'അയാൾ നിന്നെ തല്ലിയിട്ടൊന്നുമില്ലല്ലോ. കുഞ്ഞുങ്ങളോടും വലിയ സ്‌നേഹമാണ്. അതുപോരേ?'

#ആർ.രാജശ്രീ
വര: ഉള്ള്യേരിക്കാരൻ
വര: ഉള്ള്യേരിക്കാരൻ

പ്രിയപ്പെട്ട സുഹൃത്തുക്കളേ,
വിവാഹബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന സ്ത്രീ നിരന്തരസമരങ്ങളിലേക്കിറങ്ങിപ്പുറപ്പെടുകയാണ്. അകത്തും പുറത്തുമുള്ള സമരങ്ങൾ എന്നുപറഞ്ഞാൽ ഏറക്കുറെ പൂർണമാകുമെന്നു തോന്നുന്നു. പലതും അവളവളോടുതന്നെയുള്ള സമരങ്ങളാണ്. തനിക്കൊന്നും സംഭവിച്ചിട്ടില്ല, തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്, ഇനിയങ്ങോട്ടാണ് ജീവിതം മെച്ചപ്പെടാൻ പോകുന്നത് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതുപോലെതന്നെ പ്രയാസകരമാണ് അക്കാര്യമത്രയും തനിക്കുചുറ്റുമുള്ളവരെ ബോധിപ്പിക്കുന്നതും. പലരും തോറ്റുപോകുന്നത് അവിടെയാണ്. 

ഇതുവരെ പറഞ്ഞതുപോലെയല്ല, അവൾ തീരുമാനിച്ചുറപ്പിച്ചതാണ് എന്നു മനസ്സിലാകുന്ന നിമിഷം മുതൽ ഒത്തുതീർപ്പുശ്രമങ്ങളുടെ പെരുമഴയായിരിക്കും നേരിടേണ്ടിവരിക. അതിലധികവും സ്‌നേഹാധികാരങ്ങളുടെ ഭാഗത്തുനിന്നാണുണ്ടാവുക. പലതരം വൈകാരികബന്ധങ്ങളാൽ തള്ളിക്കളയാനാവാത്ത സ്‌നേഹനിർബന്ധങ്ങൾ. ഇമോഷണൽ ബ്ലാക്മെയിലിങ് തിരിച്ചറിയാൻതന്നെ പ്രയാസമാവും. കാരണം, വൈകാരികമായി പതറിനിൽക്കുമ്പോൾ തനിക്കുനേരേ നീളുന്ന ഓരോ കൈയും ആർത്തിയോടെ പിടിക്കാനാണ് തോന്നുക. 'എന്റെ പാവം കുട്ടി!' എന്നു സാന്ത്വനിപ്പിക്കുന്ന ഓരോ കച്ചിത്തുരുമ്പിനോടും കടുത്ത ആശ്രിതത്വം തോന്നും. പതിയെപ്പതിയെ അവരോട് അങ്ങേയറ്റം വിധേയപ്പെടും. അവർ പറഞ്ഞാൽ കേൾക്കാതിരിക്കാൻ വയ്യെന്നാവും. വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ അവരിലാരെങ്കിലും നിർദേശിച്ചാൽ വേദനയോടെയാണെങ്കിലും തിരിച്ചുപോയെന്നുമിരിക്കും. തിരിച്ചുപോയ പലർക്കും അത്തരം അനുഭവങ്ങൾ സാധാരണമാണ്. അതിനോടൊക്കെ എതിർത്തുനിൽക്കുന്ന സ്ത്രീകളോട് ആദ്യകാലത്തെങ്കിലുമുണ്ടാകാനിടയുള്ള അനുഭാവപൂർണമായ സമീപനം പതിയെ ഇല്ലാതാകുന്നതുകാണാം.

Content Highlights: r rajasree column on indian marriages

Continue reading