വിവാഹസമയത്ത് കൊടുത്ത സ്വര്‍ണവും പണവും പോരാതെ ഭര്‍ത്തൃവീട്ടുകാര്‍ പല ആവശ്യങ്ങള്‍ക്കായി പണം വാങ്ങി...

പ്രതീകാത്മക ചിത്രം, വര: ഉള്ള്യേരിക്കാരൻ
പ്രതീകാത്മക ചിത്രം, വര: ഉള്ള്യേരിക്കാരൻ

നുഷ്യരുടെ കാര്യം വളരെ വിചിത്രമാണ്. ഒരു പരിചയവുമില്ലാത്തവരുടെ ജീവിതം ചിലപ്പോള്‍, നമ്മുടെ ജീവിതവുമായി ചില അംശങ്ങളില്‍ കൂട്ടിമുട്ടിയേക്കാം. പ്രിയ ഞാന്‍ ജോലിചെയ്ത സ്‌കൂളിലെ ഗസ്റ്റ് അധ്യാപികയായിരുന്നു. ഉണ്ടായിരുന്നിടത്തൊക്കെ അനഭിമതയായ ഒരുവളാണ് അവളെന്ന് മറ്റുള്ളവരില്‍നിന്ന് അറിഞ്ഞു. വരുന്ന ദിവസങ്ങളില്‍ ആരോടും മിണ്ടാതെ സ്റ്റാഫ് റൂമിലിരിക്കും. ആരെങ്കിലും തമാശ പറഞ്ഞാല്‍, തന്നെക്കുറിച്ചാണതെന്ന് ഉറപ്പിച്ച് ദേഷ്യപ്പെടും. ചിലപ്പോള്‍ കരയും. പല ദിവസങ്ങളിലും അവളെ സ്‌കൂളില്‍നിന്ന് കൊണ്ടുപോകാന്‍ അവളുടെ പ്രായമായ അച്ഛനാണ് ടൂവീലറില്‍ വന്നിരുന്നത്.
പ്രിയയുടെ വിവാഹം രാജകീയമായി നടന്ന ഒന്നായിരുന്നു. ഉദ്യോഗസ്ഥരായ മാതാപിതാക്കളും സഹോദരങ്ങളുമുള്ള അവളുടെ കുടുംബം ഒരു കാര്യത്തിലും ഒരു കുറവും വരുത്തിയില്ല. രണ്ട് സഹോദരന്മാരും നേരത്തേ വിവാഹിതരായിരുന്നു. അത് രണ്ടും ഒന്നിനൊന്ന് ആര്‍ഭാടം നിറഞ്ഞ ആഘോഷങ്ങള്‍തന്നെയായിരുന്നുതാനും. കുട്ടികളെ നേരത്തേ വിവാഹം ചെയ്യിക്കണം. എന്നാലേ, അവര്‍ക്ക് നേരത്തേ സെറ്റിലാകാന്‍ പറ്റൂ എന്ന് അവളുടെ രക്ഷിതാക്കള്‍ ഉറച്ചുവിശ്വസിച്ചു. തങ്ങള്‍ റിട്ടയറാകുന്നതിനുമുന്‍പ് മക്കളുടെ വിവാഹം നടത്തുകയെന്നത് അവരുടെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. അതുകൊണ്ട്, പി.ജി. വിദ്യാര്‍ഥിനിയായിരിക്കെത്തന്നെ, അവള്‍ വിവാഹിതയായി.


വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനുമുന്‍പുതന്നെ, അസ്വാരസ്യങ്ങള്‍ തുടങ്ങി. കുറച്ച് കാലമൊക്കെ അത് ഒളിപ്പിച്ചുവയ്ക്കുന്നതില്‍ പ്രിയ വിജയിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. വിവാഹസമയത്ത് കൊടുത്ത സ്വര്‍ണവും പണവും പോരാതെ ഭര്‍ത്തൃവീട്ടുകാര്‍ വീണ്ടും പല പല ആവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെട്ടു. വാങ്ങാന്‍ പണം മുടക്കിയത് താനാണെന്ന് പറഞ്ഞ് അമ്മായിയമ്മ മരുമകളുടെ താലിമാലയടക്കം ഊരിവാങ്ങിയതോടെയാണ്, പ്രിയയുടെ വീട്ടുകാര്‍ വിവരമറിയുന്നത്. പതിവ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുശേഷം ബന്ധം നിലനിര്‍ത്താനായി അവളുടെ കുടുംബം വീണ്ടും അന്‍പത് പവനോളം സ്വര്‍ണം നല്‍കി. പ്രിയയും ഭര്‍ത്താവും മറ്റൊരു വീട്ടില്‍ മാറിത്താമസിക്കണമെന്നും തീരുമാനമായി. അങ്ങനെ മരുമകന്റെ ജോലിസ്ഥലത്ത് അവരുടെ സ്ഥിതിക്കിണങ്ങുന്ന ഒരു വീട് കണ്ടെത്തി. അതിന് അഡ്വാന്‍സ് കൊടുത്ത് ഗൃഹോപകരണങ്ങള്‍ വാങ്ങിനല്‍കി അവരെ താമസിപ്പിക്കാന്‍ പ്രിയയുടെ കുടുംബത്തിന് വന്‍തുക ചെലവായി. സഹോദരന്മാരുടെ ഭാര്യമാര്‍ക്ക് അതില്‍ മുറുമുറുപ്പുണ്ടായെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചുകിട്ടുമെങ്കില്‍, അതാണ് നല്ലതെന്ന് അവരും അംഗീകരിക്കുകയായിരുന്നു.
 


കഷ്ടിച്ച് ഒരുവര്‍ഷമായതോടെ, വീണ്ടും സംഘര്‍ഷം തുടങ്ങി. മാസാമാസം വന്‍തുക വാടകയിനത്തില്‍ നല്‍കാന്‍ തനിക്കാവില്ലെന്ന പ്രിയയുടെ ഭര്‍ത്താവിന്റെ നിലപാടായിരുന്നു ഇത്തവണ പ്രശ്‌നമായത്. മകള്‍ക്ക് വിവാഹസമയത്ത് സമ്മാനിച്ച പണത്തെയും ആഭരണങ്ങളെയും കുറിച്ചുള്ള സംസാരം കയ്യാങ്കളിവരെയെത്തിക്കിട്ടി ഇത്തവണ. അതോടെ, മാനസികമായി ഇരുകുടുംബങ്ങളും കൊടിയ അകല്‍ച്ചയിലായി. വിവാഹബന്ധം തകരുമെന്ന ഘട്ടത്തില്‍, വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നു. ഇത്തവണ സമുദായപ്രമാണിമാരും രാഷ്ട്രീയനേതാക്കളുമൊക്കെ പങ്കെടുത്ത ഉന്നതതലചര്‍ച്ചയായിരുന്നു. മരുമകനെ അയാളുടെ വീട്ടില്‍നിന്ന് അടര്‍ത്തിയെടുത്ത് വാടകവീട്ടില്‍ താമസിക്കാന്‍ നിര്‍ദേശിച്ച പ്രിയയുടെ വീട്ടുകാരുടെ നടപടിയിലാണ് എല്ലാവരും പ്രശ്‌നം കണ്ടെത്തിയത്.

