മകനെക്കൊണ്ട് കൊല്ലം ശുധിയെന്ന് വിളിപ്പിച്ചത് സുധിച്ചേട്ടനാണ്, വയ്യെന്നറിഞ്ഞ് അന്ന് കരഞ്ഞു..

ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നുപോകാന്‍ മടിയില്ലാത്ത ആളായിരുന്നു സുധി ചേട്ടന്‍.എങ്കിലും കാറിലൊരിക്കലും ഒറ്റയ്ക്ക് യാത്രചെയ്യില്ല. ഡ്രൈവിങ് പഠിച്ചിട്ടില്ല. ഒരുവര്‍ഷംമുന്‍പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി. ആരെയെങ്കിലും കൂട്ടിയാണ് കാറിലെ യാത്ര. പേടിതന്നെയാണ് കാരണം. വേഗം കൂടുതലായാല്‍, മെല്ലെപ്പോകാന്‍ പറയും. റോഡപകടങ്ങള്‍ പേടിയായിരുന്നു. ഇളയകുഞ്ഞിനുവരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടുപോയത്. കുറച്ച് നാള്‍ മുന്‍പ് ബോട്ടപകടത്തിന്റെ വാര്‍ത്ത ടി.വി.യില്‍ കണ്ടപ്പോള്‍ എന്നോട് പറഞ്ഞു: ' അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ഥന' എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നു...
കോട്ടയം വാകത്താനം പൊങ്ങന്താനത്തെ ആസ്ബസ്റ്റോസിട്ട വാടകവീടിനുള്ളില്‍ രേണുവിന്റെ വാക്കുകള്‍ പലവട്ടം കരച്ചിലില്‍ മുങ്ങി...
നിരവധി വേദികളില്‍ മലയാളികളെ ചിരിപ്പിച്ച കൊല്ലം സുധിയുടെ ഭാര്യ രേഷ്മ എന്ന രേണുവിന്റെ മനസ്സില്‍ തീരാനോവായി ആ വെളുപ്പാന്‍കാലം നിറഞ്ഞുനില്‍ക്കുന്നു.
ദേ, കൊല്ലം ശുധി...
''തുടരെ ഫോണ്‍ വന്നുകൊണ്ടിരുന്നു. ആരും കൃത്യമായി ഒന്നും പറയുന്നില്ല. അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും സുധിച്ചേട്ടന് ഒന്നും സംഭവിക്കില്ലെന്ന തോന്നലായിരുന്നു. ആ ധൈര്യത്തിലാണ് ഞാനിപ്പോഴും. കൊല്ലം സുധി ഏതോ ഫ്‌ളോറിലുണ്ട്. മിമിക്രിയും തമാശയുമൊന്നും ഉപേക്ഷിച്ച് എങ്ങും പോകാന്‍ കഴിയില്ല സുധിച്ചേട്ടന്. എനിക്കുറപ്പാണ്.''
രേണുവിന്റെ മടിത്തട്ടില്‍നിന്ന് ഇളയമകന്‍ ഋതു, സുധിയുടെ ചില്ലിട്ട ചിത്രത്തിനരികിലേക്ക് നടന്നു: ''ദേ, കൊല്ലം ശുധി...''
രേണു മകന്റെ മുന്നിലേക്ക് ഫോട്ടോ നീക്കിവെച്ചു. ''മകനെക്കൊണ്ട് കൊല്ലം ശുധിയെന്ന് വിളിപ്പിച്ചത് സുധിച്ചേട്ടനാണ്. മക്കളോട് കൂട്ടുകാരനെപ്പോലെയായിരുന്നു. ഇവനൊപ്പം വീടിനകത്ത് കള്ളനും പോലീസും കളിക്കുകയായിരുന്നു സുധിച്ചേട്ടന്റെ പ്രധാനജോലി,'' രേണു പറഞ്ഞുതുടങ്ങുകയായി.
''വീട്ടില്‍ ചേട്ടനുള്ളപ്പോള്‍ ഉത്സവമാണ്. ഇല്ലായ്മയൊന്നും ആരെയും അറിയിച്ചിട്ടില്ല. ഉള്ളതുകൊണ്ട്, ഓണംപോലെ. ആര് വന്നാലും മക്കളേ എന്ന് വിളിച്ച് കഴിപ്പിക്കും. പാചകംചെയ്യാന്‍ വലിയ ഇഷ്ടമായിരുന്നു. 'വാവൂട്ടാ, കഴിക്ക്' എന്നുപറഞ്ഞ് എനിക്കും വാരിത്തരും. അത്ര കെയറാണ്. 2018-ലായിരുന്നു ഞങ്ങളുടെ കല്യാണം.''
