ഗര്‍ഭപാത്രത്തിനും ചിലനേരം സ്ത്രീകളുടെ സൗന്ദര്യം കൂട്ടാന്‍ കഴിയുമെന്ന് അന്ന് പഠിച്ചു

നമുക്ക് ഒരിക്കല്‍ക്കൂടി ആ കണ്‍സള്‍ട്ടിങ് റൂമിലേക്ക് പോകാം. അന്ന് ആദ്യം അങ്ങോട്ട് കയറിയത് എന്റെ ഭര്‍ത്താവായിരുന്നു. പിന്നാലെ ഞാന്‍. ഒന്നിച്ചു താമസിക്കാന്‍ സാധിക്കാത്ത ദൂരങ്ങളിലാണ് ഞങ്ങള്‍ എന്ന കാര്യം ആദ്യമേ പറഞ്ഞു. ഡോക്ടര്‍ അത് വലിയ കാര്യമായി എടുത്തില്ല. ''അതിനു നമുക്ക് പോംവഴിയുണ്ടാക്കാം. പക്ഷേ, ഇവളുടെ ഈ ശരീരമാണ് പ്രശ്‌നം. അതിനെന്തു ചെയ്യാന്‍ പറ്റും?''
ഡോക്ടറുടെ ചോദ്യം എന്റെ ബാക്കിയിരുന്ന ആത്മവിശ്വാസത്തിന്റെ കണികകളും വറ്റിച്ചു. ഭര്‍ത്താവ് ഇത്ഞാന്‍ നേരത്തേ തന്നെ പറഞ്ഞതല്ലേ എന്ന മട്ടില്‍ എന്നെ നോക്കി. ഞാന്‍ വാസ്തവത്തില്‍ അശരണയായിപ്പോയി. ഇത് ഞാന്‍ ഭക്ഷണം കഴിച്ചുണ്ടാക്കിയ തടിയല്ല എന്ന ന്യായം അവിടെ പറയാന്‍ അന്നേരം എനിക്ക് ധൈര്യമുണ്ടായില്ല. ശേഷം ഭര്‍ത്താവിന്റെ ഭാരം നോക്കി. ഉയരവും ഭാരവും കൃത്യം അനുപാതം. അഭിമാനത്തോടെ അദ്ദേഹം എന്നെ നോക്കി. കണ്‍സള്‍ട്ടിങ് റൂമില്‍ നിന്ന സിസ്റ്ററോട് ഡോക്ടര്‍ അവരുടെ ഉയരവും ഭാരവും ചോദിച്ചു. അമ്പത്തെട്ടുകിലോ എന്നവര്‍ പറഞ്ഞു. ''ഇവര്‍ തന്നെ മൂന്നു കിലോ അധികമാണ്, അമ്പത്തഞ്ച് കിലോ ഉള്ള ഒരാളെയേ നിങ്ങളുടെ ഭര്‍ത്താവിന് ആവശ്യമുള്ളൂ. ഇത്രയെങ്കിലും നിങ്ങള്‍ ആയാലേ പറ്റൂ. ഇരുപതു കിലോ കുറയാതെ കുട്ടിയുണ്ടാവും എന്ന് വിചാരിക്കരുത്'' എന്നു പറഞ്ഞ് ഡോക്ടര്‍ എന്നെ നോക്കി. എനിക്കൊരു മോഡല്‍ കാട്ടിത്തരികയായിരുന്നു അദ്ദേഹം.
കളിവീട് എന്നൊരു സിനിമയുണ്ട്. അതില്‍ നായകന്റെ ഭാര്യാസങ്കല്പത്തിനു യോജിച്ച മട്ടില്‍ നായകന്റെ സുഹൃത്ത് സ്വന്തം ഭാര്യയെ വേഷം കെട്ടിക്കുന്നുണ്ട്. അത് മനസ്സിലാക്കുന്നതോടെയാണ് നായിക നായകനില്‍ നിന്ന് പൂര്‍ണമായും അകലുന്നത്. ആ സിനിമയില്‍ പക്ഷേ, അവള്‍ അനുഭവിച്ച അത്തരമൊരു അപമാനം അറ്റന്‍ഡ് ചെയ്യപ്പെടുന്നതേയില്ല.
