുക, മേലില്‍ ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന വാക്കുപാലിക്കാതിരിക്കുക - ഇതൊന്നും ഭര്‍ത്താവിന്റെ കൂടെ താമസിക്കില്ല എന്നൊരു ശിക്ഷ അയാള്‍ക്ക് നല്‍കാന്‍ ഭാര്യയെ അധികാരപ്പെടുത്തുന്നില്ല എന്നുതന്നെ ഞാന്‍ പലരില്‍നിന്നും കേട്ടു. ചെറിയ കുറ്റത്തിന് വലിയ ശിക്ഷയാണ് ഞാന്‍ നല്‍കിയതെന്നായിരുന്നു ആരോപണം. എത്ര വരെ ചീത്തപറഞ്ഞാലാണ്, ഏതളവ് മോശമായി പെരുമാറിയാലാണ്, എത്ര തവണ വാക്കുമാറിയാലാണ് ഭാര്യ അത്തരമൊരു തീരുമാനമെടുക്കാന്‍ അധികാരപ്പെടുക എന്നെനിക്കറിയില്ല. പക്ഷേ, സ്വന്തം അന്തസ്സിന്റെ അതിരുകള്‍ നിര്‍ണയിക്കേണ്ടത് അവരവര്‍തന്നെയാണെന്ന് കരുതുന്നു. 

ഏതുസാഹചര്യത്തിലായാലും, ഒപ്പം താമസിക്കുന്നില്ല എന്ന തീരുമാനം ഭാര്യ എടുക്കുന്നത്, നിലവിലെ കുടുംബവ്യവസ്ഥയില്‍ പുരുഷന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്, ഇന്നും. അങ്ങനെ ചെയ്യുന്ന, കേസുകൊടുക്കുന്ന, മാറിത്താമസിക്കുന്ന സ്ത്രീകള്‍ തെരുവിലും വീട്ടിലും തൊഴിലിടത്തിലും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ഓര്‍ക്കാം. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രണ്ടുംകല്പിച്ച വരവായിരുന്നു ഭര്‍ത്താവിന്റേത്. ഹാളില്‍ സോഫയിലിരുന്ന് കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്ന എന്റെ അരികില്‍ വന്നിരുന്ന് അദ്ദേഹം പല്ലുകടിച്ചു:

''ഇത് നിന്റെ വീടല്ലായിരുന്നെങ്കില്‍ ഇന്ന് പെട്രോളൊഴിച്ച് കൊന്നേനെ ഞാന്‍.''
അതറിയാവുന്നതുകൊണ്ടാണ് ഇനി ഒപ്പം താമസിക്കുന്നില്ല എന്ന നിലപാടെടുത്തതെന്ന് ഞാന്‍ പറഞ്ഞു.  സംഭവിച്ചതെല്ലാം സംഭവിച്ചു. ഇനിയെന്താണ് എന്ന കാര്യത്തില്‍ തീരുമാനം വേണമെന്നായി. ദാമ്പത്യം നിലനില്‍ക്കണമെങ്കില്‍ ഞാന്‍ ജോലി രാജിവെയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഭാര്യയെയും കുട്ടികളെയും സ്വന്തം വരുമാനത്തില്‍ ് നോക്കിക്കൊള്ളാം. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ഏകപക്ഷീയമായി പിന്‍വലിച്ചതിനുള്ള ശിക്ഷയായാണ് അതു വിധിക്കപ്പെട്ടതെന്ന് എനിക്കുതോന്നി. അതിനുമപ്പുറം, ജോലിയുള്ളതുകൊണ്ടാണ് അത്തരത്തില്‍ ധിക്കാരപരമായൊരു തീരുമാനമെടുക്കാന്‍ എനിക്ക് ധൈര്യം വന്നത് എന്നതുകൊണ്ടുമാവാം. രാജിക്കാര്യം അദ്ദേഹം ഉച്ചരിച്ചുനിര്‍ത്തിയ തൊട്ടടുത്ത നിമിഷത്തില്‍ത്തന്നെ, അതു നടക്കില്ലെന്ന് ഞാന്‍ മുന്‍പത്തെ അതേ ശാന്തതയോടെ പറഞ്ഞു.