വാടക അയാള്‍ക്ക് നല്‍കാനാവില്ലെങ്കില്‍, അതും അവളുടെ വീട്ടുകാര്‍ നല്‍കണമെന്ന് ഒത്തുതീര്‍പ്പ് സമിതി നിര്‍ദേശം വെച്ചു. അല്ലെങ്കില്‍, വാടകവീട്ടിലെ താമസമവസാനിപ്പിച്ച് അയാള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങും. ദാമ്പത്യം വേണമെങ്കില്‍, അവള്‍ക്ക് ഒപ്പം പോകാം. അതില്‍ എതിര്‍പ്പില്ലെന്ന് അയാളുടെ വീട്ടുകാരും പറഞ്ഞ സ്ഥിതിക്ക്, തീരുമാനമെടുക്കാന്‍ പ്രിയയുടെ വീട്ടുകാര്‍ നിര്‍ബന്ധിതരായി. ആ വീട്ടിലേക്ക് അവള്‍ തിരിച്ച് പോയാല്‍ ഭാവി എന്തായിരിക്കുമെന്ന് അവര്‍ക്ക് ഏറക്കുറെ ഊഹമുണ്ടായിരുന്നു. അപ്പോഴാണ് മരുമകന്റെ വീട്ടുകാര്‍, കരുണാപൂര്‍വം അടുത്ത നിര്‍ദേശം അവതരിപ്പിക്കുന്നത്: വാടകവീട് നഷ്ടമാണ്. ആ തുകയോടൊപ്പം കുറച്ചുകൂടി മതി, നഗരത്തില്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയാല്‍ മാസം ഇ.എം.ഐ. അടയ്ക്കാന്‍. അവളുടെ പേരിലുള്ള സ്ഥലം വിറ്റാല്‍, അതിനും മാര്‍ഗമായി. സ്ഥലം വില്‍ക്കാം. ഫ്‌ളാറ്റിന് അഡ്വാന്‍സും കൊടുക്കാം. അത് പക്ഷേ, പ്രിയയുടെകൂടി പേരില്‍ വാങ്ങണമെന്ന് അവളുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

അഭിമാനമുള്ള ഒരു പുരുഷനും അതിന് തയ്യാറാവില്ല, തന്നെ വിശ്വാസമില്ലെന്നാണ് അതിനര്‍ഥമെന്ന് മരുമകന്‍ പൊട്ടിത്തെറിച്ചു. അച്ചിയുടെ ചെലവില്‍ കിടന്നാല്‍, അവള്‍ ഇറങ്ങാന്‍ പറയുമ്പോള്‍ താന്‍ ഇറങ്ങേണ്ടിവരുമെന്നാണ് അയാള്‍ പറഞ്ഞ ന്യായം. ഇതുവരെയായി അതേ അച്ചിയുടെതായി കിട്ടിയ സ്വര്‍ണവും പണവും ചെലവാക്കാന്‍ ഒരു ലജ്ജയും തോന്നാഞ്ഞതെന്ത് എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞ ഉത്തരം ഭാര്യയുടെ പണത്തിന് ഭര്‍ത്താവിന് അവകാശമുണ്ടെന്നാണ്. എന്തായാലും ആ ഒത്തുതീര്‍പ്പ് നടന്നില്ല. ഇങ്ങനെ കൊടുക്കാനിരുന്നാല്‍, കൊടുത്തുകൊണ്ടേയിരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് അവര്‍ക്ക് അവസാനനിമിഷം ബുദ്ധിയുദിച്ചു.


മാത്രവുമല്ല, ആ സ്ഥലം വില്‍ക്കാതെ അതുവരെയുണ്ടായ കടബാധ്യതകള്‍ തീര്‍ക്കാനാവില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നതിലും ഭേദമാണല്ലോ അത്. എന്തായാലും സ്വന്തം വീട്ടില്‍ തിരിച്ചെത്തി പ്രിയ പി.ജി. പൂര്‍ത്തിയാക്കി, അധ്യാപനബിരുദം നേടി. നിരവധി എയ്ഡഡ് സ്‌കൂളുകളില്‍ അക്കാലത്ത് ഒഴിവുകളുണ്ടായിരുന്നു. അതൊന്നും അവള്‍ക്കായി സംഘടിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. താത്കാലികാധ്യാപികയായി സ്‌കൂളുകള്‍ മാറിമാറി ജോലിചെയ്യുന്ന മകളെപ്പറ്റി അവളുടെ അച്ഛന് കടുത്ത വിഷമമുണ്ടായിരുന്നു. കല്യാണത്തിനു ചെലവായതിന്റെ നാലിലൊന്നു പണമുണ്ടായിരുന്നെങ്കില്‍ അന്നേ പഠിപ്പിച്ച് ഇതിലും നല്ലൊരു ജോലി സംഘടിപ്പിക്കാമായിരുന്നു, ഇത്രയൊക്കെ നഷ്ടങ്ങളും അപമാനങ്ങളും സഹിക്കേണ്ടിയിരുന്നില്ല എന്ന് അവളുടെ അച്ഛന്‍ പിന്നീട് പറഞ്ഞു. ഈ ദുരിതപര്‍വം താണ്ടിക്കഴിഞ്ഞതോടെ നല്ല സാമ്പത്തികശേഷിയുണ്ടായിരുന്ന ആ കുടുംബം തകര്‍ച്ചയിലേക്ക് മൂക്കുകുത്തിക്കഴിഞ്ഞിരുന്നു. നഷ്ടപരിഹാരത്തിന് കേസുകൊടുക്കാനൊക്കെ ആദ്യഘട്ടത്തില്‍ ആലോചിച്ചെങ്കിലും പിന്നീട് അവരത് വേണ്ടെന്നുവെയ്ക്കുകയായിരുന്നു. സഹോദരങ്ങള്‍ കുടുംബങ്ങളായി വേറേപോയതുകൊണ്ട് അവര്‍ ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയും ചെയ്തു.
 