മാതൃകകളും അവ ചൂണ്ടിക്കാണിക്കലും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് വളരെ സ്വാഭാവികമായി നാം അംഗീകരിച്ചിട്ടുമുണ്ടല്ലോ. പല സമൂഹങ്ങളിലും അതിന് ആചാരപരമായ മാനവും ഉണ്ടാകും. അത്തരത്തില്‍ പതി പ്രിയകളായ, ആവാന്‍ സാധ്യതയുള്ള സ്ത്രീകളെ നവവധുക്കള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റും തോന്നില്ല. പക്ഷേ, അപ്രതീക്ഷിതമായ ഇടങ്ങളിലും സമയങ്ങളിലുമടക്കം സ്ത്രീകള്‍ അത്തരം മാതൃകകളെ കരുതിയിരിക്കേണ്ടി വരുമെന്നു മാത്രം. നേരത്തേ തന്നെ മറ്റു സ്ത്രീകളെ കാണുമ്പോള്‍ ഞാന്‍ അത്രയുമുണ്ടോ അതില്‍ കൂടുതലുണ്ടോ എന്ന് കൂടെ നടക്കുന്നവരെ അലട്ടിക്കൊണ്ടിരുന്ന എനിക്ക് എന്റെ ശരീരത്തോട് ഭീകരമായ വൈരാഗ്യം തോന്നി. അതുവരെയുള്ള ജീവിതത്തില്‍ നേരിയ അപകര്‍ഷതയോടെയാണെങ്കിലും ഞാന്‍ കൊണ്ടു നടന്ന ശരീരം വിവാഹ ജീവിതത്തില്‍ ഏറ്റവും കടുത്ത അപമാനത്തിന് കാരണമായിരിക്കുന്നു.
അതിനിടയ്ക്കുണ്ടായ ഒരേയൊരു സന്തോഷം സ്‌കാനിങ്ങിനു ശേഷം 'യു ഹാവ് ഗോട് എ വെരി ഗുഡ് യൂട്രസ്' എന്ന് ഡോക്ടര്‍ പറഞ്ഞതാണ്. ഗര്‍ഭപാത്രത്തിനും ചിലനേരം സ്ത്രീകളുടെ സൗന്ദര്യം കൂട്ടാന്‍ കഴിയുമെന്ന് ഞാന്‍ പഠിച്ചു. എന്റെ ശരീരത്തെക്കുറിച്ചുള്ള പോസിറ്റീവ് കമന്റായി അതെങ്കിലത് എന്നു ഞാന്‍ എടുത്തു വച്ചു. അന്ന് വൈകിട്ട് ഞാന്‍ എല്ലാവര്‍ക്കും മുന്നില്‍ ഡോക്ടര്‍ പറഞ്ഞതായി അവതരിപ്പിച്ച വാക്യമായിരുന്നു അത്. കേള്‍ക്കുന്നവര്‍ക്ക് ബാലിശമായിത്തോന്നിയേക്കാം. പക്ഷേ, അതിന്റെ ശക്തി അപാരമായിരുന്നു .തോരനും ഗുളികകളും മാത്രം കഴിച്ചാല്‍ മതിയെന്നായിരുന്നു എന്റെ കാര്യത്തിലുണ്ടായ തീരുമാനം. ഭാരം കുറയാനുള്ള ബാലന്‍സ്ഡ് ഡയറ്റോ വ്യായാമമോ ഉണ്ടായില്ല. ഉറക്കം കുറയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു മറ്റൊന്ന്. വീട്ടിലെ ജോലികളും ശാരീരികബന്ധവും മുടങ്ങുകയും ചെയ്യരുത്.
അക്കാലത്തെ ഏറ്റവും ദാരുണമായ ഓര്‍മ കടുത്ത ക്ഷീണത്തിലും വിശപ്പിലുമുള്ള രതിയാണ്. രക്തത്തില്‍ പഞ്ചസാര കുറഞ്ഞ് ഓര്‍മ കെട്ടുവീഴുന്നതുവരെ ആ ടൈംടേബിള്‍ തുടര്‍ന്നു. പാതിരാത്രിക്ക് അയല്‍വാസിയായ സുഹൃത്തിന്റെ ഭാര്യ കൂടിയായ ഡോക്ടറുടെ വീട്ടിലേക്ക് ആരൊക്കെയോ കൂടി എടുത്തു കൊണ്ടുപോയത്രേ. ബോധം തെളിയുമ്പോള്‍ ഉച്ചത്തിലുള്ള ശകാരം കേട്ടത് ഓര്‍മയുണ്ട്.
