മാധുരി ദീക്ഷിത് മെലിഞ്ഞതുകൊണ്ട് വിവാഹം നിരസിച്ചു? പ്രതികരിച്ച് സുരേഷ് വാഡ്കർ

ബോളിവുഡ് നടി മാധുരി ദീക്ഷിതിൽ നിന്നുള്ള വിവാഹാഭ്യർഥന താൻ നിരസിച്ചുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ഗായകൻ സുരേഷ് വാഡ്കർ. മാധുരി 'വളരെ മെലിഞ്ഞ'തായതുകൊണ്ടാണ് അദ്ദേഹം അവരെ നിരസിച്ചത് എന്ന തരത്തിലായിരുന്നു കിംവദന്തികൾ പരന്നത്.
"ഹേ ഭഗവാനേ, ആ മാധുരി അഭ്യൂഹം (rumour)! അവൾ എന്റെ വളരെ നല്ല സുഹൃത്തും സഹപ്രവർത്തകയുമാണ്. എനിക്കവരെ വളരെ ഇഷ്ടവുമാണ്."-എന്നായിരുന്നു ദി ലല്ലൻടോപ്പിനു നൽകിയ അഭിമുഖത്തിൽ വോഡ്കർ ഇതിനെപ്പറ്റി പ്രതികരിച്ചത്.
പ്രേക്ഷകരെ ചിരിപ്പിക്കാനായി അർച്ചനാ പുരാൻ സിങ്ങിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഗായകൻ തുടർന്നു, "ഇത് അർച്ചനാ പുരാൻ സിംഗിന്റെ കുസൃതിയാണ്. അവളും എന്റെ സഹോദരിയാണ്, എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. എവിടെ നിന്നാണ് അവളിത് കേട്ടതെന്ന് എനിക്കറിയില്ല, പക്ഷേ അവളത് ടെലിവിഷനിൽ പറഞ്ഞു. അന്ന് മുതൽ എന്റെ എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം ചോദിക്കപ്പെടുന്നു."
അതേ അഭിമുഖത്തിൽ, ഈ കിംവദന്തിയെക്കുറിച്ച് മാധുരി ദീക്ഷിതുമായി സംസാരിച്ചിട്ടുണ്ടോ എന്നും സുരേഷ് വാഡ്കറോട് ചോദിച്ചിരുന്നു. അദ്ദേഹം വെളിപ്പെടുത്തി- "അന്നൊരു സംഭവം നടന്നിരിക്കാം. അവരുടെ അച്ഛന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അന്വേഷണം നടന്നിരിക്കാം. പക്ഷേ അവൾ വളരെ മെലിഞ്ഞതുകൊണ്ട് സുരേഷ് വാഡ്കർ അത് നിരസിച്ചു എന്നാണ് ആളുകൾ എഴുതിയത്."
ഗായകൻ തുടർന്നു, "അന്നവൾ മെലിഞ്ഞിട്ടായിരുന്നു. നിങ്ങൾ 'അബോദ്' സിനിമ കണ്ടാൽ, അതിൽ അവൾ എത്ര മെലിഞ്ഞ പെൺകുട്ടിയായിരുന്നു എന്ന് കാണാം. ഈ വിവാഹാലോചന വിവരം ഞാൻ അറിഞ്ഞിട്ടില്ല, അപ്പോൾ ഞാനെങ്ങനെ അത് നിരസിക്കും? അപ്പോഴേക്കും പത്മ എന്റെ ജീവിതത്തിൽ വന്നിരുന്നു. പത്മ എന്റെ വിദ്യാർത്ഥിനിയായിരുന്നു."-അദ്ദേഹം പറഞ്ഞു.
ഡോ. ശ്രീറാം നേനെയെയാണ് മാധുരി ദീക്ഷിത് വിവാഹം കഴിച്ചത്. ആരിൻ, റയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'മാ ബഹൻ' എന്ന കോമഡി-ത്രില്ലർ ചിത്രത്തിൽ മാധുരി അഭിനയിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suresh Wadkar debunks the rumour that he rejected Madhuri Dixit for being thin., The singer attributes the origin of the rumour to a joke made by Archana Puran Singh., Wadkar clarifies that he was already in a relationship with his wife, Padma, at the time., Wadkar confirms that he and Madhuri Dixit share a respectful professional relationship.