കരയുകയോ ക്ഷോഭിക്കുകയോ ചെയ്യുന്നില്ല എന്നുകണ്ടപ്പോള്‍ മൂപ്പര്‍ ഒരുചുവട് പിന്നോട്ടായി, പതിവ് സെന്റിമെന്റ്സായി.
''നീ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. ഞാന്‍ വീടു കണ്ടെത്തി. മോള്‍ക്ക് സെന്റ് തെരേസാസില്‍ അഡ്മിഷനെടുത്തു. എല്ലാം നമുക്ക് ഒന്നിച്ചുജീവിക്കാനല്ലേ...''
അത് ദയനീയമായ അഭ്യര്‍ഥനയായിരുന്നു. അതു കേട്ട് വന്ന അമ്മ എന്നെ രൂക്ഷമായും അദ്ദേഹത്തെ സങ്കടത്തോടെയും നോക്കി. ഏതുവിധേനയും കുടുംബം നിലനിര്‍ത്തുകയെന്നത് പുരുഷന്റെ അഭിമാനപ്രശ്‌നമാണെന്ന് നാം നേരത്തേയും പറഞ്ഞിട്ടുണ്ട്. അത് സ്വന്തം ആവശ്യമാണെന്ന് സ്ത്രീയെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കുന്നത് സമൂഹത്തിന്റെ അഭിമാനപ്രശ്‌നമാണ്.  എന്നെ സംബന്ധിച്ചാണെങ്കില്‍ ഓരോ തവണയും ഈ നാടകം നടക്കുന്നതാണ്. തെറിയും ഭീഷണിയും കഴിഞ്ഞുള്ള കരഞ്ഞുകാലുപിടിക്കല്‍ എത്രയോ തവണയായി. കുടുംബം എന്ന വാക്കുതന്നെ എന്നെ ഭയപ്പെടുത്തിത്തുടങ്ങി. 

കൗമാരകാലം മുതല്‍ സ്വന്തം കുടുംബം സ്വപ്‌നം കണ്ടിരുന്ന പെണ്‍കുട്ടികളുടെ തലമുറയില്‍പ്പെട്ടവള്‍ തന്നെയായിരുന്നു ഞാനും. മനസ്സിനിണങ്ങിയ സ്‌നേഹസമ്പന്നനായ പങ്കാളിയും നല്ല രണ്ട് കുട്ടികളും തരക്കേടില്ലാത്ത ജോലിയും അത്യാവശ്യം സൗകര്യങ്ങളുള്ള സ്വന്തം വീടും സന്തോഷകരമായ ജീവിതവുമൊക്കെയായിരുന്നല്ലോ അക്കാലത്തെ പ്രധാന സ്വപ്‌നങ്ങള്‍. ഭര്‍ത്താവിനുവേണ്ടി ഇടയ്ക്കിടയ്ക്ക് ലേശം ത്യാഗങ്ങള്‍ വേണ്ടിവരും; അതില്‍ പരാതിപ്പെടാതെ ജീവിച്ചാല്‍ സ്‌നേഹം വറ്റാതെനില്‍ക്കും. നിരന്തരം ചവിട്ടുകിട്ടുന്ന ചേരകള്‍ മാത്രം കടിച്ചിട്ടുണ്ടാവാം; അതിനപ്പുറം കുടുംബവ്യവസ്ഥയോടും പാട്രിയാര്‍ക്കിയോടും സമരത്തിനിറങ്ങിത്തിരിക്കാനുള്ള മനസ്സൊന്നും എന്റെ സമപ്രായക്കാരായ ബഹുഭൂരിപക്ഷത്തിനും ഉണ്ടായിരുന്നില്ല. നല്ലൊരു ജോലിവേണമെന്ന് പലരും ആഗ്രഹിച്ചതുപോലും നല്ലൊരു വിവാഹബന്ധം കിട്ടാനാണ്, അല്ലെങ്കില്‍, കിട്ടിയ വിവാഹബന്ധത്തിന് ഉറപ്പുണ്ടാക്കാനാണ്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്നുതന്നെ! അങ്ങനെ സ്വപ്‌നംകണ്ടു കിട്ടിയ സ്വന്തമായ കുടുംബമാണ് കഴുത്തില്‍ ശ്വാസം വിലങ്ങത്തക്കവിധം ചുറ്റിവരിഞ്ഞിരിക്കുന്നത്! ''എനിക്ക് ഇങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കണ്ട,''ഞാന്‍ നിര്‍വികാരയായി പറഞ്ഞു.