''ഏതു വിധവും കുട്ടിയുണ്ടായാല്‍ മതിയോ? അതിനെ വളര്‍ത്തണ്ടേ?''
ഭര്‍ത്താവും അമ്മായിയമ്മയും തലകുനിച്ചു നില്‍ക്കുന്നതു കണ്ടു. അതിനു തൊട്ടുമുമ്പ് അമ്മായിയമ്മ ഡോക്ടറോട് തലകറങ്ങി വീണ മരുമകള്‍ ഗര്‍ഭിണിയാണോ എന്ന് ചോദിച്ചത്രേ. വന്ധ്യതാ ചികിത്സയുടെ ഭാഗമായി സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്ന നിരന്തര പരീക്ഷണങ്ങളെപ്പറ്റി എന്റെ സമപ്രായക്കാരി കൂടിയായ ആ ഡോക്ടര്‍ ആകുലപ്പെട്ടു. ''ഏതു ചികിത്സയും അതിന്റേതായ സമയം എടുക്കും. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പ്രധാനമാണ് എന്നോര്‍ക്കണം.'' എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. നന്ദി കൊണ്ടാവുമെന്ന് അവര്‍ കൃത്യമായി വായിച്ചെടുത്തു. ഡ്രിപ്പ് ഊരിക്കഴിഞ്ഞ് അവര്‍ എന്റെ കൈയില്‍ പതുക്കെ തടവി, ശബ്ദം താഴ്ത്തി ചോദിച്ചു: ''വേറെ പ്രശ്‌നമൊന്നും ഇല്ലല്ലോ അല്ലേ?''
ഞാനവരുടെ മുഖത്തേക്ക് നോക്കാതെ തന്നെ ഇല്ലെന്ന് പറഞ്ഞു.
''നോര്‍മലായി ജീവിക്കാന്‍ നോക്കൂ. ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യണം. മരുന്നും എടുക്കണം, തിരക്കുകൂട്ടണ്ട, ഫലമുണ്ടാകും.''
സ്ത്രീയുടെ ജീവിതം കുട്ടികളെ പ്രസവിച്ചു വളര്‍ത്താന്‍ മാത്രമായി നീക്കിവയ്‌ക്കേണ്ടതല്ല എന്ന് മറ്റൊരു ഭാഷയില്‍ പറയുകയായിരുന്നു അവര്‍. കൗമാരകാലത്തെ പി.സി.ഒ. ഡി ഭാവിയില്‍ വന്ധ്യതയുണ്ടാക്കുമെന്ന ശാസ്ത്രഭയവുമായി അലഞ്ഞ എന്നെ ഞാന്‍ ഓര്‍ത്തു. കുട്ടികളില്ലാതിരിക്കുന്നത് നിരാശയും സങ്കടവും ഭയവും ഉണ്ടാക്കുമെന്നത് വാസ്തവമാണ്. പക്ഷേ, അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പരസ്പരം തുണച്ച് ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ പങ്കാളികള്‍ക്ക് സാധിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം അന്ന് ഇല്ലായിരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, കുറവുകളുള്ള എനിക്ക് ഒരു ജീവിതം തന്ന (!) മനുഷ്യനോടുള്ള നന്ദികേടാണത് എന്നൊക്കെ വിചാരിക്കാനുള്ള വിവരക്കേട് അധ്യാപികയായിരുന്ന എനിക്ക് ഉണ്ടായിരുന്നു എന്ന് സമ്മതിക്കാന്‍ ഒട്ടും വിഷമമില്ല.