അക്കാലം രേണു ഓര്‍ത്തെടുത്തു: ''അങ്ങോട്ട് കയറി പരിചയപ്പെട്ടതാണ് ഞാന്‍. സുധിച്ചേട്ടന്റെ ഒരു സുഹൃത്ത് തന്ന നമ്പരിലേക്ക് ആരാധികയുടെ കൗതുകത്തോടെ ഒരു 'ഹായ്' അയച്ചു. പിന്നെ സുധിച്ചേട്ടന്‍ തിരികെ വിളിച്ചു. പ്രണയിച്ച് വിവാഹംകഴിച്ചയാളാണ് സുധിച്ചേട്ടനെന്നും ഭാര്യ ഉപേക്ഷിച്ചുപോയതാണെന്നും എനിക്കറിയാമായിരുന്നു. മകന്‍ രാഹുലിന് അന്ന് പതിനൊന്നുവയസ്സ്. കുറച്ച് നാള്‍ കഴിഞ്ഞ്, ഒരുദിവസം സുധിച്ചേട്ടന്‍ എന്നെ വിളിച്ച് ഒരു ചോദ്യം: 'എന്റെ കിച്ചുവിന്റെ അമ്മയായി വരാമോ?'എന്ന്.''അങ്ങനെ, ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. പേരിനൊപ്പം ജന്മനാടായ കൊല്ലം കൂടെയുണ്ടെങ്കിലും അഞ്ചുവര്‍ഷമായി രേണുവിന്റെ നാടായ കോട്ടയം വാകത്താനത്തുകാരനാണ് സുധി.
സ്വന്തം വീടെന്ന സ്വപ്‌നം...
പരിമിതമായ സൗകര്യങ്ങള്‍മാത്രമുള്ള ചെറിയ വീടിനുള്ളില്‍ സുധിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു.
''കല്യാണം കഴിച്ച് ഇവിടെയെത്തിയതുമുതല്‍ വാടകവീട്ടിലാണ് താമസം. അഞ്ചുവര്‍ഷത്തിനുള്ളില്‍ നാല് വാടകവീടുകളില്‍ ഞങ്ങള്‍ കഴിഞ്ഞു. അതില്‍ ഒടുവിലത്തേതാണ് ഈ വീട്. 2,500 രൂപ മാസവാടകയുള്ള ആസ്ബസ്റ്റോസിട്ട ഈ വീട്ടില്‍, സ്വന്തം വീടെന്ന സ്വപ്‌നവുമായാണ് സുധിച്ചേട്ടന്‍ ജീവിച്ചത്. വീടായിരുന്നു ഏറ്റവും വലിയ മോഹവും സ്വപ്‌നവുമൊക്കെ. പൈസ സ്വരൂപിച്ച് ഒരിക്കല്‍ സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തു. അപ്പോഴാണ് കോവിഡ് വരുന്നത്. പിന്നെ ഷോയൊന്നും ഇല്ലാതായി. ആ സ്ഥലം വാങ്ങാനും കഴിഞ്ഞില്ല. അത് സുധിച്ചേട്ടന് വലിയ നിരാശയായി. ചിലപ്പോഴൊക്കെ അതോര്‍ത്ത് കരയും. എല്ലാരെയും ചിരിപ്പിക്കുന്ന സുധിച്ചേട്ടന്‍ കൊച്ചുസങ്കടങ്ങളില്‍പ്പോലും കരയുന്ന ആളായിരുന്നു. വിഷമിക്കേണ്ട, വീടൊക്കെ ദൈവം തരുമെന്നുപറഞ്ഞ് ഞാന്‍ എപ്പോഴും ആശ്വസിപ്പിക്കും...''രേണു നിശ്ശബ്ദയായി.
സുധി അറിഞ്ഞ നൊമ്പരങ്ങള്‍...
ഇല്ലായ്മയില്‍ കൂടെ നിന്ന രേണുവിനെപ്പറ്റി ഒരുപാട് വേദികളില്‍ സുധി സംസാരിച്ചിട്ടുണ്ട്. സുധി അറിഞ്ഞ നൊമ്പരങ്ങളിലേക്ക് രേണു കടന്നു.