ഐശ്വര്യം ക്ഷയിച്ചിരുന്ന കാലത്താണ് പ്രിയയെ ഞാന്‍ പരിചയപ്പെടുന്നത്. സ്വന്തം ജീവിതത്തിലുണ്ടായ നഷ്ടങ്ങള്‍കൊണ്ട് ഉള്ളുകിടുങ്ങി വളര്‍ച്ചമുരടിച്ചുപോയൊരു സ്ത്രീയായിരുന്നു അവള്‍. ആരോഗ്യകരമായ ഒരു ബന്ധം ആരോടും ഉണ്ടാക്കാനോ നിലനിര്‍ത്താനോ സാധിക്കാത്തതുകൊണ്ടാവാം നേരത്തേ സൂചിപ്പിച്ചതുപോലെ അക്കാലത്ത് അവള്‍ ഒറ്റപ്പെട്ടുപോയത്. നിരാശബാധിച്ച മനുഷ്യര്‍ സങ്കടകരമായ കാഴ്ചയാണ്. അവളുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും അവളായിരുന്നില്ല ഉത്തരവാദി. പക്ഷേ, ഒരുതവണ ജോലിചെയ്ത സ്‌കൂളില്‍ പിന്നീടൊരുതവണകൂടി ഗസ്റ്റ് അധ്യാപികയായി അവള്‍ സ്വീകരിക്കപ്പെടുമായിരുന്നില്ല. അപേക്ഷകരുടെ കൂട്ടത്തില്‍ അവളുടെ പേരുകാണുമ്പോള്‍ത്തന്നെ പ്രശ്‌നക്കാരി എന്ന ലേബല്‍ പതിയും. പില്‍ക്കാലത്ത് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതില്‍ ഗവണ്‍മെന്റ് ചട്ടങ്ങള്‍ വന്നപ്പോള്‍ അവള്‍ പരിഗണിക്കപ്പെട്ടിരിക്കാം. അറിയില്ല. പക്ഷേ, തൊഴിലിടത്ത് അണ്‍ഫിറ്റായ, കൂട്ടത്തില്‍നിന്ന് ഒറ്റപ്പെട്ട ഒരു സ്ത്രീയെ കാണുമ്പോള്‍, ഒരിക്കല്‍ തന്റെതായ ഇടത്തില്‍ രാജകുമാരിയായിരുന്നവളാവാം അവളെന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. നിരന്തരമായി പരിക്കേറ്റവരാണെങ്കിലും ചില സ്ത്രീകള്‍ ചിലപ്പോള്‍ പറന്നുയര്‍ന്നേക്കും. പക്ഷേ, അതിലധികംപേര്‍ ചിറകുകുഴഞ്ഞു വീണുപോയിരിക്കാം. വിവാഹം പകിട്ടേറിയതാവാം, ദാമ്പത്യത്തില്‍ കനലൊളിഞ്ഞുകിടന്നെന്നുവരും. 