അങ്ങനെ പറഞ്ഞാലെങ്ങനെ, കുട്ടികള്‍ക്ക് അച്ഛന്‍ വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള നിയോഗം അന്നുമുതലാണ് തുടങ്ങിയതെന്നു തോന്നുന്നു. അയഞ്ഞ കുടുംബങ്ങളുണ്ട് എന്നായിരുന്നു എന്റെ ഉത്തരം. ഇരുകൂട്ടര്‍ക്കും താത്പര്യമുണ്ടെങ്കില്‍ കുട്ടികളോടുള്ള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് അങ്ങനെ ജീവിക്കാം. അന്തസ്സുകെടുത്തുന്ന ദാമ്പത്യത്തിന്റെ കെട്ടുപാടുകളില്ല. കുട്ടികളെ കാണാന്‍ വരാവുന്നതേയുള്ളൂ, ഒന്നിച്ചിരിക്കാം, സംസാരിക്കാം. വേണമെങ്കില്‍ ഒന്നിച്ചു താമസിക്കാം. തൊഴില്‍ചെയ്‌തേ ജീവിക്കൂ, തൊഴിലില്‍ മികവുണ്ടാവണം, അത്തരമൊരന്തരീക്ഷം ജീവിതത്തില്‍ വേണം, പരസ്പരം ആരോഗ്യകരമായ ബന്ധം സാധിക്കുന്നില്ലെങ്കില്‍ ഇരുവഴിക്ക് പിരിയാം, അത്രതന്നെ.

ജൂലായ് അവസാനം അദ്ദേഹം വീണ്ടും വന്നു. എത്രയൊക്കെയായാലും ഭാര്യയും മക്കളുമാണ്, പോയി നോക്കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചുവെന്നും താനത് അനുസരിക്കുകയാണെന്നും പറഞ്ഞു. ഒരു മത്സരത്തിന് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. സഹജീവിതത്തോടും അതില്ലായിരുന്നു. എങ്കിലും പഴയതൊന്നും ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ആണയിട്ടുകൊണ്ടിരുന്നു. അതിരുകടന്ന സ്‌നേഹമാണ് തന്നെ മോശപ്പെട്ട മനുഷ്യനാക്കുന്നതെന്നും പറഞ്ഞു. അതിരുകടന്ന പൊസസീവ്നെസ് മാരകമായ ഒരു മനോനിലയാണ്. ഒപ്പം ജീവിക്കുന്നവരെ അത് തുലച്ചുകളയും. മറ്റുള്ളവര്‍ക്ക്, ഹാ, എത്ര ഉദാത്തമായ സ്‌നേഹമെന്ന് തോന്നിക്കുകയുംചെയ്യും. 

ഇത്തവണ ഉപദേശങ്ങളുടെയും ഒത്തുതീര്‍പ്പുകളുടെയും വ്യാപ്തി കൂടിയിരുന്നു. ഞങ്ങളിരുവരുടെയും കുടുംബങ്ങള്‍, ബന്ധുക്കള്‍, വീണ്ടും ചില പാര്‍ട്ടിനേതാക്കള്‍, അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ എന്നിവരിലേക്ക് അത് വ്യാപിച്ചു. കുടുംബം നിലനിര്‍ത്തണം, അതിന് ചില വിട്ടുവീഴ്ചകള്‍ വേണം. കാലുപിടിക്കുന്നവനെ ചവിട്ടരുതെന്ന് അമ്മ എന്നെ ഉപദേശിച്ചു. ഇരുകൂട്ടരുടെയും ഭാഗത്ത് തെറ്റുണ്ടെന്നായിരുന്നു ഒത്തുതീര്‍പ്പുസമിതിയുടെ നിരീക്ഷണം. 