സമാനമായ ചിന്താഗതിയുള്ള സ്ത്രീകള്‍ ഇന്നും ഉണ്ട് എന്നു പറഞ്ഞാല്‍ നിഷേധിക്കുമോ? കാരണം നാം നേരത്തേ പറഞ്ഞതാണ്. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതേ സാഹചര്യത്തിലുള്ള സ്ത്രീകള്‍ സിനിമയിലും കഥകളിലും പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്ക് വിട്ടുകൊടുക്കും. എന്നിട്ട് മൂലയ്ക്ക് ചെന്നിരുന്ന് ചൂടുചേമ്പ് വിഴുങ്ങിയതുപോലുള്ള ഭാവാഭിനയം കാഴ്ചവയ്ക്കും. രോഗബാധിതരും വന്ധ്യരും ബലാല്‍ക്കാരത്തിന് ഇരയായവരുമായ സ്ത്രീകള്‍ നായകനെ സ്വമേധയാ ഉപേക്ഷിക്കുന്നതാണ് നാം കാണുക.അതാണ് സ്‌നേഹം എന്നാണ് പലരും വിചാരിക്കുന്നത്. ഇന്ത്യയില്‍ ദാമ്പത്യവും പ്രണയവും വിശുദ്ധപശുക്കളായി തുടരുന്നതിന് വില കൊടുക്കുന്നത് സ്ത്രീകളാണ്.
ഞങ്ങളുടെ ഡോക്ടര്‍ അന്ന് ഹോസ്പിറ്റല്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. രാവിലെ അഞ്ചു മണിക്കൊക്കെ അദ്ദേഹത്തെ കാണാന്‍ നീണ്ട ക്യൂ ആയിരിക്കും. ബുക്കിങ് ഇല്ല. വീട്ടില്‍ നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെടും. ഒരു മണിക്കൂര്‍ ബൈക്കില്‍ യാത്രയുണ്ട്. നാലരയ്ക്ക് ഹോസ്പിറ്റലില്‍ എത്തിയാല്‍ ആദ്യത്തെ പത്തുപേരില്‍ ഒരാളായി ഡോക്ടറെ കാണാം. തലേന്ന് രാത്രി ഏഴരയ്ക്ക് കോഴിക്കോട് നിന്ന് ട്രെയിന്‍ കയറി മൂന്നു മണിക്ക് വീട്ടിലെത്തി കുളിച്ച് ഡ്രസ് മാറി ബൈക്കില്‍ കയറിയ ദിവസങ്ങളുണ്ട്. റിസര്‍വേഷന്‍ ചെയ്തു വരാന്‍ ആദ്യകാലങ്ങളില്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. തിരക്കേറിയ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്നും ഇരിക്കാതെയും യാത്ര ചെയ്തിട്ടുണ്ട്. പുരുഷന്‍മാരുള്ള റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങി വരുന്നത് അപകടമാണെന്ന ഭര്‍തൃമാതാവിന്റെ അഭിപ്രായമായിരുന്നു അതിനു കാരണം. ''വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പെണ്ണുങ്ങള്‍ തമ്മിലല്ലിയോ തള്ളുന്നത്, അതു സാരമില്ല...'' എന്നവര്‍ പറഞ്ഞു. മറ്റൊരഭിപ്രായത്തിനു വേണ്ടി ഞാന്‍ ഭര്‍ത്താവിനു നേരെ നോക്കിയെങ്കിലും അന്നൊക്കെ രണ്ടരയ്ക്ക് കായംകുളത്തെത്തിയിരുന്ന വണ്ടിക്ക് റിസര്‍വേഷന്‍ നഷ്ടമാണെന്ന് അദ്ദേഹം വിലയിരുത്തി. അതിന്റെയൊക്കെ റിസള്‍ട്ട് ഞാന്‍ ബൈക്കിന്റെ പിന്നിലിരുന്ന് ഉറങ്ങിപ്പോവുക എന്നതായിരുന്നു.