നമ്മുടെ നാട്ടില്‍ ഒരു വിവാഹത്തിന് നടത്തുന്ന ഒരുക്കങ്ങളും കടം വാങ്ങിയായാലും ഒപ്പിക്കുന്ന ആര്‍ഭാടങ്ങളും പുറമേയുള്ളവരെ അദ്ഭുതപ്പെടുത്തിയേക്കാം. പ്രതീക്ഷകളുടെ മുഴുവന്‍ നിക്ഷേപക്കുടുക്കകളും ഉടച്ച് ചില്ലറകള്‍പോലും നുള്ളിപ്പെറുക്കിയെടുത്താണ് പല വിവാഹങ്ങളും നടക്കുക. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിവാഹം. മകള്‍ പുറപ്പെട്ടുപോയ വിവാഹവീട് ആത്മാവൊഴിഞ്ഞ ശരീരംപോലെ ശൂന്യമാകുമെന്നാണ്. അതൊരു കാല്പനികസങ്കല്പം മാത്രമല്ല. അതോടെ നട്ടെല്ലൊടിഞ്ഞുപോകുന്ന കുടുംബങ്ങളുണ്ട്. വിവാഹം ആഡംബരത്തോടെ നടത്തുമ്പോള്‍ വിവാഹാനന്തരചെലവുകളും അതേനിലയ്ക്ക് ഉയര്‍ന്നിരിക്കുമെന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. വിവാഹം പരാജയപ്പെടുകയാണെങ്കില്‍ അതിനെ അതിജീവിക്കല്‍ പുരുഷനെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്. സ്ത്രീയുടെ കാര്യത്തില്‍ അതല്ല നില. അവളെ പുനരധിവസിപ്പിക്കല്‍ അവളുടെ കുടുംബത്തിന് കൂടുതല്‍ ബാധ്യത നല്‍കും.


ഞാന്‍ വീട്ടില്‍ തിരിച്ചെത്തുമ്പോഴും കാര്യങ്ങള്‍ ഏകദേശം അങ്ങനെതന്നെയായിരുന്നു. എന്റെ വിവാഹം ഞങ്ങളുടെ സ്ഥിതിക്ക് ആര്‍ഭാടംതന്നെയായിരുന്നു. അമ്മ ജോലിയില്‍നിന്ന് ഉടനേ വിരമിക്കുമെന്നതിനാല്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് ലോണെടുക്കാവുന്നിടത്തുനിന്നൊക്കെ ലോണെടുത്താണ് അതുനടത്തിയത്. എനിക്കുതാഴെയുള്ള പ്ലസ്ടുക്കാരിയെക്കുറിച്ച് അന്നുതന്നെ പലരും ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നെന്ത് എന്ന ചോദ്യം നിലനിന്നു. പ്രിയയുടെ അവസ്ഥയല്ല എന്റെത്. മഹാഭാഗ്യത്തിന് എനിക്കൊരു തൊഴിലുണ്ട്. എന്റെ ഏറ്റവും വലിയ ധൈര്യവും ശ്വാസവും അതായിരുന്നു.