എനിക്ക് വാശി കൂടുതലാണ്, എപ്പോഴും പുരുഷന്മാര്‍ക്ക് ഒരുപടി താഴെയേ സ്ത്രീ നില്‍ക്കാവൂ. എത്ര കൊള്ളരുതാത്തവനായാലും ഭര്‍ത്താവിന്റെ കൂടെയാണ് ഭാര്യ ജീവിക്കേണ്ടത്, വിവാഹമോചനമൊന്നും നടക്കില്ല, ഇതെന്താ കുട്ടിക്കളിയാണോ, എറണാകുളത്തു പോണില്ലെങ്കില്‍ പോണ്ട, ഉപേക്ഷിച്ചുപോന്ന ഒരു വീടുണ്ടല്ലോ, അവിടെ വെക്കേഷനും ഓണത്തിനും ക്രിസ്മസിനും പോയി ഒരുമിച്ചു താമസിക്കണം. കുറേ കഴിയുമ്പോള്‍ പിരിയാനാവില്ലെന്ന് തോന്നിക്കൊള്ളും, പിന്നെ വേണമെങ്കില്‍ സ്ഥലംമാറ്റം വാങ്ങാമല്ലോ. മുന്‍പൊരിക്കല്‍ ഭര്‍തൃപിതാവില്‍ നിന്നേറ്റ ശാരീരികാതിക്രമം ഞാന്‍ ഓര്‍ത്തു. അതു മനസ്സിലാക്കിയെന്നോണം, ''മനുഷ്യര്‍ക്ക് തെറ്റുപറ്റും, അതു ക്ഷമിക്കണം'' എന്ന് എന്റെ അച്ഛന്‍ പറഞ്ഞു. എനിക്ക് പിന്നീട് വാദമുഖങ്ങളില്ലായിരുന്നു. ആ വീട്ടില്‍ കുറഞ്ഞ കാലയളവിലേക്കാണെങ്കിലും എല്ലാവര്‍ക്കുമൊപ്പം ജീവിക്കുന്നത് അസഹ്യമായിരുന്നു. എങ്കിലും പോംവഴികളില്ലാതെ ഞാനത് സമ്മതിച്ചു. ആ കീഴടങ്ങലിലൂടെ എനിക്ക് എന്റെ വീടെങ്കിലും തിരിച്ചുകിട്ടിയാലോ എന്ന പ്രതീക്ഷയാണ് കാരണമായത് എന്നുകരുതുന്നു.

ഒരു മരുന്നിന്റെ അലര്‍ജി കാരണം എന്റെ കൈത്തലങ്ങളിലെ തൊലിമുഴുവന്‍ വീണ്ടുകീറി അടര്‍ന്നുവരുന്നുണ്ടായിരുന്നു. വെള്ളം വീണാല്‍ നിലവിളിച്ചുപോകുന്ന അവസ്ഥ. ഡോക്ടറെ കണ്ട് മരുന്നും വിശ്രമവുമായി വീട്ടിലിരിക്കണമെന്നുണ്ടായിട്ടും ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരം ഞാന്‍ ഭര്‍തൃഗൃഹത്തിലേക്ക് പോകേണ്ടി വന്നു. ഈ കൈകൊണ്ട് എന്തുചെയ്യാനാവുമെന്ന് ആരും ആകുലപ്പെട്ടില്ല, ഞാന്‍ പോലും! കണ്ണൂരെങ്ങും ഇതിന് നല്ല ഡോക്ടര്‍മാരില്ല, കൊല്ലത്തെത്തി നല്ല ഡോക്ടറെ കാണിക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞു. മരുമകന് മകളോടുള്ള കരുതല്‍കണ്ട് അമ്മയുടെ കണ്ണുനിറഞ്ഞിരിക്കണം. എന്തായാലും ആ ഓണാവധിക്ക്, ഞങ്ങള്‍ പണ്ട് വിട്ടുപോന്ന വീട്ടിലേക്ക് കുടുംബസമേതം കാറില്‍ യാത്രതിരിച്ചു.

ഇതെത്രാമത്തെ തവണയാണെന്ന് നിങ്ങള്‍ക്കുതന്നെ തോന്നുന്നില്ലേ? ജീവിതത്തിന് അങ്ങനെയൊരു സ്വഭാവമുണ്ട്, അത് എത്രത്തോളം വൈവിധ്യപൂര്‍ണമാണോ അത്രതന്നെ ഏകതാനവുമാണ്. പക്ഷേ, അതിനൊരു പ്രത്യേകതയുണ്ട്. ഒരേവഴികളിലൂടെ ആവര്‍ത്തിച്ചു വണ്ടിയോടിക്കുന്നത് സങ്കല്പിച്ചുനോക്കൂ. ആദ്യതവണത്തെ അമ്പരപ്പും ഭയവും അനിശ്ചിതത്വവും കാണക്കാണെ ഇല്ലാതാവും. വഴികള്‍ അതിപരിചിതമാകും. തടസ്സങ്ങളില്ലാതെ അനായാസമായി ഏതിരുട്ടിലും മഴയത്തും വണ്ടിയോടിച്ചു പോകാം. അതിലും വലിയൊരു പരിശീലനമില്ല. പിന്നീട് അപരിചിതമായ വഴികളിലേക്കിറങ്ങാന്‍ അതു സഹായിക്കും.

