ബാറ്റര്‍ ഭാര്യയും ബൗളര്‍ ഭര്‍ത്താവും; ഒന്‍പതാം വയസ്സിലെ കണ്ടുമുട്ടലും ക്രിക്കറ്റിലെ പവര്‍ കപ്പിളും

2023-ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതിരുന്ന ഇന്ത്യന്‍ ടീമിനെയാണ് ഫൈനലില്‍ ഓസീസ് വരിഞ്ഞുമുറുക്കിയത്. അന്ന് ഹാട്രിക്ക് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന് ഓസ്ട്രേലിയയുടെ വിജയത്തില്‍ വലിയ പങ്കുണ്ടായിരുന്നു. ഇത്തവണത്തെ ഐ.പി.എല്‍. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 24.75 കോടി രൂപ ലഭിച്ചത് സ്റ്റാര്‍ക്കിനാണ്. ഒറ്റ ഫൈനലും തോറ്റിറ്റില്ല എന്നത് സ്റ്റാര്‍ക്കിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. പക്ഷേ, കളിക്കളത്തിലെ ഈ വില്ലന് ജീവിതത്തില്‍ റൊമാന്റിക് നായകന്റെ പരിവേഷമാണ്.
ഓസീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അലൈസ ഹീലിയുടെ പങ്കാളിയാണ് സ്റ്റാര്‍ക്. അതിലുള്ള തന്റെ അഭിമാനവും സന്തോഷവും പരസ്യമായി പ്രകടിപ്പിക്കാന്‍ സ്റ്റാര്‍ക് ഒരിക്കലും മടിച്ചിട്ടില്ല. 2020 വനിതാ ക്രിക്കറ്റ് ടി20 ലോകകപ്പിന്റെ ഫൈനല്‍ ഇന്ത്യയും ഓസീസും തമ്മിലായിരുന്നു. അന്ന് അലൈസ ഹീലി നേടിയ 75 റണ്‍സാണ് ഓസീസിനെ ജയിപ്പിച്ചത്. സൗത്താഫ്രിക്കക്കെതിരായ ഏകദിന മത്സരം ഒഴിവാക്കി സ്റ്റാര്‍ക് അലൈസയുടെ ഫൈനല്‍ മത്സരം കാണാനെത്തിയിരുന്നു. ഗാലറിയിലിരുന്ന് ഭാര്യക്കായി ആരവം മുഴക്കുന്ന സ്റ്റാര്‍ക്കിനെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.
ആദ്യം കണ്ടുമുട്ടുമ്പോള്‍ രണ്ടുപേരും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ജൂനിയര്‍ ക്രിക്കറ്റ് അസോസിയേഷന്റെ സിഡ്നിയില്‍ നടന്ന മത്സരങ്ങള്‍ക്കിടെ നടന്ന ആ കണ്ടുമുട്ടലില്‍ അവര്‍ എതിരാളികളായിരുന്നു. സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പറായിരുന്നു അന്ന്. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ ഒരു ടീമിന്റെ ഭാഗമായി. സ്റ്റാര്‍ക്കിന്റെ അച്ഛന്‍ പോള്‍ ആയിരുന്നു ടീം കോച്ച്.
ഒരുമിച്ചുള്ള പ്രാക്റ്റീസ് സെഷനുകള്‍ ചങ്ങാത്തത്തിന് വഴിയൊരുക്കി. പക്ഷേ, അടുപ്പം വെറും ചങ്ങാത്തമല്ല എന്ന് സ്റ്റാര്‍ക്കിനാണ് ആദ്യം തോന്നിയത്. മുടങ്ങാതെ എല്ലാ ദിവസവും തമ്മില്‍ കാണുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതും സ്റ്റാര്‍ക്കാണ്. സിനിമയിലും നോവലുകളിലും പറയുന്ന വഴിത്തിരിവുകള്‍ ഒന്നും ഇവരുടെ ജീവിതത്തില്‍ സംഭവിച്ചില്ല. ഒരേ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ അടുത്തുപോയ രണ്ടുപേര്‍ യാത്ര ഒരുമിച്ചാക്കാമെന്ന് തീരുമാനിച്ചത്ര എളുപ്പമായിരുന്നു കാര്യങ്ങള്‍ എന്ന് സ്റ്റാര്‍ക് പറയുന്നു.
ഇതൊരു പതിവ് പ്രണയകഥയല്ലെന്നും സ്വാഭാവികമായി അടുത്തുപോയവരാണ് തങ്ങളെന്നുമാണ് അലൈസ പറയുന്നത്. 2015-ല്‍ എന്‍ഗേജ്മെന്റ്. 2016 ഏപ്രിലില്‍ വിവാഹം. ഇരുവര്‍ക്കും കരിയറില്‍ തിരക്കുകളാണ്. ഉത്തരവാദിത്തങ്ങള്‍ ഏറെ. ഒരു രാജ്യത്തിന്റെ പ്രതീക്ഷ ചുമക്കുന്നവരാണ്. അതിനിടയിലും അവര്‍ സമയം കണ്ടെത്തുന്നു. അങ്ങോട്ടുമിങ്ങോട്ടും പ്രചോദനമാകുന്നു.
ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ അനന്തരവളാണ് അലൈസ. അച്ഛന്‍ പ്രാദേശിക ടീമിലെ ബാറ്ററുമായിരുന്നു. 2009-ലാണ് അലൈസ ഓസീസിനായി അരങ്ങേറുന്നത്. ക്രിക്കറ്റിലെ ഏറ്റവും ഉയരമേറിയ (82.5 മീറ്റര്‍) എന്ന ഗിന്നസ് റെക്കോഡിനുടമയാണ്. ക്രിക്കറ്റില്‍ (പുരുഷ ക്രിക്കറ്റടക്കം) ഏറ്റവും വേഗം അര്‍ധസെഞ്ച്വറി നേടിയ താരവും അലൈസയാണ്. വുമണ്‍സ് ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അവര്‍ രണ്ടുവട്ടം നേടിയിട്ടുണ്ട്.
Content Highlights: the lovestory of mitchell starc and alyssa healey