ഭര്‍ത്തൃസഹോദരിക്ക് വീടുപണി നടക്കുമ്പോള്‍ സഹായിക്കാനെന്നപേരില്‍ എന്റെ ആഭരണങ്ങളൊക്കെ നേരത്തേ പണയപ്പെട്ടിരുന്നു. അക്കാര്യം വീട്ടില്‍ പറയാന്‍ എന്തുകൊണ്ടോ ഞാന്‍ ഭയന്നു. ഒരര്‍ഥത്തില്‍ കൈയുംവീശി വന്നിരിക്കയാണ്. പുതുതായി പണിതീര്‍ത്ത വീടും എന്റെപേരിലല്ല. അതിന് ജാമ്യംനില്‍ക്കുകയേ ഞാന്‍ ചെയ്തിട്ടുള്ളൂ. അതും ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. സാമ്പത്തികമായി താന്‍ നല്ല നിലയിലാണെന്നാണ് വിവാഹമാലോചിക്കുന്ന സമയത്ത് എന്റെ രക്ഷിതാക്കളോട് ഭര്‍ത്താവ് പറഞ്ഞിരുന്നത്. വിവാഹത്തിനുമുന്‍പേ തനിക്കുണ്ടായിരുന്ന ചിട്ടിക്കടങ്ങള്‍ തീര്‍ക്കാന്‍ മാസാമാസം ഒരു വലിയ തുക കൃത്യമായി ലഭിക്കാനാണ് ഉദ്യോഗസ്ഥയായ ഒരുവളെ താന്‍ വിവാഹംചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞതേയില്ല. പകരം തനിക്കുകിട്ടാന്‍ നാലുചിട്ടികളുണ്ടെന്ന് പറഞ്ഞു. അത് വാസ്തവമല്ലെന്ന് ആരോടും പറയാന്‍ എനിക്ക് തോന്നിയില്ല. 
ഭര്‍ത്തൃവീട്ടിലെ താമസം ഇനി തുടരാനാവില്ല, അദ്ദേഹത്തിന്റെ ജോലിസ്ഥലത്തേക്ക് സ്ഥലംമാറ്റം വാങ്ങി വാടകയ്ക്ക് വീടെടുത്ത് താമസിച്ചുകൊണ്ട് ദാമ്പത്യം പുനരാരംഭിക്കാമെന്നാണ് എന്റെ കാര്യത്തില്‍ തീരുമാനിക്കപ്പെട്ടത്. അതിനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, അക്കാര്യം എന്റെ വീട്ടുകാര്‍ അറിയരുതെന്നും ചട്ടംകെട്ടി. പുതിയ വീടിന്റെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് എന്റെ വീട്ടുകാര്‍ ഞങ്ങള്‍ക്ക് തരാനുദ്ദേശിച്ച പണം വാടകവീടെടുത്ത് താമസിക്കാന്‍ നല്കണമെന്ന് നാത്തൂന്റെ ഭര്‍ത്താവ് ഒരു നിര്‍ദേശം വെച്ചു.


 പ്രിയയുടെ ജീവിതത്തില്‍ അന്ന് സംഭവിച്ചതൊക്കെ അവിശ്വസനീയതയോടെയാണ് ഞാന്‍ കേട്ടിരുന്നത്. വാടകവീടൊക്കെ എടുത്ത് ഭാര്യയും ഭര്‍ത്താവും താമസിക്കുന്നതിന് അവളുടെ വീട്ടുകാര്‍ എന്തിന് പണം മുടക്കണം, അവരെക്കൊണ്ടും അവളെക്കൊണ്ടും കൊള്ളാഞ്ഞിട്ടാണ് എന്നൊക്കെ വിധി പ്രസ്താവിച്ച എനിക്ക് അതിന് സമാനമായ കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ നടക്കുന്നതിന് സാക്ഷിയാവേണ്ടിവന്നു.

അതൊന്നും ആകസ്മികതയായിരുന്നില്ല, നാട്ടുനടപ്പിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. വിവാഹിതരായ മനുഷ്യര്‍ അവരുടെ സൗകര്യത്തിന് താമസം മാറുന്നത് രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിച്ച സിനിമകള്‍ നാം സൂപ്പര്‍ഹിറ്റാക്കിയിട്ടുണ്ട്. കുടുംബസിനിമകളില്‍ അത്തരത്തില്‍ വാശിപിടിക്കുന്ന സ്ത്രീകള്‍ വില്ലത്തികളാണ്. ഭര്‍ത്തൃകുടുംബത്തില്‍ സര്‍വതും സഹിച്ച് അവളവളെ മറന്ന് കഴുത വലിക്കുന്നതുപോലെ വലിക്കുന്ന ത്യാഗിനികളാണ് ഉത്തമകള്‍. ഭര്‍ത്താവുമായി വാടകവീട്ടിലേക്ക് മാറുന്ന സ്ത്രീകള്‍ ശരിയല്ലാത്തവരാണ്.