ഇതെല്ലാം 2012 ഫെബ്രുവരിയിലാണ്, രണ്ടാമത്തെ കുഞ്ഞിന് അന്ന് പത്തുമാസം പ്രായം വരും. രണ്ടുമാസംകൂടി കഴിഞ്ഞാല്‍ അവന്റെ ഒന്നാം പിറന്നാളാണ്. പിറന്നാളുകള്‍ക്ക് കുഞ്ഞുങ്ങള്‍ക്കൊപ്പം അച്ഛനുണ്ടാവുകയെന്ന കാല്പനികതയില്‍നിന്ന് ഞാന്‍ മുക്തയായിരുന്നു. മോളുടെ രണ്ടു പിറന്നാളുകള്‍ അച്ഛനില്ലാതെ കഴിഞ്ഞുപോയിട്ടുണ്ട്. അവള്‍ക്ക് ഉടുപ്പുകള്‍ വാങ്ങിയും കേക്കുകള്‍ മുറിച്ചും ഒന്നുമില്ല, ഒന്നുമില്ല എന്ന് സ്വയവും മറ്റുള്ളവരോടും ബോധ്യപ്പെടുത്തിയും ഞാന്‍തന്നെ ആഘോഷിച്ചിട്ടുണ്ട്. അതു കഴിയുമ്പോള്‍ ഉടുപ്പുകള്‍ പാഴ്‌സലിലെത്തിയിരുന്നു. വീട്ടില്‍ എല്ലാവരുടെയും മുന്നില്‍വെച്ച് അത് തുറക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവമാണ്. കുറ്റപ്പെടുത്തുന്ന നോട്ടങ്ങള്‍ക്കും സങ്കടം നിറഞ്ഞ നിശ്വാസങ്ങള്‍ക്കുമിടയില്‍ ഞാന്‍ ആ ഉടുപ്പുകള്‍ മടക്കിവെയ്ക്കും. പിന്നീട് ഒത്തുതീര്‍പ്പുകള്‍ക്കുശേഷം സഹജീവിതം പുനഃസ്ഥാപിക്കപ്പെട്ടാലും ആ അനുഭവത്തിന്റെ കയ്പ് തികട്ടിവരും. 

എന്തായാലും ഇനി ദാമ്പത്യമില്ലെന്ന ശപഥവുമായി ഭര്‍ത്താവ് ഇറങ്ങിപ്പോയി. സ്ഥിരം ഏര്‍പ്പാടായതുകൊണ്ട് അതില്‍ വലിയ കാര്യമില്ലെന്നമട്ടില്‍ ഞാന്‍ ജോലികളിലേക്കു മടങ്ങി. എത്ര വേദനയും അപമാനവും നഷ്ടവുമുണ്ടായാലും ഒന്നും സംഭവിച്ചിട്ടില്ലെന്നമട്ടില്‍ പെരുമാറുന്നവരുണ്ട്. എത്ര അടുപ്പമുള്ളവരായാലും കുറ്റപ്പെടുത്തുന്നവരുടെ, മനസ്സുകൊണ്ട് ഒപ്പമില്ലാത്തവരുടെ മുന്നില്‍ കരയാനോ പരാജയം സമ്മതിക്കാനോ മനസ്സുവരാത്തവരാവും അവര്‍. 

ഒന്നുമില്ലെന്നു ഭാവിക്കുന്നത് ചിലപ്പോഴെങ്കിലും നല്ലകാര്യമാണ്. പക്ഷേ, അതിനൊരു മറുവശമുണ്ട്. എന്തുസംഭവിച്ചാലും അവര്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് ചുറ്റുമുള്ളവര്‍ കരുതും. അവര്‍ക്ക് സ്‌നേഹം ആവശ്യമില്ല, ആഘോഷങ്ങളോ സൗഹൃദങ്ങളോ വിനോദമോ വിശ്രമമോ സമ്മാനങ്ങളോ വേണ്ട, ഏതുതരം നഷ്ടവും താങ്ങും, ഏതപമാനവും സഹിക്കും, അവരില്‍നിന്ന് എന്തും ഏതും എപ്പോഴും എടുത്തുമാറ്റാം, എന്തും ആവശ്യപ്പെടാം, കുറ്റപ്പെടുത്താം, ഏറ്റവുമെളുപ്പത്തില്‍ തഴഞ്ഞുകളയുകയും ചെയ്യാം. സന്തോഷങ്ങള്‍ ചോദിച്ചുവാങ്ങേണ്ട ഗതികേടില്‍ അവര്‍ നിരന്തരമായി അകപ്പെട്ടുപോകും. അതില്‍നിന്ന് ഓരോ തവണയും സ്വയം കുടഞ്ഞ് മോചിപ്പിക്കേണ്ട ജോലി അവരുടേതുമാത്രമാണ്.


