'ഒരു പുരുഷൻ വന്ന് അതെല്ലാം മാറ്റിമറിക്കുന്നത് താങ്ങാനാവില്ല, വിവാഹം വേണ്ട': അമീഷ പട്ടേൽ

'കഹോ നാ പ്യാർ ഹെ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് വന്ന താരമാണ് അമീഷ പട്ടേൽ. സിനിമയിലേക്ക് ആദ്യം വന്ന ഓഫർ വേണ്ടെന്നുവെച്ച അമീഷ, പഠിക്കാനായി അമേരിക്കയിലേക്ക് പോയി. പിന്നെ കരീന കപൂറാണ് നായികയായത്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ കരീന സിനിമയിൽനിന്ന് പുറത്തുപോയി. അതോടെ വീണ്ടും അമീഷയെ തന്നെ അവസരം തേടിയെത്തി. അമീഷയും ഹൃത്വിക് റോഷനും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരെ വല്ലാതെ ആകർഷിച്ചു. എട്ടുകോടി ചെലവിട്ട് നിർമിച്ച ചിത്രം 88 കോടിയാണ് വാരിക്കൂട്ടിയത്.
അതിനുശേഷം അമീഷയ്ക്ക് നല്ല കഥാപാത്രങ്ങൾ കിട്ടി. പക്ഷേ ആ വിജയഗാഥ തുടരാനായില്ല. പതുക്കെ അവർ നായികാസ്ഥാനത്തുനിന്ന് പിന്തള്ളപ്പെടുകയും ചെയ്തു. 2024-ൽ പുറത്തിറങ്ങിയ 'തോബാ തേരാ ജൽവാ' എന്ന ചിത്രമാണ് അവരുടേതായി പുറത്തിറങ്ങിയ അവസാനചിത്രം.
അമീഷയുടെ കരിയറിനൊപ്പം തന്നെ അവരുടെ സ്വകാര്യജീവിതവും ഒരുകാലത്ത് ഏറെ ചർച്ചയായിരുന്നു. തുടക്കകാലത്ത് സംവിധായകൻ വിക്രം ഭട്ടുമായി പ്രണയത്തിലായിരുന്നു താരം. അത് തന്റെ കരിയർ തകർത്തുവെന്നും പിന്നീട് അമീഷ തുറന്നുപറഞ്ഞിട്ടുണ്ട്.
കഴിഞ്ഞവർഷം ഒരു പോഡ്കാസ്റ്റിൽ താൻ ഗൗരവകരമായ ഒരു പ്രണയത്തിലായിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സിനിമാ മേഖലയിലേക്ക് കടക്കാൻ തീരുമാനിച്ചപ്പോൾ പങ്കാളി അതിനെ പിന്തുണച്ചില്ല. ''എന്നേക്കാൾ പകുതി പ്രായമുള്ളവർ പോലും എന്നെ ഡേറ്റിങ്ങിന് ക്ഷണിക്കാറുണ്ട്; അതിന് ഞാൻ തയ്യാറുമാണ്, കാരണം ഒരു പുരുഷന് മാനസികപക്വതയാണ് പ്രധാനം. എന്നേക്കാൾ പ്രായം കൂടിയ പലരെയും ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ അവർക്ക് ഒരു ഈച്ചയുടെ ബുദ്ധിശക്തി പോലുമില്ലാത്ത അവസ്ഥയാണ്'', താരം അന്ന് പറഞ്ഞു.
പ്രണയങ്ങളേറെ ഉണ്ടായിട്ടുണ്ടെങ്കിലും, 51-ാം വയസ്സിലും അമീഷ സിംഗിളാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചുള്ള അമീഷയുടെ മറുപടിയാണിപ്പോൾ വൈറലാവുന്നത്. എക്‌സിലെ (X) 'ആസ്‌ക് മീ എനിതിങ്' (AMA) സെഷനിൽ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അമീഷ. ''നിങ്ങൾ എപ്പോഴാണ് വിവാഹം കഴിക്കുന്നത്?'' എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് അമീഷ നൽകിയ മറുപടി ആരാധകരെ രസിപ്പിച്ചു, ''ഒരിക്കലുമില്ല, സിംഗിൾ ആയിരിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. എന്നെ സ്‌നേഹിക്കുന്ന നൂറോളം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എനിക്കുണ്ട്. ഒരു പുരുഷൻ വന്ന് അതെല്ലാം മാറ്റിമറിക്കുന്നത് എനിക്ക് താങ്ങാനാവില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ameesha Patel clarifies she has no plans to get married. The actress expresses complete happiness in her current single status