ആശുപത്രിയില്‍ നിന്ന് ഇന്‍ജക്ഷനുകളുമെടുത്ത് ബൈക്കില്‍ത്തന്നെ തിരിച്ചു യാത്ര ചെയ്ത് ഏഴുമണിയോടെ വീട്ടിലെത്തുമ്പോള്‍ എന്നെ കാത്ത് പാല്‍പ്പാത്രം മുറ്റത്തുണ്ടാകും. വീട് പ്രഭാതത്തിലേക്ക് ഉണരുന്നതേ ഉണ്ടാവുകയുള്ളൂ. സമയം മെനക്കെടുത്തുന്ന എക്‌സ്ട്രാ പണികളൊക്കെ പുലരുന്നതിനു മുമ്പ് തീര്‍ന്നിരിക്കുന്നു. ഇനി സാധാരണ പണികളിലേക്ക് തിരിയാം. ഉറക്കം നഷ്ടപ്പെടുത്തി സ്റ്റേഷനിലെത്തി ഭാര്യയെ കൂട്ടി ആശുപത്രിയിലേക്കും തിരിച്ചും ബൈക്ക് ഓടിച്ച ഭര്‍ത്താവിന് ഉറങ്ങാനുള്ള അവകാശമുണ്ട്. തിന്ന് തൂമ്പ് മുറ്റിയ, അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഗര്‍ഭിണിയാവാത്ത മരുമകള്‍ക്ക് അമ്മായിയമ്മ പഴങ്കഥകള്‍ പറഞ്ഞു തരും. ഒറ്റ രാത്രി കൊണ്ട് ഗര്‍ഭിണിയായവരും ഡോക്ടര്‍ സിസേറിയന്‍ പറഞ്ഞിട്ടും ഇച്ഛാശക്തി കൊണ്ട് സുഖപ്രസവം നടത്തിയവരുമായ പെണ്ണുങ്ങള്‍ അതിലെ കഥാപാത്രങ്ങളായിരിക്കും. എല്ലാത്തിനുമുപരി തന്റെ കുടുംബത്തിലും ഭര്‍ത്തൃ കുടുംബത്തിലും പ്രസവിക്കാത്ത പെണ്ണുങ്ങള്‍ ഉണ്ടായിട്ടില്ലെന്നുറപ്പ് പറയും. 'മോള്‍ടെ കുടുംബത്തില്‍ ഉണ്ടോ...' എന്ന് സ്‌നേഹപൂര്‍വം ചോദിക്കും.
അനുഭവിച്ചവര്‍ക്കറിയാം, സ്‌നേഹം എന്നത് അത്ര നിരുപദ്രവമായ വാക്കൊന്നുമല്ല. കാലം പോകെ ഞാന്‍ സ്‌നേഹത്തെ ഭയന്നു തുടങ്ങി. എത്രയും പെട്ടെന്ന് ഗര്‍ഭിണിയായില്ലെങ്കില്‍ എന്റെ നിലനില്‍പ്പ് അപകടത്തിലാവുമെന്ന് പേടിച്ചു. റിസള്‍ട്ടില്ലാത്ത ശാരീരികബന്ധത്തെ ഭയന്നു. അക്കാര്യത്തില്‍ ഞാന്‍ മാത്രമായിരുന്നില്ല ഉത്തരവാദിയെന്നോര്‍ക്കുന്നു. ഇത് എന്തായാലും ഏല്‍ക്കും എന്ന ഉറപ്പോടെയുള്ള പ്രവൃത്തികള്‍ രതിയെ അതല്ലാതാക്കും. ഇതെങ്കിലും ഫലിക്കണേ എന്ന പ്രാര്‍ഥന ആ സമയങ്ങളെ ഏറ്റവും അശ്ലീലവും ദയനീയവുമാക്കും. അത്രയും ത്യാഗങ്ങള്‍ക്ക് ശേഷവും സംഭവിക്കുന്ന ആര്‍ത്തവങ്ങള്‍ കടുത്ത വിഷാദത്തിലേക്കാണ് വലിച്ചെറിഞ്ഞിരുന്നത്. 'വന്നു ട്ടോ' എന്ന് വിറച്ചും സങ്കടപ്പെട്ടും ഫോണില്‍ വിവരമറിയിക്കുമ്പോള്‍ അപ്പുറത്തെ അറ്റത്തെ നിശ്ശബ്ദത ഭയങ്കരമായ അനുഭവമായിരുന്നു. ആര്‍ത്തവമുള്ള സ്വന്തം ശരീരത്തോട് അന്നേരം തോന്നുന്ന വൈരാഗ്യവും അറപ്പും അതിലും ഭീകരമാണ്.
ഇനി നമുക്ക് ഇതേ കാര്യങ്ങള്‍ തന്നെ ഒന്നുകൂടി ചികഞ്ഞു നോക്കാം
.