ജോലി രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്ന തീരുമാനത്തെ എന്റെ വീട്ടുകാരാരും എതിര്‍ത്തില്ല. പക്ഷേ, ദാമ്പത്യം ഒഴിവാക്കുന്ന തീരുമാനത്തിന് ഒപ്പമില്ലെന്നു പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ സ്വന്തം വീട്ടിലായാലും തുടരുന്നതില്‍ ഒരു പ്രയാസമുണ്ട്. പക്ഷേ, ഞാന്‍ നിസ്സഹായയായിരുന്നു. പഴയതുപോലെതന്നെ കുഞ്ഞിനെ നോക്കല്‍ ഒരു പ്രശ്‌നമാണ്. ജോലിസ്ഥലത്തിനടുത്ത് വീടുവേണം, വീട്ടുസാധനങ്ങള്‍ വേണം. ചെറുതല്ലാത്ത ഒരു തുക വേണം, സാമ്പത്തികനില അപ്പോഴും മോശമാണ്. ഞാന്‍ വീട്ടില്‍ തുടരാന്‍ തീരുമാനിച്ചു. അഭിമാനത്തിന്റെ ചില നാമ്പുകളെ ചവിട്ടിയമര്‍ത്തിക്കൊണ്ടുമാത്രമാണ് ചിലര്‍ക്ക് അതിജീവനം സാധ്യമാകുകയെന്നു സമാധാനിച്ചു. ഞാന്‍ ദാമ്പത്യത്തിലേക്ക് തിരിച്ചുപോകില്ലെന്ന് ഏറക്കുറെ ഉറപ്പായിട്ടും, തിരിച്ചുപോകൂ എന്നാവശ്യപ്പെട്ട് എന്റെ വീട് എന്നോട് കലഹിച്ചുകൊണ്ടേയിരുന്നു. അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഞാനില്ല. ഓരോരുത്തര്‍ക്കും ഓരോ ശരിയാണ്. അതില്‍ അവര്‍ ജീവിച്ച കാലത്തിന്റെ കനത്ത കൈപ്പാടുകളുണ്ട്. എങ്കിലും കൈയകലത്ത് ഒരൊറ്റ മനുഷ്യജീവിയില്ലാതിരിക്കുക, ചാരാന്‍ ഒരു മരക്കാല്‍പോലും ഇല്ലാതിരിക്കുക എന്നതൊക്കെ ചിലനേരം ഹൃദയഭേദകമായ അനുഭവങ്ങളാണ്.

നേരത്തേ പലതവണയും സംഭവിച്ചതുപോലെ ഞാന്‍ ജീവിതത്തിലേക്കു മടങ്ങി. എനിക്ക് മോളെ സ്‌കൂളില്‍ ചേര്‍ക്കണമായിരുന്നു. തീസിസ് എഴുതി പൂര്‍ത്തിയാക്കണമായിരുന്നു. ഇഷ്ടപ്പെട്ട ജോലി ഭംഗിയായി ചെയ്യണമായിരുന്നു. മോളെ ചേര്‍ക്കാന്‍ പെട്ടെന്ന് സ്‌കൂളുകള്‍ കിട്ടാതെവന്നപ്പോള്‍ ഞാന്‍ ആദ്യമൊന്നു പകച്ചു. അവളുടെ അച്ഛന്‍ ഏറ്റവും മികച്ച സ്‌കൂളില്‍ അഡ്മിഷനെടുത്തതായിരുന്നല്ലോ, ഒക്കെ അഹങ്കാരംകൊണ്ട് നശിപ്പിച്ചതല്ലേ എന്ന പഴികേട്ടു. വീട്ടില്‍നിന്ന് ഏഴുകിലോമീറ്റര്‍ ദൂരെയുള്ള തൃച്ചംബരം യു.പി. സ്‌കൂള്‍ തിരഞ്ഞെടുത്തത് ഞാന്‍തന്നെയാണ്. കുട്ടിയുടെ അച്ഛന്റെ തീരുമാനത്തിനുമേല്‍ അവളുടെ അമ്മയുടെ തീരുമാനം നടപ്പിലായ ദിവസത്തിന്റെ അപമാനം സഹിക്കാതെ, എന്റെ അമ്മ നിസ്സഹകരണം പ്രഖ്യാപിച്ച ദിവസംകൂടിയായിരുന്നു അത്! ഇളയകുഞ്ഞിനെയും കൈയിലെടുത്ത്, മോളെ ചേര്‍ക്കാനും യൂണിഫോം വാങ്ങാനുമായി അലഞ്ഞ ആ ദിവസം ഇന്നും ഓര്‍മ്മയുണ്ട്. 