''ആദ്യഭാര്യ സുധിച്ചേട്ടനെ ഉപേക്ഷിച്ച് പോകുമ്പോള്‍ മകന്‍ കിച്ചുവിന് ഒന്നരവയസ്സേയുണ്ടായിരുന്നുള്ളൂ. സ്റ്റേജ്ഷോയ്ക്ക് പോകുമ്പോള്‍പ്പോലും കിച്ചുവിനെയും കൊണ്ടുപോകും. സ്റ്റേജില്‍ കയറുമ്പോള്‍ സ്റ്റേജിനുപിന്നില്‍ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. ഈ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി. കിച്ചുവായിരുന്നു സുധിച്ചേട്ടന്റെ ലോകം. അതുകൊണ്ടൊക്കെയാകാം 'കിച്ചുവിന്റെ അമ്മ'യായി വരാമോയെന്ന ചോദ്യത്തോടെ എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. അങ്ങനെ കിച്ചുവിന് ഞാന്‍ അമ്മയായി. അവനാണ് എന്റെ ആദ്യത്തെ മകന്‍. ശരിക്കും ചാര്‍ളി ചാപ്‌ളിനെപ്പോലെയായിരുന്നു സുധിച്ചേട്ടന്‍. നെഞ്ചില്‍ നിറയെ സങ്കടമാണെങ്കിലും ചിരിക്കും. മറ്റുള്ളവരെ ചിരിപ്പിക്കും. എല്ലാരോടും സ്‌നേഹത്തോടെയേ പെരുമാറുകയുള്ളൂ.''
നമ്മള്‍ രക്ഷപ്പെടും വാവൂട്ടീ...
വാങ്ങാനുദ്ദേശിച്ച വീട് കൈവിട്ടുപോയ കോവിഡ്കാലം സുധിക്ക് വിഷമകാലമായിരുന്നെന്ന് രേണു ഓര്‍ക്കുന്നു.
''കോവിഡ് കാലത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടായി. വാങ്ങിയ കടം തിരികെക്കൊടുക്കാന്‍ വൈകിയപ്പോള്‍ ചിലര്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. വല്ലാതെ വിഷമിപ്പിച്ചു. എങ്കിലും സുധിച്ചേട്ടന്‍ പ്രതികരിച്ചില്ല. സ്‌നേഹംകാണിച്ചവര്‍ ആ വിധം പെരുമാറിയതിന്റെ സങ്കടമായിരുന്നു മനസ്സുനിറയെ. അക്കാലമൊക്കെ കടന്ന് ജീവിതത്തിന്റെ സൗന്ദര്യം ഞങ്ങള്‍ അറിഞ്ഞുതുടങ്ങുകയായിരുന്നു. കോവിഡിനുശേഷം പരിപാടികള്‍ വന്നതോടെ കടമെല്ലാം തീര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. 'കൊള്ള'യിലടക്കം കുറെ ചിത്രങ്ങളില്‍ അവസരം കിട്ടി. നമ്മള്‍ രക്ഷപ്പെടും വാവൂട്ടീയെന്ന് പറയുമായിരുന്നു.''
വിവാദങ്ങള്‍ വേദനിപ്പിച്ചു...
''സുധിച്ചേട്ടന്റെ മരണശേഷവും തെറ്റിദ്ധാരണ പടര്‍ത്തുന്ന വാര്‍ത്തകളായി വിവാദങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചു. കോട്ടയം പാമ്പാടി റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യയിലായിരുന്നു ശവസംസ്‌കാരം. സുധിച്ചേട്ടന്റെ അമ്മയടക്കമുള്ള ബന്ധുക്കള്‍ അതിനെ എതിര്‍ത്തെന്ന് വാര്‍ത്തകള്‍ വന്നു. അമ്മയ്ക്ക് സുധിച്ചേട്ടനെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. അതിന് വീട്ടില്‍ കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നു. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ മതങ്ങള്‍ തീര്‍ത്ത ഒരകല്‍ച്ചയുമില്ല.''
