'അവളെന്റെ മകൾ, അവളുടെ വളർച്ച എനിക്ക് കാണാൻ കഴിഞ്ഞില്ല': രശ്മിക

രശ്മിക, ഷിമൻ / Instagram, AFP
രശ്മിക, ഷിമൻ / Instagram, AFP

രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം (vijay and rashmika wedding) നടക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് രശ്മികയുടെ കുഞ്ഞനുജത്തിയായിരുന്നു. ഷിമൻ മന്ദാന (Shiman Mandanna) എന്ന പതിനാലുകാരി. ആ പെൺകുട്ടി ശ്രദ്ധിക്കപ്പെടാൻ കാരണവുമുണ്ടായിരുന്നു. രശ്മിക സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും, ഷിമനെ പൊതുജനശ്രദ്ധയിൽനിന്ന് അകറ്റിനിർത്താനാണ് രശ്മികയും മാതാപിതാക്കളും ശ്രദ്ധിച്ചത്. അതുകൊണ്ടുതന്നെ ഷിമന്റെ മുഖം അധികമാരും കണ്ടിട്ടില്ല.

സംഗീത് നൈറ്റിൽ നൃത്തം ചെയ്തും മറ്റും അവൾ അതിഥികളുടെ മനംകവർന്നു. രശ്മികയും വിജയ്‌യും ഉദയ്പൂരിൽനിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോൾ, വിമാനത്താവളത്തിൽനിന്നുള്ള വീഡിയോയിലും മാതാപിതാക്കൾക്കൊപ്പം ഷിമനുമുണ്ടായിരുന്നു. രശ്മികയും ഷിമനും തമ്മിൽ 16 വയസ്സിന്റെ വ്യത്യാസമാണുള്ളത്.

രശ്മിക എപ്പോഴും അനുജത്തിയെക്കുറിച്ച് സംസാരിക്കാറുണ്ട്. സാധാരണ സഹോദരങ്ങളെപ്പോലുള്ള ബന്ധമല്ല തങ്ങളുടേത്, മറിച്ച് ഒരു മാതാപിതാക്കളും കുട്ടിയും (parent and child) തമ്മിലുള്ള ബന്ധമാണ് തങ്ങൾക്കിടയിലെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'എന്റെ പാവക്കുട്ടി' (my doll) എന്നാണ് ഷിമനെ രശ്മിക പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ളത്. 'എന്റെ മകൾ' എന്നാണ് രശ്മിക അവളെക്കുറിച്ച് പറയാറുള്ളതും. എപ്പോഴും അങ്ങേയറ്റം സ്‌നേഹത്തോടെയാണ് ഷിമനെക്കുറിച്ച് സംസാരിച്ചിട്ടുള്ളതും.

കരിയറിലെ വിജയങ്ങൾക്കായി കുടുംബത്തോടൊപ്പമിരിക്കുന്ന സമയം ത്യജിക്കേണ്ടി വരുന്നുവെന്ന് രശ്മിക മുമ്പ് പറഞ്ഞിരുന്നു. അനുജത്തിയുടെ വളർച്ച കാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് മിസ് ചെയ്തുവെന്നും രശ്മിക അന്ന് വെളിപ്പെടുത്തി. ''ചില ദിവസങ്ങളിൽ ഞാൻ കരയാറുണ്ട്. എനിക്കൊരു അനുജത്തിയുണ്ട്. 16 വയസ്സിന്റെ വ്യത്യാസമാണ് ഞങ്ങൾ തമ്മിലുള്ളത്. കഴിഞ്ഞ എട്ടുവർഷമായി അവളുടെ വളർച്ച എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഏകദേശം എന്റെ നീളമായി അവൾക്ക്. പക്ഷേ അവളുടെ ഈ യാത്ര എനിക്ക് കാണാൻ കഴിഞ്ഞിട്ടേയില്ല''.

ഷിമനെ ക്യാമറക്കണ്ണുകളിൽനിന്ന് അകറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമമാണ് രശ്മികയുടെ കുടുംബം സ്വീകരിച്ചിരുന്നത്. ക്യാമറകളുടെയോ മാധ്യമങ്ങളുടെയോ സാന്നിധ്യമില്ലാതെ ലളിതവും സമാധാനപരവുമായ ഒരു ബാല്യകാലം ഷിമന് വേണമെന്നാണ് അവരാഗ്രഹിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shiman Mandanna is Rashmika Mandanna's younger sister with a 16-year age gap., Rashmika shares a mother-daughter bond with Shiman