1. ഏതുതരം ചികിത്സയായാലും അത്തരം ആശാഭംഗങ്ങള്‍ ഒന്നിച്ച് നേരിടേണ്ടതാണ്.
2. അതു തന്നെയും അത്രയേയുള്ളോ എന്നൊരു മന:സ്ഥിതിയോടെ തള്ളിക്കളയേണ്ടതാണ്.
3. എവിടെ ചികിത്സിക്കണം എന്നത് ദമ്പതികള്‍ ഒന്നിച്ച് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.
4. എങ്ങനെ യാത്ര ചെയ്യണം എന്ന് യാത്ര ചെയ്യുന്നവര്‍ വേണം തീരുമാനിക്കാന്‍.
5. അത്ര ത്യാഗം സഹിച്ച് ഡോക്ടറെ കാണേണ്ടതില്ല എന്ന് കരുതാവുന്നതേയുള്ളൂ.
6. ഉറക്കംകളഞ്ഞാണ് വന്നതെങ്കില്‍ ഉറങ്ങിയിട്ട് ബാക്കി കാര്യം എന്ന നിലപാടാണ് എടുക്കേണ്ടത്.
7. വരുന്ന വഴിക്ക് തട്ടുകടയില്‍ നിന്ന് ഒരു ചായ കുടിക്കാവുന്നതേയുള്ളൂ.
8. മുറ്റത്തെ പാല്‍പ്പാത്രം ആവശ്യക്കാര്‍ക്ക് എടുത്തു വയ്ക്കാം.
9. പങ്കാളികളുടെ കാര്യത്തില്‍, പ്രത്യേകിച്ച് അവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന കാര്യത്തില്‍ വീട്ടുകാര്‍ ഇടപെടേണ്ട കാര്യമില്ല.
10. ക്ഷീണം, നിരാശ, താല്‍പര്യമില്ലായ്മ എന്നിവ ഉണ്ടെങ്കില്‍ പ്രകടിപ്പിക്കുക തന്നെ വേണം.
11. ആര്‍ത്തവം സമ്പൂര്‍ണ്ണമായി സ്വന്തം ശരീരത്തിന്റെ കാര്യമാണ്. അതിന്മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിക്ക് ആ കാര്യത്തില്‍ കുറ്റബോധത്തിന്റെ യാതൊരു കാര്യവുമില്ല.
12. സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ സ്ത്രീയാണ് പരമാധികാരി.
13. സ്ത്രീയുടെ ആര്‍ത്തവത്തിന്റെ പേരില്‍ അവളെ ഇകഴ്ത്തുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വ്യക്തി മനുഷ്യനല്ല എന്ന് തിരിച്ചറിയണം.
14. റിസള്‍ട്ട് ഓറിയന്റഡ് ആയ രതി നല്ല ബോറാണ് എന്ന് പങ്കാളിയോട് പറയണം.
15. ഇതൊക്കെ വളരെ നിസ്സാരമായി ചെയ്യേണ്ടതായിരുന്നു. അനുഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ടെന്തു കാര്യം?
ശരിയാണ് എന്നു തോന്നുകയാണെങ്കില്‍ ഒന്നുകൂടി വായിക്കൂ. നമ്മുടെ പെണ്ണുങ്ങള്‍ എത്ര നമ്പര്‍ വരെ കടക്കും? കടന്നിട്ടുണ്ട്?
ഒരു കാര്യം വിട്ടു പോയി. ഓഫ് ടോപ്പിക്കാണ്. എങ്കിലും നമ്മുടെ നാട്ടില്‍ പ്രസവം നിര്‍ത്തുന്നത് ഏറെയും സ്ത്രീകളാണല്ലോ. അതെന്താ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണത്തില്‍ ഇത്ര ദാരിദ്ര്യം? നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 4 ഡാറ്റ പ്രകാരം കേരളത്തിലെ വന്ധ്യംകരണ ശസ്ത്രകിയകള്‍ക്ക് വിധേയരായ തൊണ്ണൂറു ശതമാനവും സ്ത്രീകളാണ്.
ശരിക്കും സ്ത്രീകളുടെ ശരീരം ആരുടെ സ്വത്താണ്?
Content Highlights: writer R.Rajasree article about relations