വാകത്താനത്തെ വാടകവീട്ടില്‍ രേണുവിനെയും കുഞ്ഞുങ്ങളെയും കാണാനെത്തിയ സുധിയുടെ മൂത്ത സഹോദരന്‍ സുനിലും രേണുവിന്റെ അച്ഛന്‍ തങ്കച്ചനും അക്കാര്യത്തെപ്പറ്റി സംസാരിച്ചുതുടങ്ങി. ''ഏതൊക്കെയോ യൂട്യൂബ് ചാനലുകളാണ് ഇത്തരം തെറ്റായ വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരക്കാരെ സമൂഹം തിരിച്ചറിയണം. ശവസംസ്‌കാരം എവിടെവെച്ച് വേണമെന്ന കാര്യത്തില്‍ ഒരാശയക്കുഴപ്പവുമുണ്ടായിരുന്നില്ല. കിച്ചുവിനോടും സുധിയുടെ കുടുംബത്തോടും ചോദിച്ചിട്ടാണ് അതൊക്കെ തീരുമാനിച്ചത്,'' രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ പറയുന്നു. ഈ വിവാദങ്ങള്‍ സുധിയുടെ അമ്മയെ വിഷമിപ്പിച്ചെന്ന് സഹോദരഭാര്യ അമ്പിളിയും പറയുന്നു.
വേര്‍പാടിന്റെ വേദനയില്‍ ഒപ്പം കൂടിയ വിവാദങ്ങള്‍ അടിച്ചേല്‍പ്പിച്ച സങ്കടങ്ങള്‍ രേണുവിന്റെ സംസാരത്തില്‍ നിഴലിച്ചു. ''സുധിച്ചേട്ടന്‍ ജാതിയും മതവുമൊന്നും നോക്കുന്ന ആളായിരുന്നില്ല. എന്റെ കൂടെ പള്ളിയില്‍ വരുമായിരുന്നു. അവിടെ പേരും ചേര്‍ത്തു. എന്നുവെച്ച് പ്രത്യക്ഷത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ കൊല്ലത്തെ വീട്ടില്‍ പോകുമായിരുന്നു. അവിടെനിന്ന് അവരും വരും.''
ബാക്കിവെച്ച സ്വപ്‌നങ്ങള്‍..
സുധി ബാക്കിവെച്ചുപോയ സ്വപ്‌നങ്ങളുടെ ഒരറ്റത്തുനിന്ന് മക്കളെയും ചേര്‍ത്തുപിടിച്ച് നടക്കാനൊരുങ്ങുകയാണ് രേണു. യാത്ര അത്ര എളുപ്പമല്ല. എങ്കിലും സുധിയുടെ ഓര്‍മകള്‍ കരുത്തുപകര്‍ന്ന് കൂടെയുണ്ടെന്ന് പറയാതെ പറയുന്നു രേണു.
''കരയാതിരിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു. സുധിച്ചേട്ടന്‍ കൂടെയുള്ളപ്പോള്‍ എന്റെ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞിട്ടില്ല. അങ്ങനെ നിറയാന്‍ സുധിച്ചേട്ടന്‍ സമ്മതിക്കില്ലായിരുന്നു. എവിടെപ്പോയാലും വീഡിയോ കോള്‍ വിളിച്ച് എന്റെയും മക്കളുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കും. മരിക്കുന്നതിന്റെ തലേദിവസവും ഫോണില്‍ വിളിച്ചു. ഇളയകുഞ്ഞ് പല്ലുവേദനിച്ച് കിടക്കുകയായിരുന്നു. അവന് വയ്യെന്നറിഞ്ഞ് സുധിച്ചേട്ടന്‍ കരഞ്ഞു. അതങ്ങനെയാണ്. മക്കളെ ഫോണില്‍ കാണുമ്പോള്‍ കരയും. അവരെ ഇന്നേവരെ വഴക്കുപറഞ്ഞിട്ടില്ല. അടിച്ചിട്ടുമില്ല.
കിച്ചുവിന് ആനിമേഷന്‍ പഠിക്കാനാണ് ഇഷ്ടം. എത്ര പൈസ ചെലവായാലും ഇഷ്ടമുള്ള കോഴ്സിനുതന്നെ അവനെ വിടണമെന്നായിരുന്നു സുധിച്ചേട്ടന്. ഋതുക്കുട്ടനെ പൈലറ്റാക്കണമെന്നായിരുന്നു ആഗ്രഹം. ഏവിയേഷന്‍ കോഴ്സ് പഠിച്ചതാണ് ഞാന്‍. പക്ഷേ, ഡിപ്ലോമ പൂര്‍ത്തിയാക്കിയില്ല. ഇനി ഒരു ജോലികിട്ടിയാലേ എനിക്ക് മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പറ്റൂ...''
ആ പ്രതീക്ഷയിലാണ് രേണു.
Content Highlights: Wife Renu remembering passed mimicry actor kollam sudhi