അങ്ങനെയല്ലെന്ന് വരണമെങ്കില്‍ തനിക്കൊപ്പം വാടകവീട്ടില്‍ താമസിക്കുകയെന്ന ത്യാഗംചെയ്യുന്ന ഭര്‍ത്താവിനെ ഇരട്ടിയിലധികം സ്‌നേഹിച്ച് പരിചരിക്കണം. അക്കാര്യം നാം നേരത്തേ പറഞ്ഞു. ഞാന്‍ ആ മഹാപാപം ചെയ്യാന്‍ പുറപ്പെടുകയാണ്! വിവാഹിതയായ ഒരു സ്ത്രീ തൊട്ടടുത്ത നിമിഷം മുതല്‍ സ്വന്തം വീട്ടുകാരോട് കള്ളം പറഞ്ഞു തുടങ്ങും. ദാമ്പത്യം ആരംഭിച്ചശേഷം ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞ കാല്പനികമായ കള്ളങ്ങളുടെ ഒരു പട്ടിക ഞാന്‍ ആലോചിച്ചെടുത്തു. ഏതാണ്ട് ഇപ്രകാരമാണ്.
ഏട്ടന് എന്നെ ജീവനാണ്.ഏട്ടന് കുടിയോ വലിയോ ഇല്ല. 
അവിടെയെല്ലാവര്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടെ എല്ലാവരെയും അവിടുള്ളവര്‍ക്ക് വലിയ സ്‌നേഹമാണ്. പ്രത്യേകിച്ച് അച്ഛനെ വലിയ ബഹുമാനമാണ്

.
എനിക്ക് ജോലിക്ക് പോവേണ്ടതുകൊണ്ട് അമ്മ അടുക്കളയില്‍ കയറും. ഞാന്‍ വെറുതേ സഹായിച്ചുകൊടുത്താല്‍ മതി. തിരിച്ചുവന്നാല്‍ എനിക്കൊരു പണിയുമില്ല. ഏട്ടന്‍ വരുന്നതുവരെ ഞങ്ങള്‍ ബന്ധുവീടുകളിലൊക്കെ കറങ്ങാന്‍ പോകും.
ഞാന്‍ സ്‌കൂളില്‍ പോകാനിറങ്ങുമ്പോള്‍ അമ്മ എനിക്ക് ചോറുപാത്രം നിറച്ചുതരും. തിന്നാലും തിന്നാലും തീരില്ല. 
എന്റെ ആഭരണങ്ങളെല്ലാം ലോക്കറില്‍ വെച്ചിരിക്കയാണ്. അതൊക്കെ എത്രയാ എന്താന്നൊന്നും അവിടെ ആരും ചോദിച്ചില്ല.
ജാതിയുടെ കാര്യമൊന്നും അവിടെ ആരും സംസാരിക്കാറില്ല. എന്റെ ശമ്പളം ഞാന്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. ഞാനൊരിക്കല്‍ കുറച്ച് പൈസ ഏട്ടന് കൊടുക്കാന്‍ നോക്കിയപ്പോള്‍ ഏട്ടന്‍ വഴക്കുപറഞ്ഞു. അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ വഴക്ക്.
ഏട്ടന് നാല് ചിട്ടിയുണ്ട്. ഒന്നും പിടിച്ചതല്ല. പുതിയ വാടകവീട് എനിക്ക് ഭയങ്കര ഇഷ്ടമായി. അത്രയൊക്കെ സൗകര്യങ്ങള്‍ മതിയെന്ന് ഞാനാണ് ഏട്ടനോട് പറഞ്ഞത്.

വലിയ ദുരന്തങ്ങളൊഴിവാക്കാന്‍ ചില അപ്രിയസത്യങ്ങള്‍ വേണമെങ്കില്‍ പറയാതിരിക്കാം, പക്ഷേ, നുണ പറയരുത്. പ്രത്യേകിച്ച് ദാമ്പത്യത്തിന്റെ കാര്യത്തില്‍. ഭാവിയില്‍ അവ നമ്മെത്തന്നെ തിരിഞ്ഞുകൊത്തുമ്പോള്‍ നിസ്സഹായതയുടെ വിഷം തീണ്ടി നാം നീലിച്ചുപോവാതിരിക്കാനാണ്.
 

Content Highlights: r rajasree write about indian families and loveless marriage