കുട്ടികളെ ചേര്‍ക്കാനെത്തിയ നിരവധി രക്ഷിതാക്കള്‍ക്കിടയില്‍ ഞാനും കുഞ്ഞുങ്ങളും നിന്നു. മുമ്പ് പ്രസവാശുപത്രിയില്‍ തനിച്ചുപോയ അതേ ഫീല്‍! എല്ലാ നിര്‍ണായകനിമിഷങ്ങളിലും സന്തോഷാവസരങ്ങളിലും ഒറ്റപ്പെട്ടുപോകുന്നത് ഒരു സവിശേഷവരമാണ്. ജൂണില്‍ മോള്‍ ആദ്യമായി സ്‌കൂളിലേക്കു പോയി. ജൂലായ് വരെ മോളെ എവിടെയെങ്കിലും ചേര്‍ത്തോ എന്നൊന്നും അവളുടെ അച്ഛന്‍ അന്വേഷിച്ചില്ല. അച്ഛന്റെ അഭാവം അവള്‍ക്ക് വിഷമമുണ്ടാക്കിയോ എന്നറിയില്ല. കുട്ടികള്‍ എല്ലാമറിയും എന്നതാണ് എന്റെ അനുഭവം. 

തൃച്ചംബരം സ്‌കൂളിന് ഞങ്ങളുടെ റൂട്ടില്‍ അന്ന് സ്‌കൂള്‍വാഹനങ്ങളില്ലാത്തതിനാല്‍ മോളെ കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുവരാനും ഒരു ഓട്ടോ ഏര്‍പ്പാടാക്കി. മാസം 3500 രൂപ. ഭര്‍ത്താവുമായുള്ള പിണങ്ങിയകല്‍ച്ചകള്‍ കാരണം എനിക്ക് മിച്ചമാകുന്ന തുക! അവള്‍ തനിയേ ഒരുവര്‍ഷം ഓട്ടോയില്‍ പോയി. ആ ചെലവ് ഞാന്‍ കാര്യമാക്കിയില്ല. പിണങ്ങിപ്പോകാന്‍ നേരത്ത്, എനിക്കവരെ നല്ല രീതിയില്‍ വളര്‍ത്താനാവില്ല, കുട്ടികളുടെ ഭാവി പോകും എന്ന പ്രവചനം അദ്ദേഹം നടത്തിയിരുന്നു. അവര്‍ വിഷമിക്കരുത് എന്ന നിശ്ചയത്തിനുമുന്നില്‍ അതൊന്നും വലിയതുകയല്ല എന്നുകരുതി. പിറ്റേവര്‍ഷം മുതല്‍ ഞങ്ങളുടെ വീടിനടുത്തുനിന്ന് അങ്ങോട്ട് കൂടുതല്‍ കുട്ടികളായി. സ്‌കൂള്‍ ആ റൂട്ടില്‍ കൂടുതല്‍ വാഹനങ്ങളിട്ടു. ഞാനെടുത്ത നല്ല തീരുമാനങ്ങളിലൊന്നായിരുന്നു ആ സ്‌കൂള്‍ എന്നതില്‍ അഭിമാനമുണ്ട്. ഒരര്‍ഥത്തില്‍, കുട്ടികളെ എവിടെ ചേര്‍ക്കണം എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായ അമ്മയാണ് ഞാന്‍. പക്ഷേ, അതിന്റെ പിന്നാമ്പുറക്കഥയാണ് മേല്‍പ്പറഞ്ഞത്.
 

Content Highlights: writer r rajasree column