ആദ്യമായി കാണുമ്പോള്‍ സെവാഗിന് ഏഴുവയസ്സ്, ആര്‍തിക്ക് അഞ്ചും; വിവാഹം അരുണ്‍ ജെയ്റ്റ്‌ലിയുടെ വീട്ടില്‍

വീരേന്ദര്‍ സെവാഗും ആര്‍തിയും / AP
വീരേന്ദര്‍ സെവാഗും ആര്‍തിയും / AP

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആയിരുന്ന വീരേന്ദര്‍ സെവാഗും ഭാര്യ ആര്‍തി അഹ്ലാവത്തും വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്. 

ആര്യവീര്‍, വേദാന്ത് എന്നീ രണ്ടുമക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. ഇക്കഴിഞ്ഞ ദീപാവലി നാളില്‍ സെവാഗ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളില്‍, കുട്ടികളും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം നടന്ന എല്ലാ പരിപാടികളിലും സെവാഗ് ഒറ്റയ്ക്കാണ് പങ്കെടുത്തത്. അതോടെയാണ് ഇരുവരും അകന്നുതാമസിക്കുകയാണെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെ ഊഹാപോഹങ്ങള്‍ സജീവമായി. 

ബാല്യകാലസുഹൃത്തുക്കളാണ് ആര്‍തിയും സെവാഗും. ഏഴുവയസ്സുള്ളപ്പോള്‍ ഒരു വിവാഹച്ചടങ്ങില്‍വെച്ചാണ് സെവാഗ് ആദ്യമായി ആര്‍തിയെ കാണുന്നത്. അന്ന് ആര്‍തിക്ക് അഞ്ചുവയസ്സാണ്. സെവാഗിന്റെ ബന്ധു വിവാഹം കഴിച്ചത് ആര്‍തിയുടെ ബന്ധുവിനെയാണ്. വിവാഹത്തിനിടയില്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഇരുവരും ഓടിനടന്ന് കളിച്ചു. കൂട്ടുകാരായി. പിന്നീട് പല ചടങ്ങുകളില്‍വെച്ചും കണ്ടു. ഇരുവരും അറിയാതെ തന്നെ പ്രണയത്തിലാവുകയായിരുന്നു. 21-ാം വയസ്സിലാണ് സെവാഗ് വിവാഹാഭ്യര്‍ഥന നടത്തുന്നത്. ഒട്ടും ആലോചിക്കാനുണ്ടായിരുന്നില്ല ആര്‍തിക്ക്. ഓകെ പറഞ്ഞു. മൂന്നുവര്‍ഷത്തോളം ആരുമറിയാതെ പ്രണയിച്ചു. 

കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെങ്കിലും, ഇവരുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം സമ്മതിച്ചില്ല. ക്ഷമയോടെ ഇരുവരും കാത്തിരുന്നു. ഒടുവില്‍ വീട്ടുകാരും പച്ചക്കൊടി കാണിച്ചു. 

2004-ലായിരുന്നു വിവാഹം. മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ച് കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. വളരെ അടുത്തബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍, മറ്റാര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. അതിനുശേഷം ഡല്‍ഹിയില്‍ റിസപ്ഷനും. 
 


 

Content Highlights: reports suggested that virender sehwag and wife aarti seperate after 20 years of marriage